നീലനിറമുള്ള വേരുകള്‍

0
446

വായന
വിദ്യ പൂവഞ്ചേരിയുടെ “നീലനിറമുള്ള വേരുകള്‍” എന്ന കവിതാ സമാഹരത്തിലെ ‘ഒലിച്ചു പോവാതെ ‘ എന്ന കവിതയിൽ നിന്ന് രൂപപ്പെടുത്തിയ കഥ
അനീഷ് ഫ്രാൻസിസ്

ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷര്‍മിളയുടെ ഓര്‍മ്മയില്‍ ഒരു പൂ വിടര്‍ന്നു. നീലനിറമുള്ള അതിന്റെ വേരുപടലങ്ങള്‍ അവരുടെ മനസ്സില്‍ വീണ്ടും വിഷം പടര്‍ത്തി.
“ടീച്ചര്‍ കോളേജ് വരെ നടക്കുകയാണോ..നല്ല ദൂരമുണ്ട്.”കാശ് വാങ്ങിയ ശേഷം ആട്ടോക്കാരന്‍ പറഞ്ഞു.
“സാരമില്ല. കുറേക്കാലം നടന്ന വഴിയാണ്.” ഷര്‍മിള ചിരിച്ചു.

“എങ്കില്‍ ശരി..ആ പിന്നെ പഴയ കോളേജിന്റെയവിടയല്ല ഇപ്പോഴത്തെ കെട്ടിടം.പഴയ കോളെജിലേക്ക് തിരിയാതെ റൈറ്റിലേക്ക് പോകുന്ന വഴിയാണ് പുതിയ കോളേജ്.വഴിതെറ്റണ്ട.” വണ്ടി തിരിക്കുന്നതിനിടയില്‍ ആട്ടോക്കാരന്‍ പറഞ്ഞു.

ഇരുവശത്തും മൊസാണ്ടച്ചെടികള്‍ നിരനിരയായി നിന്ന പാതയിലൂടെ ഷര്‍മിള മെല്ലെ നടന്നു.നേര്‍ത്ത ചാറ്റല്‍മഴ ,നീ മറന്നു, നീ മറന്നു എന്ന് പറയുന്നത് പോലെ അവരുടെ മുഖത്തു വന്നു വീണുകൊണ്ടിരുന്നു.
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍! ഓര്‍മ്മകളെ കുടഞ്ഞു കളയാന്‍ എന്ന മട്ടില്‍ അവര്‍ നിശ്വസിച്ചു.
പണ്ട് പഠിച്ച കോളേജില്‍ കെമിസ്ട്രി ലാബിന്റെ എക്സ്റ്റെണല്‍ എക്സാമിനറായി യൂണിവേഴ്സിറ്റി പോസ്റ്റ് ചെയ്തപ്പോള്‍ പോവാന്‍ ആദ്യം ഒന്ന് മടിച്ചതാണ്. ആ മടിയുടെ കാരണംപോലും താന്‍ മറന്നു എന്നോര്‍ത്തപ്പോള്‍ ഷര്‍മിള ഒന്ന് ചിരിച്ചു.മനസ്സ് അങ്ങിനെയാണ്.ഭയപ്പെടുത്തുന്ന ,ദു:ഖിപ്പിക്കുന്ന ഓര്‍മ്മകള്‍ അത് മെല്ലെ മെല്ലെ ആഴങ്ങളിലേക്ക് ചവിട്ടിതാഴ്ത്തും.എങ്കിലും അതിന്റെ വേരുകള്‍ അടിയില്‍ കിടന്നു
വളര്‍ന്നു മനസ്സിന്റെ ഭിത്തികളില്‍ ഉരയും.അകാരണമായ ഭയവും ദു:ഖവുമായി ആ ഉരച്ചില്‍ ഇടയ്ക്ക് പ്രത്യക്ഷപെടും.ഷര്‍മിള അതൊന്നും കാര്യമാക്കാറില്ല.വിരമിക്കാന്‍ ഇനി രണ്ടു വര്‍ഷം മാത്രം. പഴയതൊക്കെ ഓര്‍ത്ത്‌ എന്തിനാണ് ഭയക്കുന്നത്?
അടുത്ത മാസം മകളുടെ കല്യാണമാണ്. അധികം താമസിയാതെ താന്‍ ഒരു അമ്മൂമ്മയാകും.
പെട്ടെന്ന് ഷര്‍മിളയുടെ ഫോണ്‍ ബെല്ലടിച്ചു.മകളാണ്.

“മോളെ..ചിലപ്പോള്‍ നിനക്ക് തോന്നുന്നതാവും.ഇത്രയും ചെറിയ കാര്യത്തിനൊക്കെ
എങ്ങിനെയാ കല്യാണനിശ്ചയം കഴിഞ്ഞ ബന്ധം വേണ്ടെന്നു
വയ്ക്കുന്നത്.ഹലോ..ഹലോ..മോളെ..”

ഫോണിന്റെ റേഞ്ച് നഷ്ടമായി.ഒരുപ്രാവശ്യം കൂടി ശ്രമിച്ചശേഷം ഷര്‍മിള നിരാശയോടെ ഫോണ്‍ ഹാന്‍ഡ് ബാഗില്‍ വച്ചു.
മകളുടെ ഭാവിവരന്‍ ഒരു ടൈപ്പാണ്. രാത്രിയില്‍ അവളെ ഓണ്‍ലൈനില്‍ കണ്ടാല്‍ അപ്പോള്‍ വിളിക്കും. വല്ലാത്ത ഇറിറ്റേറ്റ് ചെയ്യുന്നു എന്ന് പരാതി പറയാനാണ് അവള്‍ വിളിച്ചത്. അവനു മോളെ വളരെ ഇഷ്ടമാണ്. അവനെ പിണക്കുന്ന കാര്യം ഷര്‍മിളയ്ക്ക്
ചിന്തിക്കാന്‍ കഴിയുന്നില്ല .അതും കല്യാണം കൂടി ഉറപ്പിച്ച സ്ഥിതിക്ക്.. ഷര്‍മിള ദീര്‍ഘമായി
നിശ്വസിച്ചു. മഴയുടെ ശക്തി കൂടി.വഴിയില്‍ ആരുമില്ല.ഷര്‍മിള നടപ്പിന്റെ വേഗം കൂട്ടി.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ മഴ അവരുടെ മനസ്സില്‍ പെയ്യാന്‍ തുടങ്ങി.

“എന്ത് മണമാണ് നിന്റെ മുടിക്ക്.”
ചുറ്റും പെയ്യുന്ന മഴയില്‍നിന്നു രക്ഷിക്കാന്‍ എന്നവണ്ണം കഴുത്തിലൂടെ ചുറ്റുന്ന അവന്റെ
കരവലയം.പിന്‍ കഴുത്തില്‍ വീഴുന്ന മഴയുടെ തണുത്ത പൂക്കള്‍.
“വിനുവേട്ടാ കൈ അടക്കിവയ്ക്ക്.”
“ഭയങ്കര മഴ.തണുക്കുന്നു.”

“അയ്യടാ..ഈ തണുപ്പ് എനിക്കിഷ്ടമല്ല.ജലദോഷം പിടിക്കും.”

പെട്ടെന്ന് കുടയ്ക്കുള്ളില്‍ മറ്റാരോ ഉള്ളത് പോലെ ഷര്‍മിളയ്ക്ക് തോന്നി.വില്‍സ്
സിഗരറ്റിന്റെയും വിയര്‍പ്പിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്നതുപോലെ.അവന്റെ ഗന്ധം..
കൈ തണുക്കുന്നു.ഭയമാണോ? അതോ മഴയോ? അല്‍പമകലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞ നിറമുള്ള കോളേജ് കെട്ടിടം കണ്ടപ്പോള്‍
ഷര്‍മിളയ്ക്ക് ആശ്വാസമായി. അവരുടെ നോട്ടം ആദ്യം പോയത് കൊടിമരച്ചുവട്ടിലേക്കാണ്. അവനെ ആദ്യം കണ്ടത് ആ കൊടിമരച്ചുവട്ടില്‍വച്ചാണ്.മഴയില്‍ കുതിര്‍ന്ന ചെണ്ടുമല്ലിപൂക്കള്‍ മരത്തിനു ചുവട്ടില്‍ വീണ് കിടന്നിരുന്നു.ഒറ്റ നോട്ടത്തില്‍ത്തന്നെ തന്റെ മനസ്സു നനഞ്ഞു.പിന്നെ അവന്റെ കവിതകള്‍ വായിച്ചു.സിരകളില്‍ പ്രണത്തിന്റെ നീലരക്തം കുത്തിവയ്ക്കുന്ന വരികള്‍..
‘എന്റെ മോഹഭംഗങ്ങളില്‍
കത്തിപിടയുന്ന നാലുമണിപ്പൂക്കളെ
സ്പര്‍ശനങ്ങള്‍ക്കൊണ്ട്
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക.
കണ്ണുകളില്‍ കൂടുകൂട്ടിയ
നീരദപക്ഷികള്‍ക്ക്
നിന്റെ അധരങ്ങള്‍ക്കൊണ്ട്
മോചനം നല്‍കുക.’
അന്ന് നല്ല ധൈര്യമായിരുന്നു. ജീവിതം ഒന്നേയുള്ളൂ.പ്രേമിക്കാതെ എന്ത് കോളേജ് ജീവിതം?

പിന്നീടുള്ള ദിവസങ്ങള്‍ ആ മുഖം പലവട്ടം മനസ്സിന്റെ കടലാസില്‍ വരച്ചിട്ടു. നോട്ടങ്ങള്‍കൊണ്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു.പക്ഷേ അവന്‍ കണ്ട ഭാവം നടിച്ചില്ല. ഒടുവില്‍ ഒരു രാത്രി തീരുമാനിച്ചു.അങ്ങോട്ട്‌ പോയി പറയാം. കൂറ മണക്കുന്ന കെമിസ്ട്രി ലാബില്‍നിന്ന് അവന്‍ ഇറങ്ങി വരാന്‍ കാത്തിരുന്നു. ഏറെ നേരം നോക്കിയിട്ടും കാണാതെയായപ്പോള്‍ അകത്തേക്ക് ചെന്നു.
അധികം വെളിച്ചമില്ലാത്ത ഒരു കോണില്‍ അവന്‍ നില്‍ക്കുന്നു.കയ്യില്‍ നീല നിറമുള്ള ദ്രാവകം നിറച്ച ടെസ്റ്റ്‌ ട്യൂബുമായി അവന്‍ എന്തോ പരീക്ഷണം നടത്തുകയാണ്.താന്‍ അടുത്തു വന്നത് അവന്‍ അറിഞ്ഞില്ല.
“വിനൂ..”
പെട്ടെന്നുള്ള തന്റെ വിളിയില്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു.വെപ്രാളത്തില്‍ അവന്റെ കയ്യിലിരുന്ന ടെസ്റ്റ്‌ട്യൂബ് താഴെ വീണുടഞ്ഞു. തറയില്‍ നീലനിറമുള്ള വേരുപടലങ്ങള്‍ പടര്‍ന്നു.അവന്‍ ഒരു നിമിഷം അതിലേക്ക് കൗതുകത്തോടെ നോക്കിനിന്നു. പിന്നെ ശിരസ്സുയര്‍ത്താതെ തന്നെ ചോദിച്ചു.
“എന്നെ ഇഷ്ടമാണല്ലേ..”
“ഉം.”
‘എനിക്ക് അറിയാരുന്നു.ഇങ്ങോട്ട് വന്നു പറയട്ടെ എന്ന് കരുതി.” അത് പറഞ്ഞു അവന്‍
ശിരസ്സുയര്‍ത്തി തന്നെ നോക്കി ചിരിച്ചു.
“അതെന്താ?”
“വാശി.” അവന്റെ സ്വരം താഴ്ന്നു.
“വാശി .അതാ എന്റെ പ്രശ്നം.” അവന്‍ വീണ്ടും പറഞ്ഞു.
കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ ശര്‍മിള്ള കുടയില്‍ ബലമായി പിടിച്ചു.മഴയുടെ ശക്തി കൂടിയിരിക്കുന്നു.അവരോടി കോളേജ് വരാന്തയില്‍ കയറിനിന്നു.സാരിയുടെ മുന്താണി കൊണ്ട് മുഖം തുടച്ചു ശര്‍മിള്ള വിജനമായ കോളേജ് പരിസരം നിരീക്ഷിച്ചു.
ഒന്നിനും മാറ്റമില്ല.അവന്റെ മണം പുരണ്ട നീളന്‍ കോളേജ് വരാന്ത. അവന്‍ സ്പര്‍ശിച്ച ഉരുളന്‍ തൂണുകള്‍.പരിഭവം പരതിത്തടഞ്ഞ ഇടനാഴികള്‍. തന്നോട് മിണ്ടിയതിന്റെ പേരില്‍ ക്ലാസിലെ മറ്റൊരു സഹപാഠിയെ വിനു തല്ലി.അതിന്റെ പേരില്‍ അവനു സസ്‌പെന്‍ഷന്‍ കിട്ടണ്ടതായിരുന്നു.കോളേജിന്റെ റാങ്ക് പ്രതീക്ഷ എന്ന നിലയില്‍ കെമിസ്ട്രി അധ്യാപകന്‍ കൂടിയായ പ്രിന്‍സിപ്പല്‍ ഗീവര്‍ഗീസച്ചനു തന്നെ വലിയ ഇഷടമായിരുന്നു. ആ അടുപ്പം വച്ച് വിനുവിന്റെ ശിക്ഷ കുറയ്ക്കാന്‍ താന്‍ അച്ചനോട്
അപേക്ഷിച്ചു.
“ഏതു നേരവും നിന്നെ അവന്‍ പിന്തുടരുന്നത് പ്രണയം കൊണ്ടല്ല.അത്
പൊസസീവ്നെസ് ആണ്.പ്രണയം നഷ്ടപെടുമോ എന്നുള്ള ഭയം.പ്രണയത്തില്‍
ഭയത്തിനു സ്ഥാനമില്ല.”
അച്ചന്‍ പറഞ്ഞത്‌ ശരിയാണ് എന്ന് അധികം നാള്‍ കഴിയും മുന്‍പേ അവള്‍ക്ക് ബോധ്യമായി.അവനിഷ്ടമുള്ള ഭക്ഷണമെ താന്‍ കഴിക്കാവൂ ,ഇഷ്ടമുള്ള പാട്ടേ കേള്‍ക്കാവൂ,ഇഷ്ടമുള്ളവരോട് മിണ്ടാവൂ.ഒന്ന് ചലിക്കണമെങ്കില്‍ അവന്റെ അനുവാദം
വേണം.ഒടുവില്‍ കോളേജ് ഇലക്ഷന് അവനിഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍
പറഞ്ഞപ്പോള്‍ ഷര്‍മിളയുടെ പിടിവിട്ടു.

“എനിക്കയാളെ ഇഷ്ടമല്ല.എമ്പോക്കി.അധ്യാപകരെ തല്ലുക,പെണ്‍വിഷയം
..ചട്ടമ്പിത്തരം.എനിക്ക് വയ്യ അങ്ങിനോരാള്‍ക്ക് വോട്ടു ചെയ്യാന്‍..”
“എനിക്ക് എല്ലാതരത്തിലും ഉള്ള കൂട്ടുകാരുണ്ട്.നീ അവനു വോട്ടു ചെയ്‌താല്‍
മതി.”വിനുപറഞ്ഞു.

“സൗകര്യമില്ല.”

മറ്റുള്ളവര്‍ കാണ്‍കെ ചെവിട് തീര്‍ത്ത് ഒരു അടിയായിരുന്നു മറുപടി.അതോടെ വിനുവിനെ അച്ചന്‍ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.” അവനില്‍നിന്നു രക്ഷപെടാന്‍ ഇനിയൊരു അവസരം ഷര്‍മിളക്കിനി ലഭിക്കില്ല.”അച്ചന്‍ തന്നോട് പറഞ്ഞു.
അവനെഴുതുതിയ ഏതോ കവിതയിലെ വരികള്‍ പോലെ..നിശാഗന്ധിമണമുള്ള സ്വപ്നങ്ങള്‍ പലവട്ടം ചുംബിച്ച കവിളിലെ ചുവന്ന തിണര്‍പ്പില്‍ മാഞ്ഞു. താന്‍ ബന്ധം അവസാനിപ്പിച്ചുവെങ്കിലും അവന്‍ വീണ്ടും തന്നെ കാണാന്‍ ശ്രമിച്ചു.താമസിക്കുന്ന ഹോസ്റ്റലിന്റെ ഗേറ്റില്‍ മണിക്കൂറുകള്‍ അവന്‍ കാത്തുനിന്നു. താന്‍ ഇറങ്ങിച്ചെന്നില്ല.

“എന്നോട് ക്ഷമിക്കണം.എനിക്ക് നീയില്ലാതെ പറ്റില്ല.നീയില്ലാതെ ഞാനില്ല.” ഏറ്റവും
ഒടുവില്‍ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

“ഇനി എന്നെ വിളിക്കരുത്.”ഷര്‍മിള പറഞ്ഞു.സ്നേഹം നഷ്ടപെട്ടാല്‍ അവശേഷിക്കുന്ന
നിര്‍വികാരത കലര്‍ന്ന സ്വരം.

“ഇല്ല.ഇനി വിളിക്കില്ല.പക്ഷേ നീ എന്നെ ഒരിക്കലും മറക്കില്ല.അതിനെന്താണ്
ചെയ്യേണ്ടതെന്നു എനിക്കറിയാം.”വിനുവിന്റെ അവസാന വാക്കുകള്‍ ഇരുപത്തിരണ്ടു
കൊല്ലം കഴിഞ്ഞിട്ടും ഷര്‍മിളയുടെ ഉള്ളില്‍ മുഴങ്ങി.

പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു ഷര്‍മിള ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
കോളേജിന്റെ മുന്‍പിലെ മാവ് ഒടിഞ്ഞു വീഴുന്നു.
തന്നെ അവസാനമായി വിളിച്ചതിന്റെ പിറ്റേന്ന് ആ മാവിന്റെ കൊമ്പിലാണ് വിനു തൂങ്ങിമരിച്ചത്. നീല നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച അവന്റെ ശരീരം മാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യം ഷര്‍മിള വീണ്ടും ഓര്‍മ്മിച്ചു.
മഴക്കൊപ്പം ശക്തിയേറിയ കാറ്റ്.കാറ്റില്‍ ഉലയുന്ന കോളേജ് വളപ്പിലെ മരങ്ങള്‍. അവളെ പിടിച്ചെടുക്കാന്‍ എന്ന മട്ടില്‍ മഴയും കാറ്റും വരാന്തയിലേക്ക് ഇരച്ചു കയറി. ഒരു കടകട ശബ്ദം കേട്ടു.കാറ്റില്‍ തുറന്നടയുന്ന പ്രിന്‍സിപ്പലിന്റെ ഓഫിസ് റൂമിന്റെ
വാതില്‍.ഒരു അഭയത്തിനായി അവള്‍ വേഗം ആ റൂമിലേക്ക് ഓടിക്കയറി.
കസേരയില്‍ ഇരിക്കുന്നയാളെ കണ്ടു ഷര്‍മിള ഞെട്ടി. “ഷര്‍മ്മിള വരുമെന്ന് അറിയാമായിരുന്നു.” നീണ്ട വെളുത്ത താടി തടവി ഗീവര്‍ഗീസച്ചന്‍ സൗമ്യമായ്‌ പറഞ്ഞു.അച്ചന്‍ ഏതോ പുസ്തകം വായിക്കുകയായിരുന്നു.

“അച്ചന്‍ …അച്ചനിപ്പോഴും..ഞാന്‍ കരുതി റിട്ടയര്‍ ചെയ്തു കാണുമെന്ന് .” ഷര്‍മിള അമ്പരപ്പ് മാറാതെ പറഞ്ഞു.
“ചിലയാളുകള്‍ക്ക് ഒരിക്കലും റിട്ടയര്‍ ചെയ്യാന്‍ കഴിയില്ല കുട്ടി.”
“ഷര്‍മിള ലാബിലേക്ക് പോയിക്കോ.ആ കുട്ടി കാത്തിരിക്കുന്നുണ്ട്.ഞാന്‍ പിറകെ വരാം.”

അച്ചന്‍ പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെ തന്നെ പറഞ്ഞു. അച്ചന്റെ പെരുമാറ്റം ഷര്‍മിളയെ അസ്വസ്ഥയാക്കി.ഇത്ര വര്‍ഷങ്ങളായില്ലേ.ആളുകള്‍ മാറും.
ഒരു കുട്ടി മാത്രമേ റഗുലര്‍ പരീക്ഷയ്ക്ക് പരാജയപ്പെട്ടുള്ളൂ.ആ കുട്ടിക്ക് വേണ്ടിയാണ് താനിവിടെ വന്നത്.ഒരാള്‍ക്ക് വേണ്ടി മാത്രം.
മൂന്നാം നിലയുടെ കോണിലാണ് കെമിസ്ട്രി ലാബ്.എത്രയും വേഗം ഇവിടെനിന്നൊന്നു
പോയാല്‍ മതി.ഷര്‍മിള അതിവേഗം പടികള്‍ ചവിട്ടി. ഭൂതകാലത്തിന്റെ ആസിഡ് ഗന്ധമുള്ള ലാബ് മങ്ങിയ ഇരുട്ടില്‍ മുങ്ങിക്കിടന്നു.
ഏറ്റവും അങ്ങേയറ്റത്തെ മൂലയില്‍ ആരോ കുനിഞ്ഞിരിക്കുന്നു. “പ്ലീസ് കം ഹിയര്‍ വിത്ത് യുവര്‍ ഹാള്‍ടിക്കറ്റ് ആന്‍ഡ്
ആന്‍സര്‍ഷീറ്റ്.”കസേരയിലിരുന്നതിനുശേഷം ഷര്‍മിള ഉറക്കെ പറഞ്ഞു. ഹാന്‍ഡ് ബാഗില്‍നിന്ന് ചുവന്ന പേനയും മറ്റു പേപ്പറുകളും എടുക്കാന്‍ തുടങ്ങുന്നതിനിടെ ഇരുട്ടിന്റെ കട്ടി കൂടുന്നത് പോലെ ഷര്‍മിളയ്ക്ക് തോന്നി.
“വരുമ്പോള്‍ ആ ലൈറ്റ് ഓണ്‍ ചെയൂ..”ഷര്‍മിള പറഞ്ഞു.
ലാബിലെ തണുപ്പ് കൂടുന്നത് ഷര്‍മിളയറിഞ്ഞു.വില്‍സ് സിഗരറ്റിന്റെയും വിയര്‍പ്പിന്റെയും ഗന്ധം.
“ഇവിടെ…ഇവിടെ എപ്പോഴും ഇരുട്ടാണ്‌..”അവന്റെ സ്വരം. വിനു..
ഷര്‍മിളയുടെ പെരുവിരല്‍ മുതല്‍ ഭയത്തിന്റെ കറുത്ത സര്‍പ്പങ്ങള്‍ ഇഴയാന്‍ തുടങ്ങി.തലയുയര്‍ത്താന്‍ ഭയന്നു അവര്‍ മേശയുടെ വശങ്ങളില്‍ കൈകൊണ്ടു അള്ളിപ്പിടിച്ചു. ഷര്‍മിളയുടെ മുന്‍പിലേക്ക് ഒരു വെളുത്ത കടലാസ് വന്നു വീണു.അതിലെ അക്ഷരങ്ങള്‍
ഭൂതകാലത്തില്‍ അവശേഷിച്ച രക്തത്തുള്ളികള്‍ പോലെ ഷര്‍മിളയുടെ മുന്നില്‍ നൃത്തം ചെയ്തു.
“എനിക്ക് ചുറ്റും
നീ നിര്‍മ്മിച്ച അഴികളില്‍നിന്ന്
ഇനിയെങ്കിലുമെന്നെ
സ്വതന്ത്രനാക്കുക.”
ഇരുട്ടില്‍ അവന്‍ ഉറക്കെ ചിരിക്കുന്നത് കേട്ടു.

“ഇപ്പോഴും നിനക്കെന്നെ വെറുപ്പാണോ ?അതോ പേടിയോ ?” അവന്‍ അട്ടഹസിക്കുന്നത്
ഷര്‍മിള ഒരു ദു:സ്വപ്നത്തിലെന്ന പോലെ കേട്ടു.
ഷര്‍മിള മെല്ലെ തലയുയര്‍ത്തി. ഇരുട്ടില്‍ സര്‍പ്പങ്ങളെപോലെ പുളയുന്ന കട്ടിയുള്ള വെളുത്ത പുകവലയങ്ങള്‍.
“ഞാനിവിടെ എന്നുമുണ്ടായിരുന്നു.നീ ചുറ്റിവരിഞ്ഞ വലക്കണ്ണികളില്‍ ഞാന്‍
കുടുങ്ങിക്കിടക്കുകയാണ്.”

അവന്റെ സ്വരം.പുകവലയങ്ങള്‍ക്കിടയില്‍ അവന്റെ കണ്ണുകള്‍.ഒരിക്കല്‍ തന്റെ ഇഷ്ടങ്ങളെ
അളന്ന ആ നോട്ടത്തിനു ഇപ്പോള്‍ മരണത്തിന്റെ തണുപ്പ്.

“വരൂ…ഇനിയെങ്കിലും നീ എന്റെ കൂടെ വരൂ..”
ആരോ പിടിച്ചെഴുന്നേല്‍പ്പിച്ചത് പോലെ ഷര്‍മിള എഴുന്നേറ്റു.
“നീ വരണം.വന്നെ പറ്റൂ..എനിക്ക് നീയില്ലാതെ പറ്റില്ലെന്ന് അറിയില്ലേ…”

ഇരുട്ടില്‍ പുളയുന്ന ധവളസര്‍പ്പങ്ങള്‍ അവളെ നോക്കി അലറി.
“ആ ടെസ്റ്റ്‌ ട്യൂബിലെ നീലദ്രാവകം.അതെന്റെ പ്രണയമാണ്.അതെടുത്തു കുടിക്കൂ..”അവന്‍
ആജ്ഞാപിക്കുന്നു.
ഒരു പാവയെപോലെ ഷര്‍മിളയുടെ ശരീരം ചലിച്ചു.അവള്‍ മെല്ലെ ടെസ്റ്റ്‌ ട്യൂബ്
സ്റ്റാന്‍ഡിനരികിലെക്ക് നീങ്ങി.അവള്‍ ആ ടെസ്റ്റ്‌ ട്യൂബില്‍ സ്പര്‍ശിച്ചുതും ഒരു സ്വരം കേട്ടു.
“ഷര്‍മിളെ …”

കാറ്റില്‍ ഒരു വെളുത്ത ളോഹയുലയുന്നത്‌ സ്വപ്നത്തിലെന്നപോലെ ഷര്‍മിള കണ്ടു.
“ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ ഒരു വിഷച്ചെടി പറിച്ചുകളഞ്ഞു.പക്ഷേ അതിന്റെ
വേരുകള്‍ ഇപ്പോഴും നിന്റെയുള്ളിലുണ്ട്.”
പുകച്ചുരുളുകള്‍ക്കിടയില്‍നിന്നു അസ്ഥി മരവിക്കുന്ന പൊട്ടിച്ചിരി കേട്ടു.
“ഇനിയും നിനക്ക് കുറ്റബോധത്തില്‍ കിടന്നു നരകിക്കണോ ?”അവന്റെ സ്വരത്തിന്
പാറപിളര്‍ക്കുന്ന കാഠിന്യം.
“ആ നീലവേരുകള്‍ പറിച്ചു കളയൂ ഷര്‍മിള.നീ തന്നെയാണ് ശരി.അന്നുമിന്നും.ആ നീല
ദ്രാവകം പ്രണയമല്ല.അത് മരണമാണ്.”അച്ചന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു. അവള്‍ ടെസ്റ്റ്‌ട്യൂബെടുത്തു പുകവലയങ്ങള്‍ക്കുള്ളിലേക്ക് എറിഞ്ഞുടച്ചു. വെളുത്ത പുകവലയങ്ങള്‍ക്കിടയിലേക്ക് നീലനിറമുള്ള വിഷവേരുകള്‍ ആഴ്ന്നിറങ്ങി. അവന്റെ കരള്‍ പിളക്കുന്ന നിലവിളി കേട്ടു മയങ്ങി വീഴുമ്പോഴും തന്നില്‍ നിന്ന് എന്തോ ഒഴിഞ്ഞുപോകുന്നത് ഷര്‍മിള അറിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ ഭാരമായിരുന്നു അത്.
“ടീച്ചര്‍..ടീച്ചര്‍…”
ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഷര്‍മിള കണ്ണ് തുറന്നത്.

“ടീച്ചറെന്താ ഇവിടെ കിടക്കുന്നത്.വഴി തെറ്റിയോ ?ഇത് ആ പഴയ കോളെജിലേക്കുള്ള
വഴിയാ..ഇടിഞ്ഞു പൊളിഞ്ഞു കാടുകേറി കിടക്കുന്ന അവിടേക്ക് ടീച്ചര്‍ എന്തിനാ പോയത് ?”

അത് അവരെ കൊണ്ടുവിട്ട ആട്ടോക്കാരനായിരുന്നു.അയാള്‍ ഷര്‍മിളയെ എഴുന്നേല്‍പ്പിച്ചു.

“എന്ത് പറ്റി.ആശുപത്രി പോണോ ?” അയാള്‍ ആശങ്കയോടെ ചോദിച്ചു.
“വേണ്ട.ചെറിയ ഒരു തലകറക്കം.ഇത്ര ദൂരം നടന്നതിന്റെയാണ്.കുഴപ്പമില്ല.” ഷര്‍മിള പറഞ്ഞു.
ഷര്‍മിള ആട്ടോയില്‍ കയറി.എന്നിട്ട് ഫോണെടുത്തു മകളെ വിളിച്ചു.മഴ തോര്‍ന്നിരുന്നു.റേഞ്ച് ഉണ്ടായിരുന്നു.

“മോളെ ഞാന്‍ മുന്നേ പറഞ്ഞത് നീ മറന്നേക്ക്..നിശ്ചയം കഴിഞ്ഞത് ഓര്‍ക്കണ്ട.നിനക്ക്
ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ നമുക്കാ ബന്ധം വേണ്ടെന്നു വയ്ക്കാം.” അത് പറയുമ്പോള്‍ ഷര്‍മിളയുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. ഷര്‍മിളയുമായി മഴ തോര്‍ന്ന വഴിയിലൂടെ ആ ആട്ടോറിക്ഷ പുതിയ കോളെജിലേക്ക് നീങ്ങി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here