കവിത
സുരേഷ് കുമാർ ജി
സന്ധ്യ വന്നു തിര –
നോക്കിടുമ്പൊഴീ
അന്ധകാരനഴി
എന്തു സുന്ദരി…..!
ചന്തമേറിയ
പെൺകിടാവൊരു
ചുംബനത്താൽ
ചുവന്ന മാതിരി…..!
വാനവീഥിയി-
ലാ , നിശാചരി
കാർകുഴലഴി –
ചിട്ടിടുമ്പൊഴേ –
യ്ക്കാരെഴുതിടു-
ന്നന്തി വാനത്തി-
ലീ ,മനോജ്ഞമാം
ചിത്രമിങ്ങനെ …!
സങ്കടങ്ങളുടെ
വേലിയേറ്റത്തി –
ലന്ധകാരനഴി
മുങ്ങിടുന്നതും
അന്തരീക്ഷത്തി –
ലങ്ങനെ കിളി
ക്കൂട്ടമെങ്ങോ
പറന്നു പോവതും
കണ്ടു നാമിവിടെ
നിന്നതൊക്കെയും
പണ്ടു തന്നെ
കുറിച്ച ജാതകം….!
എന്തുകൊണ്ടൊരു
മാത്ര , ജീവിത
ബന്ധനത്തിനു
മൊക്കെയപ്പുറം
കൊണ്ടു പോവതു
നമ്മളെ സ്മൃതി
കൊണ്ടു തീർത്ത
ശലാകകൾക്കിടെ..!
വിണ്ണിലൂടെ
യലഞ്ഞിരുന്നതിൻ
കിന്നര സ്മൃതി
യാവണം ,നിറ
കണ്ണുമായി
വിളിച്ചിടുന്നതീ
അന്ധകാരനഴി
കണ്ടു നിൽക്കവേ..!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.