HomeQatar world cupമുഴങ്ങട്ടേ കളിക്കാഹളം

മുഴങ്ങട്ടേ കളിക്കാഹളം

Published on

spot_img

ലേഖനം

അജു അഷറഫ്

കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..

ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം കേട്ടേക്കാം.. പണ്ടേ പായിച്ചു വിട്ട ഫ്രഞ്ചുകാരുടെയും പറങ്കികളുടെയും ഹോളണ്ടിന്റെയും കൊടികൾ കാറ്റിലാടുന്നത് കണ്ടേക്കാം.. അങ്ങനെ അങ്ങനെ, നാടാകെ നിറങ്ങളണിഞ്ഞ്, നാല് കൊല്ലത്തിലൊരിക്കൽ വിരുന്നെത്തുന്ന വിശ്വമാമാങ്കത്തെ ആഘോഷമാക്കുന്നത് കാണാം..

ഒരുപക്ഷെ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന ‘ഫുട്‍ബോൾ പിരാന്ത്‌’, അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തുന്ന നാളുകളാണ് ലോകകപ്പിന്റേത്. ആകാശം മുട്ടുന്ന കട്ടൗട്ടുകളും, കവിത വിരിയുന്ന ഫ്ളക്സുകളും നാടിന്റെ നാനാഭാഗത്തുമായി ഉയർന്നുകഴിഞ്ഞു. അറബ് ഭൂഖണ്ഡത്തിൽ ആദ്യമായി അരങ്ങേറുന്ന ലോകകപ്പ്, അവിസ്മരണീയ അനുഭവമാക്കാൻ മത്സരിക്കുകയാണ് മലയാളികൾ. ആസ്വാദനത്തിന്റെ ‘ഒഴുക്കി’ന് വിപരീതമായി നീന്തുന്നവരെ പാടെ തകർത്തെറിഞ്ഞ് ഫുട്ബോൾ ജ്വരം അതിന്റെ ഉന്നതിയിലെത്തി നിൽക്കെ, ഇത്തവണത്തെ ലോകകപ്പിനെ സവിശേഷമാക്കുന്നതെന്തെന്ന് നോക്കാം.

മിഡിൽ ഈസ്റ്റിലൊരു ലോകകപ്പ്. ഒരുപക്ഷെ പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്തരമൊരു കാഴ്ച്ച അരങ്ങേറുമെന്ന് ഫിഫയോ യൂറോപ്യൻ രാജ്യങ്ങളോ സ്വപ്നത്തിൽ പോലും കണ്ടുകാണില്ല. വിസ്‌തൃതിയിൽ കേരളത്തിനും പിന്നിലുള്ള ഖത്തറെന്ന കൊച്ചുരാജ്യം, ഏറെ അധ്വാനിച്ചു നേടിയെടുത്ത അവകാശമാണ് ലോകകപ്പിന്റെ ആതിഥേയത്വം. വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത് മുതൽ യൂറോപ്പിൽ ഉയർന്നുതുടങ്ങിയ മുറുമുറുപ്പുകൾ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുകയാണ്. എടുത്തുകാട്ടാൻ ന്യൂനതകൾ ഒരുപിടിയുണ്ടെന്നത് വസ്തുതയാണെങ്കിലും, യൂറോപ്പിന്റെയീ ചൊറിക്കുപിന്നിൽ പഴയ ഓറിയെന്റലിസ്റ്റിക്ക് ചിന്താഗതി തന്നെയാണെന്ന് ഊഹിക്കാതെ തരമില്ല. യൂറോപ്പിലുള്ളത് ‘എലൈറ്റ്’ മനുഷ്യരാണെന്നും, മറ്റുള്ളവരൊക്കെയും രണ്ടാംകിടയാണെന്നും ഉള്ളിൽ പേറുന്ന ഇക്കൂട്ടർ, ഖത്തറിന്റെ ആതിഥേയത്വത്തിൽ അസ്വസ്ഥരാണ്. ഖത്തറിനെതിരെ സംസാരിക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസ് തുറന്നുപറഞ്ഞതും ഗൗരവമേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗാലറിയിലെ മദ്യനിരോധനത്തിന് കാരണം ഖത്തറിന്റെ യാഥാസ്ഥിക ചിന്താഗതിയാണെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, ഇംഗ്ലണ്ടിലെ കുപ്രസിദ്ധരായ ഹൂളിഗൻസ് അടക്കമുള്ള കാണിക്കൂട്ടങ്ങൾ ഗ്യാലറിയിൽ അഴിഞ്ഞാടാതിരിക്കാനാണ് ഈ നിരോധനമെന്നാണ് ഖത്തറിന്റെ ന്യായീകരണം. അടിക്കടി ഉയർന്നുവരുന്ന, സമാനസ്വഭാവമുള്ള ആ ആരോപണങ്ങളെ മാറ്റി നിർത്തി, ഖത്തറിന്റെ മുന്നൊരുക്കങ്ങളെ വിലയിരുത്തിയാലാ രാജ്യം നൂറിൽ നൂറും നേടുമെന്നത് മറ്റൊരു വസ്തുത. ലോകകപ്പിനായി പണികഴിപ്പിച്ചവയടക്കം, മത്സരത്തിന് സജ്ജമാക്കിയ ഓരോ സ്റ്റേഡിയവും ഒന്നിനൊന്ന് നിലവാരം പുലർത്തുന്നവയാണ്. അല്പം അതിശയോക്തി കലർത്തിയാൽ മലയാളികളുടെ രണ്ടാം വീടെന്ന് വിളിക്കാം ഗൾഫിനെ. ആ നാട്ടിൽ ലോകകപ്പെത്തുമ്പോൾ, ഗാലറിയിൽ ആർപ്പുവിളിക്കുന്നതിൽ സിംഹഭാഗവും മലയാളികളാവുമെന്നതിൽ സംശയമില്ല. ഇഷ്ടതാരങ്ങളെ, ഇഷ്ടടീമിനെ, ഇത്രയടുത്തെത്തിച്ച ഖത്തറിനോടുള്ള നന്ദി മലയാളികൾ അനുസ്യൂതം അറിയിച്ചുകൊണ്ടേയിരിക്കുന്നു.

ലോകകപ്പിന്റെ ആതിഥേയത്വത്തിലൂടെ ഖത്തർ വിവാദങ്ങളുടെ നടുവിലാവുമ്പോൾ, കൂട്ടിന് ഫിഫയുമുണ്ട്. മനുഷ്യാവകാശപ്രശ്നങ്ങളാണ് ഖത്തറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നെതെങ്കിൽ, മനുഷ്യത്വം തീണ്ടാത്ത മത്സരക്രമമാണ് ഫിഫയ്‌ക്കെതിരെയുള്ള രോഷത്തിന് കാരണം. യൂറോപ്പിലെ അഞ്ച് മുൻനിരലീഗുകൾ അടക്കം, ലോകത്തിന്റെ വിവിധകോണുകളിലായി ഇക്കഴിഞ്ഞ ആഴ്ചയും മത്സരങ്ങൾ അരങ്ങേറി. ഫുട്‍ബോളിലെ ഏറ്റം വലിയ ടൂർണമെന്റിന് സജ്ജരാകാൻ താരങ്ങൾക്ക് കിട്ടിയത് കഷ്ടി ഒരാഴ്ച്ച സമയമാണെന്ന് സാരം. ഇടതടവില്ലാത്ത മത്സരക്രമം കാരണം ഒരുപിടി താരങ്ങളെ നിർഭാഗ്യം പരിക്കിന്റെ രൂപത്തിൽ പിടികൂടിക്കഴിഞ്ഞു. നിലവിലെ ജേതാക്കളായ ഫ്രാൻസ്, മധ്യനിരയിലെ പ്രധാനതാരങ്ങളായ പോഗ്ബ, കാന്റെ എന്നിവരില്ലാതെയാണ് ഇക്കുറി ബൂട്ടുകെട്ടുന്നത്. ഇംഗ്ലീഷ് ക്ലബ്‌ ലിവർപൂളിന്റെ മുന്നേറ്റനിര താരമായ ഡിയാഗോ ജോട്ട (പോർച്ചുഗൽ), ബയേൺ താരം സാദിയോ മാനെ (സെനഗൽ), ഇംഗ്ലീഷ് പ്രതിരോധഭടന്മാരായ റീസ് ജെയിംസ്, ബെൻ ചിൽവെൽ, അർജന്റീനയ്ക്കായി മിന്നും ഫോമിൽ പന്തുതട്ടിയിരുന്ന ജിയോവാനി ലൊസെൽസോ.. നിര നീളുകയാണ്. ടീമിന്റെ നെടുംതൂണുകളെ നഷ്ടപെട്ട രാജ്യങ്ങൾക്ക്, ഉതകുന്നൊരു പകരക്കാരനെ കണ്ടെത്താനുള്ള സമയവും ഫിഫയുടെ മത്സരക്രമം കാരണം ലഭിക്കുന്നില്ല. മറ്റെല്ലാം കൊണ്ടും മിന്നുന്നതായിത്തീരേണ്ട ലോകകപ്പിന്റെ മാറ്റ് തെല്ലൊന്ന് കുറയുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഫിഫയുടെ ഈ നയമാണെന്ന് പറഞ്ഞുകൊണ്ട്, എന്റെ ഇഷ്ട ടീമായ അർജന്റീന കപ്പടിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട്, നിങ്ങളുടെ ഇഷ്ടടീമിന് വിജയാശംസ നേർന്നുകൊണ്ട്.. ഖത്തറിലേക്ക് കണ്ണ് പായിക്കാനൊരുങ്ങുന്നു ഞാൻ.


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

More like this

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...