HomeTHE ARTERIASEQUEL 47കമ്പിയും, കമ്പിപ്പുസ്തകങ്ങളും

കമ്പിയും, കമ്പിപ്പുസ്തകങ്ങളും

Published on

spot_img

ലേഖനം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്)
അനിലേഷ് അനുരാഗ്

എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ പ്രത്യേകതരം പുസ്തകങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നത്? കേരളത്തിൽ ജീവിക്കുകയും, മലയാളത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ആർക്കും, ‘കമ്പിപ്പുസ്തകം’ എന്ന പദം കേൾക്കുമ്പോൾ സ്വഭാവികമായി തോന്നുന്ന സംശയങ്ങളാണിവ. ശ്ലീലാശ്ലീലങ്ങളുടെ വിരുദ്ധദ്വന്ദ്വങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നൊരു സാമൂഹ്യ അസ്തിത്ത്വം നിലനില്പിനായി പേറുന്നതുകൊണ്ട് ഇത്തരം ഗുപ്തസംജ്ഞകളെക്കുറിച്ചുള്ള സന്ദേഹങ്ങൾ ധീരകൾക്കും, ധീരന്മാർക്കും സമൂഹത്തെ കൂസാത്ത ഒരു പ്രായംവരെയോ, ഭീരുക്കൾക്ക് തങ്ങളുടെ ജീവിതാവസാനംവരെയോ, തീരുകയില്ല. അതെന്തായാലും, പലപ്പോഴും ജീവിതത്തിന്റെ മുഖ്യധാരയിലൂടെയും ചിലപ്പോഴെല്ലാം അതിന്റെ അധോലോകത്തിലൂടെയും നടന്ന നാല്പത്തഞ്ചുവർഷം കൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ലളിതമായിപറയാം: ലൈംഗീകത എന്നാൽ പുരുഷലൈംഗികത എന്നുമാത്രം വായിച്ചെടുക്കുന്ന നമ്മുടെ പുരുഷാധിപത്യസമൂഹത്തിൽ  ഉദ്ധാരണം സംഭവിച്ച പുരുഷലൈംഗീകാവയവമാണ് കമ്പി. അല്ലെങ്കിൽ, സൂചികയും(Signifier), സൂചിതവും (Signified) ഭേദമില്ലാതെയെടുത്താൽ, പുരുഷലൈംഗികാവയവത്തിന് ലൈംഗീകമായ കാരണങ്ങളാലുണ്ടാകുന്ന ഉദ്ധാരണമാണ് കമ്പി. ഉദ്ധാരണം സംഭവിക്കുന്ന പ്രസ്തുത അവയവം അത്തരം സമയങ്ങളിൽ കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന ഇരുമ്പ് കമ്പി പോലെ ദൃഢമാകുന്നതുകൊണ്ടാകണം അനുഭവസ്ഥരായ ആണുങ്ങളും, സാക്ഷികളായ മറ്റുള്ളവരും ആ ജൈവിക പ്രതിഭാസത്തിന് ഇത്ര സരസമായൊരു പേരു തന്നെ നിർദ്ദേശിച്ചത്. അപ്പോൾ, ഉദ്ധാരണമാണ് കമ്പിയെങ്കിൽ വാങ്മയങ്ങളിലൂടെ അതിലേക്ക് നയിക്കുന്നതും, അങ്ങനെയുള്ള നിലനില്പ് സാധ്യമാക്കുന്നതുമായ പുസ്തകങ്ങൾ സാധാരണയുക്തിയനുസരിച്ച് ‘കമ്പിപ്പുസ്തകങ്ങൾ’ ആയി മാറുന്നു. വടക്കൻ കേരളത്തിലെ ആണുങ്ങളുടെ ഇടയിൽ ഇത് പരസ്യമായൊരു രഹസ്യനാമമാണെങ്കിലും, മധ്യ-തെക്കൻ കേരളത്തിലും, തെക്കുനിന്ന് വടക്കോട്ടേക്ക് കുടിയേറ്റം നടന്ന മലമ്പ്രദേശങ്ങളിലും കമ്പിപ്പുസ്തകങ്ങളുടെ താരതമ്യേന സഭ്യമായ പര്യായം, അതിന്റെ (ചെറിയ)ആകൃതിയേയും, (കുറഞ്ഞ) അളവിനേയും ദ്യോതിപ്പിക്കുന്ന ‘കൊച്ചുപുസ്തകം’ എന്നത്രെ !

Anilesh anurag 1

തങ്ങൾ മുതിർന്നിരിക്കുന്നു എന്ന് തന്നെത്തന്നേയും, തനിക്ക് ചുറ്റുമുള്ള ലോകത്തെയും വിശ്വസിപ്പിക്കാൻ വേണ്ടി ഓരോ കാലത്തിലേയും കൗമാരക്കാർ അനന്യമായ ചില മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്. ഒറ്റയ്ക്കുള്ള യാത്രകൾ, വീടുവിട്ടുള്ള താല്ക്കാലിക പൊറുതികൾ, മദ്യത്തിന്റെയും, മറ്റു ലഹരികളുടെയും ഉപയോഗം എന്നിങ്ങനെ പരന്നുകിടക്കുന്ന ‘ശീഘ്രവളർച്ചാസാധ്യത’കളിൽ, എൺപതുകളിലെ പ്രധാനികളായ സിഗരറ്റ് – ബീഡി വലികൾക്കും, മദ്യപാനത്തിനും ഒപ്പം കട്ടയ്ക്ക് നില്ക്കുന്നതായിരുന്നു കമ്പിപ്പുസ്തക വായനയും. ഒന്നു ശ്രദ്ധിച്ചാൽ, ഇത്തരം രഹസ്യ വ്യവഹാരങ്ങളിലേക്കുള്ള പ്രവേശനം ഒരേ പ്രായക്കാരിൽപോലും ഒരു മേൽകീഴ് വ്യവസ്ഥ നിർമ്മിച്ചെടുക്കുന്നത് കാണാൻ കഴിയും: കമ്പിപ്പുസ്തകം വായിച്ചിട്ടില്ലാത്തവൻ അത് വായിച്ചവന്റെത്രയും വളർന്നിട്ടില്ല എന്നാണ് അതിന്റെ അംഗീകൃതധ്വനി. പറഞ്ഞുവന്നത്, ആസ്വാദനത്തിനും, അനുഭൂതികൾക്കുമപ്പുറം എൺപതുകളിലെ ഒരു കൗമാരക്കാരന് കമ്പിപ്പുസ്തകവായന തന്റെ സമപ്രായക്കാർക്കിടയിൽ കൈവരിക്കാൻ കഴിയുന്ന ഒരു അധികാരപദവികൂടെയായിരുന്നു എന്നാണ്. അതെന്തായാലും, ലൈംഗീക ആസ്വാദനം ലജ്ജാകരമായതും, അതിനാൽ ഗോപ്യമായി ചെയ്യേണ്ട ഒന്നുമാണെന്ന പൊതുബോധമുണ്ടായിരുന്ന നമ്മുടെ  സദാചാരസമൂഹത്തിൽ ലക്ഷണമൊത്ത ഒരു കമ്പിപ്പുസ്തകം കൈയ്യിൽ കിട്ടുക എന്നത് അനായാസമായ ഒരു കാര്യമായിരുന്നില്ല. ആകർഷകങ്ങളായ മറ്റ് പ്രതിഭാസങ്ങളെപോലെ ‘കമ്പിപ്പുസ്തക’ത്തെക്കുറിച്ചും ഒരു കൗമാരക്കാരന് ആദ്യമുണ്ടാകുന്ന ജ്ഞാനം നാട്ടിലെയോ, സ്ക്കൂളിലെയോ സമപ്രായക്കാരിൽ നിന്നുള്ള കേട്ടറിവാണ്. അതുവരെയജ്ഞാതമായ ആനന്ദങ്ങളിൽ ആറാടിക്കാൻ ഉതകുന്ന കഥകളും, ചിത്രങ്ങളുമടങ്ങിയ രഹസ്യസാഹിത്യമേഖലയെക്കുറിച്ചുള്ള ഈ പ്രാഥമിക അറിവുകളിൽ നിന്നാണ് അത് കണ്ടെത്താനുള്ള ആദ്യശ്രമങ്ങൾ. ഉണ്ടാവുക.

anileh anurag

ഉള്ളടക്കത്തിന്റെ പ്രത്യേക സ്വഭാവത്തിനനുസൃതമായിരുന്നു അന്നൊക്കെ കമ്പിപ്പുസ്തകത്തിന്റെ (അ)ലഭ്യതയും. മറ്റു പ്രസിദ്ധീകരണങ്ങളുടേതുപോലെ ലളിതവും, സുതാര്യവുമായിരുന്നില്ല കമ്പിപ്പുസ്തകത്തിൻ്റെ അക്കാലത്തെ കൊടുക്കൽ-വാങ്ങലുകൾ. പത്രങ്ങളും, വാരികകളും,മാസികകളും വില്ക്കുന്ന അപൂർവ്വം ചില കടകളിൽ മാത്രമാണ് അത് ലഭ്യമാവുക. വാങ്ങുന്ന രീതിയാണെങ്കിലോ ഗൂഢമായ ഒരു ആചാരത്തെ ഓർമ്മിപ്പിക്കും. കണ്ണൂർ പുതിയതെരുവിൽ ടൗണിൽത്തന്നെയുണ്ടായിരുന്ന ഒരു പഴയ കമ്പിപ്പുസ്തക കട എന്റെ ഓർമ്മയിലുണ്ട്. അവിടെപോയി പുസ്തകം വാങ്ങണമെങ്കിൽ, പത്രങ്ങളും, മാധ്യമം, മാതൃഭൂമി മുതലായ ആഴ്ചപ്പതിപ്പുകളും നിരത്തിവച്ചിട്ടുള്ള കടവരാന്തയിൽ എന്താണ് വാങ്ങേണ്ടത് എന്ന് മറന്നുപോയതുപോലെ ചുറ്റിപ്പറ്റി നില്ക്കണം. അതിനിടയിൽ മാന്യന്മാരും, ബുദ്ധിജീവികളും വന്ന് പത്രങ്ങളും, സാഹിത്യ-സാംസ്കാരിക വാരികകളും ഒക്കെ വാങ്ങിക്കൊണ്ടുപോകും. എല്ലാവരും പോയി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം ഒച്ച കുറച്ച് ‘പുസ്തകമില്ലേ?’ എന്ന് അശരീരിപോലെ ചോദിക്കുക. ചോദ്യം കേട്ടെങ്കിലും അതിന് നേരിട്ടുത്തരം തരാതെ കനത്ത മുഖത്തോടെ കടയ്ക്കകത്തെ ചെറിയ ഗോഡൗണിലേക്ക് പോകുന്ന കടക്കാരൻ മടക്കിച്ചുരുട്ടിപ്പിടിച്ച ഒരു അല്പം പഴയതെന്ന് തോന്നിപ്പിക്കുന്ന ഒരു പുസ്തകവുമായി പുറത്തുവരും. മിക്കവാറും അതിന് ഇരുപത് രൂപയായിരിക്കും. ഒ.കെ. പറഞ്ഞാൽ പിന്നെ ഇടംവലം നോട്ടമില്ല. ഒരു പത്രക്കഷണത്തിൽ പൊതിഞ്ഞാണ് തരിക. പുള്ളി പൈസ വാങ്ങി മേശവലിപ്പിൽ ഇടുമ്പോഴേയ്ക്ക് കടയിൽ നിന്ന് സ്ക്കൂട്ടായിക്കോളണം. മലബാറിലെ കുഞ്ഞുപട്ടണങ്ങളുടെ അധോലോകങ്ങളിൽ ഇറുങ്ങി നിന്ന കടകളിൽ നിന്ന് ഇപ്പോൾ നിരോധിത ഉല്പന്നങ്ങളായ പാൻപരാഗും, മധുവും ഹാൻസും വാങ്ങുന്നതുപോലെ അതീവ്വ രഹസ്യമായി ഇതും കൈയ്യിലെത്തിയാൽ ‘മിഷൻ കമ്പിപ്പുസ്തക’ത്തിന്റെ ഒരു ഘട്ടം പൂർത്തിയായി. ആരും കാണാതെ വീട്ടിലെത്തിച്ചു കഴിഞ്ഞാലാണ് അടുത്ത നിർണ്ണായകഘട്ടം ആരംഭിക്കുക: വായന. ‘മ’ വാരികയിൽ നിന്നും, ലൈബ്രറി പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി, ആ പ്രായത്തിൽ കൈയ്യോടെ പിടിക്കപ്പെട്ടാൽ കപടന്യായങ്ങൾ നിരത്തുന്നതിനു മുൻപെ നിർദ്ദയം സദാചാരലംഘനം ആരോപിക്കപ്പെടുന്നതിനാൽ, വളരെ ശ്രദ്ധയോടെ വേണം വായനയ്ക്കുള്ള ചുറ്റുപാടുകൾ ക്രമീകരിക്കുന്നത്. സദാചാരലംഘനമല്ലാത്ത മറ്റെന്തോ ചെയ്യുന്നു എന്ന രീതിയിൽ വാതിൽ അടച്ചിട്ട് മുറിയിൽ ഇരുന്ന് വായിക്കുക എന്നത് ഒരു അപൂർവ്വ സാധ്യതയായിരുന്നതുകൊണ്ട്, അന്നത്തെ കൗമാരക്കാർ മിക്കവാറും  അവലംബിച്ചിരുന്ന ഒരു മാർഗ്ഗം പുസ്തകം വീട്ടുകാരറിയാതെ അരയിൽ ഇറുക്കി നാട്ടിലെ വിജനമായ കാട്ടിലോ, മേട്ടിലോ ചെന്നിരുന്ന് വായിച്ച് ഹരം കൊള്ളുക എന്നതായിരുന്നു.

Anilesh anurag

അങ്ങനെ അപകടകരമായ കടമ്പകൾ കടന്ന് നമ്മളുടെ തലമുറ വായിച്ച കമ്പിപ്പുസ്തകങ്ങളിലെ തുടക്കക്കാരൻ രതിയുടെ അതിപ്രസരമൊന്നുമില്ലാത്ത, സാധാരണ പുസ്തകക്കടകളിലൊക്കെ ലഭിക്കുന്ന ‘മുത്തുച്ചിപ്പി’യായിരിക്കും. ഒറ്റനോട്ടത്തിൽ ‘പൂമ്പാറ്റ’യോ, ‘ബാലരമ’യോ ആണെന്ന് തോന്നിപ്പിക്കുന്ന മുത്തുച്ചിപ്പിയുടെ സൈസിലുള്ള ചെറുപ്പം കൊണ്ടാകണം കമ്പിപ്പുസ്തകങ്ങൾക്കെല്ലാം തന്നെ ‘കൊച്ചുപുസ്തകം’ എന്ന പേരു വരാൻ കാരണം എന്നാണ് തോന്നുന്നത്. വായനക്കാരനിൽ ചൂടുപകരുന്ന ആഖ്യാനങ്ങളും, സന്ദർഭങ്ങളും ആവശ്യത്തിന് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘മുത്തുച്ചിപ്പി’യിലെ രതിവിവരണത്തിന് ഒരു മയമുണ്ടാകുമായിരുന്നു. ഉദാഹരണത്തിന്, രതികഥകളിലെ സ്ത്രീ-പുരുഷ ലൈംഗീകാവയവങ്ങൾ നാട്ടുഭാഷയിലുള്ള അവയുടെ പരുക്കൻ പേരുകൾക്ക് പകരം, മുത്തുച്ചിപ്പിയിൽ കാണുക ‘പൂങ്കാവനം’, കളിച്ചെപ്പ്’, ‘കുട്ടൻ’, ‘താമരപ്പൊയ്ക’ എന്നിങ്ങനെയുള്ള സാഹിത്യസംജ്ഞകളിലാണ്. മാത്രമല്ല, ‘മ’ വാരികകളുടെ സ്വഭാവങ്ങളിലൊന്നായ കഥകളിലെ പരിണാമഗുപ്തി(suspense) മുത്തുച്ചിപ്പിയും നിലനിർത്തിപ്പോന്നിരുന്നു. സാഹിത്യഭാഷയിൽ രതിവിവരണം നടത്തിയ ‘മുത്തുച്ചിപ്പിയിൽ’ നിന്നും ഭാഷയിലും, ആഖ്യാനരീതിയിലും, ഛായാചിത്രങ്ങളിലും തികച്ചും വ്യത്യസ്തമായ, അക്ഷരാർത്ഥത്തിലെ തുറന്നെഴുത്തുകളാണ് കാമരസം കിനിഞ്ഞ മറ്റു പുസ്തകങ്ങളിൽ ഉണ്ടായിരുന്നത്. അതീവ്വരഹസ്യമായി നമ്മൾ ആഗ്രഹിച്ചതും, എന്നാൽ സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാതിരുന്നതുമായ രതിസായൂജ്യങ്ങളാണ് അവ  അക്ഷരങ്ങളിലൂടെ സാക്ഷാത്കരിച്ചത്. പുറത്തു പറയാൻ മടിച്ച ലൈംഗീക ഭാഗങ്ങളുടെയും, ലൈംഗീകകേളികളുടെയും നേർവിവരണങ്ങൾ നമ്മളെ ആദ്യം അമ്പരപ്പിക്കുകയും, പിന്നീട് പരവശരാക്കുകയും ചെയ്തുകൊണ്ടിരുന്നു. ശിവകാശിയിലെ നിലവാരമില്ലാത്ത പ്രസ്സുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പേപ്പറിൽ അച്ചടിച്ചു വരുന്ന, പ്രൂഫ് റീഡിംഗിന് ഒട്ടും വിധേയമായിട്ടില്ലാത്ത കാമോദ്ദീപകമായ കഥകൾ തുടർച്ചകളില്ലാത്തവയായിരുന്നു.

anileh anurag

ഉള്ളടക്കത്തിലെ കഥകൾ പോലെ അത്തരം പുസ്തകങ്ങൾ തന്നെയും മുൻഗാമികളോ, പിൻഗാമികളോ ഇല്ലാതെ തന്നിൽത്തന്നെ പൂർണ്ണത നേടിയ സ്വതന്ത്രഅവതാരങ്ങളായിരുന്നു. ഒരു ലക്കം എന്നാൽ ഒരു ജന്മം എന്നർത്ഥം.  എന്നാൽ, പ്രശസ്ത സാഹിത്യസൈദ്ധാന്തികനായ വ്ലാഡിമിർ പ്രോപ്പ് (Vladimir Propp) നൂറ് റഷ്യൻ നാടോടിക്കഥകളിൽ നടത്തിയതുപോലെ ഘടനാവാദമാതൃകയിലൊരു പഠനം(structuralist study) കമ്പിപ്പുസ്തകകഥകളിൽ നടത്തിയാൽ, ഉപരിതലത്തിൽ വേറിട്ടതെന്ന് തോന്നിയാലും, രചനാരീതിയിലും, കഥാപാത്രങ്ങളിലും (അവയുടെയിടയിൽ) അമ്പരപ്പിക്കുന്ന സാദൃശ്യങ്ങളും, സമാനതകളും അനായാസം കണ്ടെത്താൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന്, പഴയ കമ്പിപ്പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ (ജോഡികൾ) മിക്കപ്പോഴും തമ്മിൽ രക്തബന്ധത്തിലുള്ളവർക്ക് പകരം, മലയാളി കുടുംബവ്യവസ്ഥിതിപ്രകാരം അകത്തുള്ളവരും, പുറമെ നിന്ന് വന്നുകയറിയവരും – മരുമകൻ – അമ്മായി (അമ്മാവന്റെ ഭാര്യ), അനിയൻ – ഏട്ടത്തിയമ്മ (ഏട്ടന്റെ ഭാര്യ), അമ്മായിയപ്പൻ – മരുമകൾ (മകന്റെ ഭാര്യ) ആയിരിക്കും. അല്ലാത്തവർ(അകത്തുള്ള രണ്ടുപേർ) തമ്മിലുള്ള ലൈംഗീകബന്ധങ്ങളുടെ സാധ്യത അക്കാലത്തെ കഥകളിൽ വിരളമായിരുന്നു. അഗമ്യാഗമനത്തിനെ (incest) നെ ഒരു രതിബന്ധമായി കണ്ട് ആസ്വദിക്കേണ്ടുന്ന ഒരു മാനസീകതലം അന്നത്തെ മലയാളിയുടെ സദാചാര മനസ്സ് അനുവദിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. കുടുംബത്തിൽപ്പെടാത്ത അമ്മായി, ഏട്ടത്തിയമ്മ, മരുമകൾമാരെക്കുറിച്ചുള്ള ‘ചിന്തകളിലെ’ കുറ്റബോധമില്ലായ്മ അവരുടെ രതി ഭാവനയെ കൂടുതൽ എളുപ്പമാക്കിക്കാണണം. കൗതുകകരമെന്നോണം, ഉത്തരമലബാറിലെ ആണുങ്ങൾക്കിടയിൽ  ഏറ്റവും ജനകീയമായി ഉപയോഗിച്ചുകൊണ്ടിരുന്ന തെറികളിലൊന്ന് F*ck  your aunt എന്നർത്ഥം വരുന്ന ‘അമ്മായിക്ക് *ട്ടുക’ എന്നായിരുന്നു !

anilesh anurag

anileh anurag

മന:ശാസ്ത്രപരമായി ചിന്തിച്ചാൽ മലയാളി പുരുഷന്മാർ മനസ്സിൽ അടിച്ചമർത്തിവച്ച രതിമോഹങ്ങളുടെ വാങ്മയ ആവിഷ്കാരമാണ് ഈ കഥകളെന്ന് വാദിക്കാൻ കഴിഞ്ഞേക്കും. വിവാഹം കഴിഞ്ഞാലും, കുട്ടികൾ ഉണ്ടായാലും, ജരാനരകൾ ബാധിച്ചാലും അകത്ത് അണയാതെ കിടക്കുന്ന മോഹങ്ങളുടെ വന്യഭാവനയാണ് കമ്പിപ്പുസ്തകത്താളിൽ നാം വായിക്കുന്നത്. ഈ കഥകളിൽ പ്രകടമാകുന്നതും, യഥാർത്ഥ ജീവിതത്തിൽ പൊതുവെ സാധ്യത കുറഞ്ഞതുമായ മുഖ്യരതിഭാവന പുരുഷനെ മെനക്കെട്ടു വശീകരിക്കുന്ന പ്രായത്തിലും, പദവിയിലും മുതിർന്ന, ലൈംഗീകപരിജ്ഞാനമുള്ള സ്ത്രീ എന്നതാണ്. പുരുഷമോഹങ്ങൾക്കും, ഭാവനയ്ക്കനുസരിച്ച് പുരാവൃത്തവൽക്കരിക്കപ്പെടുന്ന (mythicized) സ്ത്രീ സങ്കല്പങ്ങളെക്കുറിച്ച് പ്രസിദ്ധ ഫെമിനിസ്റ്റ് സൈദ്ധാന്തികയായ സിമോൻ ദ ബവെ തന്റെ ലോകപ്രശസ്തമായ ‘The Second Sex’ൽ സുവ്യക്തമായി വിശകലനം ചെയ്യുന്നുണ്ട്. അതനുസരിച്ച്, ചുണ്ണാമ്പ് ചോദിച്ച് പുരുഷനെ വശീകരിച്ച് ഭോഗിക്കുന്ന ‘യക്ഷി’ യോളമെത്തുന്ന ഈ പുരാവൃത്തവൽക്കരണനത്തിന് കമ്പിപ്പുസ്തകങ്ങൾ നല്കിയ തനത് സംഭാവനയാണ് വികാരവിവശയും, വശീകരണ സാമ്രാട്ടുമായ ‘റ്റ്യൂഷൻ ടീച്ചർ’ എന്ന് ഞാൻ പറയും. ആരെങ്കിലും തന്നെയൊന്ന് വശീകരിച്ചെങ്കിൽ എന്ന് നിശ്ശബ്ദമായി വിലപിക്കുന്ന മലയാളിപുരുഷൻ്റെ രതിരോദനം ആരെങ്കിലും ഒന്ന് കേട്ടെങ്കിൽ !

anileh anurag

anileh anurag

പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹ്യക്രമത്തിലും, ചിന്താപദ്ധതിയിലും സർവ്വവ്യവഹാരങ്ങളെയും ആത്യന്തികമായി നിയന്ത്രിക്കുന്ന പ്രത്യേക അവകാശങ്ങളുള്ള ഒരു പ്രതീകമുണ്ടാകും. നവസിദ്ധാന്തങ്ങളിൽ അതിനെയാണ് ഫാലസ്(Phallus) എന്ന് വിളിക്കുന്നത്. പുരുഷലിംഗം കൈക്കൊള്ളുന്നതു കൊണ്ട് താനാണ് ഫാലസിനെയും, സമൂഹത്തെയും നിയന്ത്രിക്കുന്നത് എന്നും, താൻ മറ്റുള്ളവരെക്കാൾ ഉയർന്നവന്നെന്നും പുരുഷന് ബോധപൂർവ്വമുള്ള തെറ്റിദ്ധാരണയുണ്ടാകും. ഇത്തരത്തിലുള്ള പ്രതീകാത്മക അധികാരവ്യവസ്ഥയെ Phallocentrism (പ്രതീകാത്മക പുരുഷലിംഗ കേന്ദ്രീകൃതം) എന്ന് പറയും. നമ്മുടേതും ഒരു Phallocentric സമൂഹമായതിനാലാണ് പൊതുലൈംഗീകതയെ നാം പുരുഷലൈംഗീകതയുമായി ബന്ധപ്പെട്ട വാക്കുകളാൽ മാത്രം വ്യാഖ്യാനിക്കുന്നത്. ‘കമ്പി’ അത്തരമൊരു വാക്കാണ്. ലൈംഗീകത എന്ന പ്രതിഭാസം അപനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആധുനികലോകത്തിൽ സ്ത്രീയും, പുരുഷനും, ഭിന്നലൈംഗീകരും ഉൾപ്പെട്ട മനുഷ്യരുടെ ഉടലുണർവുകളെ പരാമർശിക്കാൻ ‘കമ്പി’യിലും രാഷ്ടീയ കൃത്യതയുള്ളൊരു രതിപദം നാം അടിയന്തിരമായി  കണ്ടെത്തേണ്ടിയിരിക്കുന്നു

(തുടരും)

ഒന്നാം ഭാഗം 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....