കവിത
ഹരിത.എച്ച്.ദാസ്
വരമ്പോരം ചേർന്നു നടന്നാൽ
വീട്ടിലേക്കുള്ള വഴിയായി
അക്കരെ നിന്നും
നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ
കാലുകൾക്ക്
വേഗമേറും
പരിചിതനായ കാറ്റ്
നനുനനുത്ത മഴയുമായ്
അരികിലെത്തും
ദാ ഇനിയൊരല്പം മാത്രമെന്ന്
വഴികളോരോന്നും
മന്ത്രിക്കും
കിതപ്പോടെ വീടെത്തിയാൽ
ആവലാതികൾ
പിഴിഞ്ഞ് ഉണക്കാനിടാം
മാസ്ക്കിനെ ഊരിയെറിഞ്ഞ്
വിയർപ്പിനെ തുടച്ചുകളയാം
അഴിച്ചിട്ട കൈലി എടുത്തുടുത്ത്
ആഞ്ഞൊരു നെടുവീർപ്പെടുക്കാം
വാതിലുകൾ ചേർത്തടച്ച്
വിഴുപ്പുചുമക്കുന്ന
മുറികളെ തുറന്നിടാം
കിടക്കയോരം പടർന്നുകയറി
ഉറക്കത്തിനെ ചേർത്തണയ്ക്കാം
നീണ്ടൊരു
കോട്ടുവായിട്ടുണരും നേരം
മധുരമാർന്ന കട്ടനിൽ
ഒരു നുറുങ്ങ് ഇഞ്ചിക്കഷ്ണം മുറിച്ചിട്ട്
ഊതിയാറ്റാം
ജനൽപ്പാളി തുറന്നിട്ട്
ഉറക്കെയൊന്നു കൂവാം
ഉടലാകെ തണുപ്പുപടർത്തി
പ്രിയപ്പെട്ടവരിലേക്ക് ചേർന്നുചേർന്നിരിക്കാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.