അകം പൊരുൾ

0
730
athmaonline-radhakrishnan-perumbala-thumbnail

കവിത

athmaonline-radhakrishnan-perumbala

രാധാകൃഷ്ണൻ പെരുമ്പള

പുറത്തിറങ്ങാനാവാത്തതിനാൽ
അകത്തേക്കിറങ്ങുന്നു.
ആകസ്മികമായി തുറന്നു കിട്ടിയ
ചെറുകവാടത്തിലൂടെ നൂണിറങ്ങുന്നു.

ആദ്യമാദ്യം ഒന്നും കാണാനാവുന്നില്ല.
പുറത്തുള്ളതിനേക്കാൾ ഇരുട്ട്
ഇരുണ്ട ഇടനാഴികൾ, മുറികൾ,
ഗുഹകൾ, ഗുദാമുകൾ …

ഇരുട്ടു കെട്ടിക്കിടക്കുന്ന
ഗലികൾ, വെളിമ്പറമ്പുകൾ
അമാവാസിയേക്കാൾ ഇരുണ്ട ആകാശം

തപ്പിത്തപ്പി നീങ്ങുമ്പോൾ പതിയെ
പല ദിശകൾ തെളിയുന്നു
വഴികൾ പിരിയുന്നു
ഒന്നു രണ്ടായി പിന്നെ പലതായി
പിളർന്നു പടരുന്നു.

ഓരോന്നുമോരാ അവതാരമെടുത്തു നിൽക്കുന്നു.
ഓരോന്നിനു മോരോ ലക്ഷ്യം,
മാർഗ്ഗം, ജീവിതം.



മുന്നിൽ വിശ്വരൂപമെടുത്തു
നിൽക്കുന്നത് ഒരു കാടാണ്.
നിബിഢ ഘോരവനാന്തരം
നിഗൂഢമായ ഹരിതസമൃദ്ധി
പക്ഷെ വഴി തടഞ്ഞു വളർന്നു
നിൽക്കുന്ന മുൾക്കാടുകൾ
ഭയപ്പെടുത്തുന്ന വന്യ മൃഗീയത

ആകാശവേരുകൾ ഭൂമിയിലേക്ക് തൂക്കിയിട്ടിരിക്കുന്ന
ഈ ആൽമരത്തിനു കീഴിൽ
പാമ്പുകൾ ഇണചേർന്നു
പുളയുന്ന പുറ്റുകളുടെ ചാരെ
നിസ്സംഗനായി
ധ്യാനമിരിക്കുന്നതാരാണ് ?

മറ്റൊരു വഴി പറ്റി നീങ്ങുമ്പോൾ
നഗരമാണു മുന്നിൽ
കൂറ്റൻ കെട്ടിടങ്ങളും നിറയെ
വാഹനങ്ങളും ആളുകളും നിറഞ്ഞ
ഒരു അപരിചിതനഗരം
വാണിഭ സ്ഥലങ്ങൾ, കലാശാലകൾ
വിനോദ കേന്ദ്രങ്ങൾ മദ്യശാലകൾ വ്യഭിചാരത്തെരുവുകൾ

രാത്രിയുടെ വിജനതയിൽ
സ്റ്റേഡിയം കോർണറിലെ
വലിയചുവരിന്റെ മങ്ങിയ വെളുപ്പിൽ

സ്വന്തം ചോരയിലെന്ന പോലെ
ബ്രഷ് മുക്കിക്കുതിർത്ത്
രാഷ്ട്രീയമെഴുതി വെക്കുന്നതാരാണ്.?



അരികിൽ ഒച്ചയെടുത്തു കൊണ്ട്
കടൽ, അപാര സമുദ്രം
ആർത്തലക്കുന്ന തിരകൾ
നങ്കൂരമിടുന്ന കപ്പലുകൾ
നീന്തിത്തുടിക്കുന്ന മീനുകൾ
വലകളുമായി റോന്തുചുറ്റുന്ന വള്ളങ്ങൾ..

അവിരാമം ഇളകുന്ന
തിരകൾ മുറിച്ചു കൊണ്ട്
അനന്തതയിലേക്കെന്ന പോലെ
ഏകാന്തമായി ഒരു ചെറുവള്ളം
തുഴഞ്ഞു പോകുന്നതാരാണ് ?

തിരിഞ്ഞു നോക്കുമ്പോൾ
മലഞ്ചെരിവിലൂടെ ഒഴുകി വരുന്ന നദി
അപ്പുറത്തു വയലുകൾ
നോക്കെത്താ ദൂരത്തോളം
പുല്ലും മുൾക്കാടുകളും നിറഞ്ഞ
തരിശുനിലങ്ങൾ…

അല്പമകലെയൊരു ഭാഗത്ത്
ഒട്ടുമേ മാറ്റിവെക്കാനാവാത്ത
തൻ്റെ മാത്രം ചുമതലയെന്ന പോലെ
ഉഴുതുമറിച്ച് വിത്തെറിയുന്നതാരാണ് ?

നദിയോരത്തുകൂടി മരങ്ങൾക്കിടയിലൂടെ പൂക്കളോടും പക്ഷികളോടും
സല്ലപിച്ചു കൊണ്ട് ഒരു സ്വപ്നാടകനോ ഭ്രാന്തനോയെന്ന പോലെ
അലക്ഷ്യമായി നടന്നു പോകുന്നൊരാൾ..

അയാൾ ആത്മഭാഷണം പോലെ പിറുപിറുക്കുന്നതെന്താണ് ?

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here