HomeTHE ARTERIASEQUEL 33പതിനേഴാമത്തെ മുട്ടപഫ്സ്

പതിനേഴാമത്തെ മുട്ടപഫ്സ്

Published on

spot_img

കഥ
അനീഷ് ഫ്രാൻസിസ്

സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പതിനാറ് പഫ്സുകളേയും ആളുകള്‍ വാങ്ങിച്ചു. ചിലരുടെ അന്ത്യം ഞാന്‍ നേരില്‍ കണ്ടു. ചിലരെ ആളുകള്‍ പാഴ്സലായി കൊണ്ടുപോയി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബേക്കറികളില്‍ ഒന്നാണ് സെയിന്റ് ജോര്‍ജ് ബേക്കറി. ഏതു നിമിഷവും എന്റെ  ജീവിതം അവസാനിക്കും. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ ആധിപിടിച്ചല്ല എന്റെ അവസാന നിമിഷങ്ങള്‍ ചെലവഴിക്കുന്നത്.
എന്റെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ മുട്ടപഫ്സ്. ഇതിനുമുന്‍പ് ഞാന്‍ ഒരു നെല്‍മണിയായിരുന്നു, അതിനു മുന്‍പ് ഒരു പെന്‍സില്‍,അതിനുമുന്‍പ് ഒരു അവലോസുണ്ട. മനുഷ്യരെപ്പോലെയല്ല, ഞങ്ങള്‍ നിര്‍ജീവവസ്തുക്കള്‍ക്ക് മുജ്ജന്‍മങ്ങള്‍ ഓര്‍ക്കാന്‍ കഴിയും. ചിലപ്പോള്‍ നിമിഷങ്ങള്‍ മാത്രമായിരിക്കും ഞങ്ങളുടെ ജീവിതം (ഒരിക്കല്‍ ഞാനൊരു മഴത്തുള്ളിയായിരുന്നു. രണ്ട് നിമിഷങ്ങള്‍  മാത്രമായിരുന്നു എന്റെ ആയുസ്സ്. ഇപ്പോഴും മറക്കാന്‍ കഴിയിയുന്നില്ല
 ആ നിമിഷങ്ങള്‍) എങ്കിലും ആ ഓരോ  നിമിഷങ്ങളും ഞങ്ങള്‍ക്ക് ഉത്സവമാണ്. ഒരു ദോശ ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമായിരിക്കും ജീവിക്കുന്നത്. എങ്കിലും ആ ദോശയുടെ ജീവിതം ചിലപ്പോള്‍ അതുണ്ടാക്കുന്ന വീട്ടമ്മയുടെയും അത് കഴിക്കുന്ന അവരുടെ ഭര്‍ത്താവിന്റെയും ജീവിതത്തെക്കാള്‍ പൂര്‍ണമാണ്. മിക്ക മനുഷ്യരും തങ്ങളുടെ ഓരോ നിമിഷവും ഭൂതകാലത്തെ ദു:ഖങ്ങളിലും  ഭാവിയിലുണ്ടായേക്കാവുന്ന ആകുലതകളിലും മുക്കുന്നു. നാളെ  ജീവിതം ആസ്വദിക്കാമെന്ന് കരുതി  നീട്ടിവയ്ക്കുന്നു. ഇപ്പോള്‍ മുന്‍പിലുള്ള  നിമിഷം മാത്രമാണ്  ജീവിതം എന്ന രഹസ്യസത്യം തിരിച്ചറിയാനാകാതെ അവര്‍ മരിച്ചുപോകുന്നു.
അല്പമകലെ കസേരയിലിരുന്നു ഉറക്കം തൂങ്ങുന്ന വൃദ്ധയുടെ പേര് വിലാസിനി എന്നാണ്. അവര്‍ ഒരു പേക്കിനാവ് കാണാന്‍ തുടങ്ങുകയാണ്.
ഈ ബേക്കറിയില്‍ പത്തു പതിനഞ്ചു കൊല്ലമായി ജോലി ചെയ്യുന്ന അവരെ എനിക്ക്  നേരത്തെ അറിയാം. വിലാസിനിയുടെ ജീവിതത്തില്‍ ഇതിനകം ഞാന്‍ മൂന്നു  തവണ ജനിച്ചിട്ടുണ്ട്. ഒരിക്കല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കയറില്‍, പിന്നീടൊരിക്കല്‍ അവരുടെ കണ്ണീര്‍ പറ്റിയ തൂവാലയില്‍, അതിനുശേഷം അവര്‍ എറിഞ്ഞുടച്ച മുഖം നോക്കുന്ന കണ്ണാടിയില്‍.

വിലാസിനി അവിവാഹിതയാണ്. നല്ല പ്രായത്തില്‍ അവരെ കെട്ടിച്ചയക്കാന്‍ പണത്തിനോട്  ആര്‍ത്തിയുണ്ടായിരുന് മൂത്ത സഹോദരന് വിമുഖതയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ സഹോദരന്റെ കുടുംബത്താണ് താമസിക്കുന്നത്. ഉറക്കത്തില്‍ അവര്‍ കാണുന്ന സ്വപ്നം ഈ ഗ്ലാസലമാരയിലിരുന്ന് എനിക്കും കാണാം. അതൊരു  കടല്‍ത്തീരമാണ്. തീരത്ത് കിടക്കുന്ന വഞ്ചിയില്‍ കയറാന്‍ വിലാസിനി  ഓടിചെല്ലുന്നു. എന്നാല്‍ അവരെ കാക്കാതെ ആ വഞ്ചി അതിവേഗത്തില്‍ നീങ്ങിത്തുടങ്ങുന്നു. വഞ്ചി പോയതു കണ്ട് നിലവിളിക്കുന്ന വിലാസിനിയുടെ നേരെ പൊടുന്നനെ കടലില്‍നിന്ന്  രാക്ഷസവലിപ്പമുള്ള ഒരു തിമിംഗലം  ഉയര്‍ന്നു വരുന്നു. അത് അവരുടെ തലച്ചോറില്‍ വര്‍ഷങ്ങള്‍കൊണ്ട് കുമിഞ്ഞുകൂടിയ നിരാശയുടെ സ്വപ്നരൂപമാണ്. വൈവാഹിക ജീവിതവും കുടുംബവും കുട്ടികളുമില്ലാതെ ജീവിതം പൂര്‍ണ്ണമാകില്ലെന്ന വിശ്വാസത്തില്‍ നിന്ന് രൂപമെടുത്ത നിരാശ. ആ തിമിംഗലം അതാ അവരെ വിഴുങ്ങാന്‍ വാ പിളര്‍ക്കുന്നു. പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദത്തില്‍ തിമിംഗലം വിലാസിനിയെ നോക്കി മുക്രയിട്ടു, ബേക്കറിയുടെ മുന്‍പിലേക്ക് ഒരു ഇന്നോവ പാഞ്ഞു വന്നു ബ്രേക്ക് ചവിട്ടി. ആ വാഹനത്തിന്റെ ശബ്ദം കേട്ടാണ് വിലാസിനി പേക്കിനാവില്‍നിന്ന് ഞെട്ടിയുണര്‍ന്നത്. താനെങ്ങാനും ഉറക്കം തൂങ്ങുന്നത്  കാശ് കൗണ്ടറിലിരിക്കുന്ന മുതലാളി കണ്ടാല്‍ അത് മതി.
ഇന്നോവയില്‍നിന്ന് ഒരു യുവാവും അയാളുടെ അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ബേക്കറിയിലേക്ക് കയറിവന്നു. യുവാവിന്റെ അമ്മയ്ക്ക് വിലാസിനിയുടെ പ്രായമാണ്. സുലോചന എന്ന ആ സ്ത്രീയെ എനിക്ക് മുന്‍പേ അറിയാം. അതെ, അവരുടെ ജീവിതത്തിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്‌. അവരുടെ ഏഴാം ക്ലാസ് നോട്ടുബുക്കിലെ അവസാനതാളായി, വിവാഹ നേരത്ത് താലിച്ചരടായി, ഏറ്റവും ഒടുവില്‍ അവരുടെ  ഭര്‍ത്താവിന്റെ ചിതയിലെ വിറകു കഷ്ണമായി. അവര്‍ കസേരകളിലിരുന്നപ്പോള്‍ വിലാസിനി അടുത്തേക്ക് ചെന്നു. കുഞ്ഞുങ്ങള്‍ രണ്ടും സുലോചനയുടെ മടിയിലാണ്. മകനും മരുമകളും ഫോണിലാണ്. മരുമകള്‍ ഫോണിലെ ക്യാമറയിലൂടെ മുഖത്തിന്റെ ഭംഗി  ഉറപ്പാക്കുന്നു. മകന്‍  ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിരീക്ഷിക്കുന്നു. നിങ്ങള്‍ നെറ്റി ചുളിക്കണ്ട. ആദ്യത്തെ ദിനോസറിന്റെ അണപ്പല്ലായി ജനിച്ചപ്പോള്‍ മുതല്‍ ഈ പതിനേഴാമത്തെ മുട്ടപഫ്സാകുന്നതുവരെ ഞാനീ ഭൂമിയിലുണ്ട്. എനിക്ക് അറിയാത്തതൊന്നുമില്ല.
 “മൂന്നു ചായ ,ഒന്നു വിത്തൗട്ട് .” മകന്‍ വിലാസിനിയോട്  എല്ലാര്‍ക്കും വേണ്ടി ഓര്‍ഡര്‍ ചെയ്തു.
“മൂന്നു ചായ ആര്‍ക്കാ?” അയാളുടെ ഭാര്യ രൂക്ഷമായി ചോദിച്ചു.
“രമ്യക്ക് ചായ വേണ്ടേ…”
“ഞാന്‍ ചായ കുടിക്കില്ലെന്ന് അറിയില്ലേ..എനിക്ക് കോഫി മതി.” അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. “സോറി ..” ഭര്‍ത്താവിന്റെ ശബ്ദം താഴ്ന്നു.
ഭര്‍ത്താവ് വേഗം തന്നെ  വിലാസിനിയുടെ അരികിലേക്ക് ചെന്ന് ഓര്‍ഡര്‍ മാറ്റി പറയുന്നത് ഞാന്‍ കണ്ടു. ആരെങ്കിലും മുട്ടപഫ്സ് ഓര്‍ഡര്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നതിനിടയില്‍ ഞാനാ മനുഷ്യരെക്കുറിച്ച് പഠിച്ചു. ഇവരുടെയെല്ലാം ജീവിതം എനിക്ക് പരിചിതമാണ്. സുലോചനയുടെ മകന്‍ ബിസിനസ്സു നടത്തി പരാജയപ്പെട്ടതാണ്. സര്‍വ്വവും നഷ്ടപ്പെട്ട് കടക്കെണിയിലായ അയാളെ രക്ഷപ്പെടുത്തിയത് വിവാഹമാണ്. രമ്യ എന്ന അയാളുടെ സമ്പന്നയായ ഭാര്യയാണ് വീടിന്റെ റാണി. സുലോചന അടുക്കളപ്പണിയും മകന്റെ കുഞ്ഞുങ്ങളെ നോക്കിയും ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കുന്നു. മരുമകള്‍ക്ക് നേരെ  ഒന്ന് തൊണ്ട അനക്കാന്‍ പോലും സുലോചനയ്ക്ക് ഭയമാണ്.
സുലോചന മകന് അടിമയാണ്. മകന്‍ അയാളുടെ ഭാര്യക്ക് അടിമയാണ്. അയാളുടെ ഭാര്യയാകട്ടെ സ്വാര്‍ത്ഥവും സ്നേഹരഹിതവുമായ ഒരു മനസ്സിന് അടിമയാണ്. സുലോചനയ്ക്കും കുടുംബത്തിനും  ചായയും കാപ്പിയും നല്‍കിയതിനുശേഷം അവരെ മാറി നിന്ന് ശ്രദ്ധിക്കുന്ന വിലാസിനിയെ എനിക്ക് കാണാം. അവര്‍ സുലോചനയെയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. മക്കളും കൊച്ചുമക്കളുമായി  സന്തോഷപൂര്‍വ്വം ജീവിക്കുന്ന പ്രൗഢയായ ഒരു സ്ത്രീ. തനിക്ക് ലഭിക്കാതെ പോയ, താന്‍ ഏറെകൊതിച്ച ഒരു ജീവിതം.
ജീവിതത്തിലുടനീളം വിലാസിനിയെ പിന്തുടരുന്ന അകാരണമായ ദു:ഖത്തിന്റെ നിഴല്‍ ഉണര്‍ന്നു കഴിഞ്ഞു. ഉള്ളിലേക്ക് അമര്‍ത്തിയമര്‍ത്തി വയ്ക്കുന്ന നിരാശയുടെ  കണ്ണുനീര്‍ത്തുള്ളികള്‍ ഇടയ്ക്ക് ഉണരും. അതൊരു മഴയായി ഉള്ളിന്റെയുള്ളില്‍ നിന്ന് പെയ്യും. അകാരണമായ ദു:ഖമായി  ബോധമനസ്സില്‍ ഒരു ഇരുണ്ട വൈകുന്നേരംപോലെ മൂടി നില്‍ക്കും. ഇതിനിടയില്‍ ബേക്കറിയുടെ മുന്‍പില്‍ ഒരു ബൈക്ക് വന്നുനിന്നു. അതില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ കടയുടെ മുന്‍പിലേക്ക്  കയറി വന്നു. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. കണ്ണില്‍ മദ്യലഹരിയുടെ ചുവപ്പുണ്ട്. അവനെക്കണ്ടതും  വിലാസിനി ഓടി കൗണ്ടറിലേക്ക് വന്നു.
“സാറേ ഒരു ആയിരം രൂപ വേണം. അവന് കൊടുക്കാനാ. അല്ലെങ്കില്‍ എനിക്കിന്ന്  ആ വീട്ടില്‍ കേറാന്‍ പറ്റില്ല. ശമ്പളത്തില്‍നിന്ന് പിടിച്ചാല്‍ മതി.” അവര്‍ മുതലാളിയോട് തിടുക്കത്തില്‍ പറഞ്ഞു.
“ഉം.” അയാള്‍ ഒന്ന് ഇരുത്തി മൂളി. പിന്നെ ഡ്രോ വലിച്ചു തുറന്നു ഏതാനും നോട്ടുകള്‍ എണ്ണി അവരുടെ കയ്യില്‍ കൊടുത്തു. വിലാസിനി  ഉടന്‍ തന്നെ കടയുടെ മുന്‍പില്‍ കാത്തു നിന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയി . അവന്‍ ആ കാശ് വാങ്ങി വേഗം ജീന്‍സിന്റെ പോക്കറ്റിലിട്ടു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു  പാഞ്ഞുപോയി. ഞാന്‍ സുലോചനയെ സഹതാപത്തോടെ നോക്കി. അവര്‍ ചായ കുടിക്കുന്നതിനിടയില്‍ വിലാസിനിയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. വിലാസിനി മുതലാളിയില്‍ നിന്ന് കാശ് വാങ്ങുന്നതും ബൈക്കില്‍ വന്ന മകന് അത് എണ്ണിക്കൊടുക്കുന്നതും അവര്‍ അസൂയയോടെ കണ്ടുകൊണ്ടിരുന്നു .അത്തരത്തില്‍ ഒരു ജീവിതമായിരുന്നു സുലോചന കൊതിച്ചത്. ആരെയും ആശ്രയിക്കാതെയുള്ള  ജീവിതം. എന്നാല്‍ ആ വന്നത്  വിലാസിനിയുടെ സഹോദരന്റെ മകന്‍ ആണെന്നും അവനെ  പിണക്കാതിരിക്കാന്‍  പണം കടമായി മുതലാളിയില്‍നിന്ന്  വാങ്ങിയതാണ് എന്നും സുലോചന അറിയുന്നില്ല. സുലോചന വിലാസിനിയുടെ ജീവിതം ആഗ്രഹിക്കുന്നു. വിലാസിനി സുലോചനയുടെയും.
“ഇനി എന്തെങ്കിലും വേണോ ?” വിലാസിനി സുലോചനയുടെ ടേബിളിന്റെ അരികില്‍ച്ചെന്നു ചോദിച്ചു.
മരുമകള്‍ അപ്പോഴും ഫോണിലാണ്.
“എനിക്കൊരു മുട്ട പഫ്സ് വേണം.” എന്നെ ഞെട്ടിച്ചുകൊണ്ട് സുലോചന മടിച്ചു മടിച്ചു പറഞ്ഞു. സുലോചനയുടെ മരുമകള്‍ അത് കേട്ടതും രൂക്ഷമായി ഭര്‍ത്താവിനെ നോക്കി. അമ്മായിമ്മ അല്പമെങ്കിലും സന്തോഷം അനുഭവിക്കുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയില്ല. “അത് വേണ്ട.കൊളസ്ട്രോള്‍ കൂടും.” മകന്‍ അമ്മയ്ക്ക് വേണ്ടി തീരുമാനിച്ചു. സുലോചന വിലാസിനിയെ നോക്കി നഷ്ടബോധത്തോടെ ചിരിച്ചു. ആ ചിരിയിലെ നിസ്സഹായത വിലാസിനിക്ക് മനസ്സിലായില്ല. അവര്‍ അത് മനസ്സിലാക്കരുതെന്നായിരുന്നു എന്റെ പ്രാര്‍ത്ഥനയും. അമ്മയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന മക്കള്‍ എന്നാണു വിലാസിനി ആ ചിരിയെ മനസ്സിലാക്കിയത്. വിലാസിനിയുടെ ഉള്ളിലെ ഇരുട്ടിനെ ഒരു നിമിഷം പ്രകാശിപ്പിക്കാന്‍  ആ പുഞ്ചിരിക്ക് കഴിഞ്ഞു. ആ നിമിഷം വിലാസിനി ഉള്ളില്‍ സുലോചനയായി മാറി.
സുലോചനയും കുടുംബവും കാറില്‍ കയറുന്നത് വിലാസിനി നോക്കിനിന്നു. അവരുടെ മനസ്സില്‍ കാരണമില്ലാത്ത ഒരു ദു:ഖം നിഴല്‍ വിരിക്കുന്നുണ്ട്.
അല്‍പദൂരം മുന്‍പോട്ട് നീങ്ങിയ കാര്‍ റോഡിലേക്ക് ഇറങ്ങുന്നതിനുമുന്‍പ് ഒരു നിമിഷം നിന്നു. അതില്‍ നിന്ന് സുലോചന തനിച്ചു  ബേക്കറിയിലേക്ക് കയറി വന്നു. അവരുടെ മുഖത്ത് വേവലാതിയുണ്ടായിരുന്നു. “എന്റെ ഹാന്‍ഡ്‌ ബാഗ് അവിടിരിപ്പുണ്ടോ?” അവര്‍ വിലാസിനിയോട് ചോദിച്ചു.
വിലാസിനി വേഗം അവര്‍ ഇരുന്ന ടേബിളിന്റെ അരികിലേക്ക് ഓടി. സുലോചനയുടെ ഹാന്‍ഡ് ബാഗ് അവര്‍ ഇരുന്ന കസേരയില്‍ തന്നെയുണ്ടായിരുന്നു.
“ഭയങ്കര മറവിയാ..”ബാഗ് വാങ്ങുമ്പോള്‍ സുലോചന പറഞ്ഞു.
“എനിക്കുമുണ്ട്. പ്രായമായില്ലേ?  ..” വിലാസിനി പറഞ്ഞു. രണ്ടു വൃദ്ധകളും ഒരു നിമിഷം പരസ്പരം നോക്കി. “എന്നാ ശരി. ഞാന്‍ പോട്ടെ. കുട്ടികള്‍ നോക്കിനില്‍ക്കുകയാണ്.”സുലോചന ധൃതിയോടെ പറഞ്ഞു. ബാഗ് മറന്നതിന്റെ  പേരില്‍ മരുമോള്‍ടെയും മോന്റെയും വായില്‍നിന്ന് കണക്കിനു ചീത്ത അതിനകം അവര്‍  കേട്ടുകഴിഞ്ഞിരുന്നു.
“ഒരു നിമിഷം..” വിലാസിനി എന്തോ ഓര്‍ത്തിട്ടു പറഞ്ഞു.
“എന്താ ?” സുലോചന തിരിഞ്ഞു നിന്നു.
വിലാസിനി ഒരു ടിഷ്യൂപേപ്പറില്‍ എന്നെ പൊതിഞ്ഞെടുക്കുന്നത് ഞാനറിഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

  1. ❤️നന്നായിട്ടുണ്ട് ❤️… വ്യത്യസ്തമായ ചിന്തകൾ കൊണ്ട് എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരൻ ആണ് താങ്കൾ… നല്ലെഴുത്ത്… ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും ❤️

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

More like this

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...