വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്

0
200

(ലേഖനം)

ദിൽഷാദ് ജഹാൻ

സമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ്  പി കെ പാറക്കടവിൻ്റെ  ‘വാസ്കോഡഗാമ തിരിച്ചുപോകുന്നു’ എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ  ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ വായിച്ചു തീർക്കാവുന്ന മുപ്പതോളം കഥകൾ! കഥയെന്നോ കവിതയെന്നോ പരിഭാഷപ്പെടുത്താവുന്ന പാറക്കടവിൻ്റെ  കുറുങ്കഥകൾ കാലികയുക്തമായ ആശയങ്ങൾ കൊണ്ട് മുന്നേ ശ്രദ്ധ നേടിയതാണ്. നീട്ടിപറച്ചിലുകളോ വെച്ചുകെട്ടലുകളോ ആലങ്കാരികതയുടെ മേലാപ്പു ചാർത്തോയില്ലാത്ത നഗ്ന ഭാഷയാണ് പാറക്കടവിൻ്റെ കഥകളുടെ പ്രത്യേകത. വെച്ചുനീട്ടലുകളുടെ വിരസതയില്ലാത്തതിനാൽ തന്നെ കഥകൾ കൈമാറുന്ന ആശയശരങ്ങൾ വായനക്കാർക്ക് പെട്ടെന്ന് തന്നെ പിടികിട്ടും.

കേരള സാമൂഹിക പരിസരങ്ങളിൽ കടന്നു കയറിയ പാശ്ചാത്യ നവീന സംസ്കാരങ്ങളോടുള്ള പാറക്കടവിൻ്റെ  ഒറ്റയാൻ പോരാട്ടങ്ങളാണ്  പുസ്തകത്തിലെ ഓരോ കഥകളും. ‘വരദാന’ത്തിൽ തുടങ്ങി ‘പ്രളയത്തിനു ശേഷ’ത്തിൽ അവസാനിക്കുന്ന മുപ്പത് കഥകളിലും ആധുനികതാ സ്വത്വം പൂണ്ട ട്രെൻഡുകളിൽ വൈബടിക്കുന്ന ദുരഭിമാനിയായ മലയാളി പ്രതിച്ഛായകൾ കാണാം.

റിയലിസത്തിൽ അയാഥാർത്ഥ്യത്തിൻ്റെ  രസക്കൂട്ട് ചേർത്താണ് ഓരോ കഥകളെയും അവതരിപ്പിക്കാൻ പാറക്കടവ് ശ്രമിച്ചിട്ടുള്ളത്. ‘കേരള’ത്തിൽ തെങ്ങിൽ നിന്ന് പെപ്സിയും കൊക്കക്കോളയും സെവൻ അപ്പുമിടുന്ന ശങ്കരനിലും വാഴക്കന്നിന് പകരം കമ്പ്യൂട്ടർ നടുന്ന കൊച്ചുമോനിലും ഈ പ്രതിധാനം കാണാം.

കോളനിവൽക്കരണത്തിൻ്റെ  കരാള ഭീകരതയിൽ നിന്ന് ലോകം മുക്തമായെങ്കിലും കൊളോണലിസം വിതച്ച ശേഷിപ്പുകളിൽ നിന്നും നമ്മൾ മുക്തി നേടിയില്ലെന്ന പരിഹാസ പരിഭവങ്ങൾ അടിപൊളി, വാമനൻ്റെ  കാൽ, കേരളം തുടങ്ങിയ കഥകളിൽ കാണാനാവും. ചങ്ങലയും കൈവിലങ്ങും തോക്കുമാണ് ഒരുകാലത്ത് അധിനിവേശ വിരുദ്ധതയുടെ രൂപങ്ങളായതെങ്കിൽ ഇന്നത് പെപ്സിയും കൊക്കകോളയും കെൻ്റക്കി ഫ്രൈഡ് ചിക്കനുമായി മാറിയെന്ന് മാത്രം. ബ്രിട്ടനോടും പറങ്കിയോടും പടവെട്ടിയ പൂർവികരുടെ കൊച്ചുമക്കളിന്ന് പാശ്ചാത്യ ക്യാപിറ്റലിസത്തിൻ്റെ വിപണി പ്രൊഡക്ടുകളാണെന്ന് കഥാഭാഷ്യം.

അത്തരത്തിൽ പാശ്ച്യാത്യൻ സംസ്കാരങ്ങളുടെ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിരോധമാണ് ‘വാസ്കോഡഗാമ തിരിച്ചു പോകുന്നു’ എന്ന കഥ. സ്‌ക്രീനിൽ നിന്ന് സ്വീകരണമുറിയിലേക്ക് കയറിവന്ന വാസ്കോഡഗാമക്ക് കുടിക്കാനും കഴിക്കാനും നൽകുന്ന സംഭാരവും പൂളയും പുഴുക്കുമെല്ലാം സൂചിപ്പിക്കുന്നത് ഈയൊരു പ്രതിരോധമാണ്. ഒടുവിൽ, ഗാമ മുഖം ചുളിച്ചു സ്ക്രീനിലേക്ക് മടങ്ങുമ്പോൾ ചരിത്രകാരൻ ചരിത്രപുസ്തകത്തിലേക്കു മടങ്ങുന്നു. അതൊരു ചരിത്രം മാത്രമായി ശേഷിക്കുന്നു.

മനുഷ്യൻ നൈതിക ബോധങ്ങളിലേക്ക് ചോദ്യങ്ങളുടെ ചൂണ്ടയെറിയുകയാണ് ‘ചരടുകൾ’. കെണിയാണെന്ന് അറിഞ്ഞിട്ടും പിടി കൊടുക്കുന്ന മത്സ്യം മനുഷ്യനോട് തിരിച്ചു ചോദിക്കുന്നത് ‘എൻ്റെയൊക്കെ ജീവിതം കൊണ്ട് ഇത്രയെങ്കിലും ആകുന്നുണ്ടല്ലോ? നീയോ അറിയാതെ എത്ര ചൂണ്ടലുകളിലാണ് കൊത്തുന്നത്? ആരുടെയൊക്കെ ചരടുകളിലാണ് ബന്ധത്തിനാക്കപ്പെട്ടത്?’ എന്നാണ്.

മണ്ണും മനസ്സും ഭാഷയും വരെ ഡിജിറ്റലൈസ്‌ ചെയ്യപ്പെട്ട കാലത്തു സൈബർ ലോകത്തിൻ്റെ  മറവിൽ മാത്രമൊതുങ്ങി,  പോൺവെബ്ബുകളിലേക്ക് ഊർന്നിറങ്ങി നിർവൃതിയടയുന്ന ഒരു വിഭാഗത്തോട് സംസാരിക്കാൻ ശ്രമിക്കുകയാണ് ‘ഭാഷ’, ‘വിശപ്പ് ‘ എന്ന രണ്ടു കഥകൾ. ബുദ്ധിയും സാമാന്യ ബോധവും സൈബർ ചിലന്തികൾ കാർന്നു തിന്നുമ്പോഴും മനുഷ്യൻ ജീവിക്കാൻ മറക്കുവെന്നു കാഥികൻ വേവലാതിപ്പെടുന്നു.

ധാർമിക മൂല്യങ്ങളുടെ അന്തസത്ത ശോഷിച്ച്‌  അമ്മിഞ്ഞതിനു വിലപറയുന്ന നവീനകാല സമൂഹത്തിൻ്റെ  പ്രതിച്ഛായയാണ്  ‘പ്രതിഫലം’. “അമ്മയുടെ കനിവ്. സ്നേഹത്തിന്റെ നിറവ്. മുലപ്പാൽ. കുഞ്ഞിഞ്ഞു മതിതീരും വരെ മുലപ്പാലൂട്ടി അമ്മ നിർവൃതി കൊണ്ടു. പിന്നെ കുഞ്ഞിന്റെ ചുരുട്ടിപ്പിടിച്ച കൈ സ്നേഹത്തോടെ ഓരോ വിരലുകൾ തുറന്നു നോക്കിയ അമ്മ അത്ഭുതം കൊണ്ടു. ചുരുട്ടിപിടിച്ച കയ്യിൽ ഒരു ചെക്ക്. മുലപ്പാലിൻ്റെ  വില”. നമ്മുടെ ഇന്നത്തെ അവസ്ഥയെ വെറും രണ്ടു വരിയിൽ ഒതുക്കിയ ശ്രീ പാറക്കടവ് സമർത്ഥമായ നമ്മുടെ ഗതകാല മഹിമയെ എത്രമേൽ തൊട്ടറിഞ്ഞിട്ടുണ്ടാവും!

ഉപാധിയോ ഉടമ്പടിയോയില്ലാതെ ദൈവം വരമായി നൽകിയ ജീവവായുവിനു ഒരുനാൾ വില നല്കേണ്ടിവന്നാൽ എന്ത് സംഭവിക്കും?  അത്തരമൊരു ലോകക്രമത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് ‘വരദാനം’ എന്ന കഥ.  ഒരിക്കൽ സുലഭമായിരുന്ന വെള്ളത്തിന് നമുക്കിന്നു വിലയിടേണ്ടി വന്നു. ഭാവിൽ വായുവിനും ഈയൊരവസ്ഥ വരില്ലെനാരു കണ്ടു! പ്രകൃതി വിരുദ്ധ കടന്നു കയറ്റങ്ങൾക്ക് വഴിവെക്കുന്ന വികസനങ്ങളും അനിയന്ത്രിത മാനുഷിക പ്രവർത്തനങ്ങളും ഇനിയും തുടരുകയെങ്കിൽ വൈകാതെ ലോകം അത്തരമൊരു അവസ്ഥയിലെത്തുമെന്ന് കഥ മുന്നറിയിപ്പ് നൽകുന്നു. ‘വില്പന’യിൽ പുഴകളും വരുംവർഷങ്ങളിലെ മഴകളും വിറ്റു ജലത്തിന് ഇനിയെന്ത് ചെയ്യുമെന്നാലോചിക്കുന്ന മന്ത്രിയിലും ഇതിന്റെ അനുരണങ്ങൾ കാണാം. അധികാര വരേണ്യ വിഭാഗത്തിന്റെ സേച്ഛാധിപ കൊള്ളയിലേക്ക്  ‘വില്പന’ വിരൽ ചൂണ്ടുന്നുണ്ട്.

പുസ്തകത്തിലെ കഥകളിൽ മിക്ക കഥാപാത്രങ്ങളും കൃത്യമായ സ്വത്വം പേറുന്ന പച്ചമനുഷ്യരല്ല. മറിച്ചവർ, അയാൾ, അവൻ, കുട്ടി, ഭാര്യ തുടങ്ങിയ സാമാന്യ പ്രതീകങ്ങളോ കാലഘട്ടങ്ങളുടെ  പ്രതിരൂപമോ ആണ്. ആർക്കും തന്നെ പേരുകളോ വ്യക്തിത്വമോ ഇല്ല. അതിനാൽ തന്നെ വ്യക്തിബന്ധിത കോണിൽ നിന്നു കൊണ്ട് കഥകൾ പറയാൻ ശ്രമിക്കുന്നത്തിനു പകരം ചില പ്രേത്യകാവസ്ഥകളിലൂടെ വായനാതലത്തെ കൊണ്ടുപോയി ബൗദ്ധിക സമസ്യകൾ ആവിഷ്‌ക്കരിക്കാനാണ് പാറക്കടവ് ശ്രമിക്കുന്നത്.

കാലത്തിനൊപ്പം സഞ്ചരിക്കാൻ ‘വാസ്കോഡഗാമ തിരിച്ചു പോകുന്നു’വിന് സാധിക്കുന്നുണ്ട്. രചിക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സമീപകാലത്തോടും സംഭവങ്ങളോടും ഇതിലെ ഓരോ കഥകളും കൂറ് പുലർത്തുന്നുണ്ട്. കഥപറച്ചിലുകളിലെ വ്യത്യസ്ത കൊണ്ടും പ്രേമേയങ്ങളിലെ പുതുമകൾകൊണ്ടും മലയാള വായനാ ലോകശ്രദ്ധ പിടിച്ചുപറ്റിയ പാറക്കടവിന്റെ ഏറ്റവും മികച്ച കഥകളുടെ ഒഴുക്കാണ്  ഈ പുസ്തകം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here