HomeTHE ARTERIASEQUEL 99അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

Published on

spot_imgspot_img

ലേഖനം

സിറിൽ ബി. മാത്യു

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ അര്‍പ്പണബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തെ ആഘോഷിക്കുന്നതിനുള്ള ദിനമായി മെയ്‌ 12 ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രഖ്യാപിച്ചത് 1974 ലാണ്. അന്ന് മുതലാണ് അന്താരാഷ്ട്ര നഴ്‌സസ് ദിന ചരിത്രത്തിന് തുടക്കമാവുന്നത്. നഴ്സിംഗ് ജോലിക്ക് ഒരു പുതിയ മുഖവും, കാരുണ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മനോഭാവവും നൽകിയ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നാണല്ലോ എല്ലാ വർഷവും നഴ്സസ് ദിനം ആഘോഷിക്കുന്നത്. 1854 ൽ നടന്ന ക്രിമിയൻ യുദ്ധത്തിലായിരുന്നു നൈറ്റിംഗേലിന്റെ ആതുരശുശ്രൂഷാനൈപുണ്യം ലോകം തിരിച്ചറിഞ്ഞത്. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാർക്ക് അവർ നൽകിയ സേവനങ്ങൾ പ്രശംസനീയമായിരുന്നു. മുറിവേറ്റവർക്ക് വ്യക്തിപരമായ ശുശ്രൂഷ നൽകി കൊണ്ടുള്ള അവരുടെ രാത്രികാല സന്ദർശനങ്ങൾ അവർക്ക് ‘വിളക്കേന്തിയ വനിത’ എന്ന പേര് നേടിക്കൊടുത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയില്‍ ഇന്നുള്ളതില്‍വെച്ച് ഏറ്റവും വലിയ തൊഴില്‍ വിഭാഗമാണ് നഴ്‌സിംഗ് രംഗം. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായ ഇന്നത്തെ നേഴ്സുമാർ ശാരീരികവും മാനസികവുമായ പീഡകൾ അനുഭവിക്കുന്ന രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുകയെന്ന നിയോഗമാണ് നിർവഹിക്കുന്നത്. ജോലി സമയത്ത് ഓരോ നഴ്സും തങ്ങളുടെ വ്യഥകൾ മറന്ന് രോഗിയുടെ മനസ്സിന് കുളിർമയേകുന്ന കർമ്മങ്ങളാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷ എന്നത് കേവലം രോഗസൗഖ്യം മാത്രമല്ലെന്നും രോഗിയെ അടുത്ത് അറിഞ്ഞ് വികാരവായ്പുകള്‍ പങ്കുവെക്കുന്നതും, സ്വന്തത്തിലേക്കുള്ള ചുരുങ്ങലിനപ്പുറം അപരനിലേക്കുള്ള വിശാലമായ പ്രയാണമാണെന്നും നഴ്സ് സമൂഹം ലോകത്തോട് വിളിച്ചോതുന്നു.

കോവിഡ് മഹാമാരി ഉൾപ്പെടെ, നിർണായക ഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകരെന്ന നിലയിൽ നഴ്സുമാർ കാട്ടിയ അസാധാരണമായ മനക്കരുത്ത് ഏറെ പ്രചോദനകരമായിരുന്നു. വേദനാജനകമായ കാലത്ത് മുൻനിര യോദ്ധാക്കളെന്ന നിലയിൽ നഴ്‌സുമാർ കാണിച്ച സമർപ്പണമനോഭാവവും ത്യാഗസന്നദ്ധതയും പ്രശംസനീയമായിരുന്നു. രോഗവ്യാപന നാളുകളിലും പിന്നീടും രോഗീപരിചരണത്തോടൊപ്പം പൊതുസമൂഹത്തെയും ജീവനക്കാരെയും ബോധവത്ക്കരിക്കുന്നതിനും നഴ്സുമാർ വിലമതിക്കാനാവാത്ത സേവനമാണ് നിർവഹിച്ചത്. സ്വന്തം കുട്ടികളെയും കുടുംബാംഗങ്ങളെയും കാണാനാകാതെ, ഉറ്റവരുടെ മരണത്തിന് പോലും വീട്ടിലെത്താന്‍ കഴിയാതെ, സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ പരിചരിച്ച നഴ്സുമാർ മഹാമാരിയെ തുടച്ചുനീക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. കനൽ വീണ വഴികളിൽ കാലിടറാതെ അതിജീവനത്തിന് അവർ കരുത്തേകി.

പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളായി ഇന്ന് നഴ്സുമാര്‍ മാറിയിരിക്കുന്നു. പ്രതിസന്ധികളിൽ പതറാതെ സധൈര്യം പോരാട്ടം തുടരുന്നു. സ്വയം രോഗിയായേക്കാവുന്ന സാഹചര്യങ്ങളിലും അവർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നില്ല. ലോകത്തെ ഭീതിയിലാഴ്ത്തി സംഹാര താണ്ഡവമാടുന്ന മാറാരോഗങ്ങളെ പോലും ഭയപ്പെടുന്നില്ല. രോഗകിടക്കകളില്‍ തനിച്ചായിപ്പോയവര്‍ക്ക് താങ്ങായി അവർ ഒപ്പം ഉണ്ട്. മരണയാതന അനുഭവിക്കുന്നവരെ പോലും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് സാധ്യമായതെല്ലാം നഴ്സുമാർ ചെയ്യുന്നു. രോഗസൗഖ്യത്തിന് മരുന്നുകൾ ഒരു ഘടകം മാത്രമാണെന്നും, ആതുരശുശ്രൂഷകർ നൽകുന്ന ആർദ്രത കൊണ്ടാണ് തങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതെന്ന തിരിച്ചറിവ് രോഗികൾ തന്നെ പങ്ക് വെയ്ക്കുന്നു.

ലോകത്തെവിടെയെങ്കിലും നഴ്‌സുമാർക്ക് സുഗമമായി ജോലി നിർവഹിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നെങ്കിൽ അതില്ലാതെയാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വർഷത്തെ നഴ്‌സസ് ദിനം വിരൽ ചൂണ്ടേണ്ടത്. ഒപ്പം, ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകർക്കും മെച്ചപ്പെട്ട ആരോഗ്യസുരക്ഷയും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. രോഗാവസ്ഥയിൽ നിന്ന് അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന ശുശ്രൂഷയോടൊപ്പം സാമൂഹ്യ സേവനരംഗത്തും ശോഭിക്കുന്ന നേഴ്സുമാർക്ക് അർഹിക്കുന്ന പിന്തുണ തുടർന്നും ലഭ്യമാകണം. അനാരോഗ്യ പ്രവണതകളെ ഇല്ലാതാക്കിക്കൊണ്ട്, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തോടെ കാരുണ്യത്തിന്റെയും കരുതലിന്റെയും സേവനമാതൃകകൾ തുടർന്നും സൃഷ്ടിക്കാൻ നേഴ്സസ് ദിനാഘോഷങ്ങളിലൂടെ സാധ്യമാവട്ടെ. ‘നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ നഴ്സ് ദിനത്തിലെ പ്രമേയം. മനുഷ്യവംശത്തിന്റെ ചങ്കിടിപ്പിന്റെ കാവൽക്കാരായ നഴ്സുമാരിൽ സമൂഹത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നതിൽ തർക്കമില്ല. അവരുടെ വിരല്‍ത്തുമ്പുകളിലൂടെയാണ് പ്രപഞ്ചത്തിലെ പ്രാണന്റെ തുടിപ്പുകൾ നിലനിൽക്കുന്നത്. അവരുടെ തലോടലുകളിലൂടെയാണ് സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശം മാനവവംശം അനുഭവിക്കുന്നത്.

കേൾവികൾക്കപ്പുറമുള്ള ഉൾവിളികൾക്കായി കാതോർക്കാനും, കാഴ്ചകൾക്കപ്പുറമുള്ള കാണാക്കാഴ്ചകളിലേക്ക് കണ്ണ് തുറക്കാനും ഭയലേശമെന്യേ പ്രയാണം തുടരാനും നഴ്സുമാർക്ക് അകമഴിഞ്ഞ ജനപിന്തുണ ഉണ്ടാകണം. നേഴ്സുമാർ രോഗികളോട് പുലര്‍ത്തുന്ന നിസ്വാര്‍ഥ പരിചരണം ഓര്‍മ്മിപ്പിക്കപ്പെടാനും, അംഗീകരിക്കാനുമുള്ള മുഖാന്തിരം എല്ലാകാലത്തും സൃഷ്ടിക്കപ്പെടണം. ലോകമെങ്ങും നഴ്സുമാർ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിത അവസ്ഥകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയുണ്ടാവണം. ഭൂമിയിലെ മാലാഖമാരായി, രോഗങ്ങളുടെയും രോഗികളുടെയും മരുന്നുകളുടെയും ഇടയില്‍ പറന്ന് നടക്കുന്ന നഴ്സുമാർ സ്നേഹവും സാന്ത്വനവുമാണ് വിതറുന്നത്. ചുറ്റുപാടും അലയടിക്കുന്ന രോദനങ്ങൾ കേൾക്കാനും, ഈറനണിയിക്കുന്ന കാഴ്ചകൾ കാണാനും ഇനിയും ഏറെ ധീരതയോടെ മുന്നേറാൻ നഴ്സ് സമൂഹത്തിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അനേക ജീവനുകൾക്ക് രക്ഷാകവചം തീർത്തുകൊണ്ട്, അവഗണനകളെ പുറംകാല് കൊണ്ട് തട്ടിമാറ്റി, ഉൾകാഴ്ച്ചയുടെ പരിമളത്തോടെ, തികഞ്ഞ പ്രതിബദ്ധതയോടെ കർമ്മം തുടരുന്ന എല്ലാ സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ നഴ്സസ് ദിന ആശംസകൾ. വേനലിലെ നീരുറവ പോലെ തളര്‍ച്ചയില്‍ താങ്ങാകുന്ന നേഴ്സുമാരിലൂടെ ‘അന്ധകാരത്തിനപ്പുറത്ത് വെളിച്ചത്തിന്റെ നാളമുണ്ട്’ എന്ന തിരിച്ചറിവ് രോഗികൾക്കും ഉണ്ടാകട്ടെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...