മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’

0
1114
the-arteria-anilesh-anurag-athmaonline-7

വിരൽനഖനാഗമിഴയും ഊടുവഴികളിൽ – ഏഴാം ഭാഗം

അനിലേഷ് അനുരാഗ്

വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴുമൊരു ബാധ്യതയും, പ്രാരാബ്ദവുമായി മാറാറുണ്ട്. നിരവധി കാരണങ്ങളുള്ള ഒരു വിരോധാഭാസമാണ് വളർച്ചയിലെ ഈ ‘തളർച്ച’ യെങ്കിലും, അതിലെ ഏറെ കൗതുകകരമായ ഒരു കാര്യം വളരുന്നതിനനുസരിച്ച് കുറഞ്ഞുവരുന്ന മനുഷ്യൻ്റെ ആനന്ദമാർഗ്ഗങ്ങളാണ്. അനുഭവിക്കലിൻ്റെയും, അഭിരമിക്കലിൻ്റെയും ഘട്ടങ്ങളോരോന്നായി പിന്നിട്ടു പോകുമ്പോൾ മനുഷ്യൻ്റെ ആനന്ദമാർഗ്ഗങ്ങൾ കുറഞ്ഞു കുറഞ്ഞു വരികയും, അതിനനുസരിച്ച് നമ്മൾ പുതിയ പുതിയ സാധ്യതകളെ കണ്ടെത്തേണ്ടിവരികയും ചെയ്യും. സത്യത്തിൽ ഒരായുസ്സിൻ്റെ അന്ത്യം വരെ തുടരേണ്ടതാണെങ്കിലും ഈ ആനന്ദാന്വേഷണം മിക്കവരും ജീവിതത്തിൻ്റെ മധ്യകാലത്തോടെ അവസാനിപ്പിക്കുകയാണ് പതിവ്. അതിനുശേഷമാണ് മനുഷ്യൻ മടുപ്പിൻ്റെ ആൾരൂപമായി മാറുന്നത്.

വരയിലാരംഭിച്ച് പാട്ടിലൂടെയും, കഥകളിലൂടെയും അനുഭവിച്ചാസ്വദിച്ച രതിയാനന്ദങ്ങൾ അത്തരം ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ പ്രതീക്ഷിത തീവ്രതയിൽ തുടർന്ന് ലഭിക്കാതെയാവുമ്പോഴാണ് ഒരാൾ ഇവയെല്ലാം ഒന്നിച്ചുൾക്കൊള്ളുന്ന ചലച്ചിത്രത്തിലേക്ക് തിരിയുക. കണ്ണും ചെവിയും ഒന്നിച്ചു പങ്കെടുക്കുന്ന ഈ രതിസാധ്യതയുടെ ഇൻ്റർനെറ്റ് – പൂർവ്വകാലത്തെ ഏറ്റവും ജനകീയ പ്ലാറ്റ് ഫോറം (A) ‘എ’ – പടം എന്ന ചുരുക്കപ്പേരിൽ പ്രശസ്തിയാർജ്ജിച്ച ‘മുതിർന്നവർക്ക് മാത്ര’ മായുള്ള സിനിമകളായിരുന്നു. സെൻസർ ബോർഡെന്ന് നാട്ടുകാർ വിളിക്കുന്ന Central Board of Film Certification ൻ്റെ സിനിമാ വർഗ്ഗീകരണമനുസരിച്ച് (A) സർട്ടിഫിക്കറ്റ് / വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ട സിനിമകളെയാണ് ഔപചാരികമായി അങ്ങനെ ഉദ്ദേശിക്കുന്നതെങ്കിലും കേരളത്തിലെ പൊതുജനത്തിന് അത് വിവിധ അർത്ഥതലങ്ങളുള്ള ഒരു സാമാന്യനാമമായിരുന്നു.

നാട്ടിലെ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന മഞ്ഞപ്പുസ്തകങ്ങൾക്കും, ടൗണിലെ ബുക്സ്റ്റാളുകളിൽ നിന്ന് രഹസ്യമായി വാങ്ങുന്ന കമ്പിപ്പുസ്തകങ്ങൾക്കുമപ്പുറത്തുള്ള രതിസാധ്യതാന്വേഷണമാണ് എൺപത് – തൊണ്ണൂറുകളിലെ ഒരു കൗമാരക്കാരനെ ഉടലുണർവ്വിൻ്റെ ധ്വനി കൊണ്ടുതന്നെ ‘കമ്പിപ്പടങ്ങൾ’ എന്നുമറിയപ്പെട്ട ‘എ’ – പടങ്ങളിൽ കൊണ്ടുചെന്നെത്തിക്കുന്നത്. ഉച്ചയ്ക്കുള്ള മാറ്റിനിയിലും, വൈകുന്നേരമുള്ള ഫസ്റ്റ് ഷോയിലും സ്ത്രീകളും, കുട്ടികളുമുൾപ്പെട്ട കുടുംബപ്രേക്ഷകർ സിനിമ കാണാൻ വരുന്നതുകൊണ്ട് ആവശ്യക്കാർ മാത്രമെത്തുന്ന അസമയത്താണ് (ഉച്ചയ്ക്ക് പന്ത്രണ്ടു മണി) സിനിമാ ടാക്കീസിൻ്റെ ഭൗതികനിലവാരമനുസരിച്ചുള്ള വർഗ്ഗീകരണത്തിലെ ‘സി’ ക്ലാസ്സ് (അപൂർവ്വമായി ‘ബി’ യും) തിയേറ്ററ്റുകളിൽ കമ്പിപ്പടങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കുടുംബ സിനിമകളും, കുടുംബമായി കാണാവുന്ന സിനിമകളും കാണിച്ചിരുന്നെങ്കിലും ഓരോ ദേശത്തും ചില ടാക്കീസുകൾ നൂൺ ഷോയായി കാണിച്ച കമ്പിപ്പടങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ലൈംഗീകത്തൊഴിലാളികളായ സ്ത്രീകളെപ്പോലെ ഈ തിയേറ്ററുകളും ഓരോ നാടുകളുടെ പേരിലാണ്  – ‘ചിറക്കൽ പ്രകാശ്’, ‘പയ്യന്നൂർ ശാന്തി’, ‘പൊടിക്കുണ്ട് വി.കെ’, ‘മരക്കാർകണ്ടി രാഗം’… –  അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇതിൽ ചിലവ തുടക്കം മുതൽ തന്നെ കമ്പിപ്പടങ്ങളിൽ ഉപജീവനം ആധാരമാക്കിയിരുന്ന കമ്പിടാക്കീസുകൾ ആണെങ്കിൽ, മറ്റു ചിലവ യു., യു.എ. (U, UA) സർട്ടിഫിക്കറ്റുകളുള്ള അനശ്ലീല സിനിമകൾ മാത്രം പ്രദർശിപ്പിച്ച പകൽ മാന്യർ ആസന്നമായ സാമ്പത്തികതകർച്ചയിൽ നിന്ന് കരകയറാൻ വേണ്ടി മാത്രം ‘എ’ യിലേക്ക് തിരിഞ്ഞവയായിരുന്നു. അതെന്തായാലും ഒരു ദേശക്കാരുടെ  രതിഭാവനയ്ക്ക് കുറഞ്ഞത് ഒന്ന് എന്ന രീതിയിൽ അക്കാലത്ത് കേരളം മുഴുവൻ കമ്പിട്ടാക്കീസുകൾ ഉണ്ടായിരുന്നു എന്നാണ് എൻ്റെ അറിവും, അനുഭവവും.

മുതിർന്നോ, ഇല്ലയോ എന്ന് സദാചാര സമൂഹത്തിന് നിരന്തര സന്ദേഹമുള്ള ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം കമ്പിപ്പുസ്തകം വായിക്കുന്നതിലും ഏറെ സാഹസികമായ ഒന്നായിരുന്നു ‘എ’ പടം കാണുക എന്നത്. കമ്പിപ്പുസ്തകങ്ങളിൽ നിന്നും ‘എ’ പടങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം പുസ്തകം സ്വകാര്യവായനയിലൂടെ ആനന്ദം പകരുന്ന ഒരു സ്വകാര്യ, രഹസ്യ സാധ്യതയായിരിക്കുമ്പോൾ, സിനിമ സ്വകാര്യവും, രഹസ്യവുമെന്ന് തോന്നിപ്പിക്കുന്ന ഒരു സഞ്ചിതാനുഭവമാണ് (collective experience) എന്നതാണ്. സിനിമാകൂടാരത്തിലെ ഒതുക്കവും(containment), ഇരുട്ടും, നിശ്ശബ്ദതയും ചേർന്ന് താൻ അതീവരഹസ്യമായ ഒരു രതികർമ്മത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകനിൽ നിർമ്മിച്ചെടുക്കുകയാണ് ചെയ്യുക. ഒറ്റയ്ക്ക്, രഹസ്യം എന്നീ മായാധാരണകളോടുകൂടി നിയന്ത്രിത ഇരുട്ടിലിരുന്ന് ദൂരെ വെള്ളിത്തിരയിൽ കാണുന്ന സിനിമാക്കാഴ്ചയെ ലോകപ്രസിദ്ധയായ സിനിമാ സൈദ്ധാന്തികയും, നിരൂപകയുമായ ലോറ മൾവി (Laura Mulvey) തൻ്റെ പ്രശസ്തമായ ‘Visual Pleasure and Narrative Cinema’ എന്ന പ്രബന്ധത്തിൽ താരതമ്യം ചെയ്യുന്നത് ഒരാൾ താക്കോൽ ദ്വാരത്തിലൂടെ നടത്തുന്ന എത്തിനോട്ടവുമായിട്ടാണ്. അന്യൻ്റെ ലൈംഗീകസ്വകാര്യതകൾ മറഞ്ഞുനിന്ന് കാണുന്നതിലൂടെ ഒരു ഒളിഞ്ഞുനോട്ടക്കാരൻ അനുഭവിക്കുന്ന Scopophilia or Voyeurism എന്ന വഴിപിഴച്ച സുഖം (perverted pleasure) തന്നെയാണ് മറ്റൊരു രീതിയിൽ സിനിമാക്കൊട്ടകയിലെ നിർമ്മിത അന്ധകാരത്തിൽ ഒരു സിനിമാപ്രേക്ഷകൻ അനുഭവിക്കുന്നതെന്ന് മൾവി നിരീക്ഷിക്കുന്നു.

പറഞ്ഞുവന്നത്, ‘എ’ പടം കാണൽ കമ്പിപ്പുസ്തകം വായിക്കുന്നതു പോലെ എളുപ്പമല്ല എന്നാണ്. അതിലെ പ്രധാന അപകടസാധ്യത ബന്ധുക്കളുടെയോ, അയൽപക്കക്കാരുടെയോ, മറ്റു പരിചയക്കാരുടെയോ കണ്ണിൽപ്പെടാം എന്നതാണ്. ഒരേ ഉദ്ദേശ്യങ്ങളുമായി ടാക്കീസിൽ എത്തിച്ചേരുന്നവർ ഒരേ സദാചാര ഭയത്താൽ പരസ്പരം കണ്ടാലും, കാണാത്തതുപോലെ നടന്നോളും എന്നൊരു ആശ്വാസമുണ്ടെങ്കിലും, ലൈൻ ബസ്സിൽ നിന്നും റോഡരികിലുള്ള തിയേറ്ററിലേക്ക് കണ്ണെറിയുന്ന പരിചയക്കാർ ഒഴിവാക്കാനാകാത്ത ഒരു അപകടസാധ്യതയായിത്തുടരും. ഇതു രണ്ടുമല്ലാതെ ടാക്കീസിൻ്റെ അകത്തുവച്ച് ചില നിർഭാഗ്യവാന്മാർ അടുത്ത സീറ്റിൽത്തന്നെ ഉറ്റബന്ധുക്കളെ (അച്ഛൻ, അച്ചാച്ചൻ,മാമൻ…! ) കണ്ടുമുട്ടിയ സംഭവങ്ങളും അപൂർവ്വമായാണെങ്കിലും അക്കാലത്ത് ഉണ്ടായിട്ടുണ്ട്.

അനാശാസ്യവും, അശ്ലീലവുമെന്ന് സദാചാരമുദ്ര കുത്തിയ കർമ്മങ്ങളിൽ ഏർപ്പെടാൻ ധൈര്യം സംഭരിച്ചുവരുന്ന കൗമാരക്കാർ ആദ്യം എത്തിച്ചേരുന്ന സിനിമകൾ ‘എ’ എന്ന് വിളിക്കാൻ മാത്രം അശ്ലീലമില്ലാത്ത, അവസാന സീനിൽ വെള്ളക്കോട്ടും, കണ്ണടയും, കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമണിഞ്ഞ ഡോക്ടർ വന്ന് STD (Sexually Transmitted Diseases) ക്ക് എതിരെ ഉപദേശങ്ങൾ തരുന്ന സെക്സ്-എജുക്കേഷൻ പടങ്ങളോ, വയലൻസിന് ഇടയിൽ ഒഴിവാക്കാനാകാത്ത സെക്സ് രംഗങ്ങൾ മാത്രമുള്ള ഇംഗ്ലീഷ് പടങ്ങളോ ആയിരിക്കും. ‘തൊട്ടു നക്കാൻ’ മാത്രം രതിരംഗങ്ങളുള്ള സിനിമകളുടെ ഈ ഘട്ടം പിന്നിടുമ്പോഴാണ് കമ്പിപ്പടം (‘എ’ – പടം) എന്ന വിശാല വ്യവഹാരത്തിലേക്ക് പ്രവേശിക്കാനുള്ള അർഹത ഒരുവൻ നേടിയെടുക്കുന്നത്. അക്കാലത്തെ കമ്പിപ്പടങ്ങൾ ഭയങ്കര ‘സ്റ്റോറി’യൊക്കെയുള്ള സിനിമകളായിരുന്നു. സാജൻ ( Sajan) എന്ന തൻ്റെ ശരിയായ പേര് ടാക്സ് വെട്ടിപ്പിനോ, സമാനമായ മറ്റു തട്ടിപ്പുകൾക്കോ വേണ്ടി ‘എസ്.എ. ജാൻ’ (S.A.Jan) എന്നാക്കി ഫിലിം സർട്ടിഫിക്കറ്റിലും, ക്രെഡിറ്റിലും കാണിച്ച സംവിധായകൻ്റേതുൾപ്പെടെയുള്ള അക്കാലത്തെ പോപ്പുലർ കമ്പി സിനിമകളുടെ സ്റ്റോറി ലൈനുകൾ മൂന്ന് നാല് വിധമാണുണ്ടാവുക:

ഒന്ന്, സിനിമ തുടങ്ങി കുറച്ചുകഴിയുമ്പോൾ ഊട്ടിയിൽ (തണുപ്പുള്ള സ്ഥലമാകണം) മധുവിധു ആഘോഷിക്കാൻ പോകുന്ന നവദമ്പതികളിലൊരാൾ അവിടെ വച്ച് തികച്ചും അപ്രതീക്ഷിതമായി തേച്ചിട്ടു പോയ പഴയ കാമുകനെ / കാമുകിയെ കണ്ടുമുട്ടുന്നു. അവിടെ അപ്പോൾ ആരംഭിക്കുന്ന അവരുടെ വിവാഹേതര രതിബന്ധത്തിലൂടെ കഥ നീങ്ങുന്നു.

രണ്ട്, ഏതോ സാഹസികതയുടെ ഭാഗമായി കൊടുങ്കാട്ടിൽ മുറിവേറ്റു കിടന്ന പോലീസ് ഉദ്യോഗസ്ഥനെ / ഫോറസ്റ്റ് ഗാർഡിനെ കാട്ടിൽ നിന്ന് പുറത്തുവരാത്ത ആദിവാസികൾ രക്ഷിക്കുന്നു. ഉദ്യോഗസ്ഥനെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ട ആദിവാസി മൂപ്പൻ്റെ യൗവനയുക്തയായ മോളുമായി ഉദ്യോസ്ഥൻ രഹസ്യപ്രേമത്തിലാകുന്നു. മാരകേളികളാടവെ അവർ കൈയ്യോടെ പിടിക്കപ്പെടുന്നു.

മൂന്ന്, അഹങ്കാരിയും, പെണ്ണുപിടിയനുമായ എസ്റ്റേറ്റ് മുതലാളി കൊളുന്ത് നുള്ളാൻ വരുന്ന കിളുന്ത് പെണ്ണിനെ നോട്ടമിടുന്നു. പെണ്ണ് എസ്റ്റേറ്റിൽത്തന്നെ ജോലിയുള്ള കാമുകൻ പയ്യൻ്റെ സഹായത്താൽ മുതലാളിയുടെ നീക്കങ്ങളെ ചെറുക്കുന്നു. മുതലാളി ചെറുക്കൻ്റെ അടി ചുമ്മാ വാങ്ങിക്കൂട്ടുന്നു. ഒടുവിലൊരു ദിനം മുതലാളിയുടെ കെണിയിലകപ്പെട്ടുവെന്ന് ബോധ്യം വന്ന പെണ്ണ് മുതലാളിയെ കത്രിക / പൊട്ടിയ സോഡാക്കുപ്പി കൊണ്ട് കുത്തിക്കൊല്ലുന്നു.

ഇങ്ങനെ പലവിധ സ്റ്റോറി ലൈനുകളിൽ പുളച്ചെങ്കിലും കഥാതന്തു കൊണ്ട് ഏറ്റവും ജനപ്രീതിയാർജ്ജിച്ച ‘എ’ -സിനിമകൾ പ്രായത്തിൽ കുറഞ്ഞ പയ്യനെ വശീകരിച്ചെടുക്കുന്ന മധ്യവയസ്കയായ ലേഡി ടീച്ചറുടെയോ, അമ്മായിമാരുടെയോ കഥകളായിരിക്കും (ഇത്തരമൊരു പാറ്റേണിൻ്റെ മന:ശ്ശാസ്ത്രപരമായ കാരണം ഞാൻ മുൻലക്കങ്ങളിൽ വിശദീകരിച്ചത് ആവർത്തിക്കുന്നില്ല). ‘വശ്യം’, ‘ലയനം’, ‘മലയത്തിപ്പെണ്ണ്’, ‘അവളറിയാതെ’ എന്നീ പടങ്ങളെല്ലാം മേല്പറഞ്ഞ ആഖ്യാനമാതൃകകൾക്ക് ഉദാഹരണങ്ങളാണ്. എങ്കിലും, ഈ പറഞ്ഞതെല്ലാം കമ്പിപ്പടങ്ങളിലെ ‘കഥകൾ’ മാത്രമാണ്. സത്യത്തിൽ, ‘എ’ – പടങ്ങളുടെ ഉടലുണർവ്വെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചത് ഇടയ്ക്കിടെ കാരണമുണ്ടാക്കി പ്രത്യക്ഷപ്പെടുന്ന (ഒരു ഹോട്ടൽ മുറി, ഒരു കടൽത്തീരം, ഒരു പഴഞ്ചൻ ബംഗ്ലാവ്…) അവയിലെ ചൂടേറിയ രതിരംഗങ്ങളായിരുന്നു. ഇതൊക്കെയാണെങ്കിലും കേരളത്തിലെ (കു)പ്രസിദ്ധമായ കമ്പിടാക്കീസുകളിലെ മുഖ്യ ആകർഷണം, സിനിമ തുടങ്ങി അര മുക്കാൽ മണിക്കൂറിനുള്ളിൽ കാണിക്കുന്ന, നിരവധി ബ്ലൂ ഫിലിമുകളിൽ നിന്ന് മുറിച്ചെടുത്ത് (പഴയ ഫിലിമാണ്) ഒന്നിച്ചുചേർത്ത് വച്ച ഒരു മറയുമില്ലാത്ത ലൈംഗീകരംഗങ്ങളുടെ സമാഹരമായ ‘bits’ അഥവാ ‘തുണ്ട്’ ആയിരുന്നു. ലൈംഗീകകേളികൾ ഉണ്ടാവുക എന്നതല്ലാതെ മറ്റൊരു സെലക്ഷൻ മാനദണ്ഡവുമില്ലാത്ത ‘തുണ്ടുകൾ’ ഛായാഗ്രഹണം കൊണ്ടും, ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടും (ഡയലോഗ് ഉണ്ടാവില്ലല്ലോ) തമ്മിൽചേരാത്ത ദൃശ്യങ്ങളുടെ ഒരു ഭീകര കൊളാഷ് തന്നെയായിരിക്കും. ‘തുണ്ട്’ ഇടാൻ വൈകിയാൽ ക്ഷുഭിതരാകുന്ന കമ്പിപ്പട – പ്രേക്ഷകർ അക്രമാസക്തരാകുന്നതും, ഓപ്പറേറ്ററെ തെറി വിളിക്കുന്നതും, ടാക്കീസിലെ കസേലകൾ നശിപ്പിക്കുന്നതും അക്കാലത്തെ ഒരു സാധാരണ സംഭവമായിരുന്നു. എന്നാൽ അക്രമങ്ങൾക്കിടയിലും തിരശ്ശീലയിൽ തുണ്ട് വന്നാൽ ഒറ്റ നിമിഷം കൊണ്ട് മീൻ കണ്ട പൂച്ചയെപ്പോലെ നിശ്ശബ്ദമാകുന്ന ആൾക്കൂട്ടം അന്നത്തെ കേരളത്തിലെ ലൈംഗീകദാരിദ്ര്യത്തിൻ്റെ തീവ്രതയുടെ ഒരു നേർക്കാഴ്ച സമ്മാനിക്കും.

തുണ്ടുകളിലൂടെ നിമിഷനേരങ്ങളിൽ മാത്രം ലഭിച്ചിരുന്ന ഇത്തരം രതി സായൂജ്യങ്ങൾക്ക് ഒരു ‘പുരോഗതി’യുണ്ടാകുന്നത് കമ്പിപ്പടങ്ങളിൽ സമൂല മാതൃകാമാറ്റം (Paradigm Shift)  ഉണ്ടാക്കിയ ഷക്കീല – തരംഗത്തോടു കൂടിയാണ്. (‘ കിന്നാരത്തുമ്പികൾ’ മുതലങ്ങോട്ട് നൂറു കണക്കിന് സിനിമകൾ). സത്യത്തിൽ മലയാളി പുരുഷൻ്റെ സഞ്ചിതസ്മൃതിയിലെ (Collective Unconscious) രതിയുടെ പ്രാഗ്രൂപങ്ങളിലൊന്നായ (Archetype) വലിയ മാറിടവും, വണ്ണമുള്ള തുടകളും, തടിച്ച ജഘനവുമുള്ള, പ്രായത്തിൽ മുതിർന്ന മദാലസ എന്ന സങ്കല്പത്തിനോടുള്ള മോഹമാണ് തൻ്റെ ആകാരത്തിലൂടെയും, അഭിനയത്തിലൂടെയും ഷക്കീലയും, അവരുടെ ക്രൂയും (crew) സാക്ഷാത്കരിച്ചത് എന്നാണെനിക്ക് തോന്നുന്നത്. കമ്പിപ്പടങ്ങളിൽ സമൂലമാറ്റം വരുത്തിയ ഷക്കീല -തരംഗമാണ് പണ്ടത്തെ ചെണ്ട കൊട്ടലിൻ്റെ ബി.ജി.എം.യിൽ നിന്നും ഉടലടുപ്പങ്ങളുടെ എക്കാലത്തെയും ബ്രാൻ്റായ ‘ആഹ്’ ശബ്ദങ്ങളിലേക്കുള്ള മാറ്റം മലയാളത്തിൽ സാധ്യമാക്കിയത്. അതിലുപരിയായി, സിൽക്ക് സ്മിതയെയും, ജയമാലിനിയെയും, അഭിലാഷയെയും മാറ്റി നിർത്തിയാൽ പേരും, മുഖവും, വ്യക്തിത്വവുമില്ലാത്ത മോഹിതദേഹങ്ങൾ മാത്രമായിരുന്ന കമ്പിപ്പടങ്ങളിലെ ‘അജ്ഞാതരായ’ അഭിനേത്രികൾക്ക് തൊഴിൽപരമായ ഒരു അസ്തിത്വവും, പേരിൻ്റെ പെരുമയും (profile) കൈവന്നതും ഷക്കീല ബൂമിൻ്റെ പരിണതഫലമായാണ്. (ഏതോ) ഒരു കമ്പിപ്പടം എന്നതിൽ നിന്നും, ഷക്കീലയുടെ / മറിയയുടെ / രേഷ്മയുടെ പടം എന്നായത് അവർ ഈ മേഖലയിൽ സാധ്യമാക്കിയ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നായിരുന്നു. ഒപ്പം, പഴയ സിനിമകളിലെ നടികളിൽ നിന്നും തികച്ചും വ്യത്യസ്തമായി അവർ  ‘തുറന്ന്’ അഭിനയിച്ചതിൻ്റെ ഫലമായി ‘തുണ്ടുകൾ’ എന്ന സംവിധാനം തന്നെ പതിയെ ‘എ’ – പടങ്ങളിൽ നിന്നും അപ്രത്യക്ഷമായി. സൗന്ദര്യശാസ്ത്രപരമായി വിശകലനം ചെയ്താൽ, ഷക്കീല തരംഗത്തിലെ സിനിമകൾ ലൈംഗീകത എന്ന ജൈവചോദനയെക്കാളും രതി എന്ന കലാവിഷ്കാരത്തെയാണ് പ്രോത്സാഹിപ്പിച്ചത് എന്നാണെനിക്ക് ഇന്ന് തോന്നുന്നത്.

‘എ’ – പടമോടിയ ടാക്കീസുകൾ അക്കാലത്തെ മലയാളി പുരുഷന്മാർക്ക് വ്യക്തിപര രതിയ്ക്കപ്പുറം കൂട്ടായ്മകൾക്കുള്ള ഒരു വേദി കൂടിയായിരുന്നു. ചങ്ങായിമാർ ഒത്തുചേർന്ന് സൈക്കിളുമെടുത്ത് കമ്പിപ്പടങ്ങൾക്ക് പോകുന്നത് അന്നത്തെ വിനോദങ്ങളിലൊന്നായിരുന്നു. ഉടലുണർവ്വുണ്ടാക്കുന്ന ചൂടൻ രംഗങ്ങൾ കണ്ട് ശ്വാസമടക്കിപ്പിടിച്ച്,  ടാക്കീസിലെ നിർമ്മിത ഇരുട്ടിൽ ആത്മനിർവൃതിയിലലിഞ്ഞിരിക്കുന്ന പ്രേക്ഷകമധ്യത്തിലേക്ക് ദ്വയാർത്ഥ പ്രയോഗത്തിൻ്റെ തമാശ ബോംബെറിയുന്ന സരസന്മാരും അന്ന് കുറവായിരുന്നില്ല. ഒരിക്കൽ ചിറക്കൽ പ്രകാശിൽ ‘ഓമനിക്കാൻ ഒരു ശിശിരം’ എന്ന ‘എ’ – പടം ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഷർട്ടും, അണ്ടർവെയറും മാത്രമണിഞ്ഞ മദാലസയായ നായികയും, രോമാവൃതമായ വിരിമാറ് പ്രദർശിപ്പിച്ച നായകനും ഒറ്റപ്പെട്ട ബംഗ്ലാവിലെ മഞ്ഞച്ചുവരുള്ള ബാത്ത് റൂമിലെ അരണ്ട വെളിച്ചത്തിൽ രതിലീലയിലേർപ്പെടുന്നു. അവരുടെ കാമകേളികൾ ‘ഒളിച്ചു കണ്ട്’ ഉണർവ്വുണ്ടായ ടാക്കീസിലെ പുരുഷാരം ഫാൻ കറങ്ങുന്ന ശബ്ദമൊഴിവാക്കിയാലുള്ള പരിപൂർണ്ണ നിശ്ശബ്ദതയിൽ തുപ്പലിറക്കി താന്താങ്ങളുടെ സ്വയം നിർമ്മിത കൊക്കൂണിൽ അവളോട് രമിക്കുന്നു. പെട്ടെന്ന്, നായികയുടെ അടിവസ്ത്രത്തിലെ ഒരു ഓട്ട ചൂണ്ടിക്കാട്ടി ഇരുട്ടിൽ നിന്ന് ഒരു വിരുതൻ്റെ ഉറക്കെയുള്ള പ്രസ്താവന:

“ഓമനിക്കാൻ ഒരു സുഷിരം…..!!!”

ഒറ്റനിമിഷം ടിക്കറ്റ് ചെക്കറും, പ്രൊജ്കറ്റർ ഓപ്പറേറ്റുമുൾപ്പെടെ ടാക്കീസിലെല്ലാവരും ചിരിച്ച് ചിരിച്ച് ടെമ്പർ പോയി.

(തുടരും)


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here