Homeകഥകൾദൂരം

ദൂരം

Published on

spot_imgspot_img

കഥ

സുസ്മിത ബാബു

ഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിത്തുടങ്ങിയിട്ട് മാസങ്ങളായി. ഒരേ പോലെ വാർത്തെടുത്ത ദിവസങ്ങളുടെ മുഷിപ്പിൽ നിന്ന് , സ്കൂൾ അസംബ്ലിയുടെ അച്ചടക്കത്തോടെയുള്ള പതിവ് ദിനചര്യകളിൽ നിന്നും ഇറങ്ങിയോടണമെന്ന് തോന്നിയപ്പോഴാണ് തപതി ബാഗും പിറകിലിട്ട് ബുള്ളറ്റുമെടുത്ത് “ദാ ..ഇപ്പോ വരുമേ അപ്പാ. ഒരു ചെറിയ ഓട്ടം പോയി വരാം. അതുവരെ വഴക്കുണ്ടാക്കാതെ, “സേവ” കൂടാതെ നല്ല കുട്ടിയായിരുന്നോണം. ഞാൻ ശടേന്നിങ്ങെത്തിക്കോളും. Take care അപ്പാ. ബൈ. മിസ് യു ” എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. മുറ്റത്ത് പല്ലും തേച്ച് ചെടി നനച്ചു നിൽക്കുകയായിരുന്ന അപ്പൻ അതു കേട്ട് വായിൽ പേസ്റ്റും പതപ്പിച്ച് നനച്ചോണ്ടിരുന്ന പൈപ്പ് താഴെയിട്ട് നിശ്ചലനായി നിന്നു. പൈപ്പിലെ വെള്ളമൊഴുകി മുറ്റത്തൊരു തടാകം ഉണ്ടാവുമ്പോഴേക്കും തപതി കോർപ്പറേഷൻ അതിർത്തിയിലെ NH ലേക്കു കയറിക്കഴിഞ്ഞിരുന്നു. ഓഫീസിലേക്ക് ലീവ് മെയിൽ ചെയ്യണം. പിന്നെ ഒന്നുരണ്ടുപേരെ വിളിച്ചുമറിയിക്കണം. അതു മതി. ഒന്നാലോചിച്ചാൽ എത്ര ചുരുക്കത്തിൽ ബന്ധങ്ങളെ ഒതുക്കാം. ഒരുമിച്ചിരിക്കുമ്പോൾ എല്ലാരും എത്ര അടുപ്പത്തിലാണെന്ന് തോന്നിപ്പോകും. പക്ഷേ.. മാറിയിരുന്ന് ഒരു തീരുമാനം ആരെയെങ്കിലും അറിയിക്കണമെന്ന് കരുതുമ്പോഴാണ് നമ്മുടെ ലോകം എത്ര ഏകാന്തമാണെന്ന് തിരിച്ചറിയുക. ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാത്ത രീതിയിൽ കുറെ മുഖങ്ങൾ അവ്യക്തമായി ചിതറി തെറിക്കുന്നു ഉള്ളിൽ. എങ്കിലും വേണുവിനോടും ചാരുവിനോടും പറയുന്നതാവും നല്ലത്. അവരാകുമ്പോൾ ഈ സർപ്രൈസ് ലീവിന് പുതിയ നിറങ്ങളൊന്നും ചാർത്തി കൊടുക്കില്ല. വിശ്വസിക്കാം.കോഴിക്കോടിന്റെ മധ്യഭാഗത്തേക്ക് കടന്നുകൊണ്ടിരിക്കുമ്പോഴാണ് അടിവയറ്റിൽ നങ്കൂരമിടുന്ന വേദന – പണി കിട്ടി. നാശം. മനുഷ്യന്റെ ജീവിതം തന്നെ താളം തെറ്റിയാലും ഈ കുന്തം കൃത്യം ഇരുപത്തിയെട്ടിന്റന്ന് താളം ചവിട്ടിയിങ്ങ് പേരും. ഡെയിറ്റ് ഓർത്തു വെക്കാൻ വിട്ടു പോയി ഇനിയിപ്പോൾ ഏതെങ്കിലും കംഫർട്ട് സ്റ്റേഷനിലോ റെസ്റ്റാറണ്ടിലോ കയറുകയേ വഴിയുള്ളു.. ദിവസം ഓർത്തില്ലെങ്കിലും ഒരാചാരം പോലെ യാത്ര തുടങ്ങുമ്പോൾ പാഡ് ബാഗിൽ വെച്ചത് ഉപകാരമായി. അഞ്ചാം ക്ലാസിലെത്തിയപ്പോഴേ അമ്മ പഠിപ്പിച്ച പാഠം. ഭദ്രമായി ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ആർക്കും കാണിക്കല്ലേ എന്നു പറഞ്ഞ് ബാഗിൽ വെച്ചു തരുമായിരുന്നു പണ്ട്. ഒരു ക്ലാസ് കൂടി മുതിർന്നപ്പോഴാണ് തൊട്ടാൽ പൊട്ടുന്ന ബോംബാണ് കൈയിലെന്ന് മനസ്സിലായത്. ശരീരത്തോടൊപ്പം വളർന്നു വന്ന ചില പെരും സംശയങ്ങൾ. പെൺകുട്ടികൾ ശബ്ദം താഴ്ത്തി രഹസ്യം പറയുന്നതിനടുത്ത് ഒളിഞ്ഞും പാർത്തും വന്ന് ചോർത്തിയിരുന്ന ആൺ സംഘങ്ങൾ. പിന്നെ പൊരിഞ്ഞതല്ല. എന്നാലും ‘പൊതിഞ്ഞു തന്ന കാര്യം ” ഉപയോഗപ്പെടാൻ പിന്നെയും കാലമെടുത്തു. ഏഴാം ക്ലാസ് തുടങ്ങിയ മഴക്കാലം. അമ്മ വീട്ടിലുണ്ടായിരുന്നില്ല അന്ന്. എവിടെയാ പോയതെന്ന് ഇപ്പോ ഓർക്കുന്നുമില്ല. എന്തായാലും ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളു. തിയറി ക്ലാസുകൾ കുറെ മുമ്പെ കിട്ടി തുടങ്ങിയതു കൊണ്ട് സംഭവം വിചാരിച്ചത്ര ഭീകരമായുമില്ല. ഓർമ്മയിൽ ചിരിയൂറുന്നു. റോഡരികിൽ Hotel Amaravathi തലയുയർത്തിനിൽക്കുന്നു. ബുള്ളറ്റ് പാർക്കിംഗ് ഏരിയയിൽ നിർത്തി. ബുള്ളറ്റിൽ കോട്ടുമിട്ട് വന്നപ്പോൾ കോർട്ട് യാർഡിൽ നിന്നവരുടെ മുഖത്തെ അങ്കലാപ്പ് വായിച്ചെടുത്തു. ഹെൽമറ്റൂരി മുടി കൈ കൊണ്ടു ഒതുക്കി വെച്ചു. ‘ഓ. ഇത് പെണ്ണായിരുന്നോ “.. സ്ഥിരം വന്നുപെടുന്ന അനുഭവമായതു കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യം വാഷ് റൂമിൽ കയറി. സംഗതി ഫിറ്റായപ്പോൾ ഒരു കടും ചായക്ക് ഓർഡർ കൊടുത്തു. കൂടെയൊരു സാൻവിച്ചും. പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ട് വിശപ്പിന്റെ കാര്യം ശ്രദ്ധിച്ചില്ലായിരുന്നു. വയറിനെ കഷ്ടപ്പെടുത്താതിരിക്കാൻ ലൈറ്റ് ഫുഡ് തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. ഹോട്ടലിൽ നിന്നിറങ്ങുമ്പോഴും കറുത്ത നോട്ടത്തിന്റെ ചരടുകൊണ്ട് കുരുക്കി വലിക്കുന്നുണ്ടായിരുന്നു ചിലർ. ഒരു മാറ്റവും വരാത്ത കാര്യങ്ങൾ. പെണ്ണായാൽ ഒന്നു നോക്കാതെങ്ങിനെ എന്ന ചിന്ത.ഇനി അടുത്തെങ്ങും നിർത്താതെ ഓടിക്കണം. സമയം ഉച്ചയോടടുക്കുന്നു. റോഡ് കറുത്തു മിന്നുന്ന പാമ്പിനെ പോലെ വളഞ്ഞും പുളഞ്ഞും നീണ്ടു നീണ്ടങ്ങനെ മുന്നിൽ. പെട്ടെന്ന് അമ്മയെ കാണാൻ തോന്നി. അമ്മയുടെ സ്ഥലം എത്താനായതു കൊണ്ടാവാം.. തേഞ്ഞിപ്പാലം കാമ്പസ് കഴിഞ്ഞാലുടനെ കാണുന്ന ചുവന്ന മണ്ണു പാതയിലേക്ക് ബുള്ളറ്റിനെ ആരോ കയറിട്ട് വലിച്ചു കൊണ്ടുപോയതു പോലെ. വെയിലാറിയിരിക്കുന്നു. രണ്ടു വളവു കൂടി പോവാനുണ്ട്. വണ്ടി ഇവിടെയെങ്ങാനും നിർത്തി ശബ്ദമുണ്ടാക്കാതെ പോയാലോ. അതായിരിക്കും നല്ലത്.

കുറച്ചു ദിവസമായി ഫോണിൽ സംസാരിച്ചിട്ട്. രണ്ടു മൂന്ന് വീട് ഇപ്പുറത്ത് മതിലിനോട് ചേർത്ത് ബുള്ളറ്റിനെ ഒതുക്കി നിർത്തി. സുമിത്രാന്റിയും അങ്കിളും വേലിക്കൽ തന്നെ ഉണ്ടായിരുന്നു. കണ്ടപ്പോൾ നിറഞ്ഞു ചിരിച്ചു.

“രണ്ടാളും എന്താ മുറ്റത്ത് പരിപാടി. ഓ. പച്ചക്കറി പണിയാണല്ലേ. നടക്കട്ടെ. ഓണത്തിന് എന്റമ്മയ്ക്കും കൊടുത്തേക്കണേ ഇച്ചിരി വെണ്ടക്കയും തക്കാളിയും.”
“അഹാ..അപ്പോ ഈയടുത്തൊന്നും മോള് ഇങ്ങട്ട് വന്നില്ലല്ലേ അമ്മേനെ കാണാൻ. പോയി നോക്ക്. ഈ പഞ്ചായത്തിൽ മുഴുവൻ കൊടുക്കാനുള്ളത്ര നിൻറമ്മ ണ്ടാക്ക്ന്ന്ണ്ടവിടെ. ”
അവർ വാത്സല്യത്തോടെ ചിരിച്ചു.

” ഇല്ലാന്റി. രണ്ടുമൂന്നു മാസായി ഇങ്ങോട്ട് ഇറങ്ങിയിട്ട്. ലീവ് എടുക്കാൻ പറ്റാതെ പെട്ടു പോയി. ഒരു വലിയ പ്രൊജക്ടായിരുന്നു. ”

“ഇവിടുള്ളവനും അങ്ങനെ തന്നെ. വിളിച്ചാ കുറെ പരാതികളാ. പ്രൊജക്ട്, ടാർജറ്റ്, സ്ട്രെസ്റ്റ് .. ഇങ്ങനെ എന്തൊക്കെയോ പറയും. കമ്പനിയിലെ സകലരെയും ചീത്തവിളിക്കും. പാവം – നല്ല കഷ്ടപ്പാടുണ്ട്. അവന്റേത് ഏതോ അമേരിക്കൻ കമ്പനിയാ ”

“ok ആന്റി. ഇനി വിളിക്കുമ്പോ ജിത്തു നോട് എന്റെ അന്വേഷണം പറഞ്ഞേക്കു. ഞാനെന്നാൽ അമ്മയുടെ അടുത്തേക്ക് പോട്ടെ. വണ്ടി ഇവിടെ സൈഡിലിരിക്കട്ടെ.”
ലോകത്തിന്റെ ഒരു ബഹളവുമറിയാതെ ശാന്തമായി നിൽക്കുന്നു അമ്മയുടെ വീട്. ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നു. സുമിത്രാന്റി പറഞ്ഞത് ശരിയാണ്. ഇതെന്താ ഫാം ഹൗസോ. മുറ്റത്ത് രണ്ടു ഭാഗത്തും നിറയെ വിരിഞ്ഞിരിക്കുന്ന മത്തന്റെയും പാവലിന്റെയും മഞ്ഞപ്പൂക്കളും കായകളും. ഒരു വിധം എല്ലാ തരം പച്ചക്കറികളും ഉണ്ടെന്ന് തോന്നുന്നു.“ഏയ്.. ഏച്ചി എപ്പോ എത്തി. അറിഞ്ഞേയില്ലല്ലോ ”

പാവൽ വള്ളിക്കിടയിൽ നിന്ന് ഒരൊച്ച മാത്രം. ആളെ കാണുന്നില്ലല്ലോ. ” വരുന്ന വരവാണ്. ഒരു Surprise ആയിക്കോട്ടെന്ന് കരുതി. ”

വള്ളികൾ വിടർത്തിമാറ്റി ആൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ജീജയാണ്. കുറച്ചു കാലമായി അമ്മയുടെ ശിങ്കിടി. പത്തു പതിനെട്ടു വയസു വരും. ഒരു ആശുപത്രി വരാന്തയിൽ ആരും തുണയില്ലാതെ നിന്നത് കണ്ടപ്പോൾ അമ്മ കൂടെ കൂട്ടിയത്. അവളുടെ ഫ്ലാഷ് ബാക്ക് കഥകൾ അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. അതിദയനീയം. പക്ഷേ ഇപ്പോൾ ആള് മിടുക്കിയാണ്.

“ലതാമ്മ അകത്തുണ്ട്. ഏച്ചി വാ ”
അവൾ കൈയിൽ പിടിച്ചു വലിച്ചു. അകത്ത് അമ്മ വായനയിലായിരുന്നു. അടുത്തെത്തിയപ്പോൾ മാത്രമാണ് അറിഞ്ഞത്.

“ഹൊ. എന്തൊരു വായന. ഈ വീടു തന്നെ ആരേലും എടുത്തു കൊണ്ടുപോയാലും അറിയില്ലല്ലോ ”

അമ്മ ചിരിച്ചു. എന്തൊരു ശാന്തതയും നിസ്സംഗതയും.

“നീ വന്നിട്ട് കുറെ ആയല്ലോ എന്ന് നേരത്തെയും ഓർത്തു ”
” ആഹ. എന്നിട്ടാണോ ഒന്നു വിളിക്കപോലും ചെയ്യാഞ്ഞത്. ഞാൻ തന്നെ വേണ്ടേ ഇങ്ങോട്ടു വിളിക്കാൻ , ”

അമ്മ മറുപടിയൊന്നും പറഞ്ഞില്ല. ജീജ അടുക്കളയിലെത്തി എന്നു തോന്നുന്നു. നല്ല വയനാടൻ കാപ്പി മണം വന്നു തുടങ്ങി.

“കാപ്പിപ്പൊടി ഇടാത്ത കാപ്പി ”

എന്നും പറഞ്ഞ് അവൾ രണ്ടു കപ്പ് കൊണ്ടു വെച്ചു , അമ്മയാണ് അപ്പോൾ സംസാരിച്ചത്.

” നീയ്യ് കുടിച്ചില്ലല്ലോ ഇതു വരെ ഈ കാപ്പി. ഇവളെന്തൊക്കെയോ കൂട്ട് ചേർത്ത് ഉണ്ടാക്കി വെക്കുന്നതാ. ഇവരുടെ ഒരു അമ്മൂമ്മ ഉണ്ടാക്കി കൊടുക്കുമായിരുന്നത്രെ. അവിടന്ന് പഠിച്ചെടുത്തതാ. കുറെ കാടറിവുകളൊക്കെ വേറെയുമുണ്ട് കക്ഷിക്ക് . ”

അമ്മയ്ക്ക് എന്തൊരു ഉത്സാഹമാണ് അവളെ വർണ്ണിക്കാൻ . ശബ്ദം കേട്ട് കാഞ്ചനയും മല്ലിയും ഒക്കെ തലയെത്തിച്ചു നോക്കി.. ഇവിടെ അമ്മയുടെ കൂട്ടാണ്. പലയിടങ്ങളിൽ നിന്ന് പല യാത്രകൾക്കിടയിൽ ഒപ്പം കൂടിയവർ. അപ്പയെ പറ്റി അമ്മ ഒന്നും ചോദിച്ചില്ലല്ലോ എന്ന് വെറുതെ യോർത്തു. പുതിയ ജീവിതത്തെ കുറിച്ച് എത്ര സന്തോഷത്തോടെയാണ് അമ്മ സംസാരിക്കുന്നത്. കൃഷിയെ, പുസ്തകങ്ങളെ, ഇവിടുള്ളവരെ. മാറി വരുന്ന സാമൂഹ്യ രഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച്… എല്ലാം. എന്റെ മനസ്സു വായിച്ചിട്ടെന്നവണ്ണം കണ്ണിലേക്ക് നോക്കി അമ്മ പറഞ്ഞു.

“അവിടെ നീ അപ്പയെയും അപ്പ നിന്നെയും നന്നായി നോക്കുന്നുണ്ടെന്നറിയാം. നിനക്കതിനുള്ള പ്രായവും പക്വതയുമൊക്കെ ആയതിനു ശേഷമല്ലേ ഞാനെന്റെ ജീവിതത്തിലോട്ടിറങ്ങിയത്. ”ഒന്നും പറയാതെ അമ്മയെ തന്നെ നോക്കിയിരിക്കാനാണ് തോന്നിയത്. അമ്മയുടെ ശൂന്യത ഞങ്ങളെങ്ങിനെയാണ് അനുഭവിക്കുന്നത് എന്ന് ഏതു ഭാഷയിൽ അമ്മയെ അറിയിക്കാനാവും. ശരിയാണ്. എന്റെ course കഴിയും വരെ അമ്മ കൂടെ തന്നെയുണ്ടായിരുന്നു. അപ്പയുടെ ദേഷ്യവും ശാസനയും ഒരു നഴ്സറി കുട്ടിയെപ്പോലെ പേടിച്ച് വിറച്ച് സഹിച്ച് … പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു ഒരു സ്കൂൾ ടീച്ചറായിട്ടു പോലും അച്ഛന്റെ മുമ്പിൽ അമ്മയെന്തിനാ ഇങ്ങനെ… സ്വന്തമായി ഒരു അഭിപ്രായവും പറഞ്ഞു കേട്ടിരുന്നില്ല. ശമ്പളം പോലും അപ്പയാണ് കൈകാര്യം ചെയ്തിരുന്നത്. ഇടുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും രുചിയും എല്ലാം.. ഒന്നും അമ്മയുടെ താൽപ്പര്യമായിരുന്നില്ല. വീട് പണിയുമ്പോഴും കണ്ടിട്ടുണ്ട് പറയാൻ വന്ന അഭിപ്രായങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് അപ്പയുടെ മുന്നിൽ തലയാട്ടി നിൽക്കുന്നത്. നല്ല ഭാര്യയും നല്ല അമ്മയും എന്ന ഇരട്ട ഫ്രെയിമിനകത്ത് അമ്മ സംതൃപ്തയായിരിക്കണം എന്ന തോന്നൽ മാറിയത് രണ്ടു വർഷങ്ങൾക്കപ്പുറത്താണ്.

ഓർമ്മയുണ്ട്. MTech റിസൽട്ട് വന്ന് രണ്ടു മൂന്നു ദിവസങ്ങളായിരുന്നു. വൈകിയെണീറ്റ ഒരു പകൽ. സിറ്റൗട്ടിൽ അമ്മയിരിക്കുന്നു. ഒന്നു രണ്ടു ബാഗുകളും. അപ്പ ചാരുകസേരയിൽ ദൂരെയെവിടെയോ നോക്കി ഇരിപ്പുണ്ടായിരുന്നു. കനത്തു വീർപ്പിച്ച മുഖം. അമ്മ പതിയെ പറഞ്ഞു. “നീ എഴുന്നേറ്റു വരാൻ കാത്തു നിൽക്കുകയായിരുന്നു. ചായ എടുത്തു വെച്ചിട്ടുണ്ട്. അമ്മ ഇറങ്ങുകയാണ്. അമ്മയുടെ ഭാഗം കിട്ടിയ നാട്ടിലെ പഴയ വീടില്ലേ അത് കുറച്ചു ദിവസം മുമ്പെ നന്നാക്കിപ്പിച്ചിരുന്നു. ഞാനവിടേക്ക് താമസം മാറുകയാണ്. പെട്ടെന്നെടുത്ത തീരുമാനമല്ല. നീയൊന്ന് വളർന്ന് വരാൻ വേണ്ടി കൂടിയുള്ള കാത്തിരിപ്പിലായിരുന്നു. പെട്ടെന്നൊരു ജോലിക്ക് ശ്രമിക്കണം. നിന്റെ ആവശ്യങ്ങൾക്ക് ഞാനുണ്ടാവും. എല്ലാ ഉത്തരവാദിത്വങ്ങളോടും കൂടി തന്നെയാണ് പറഞ്ഞത്, അപ്പയുടെ കാര്യങ്ങൾക്കും. പക്ഷേ എനിക്ക്.. ഇനിയെങ്കിലും ഇവിടെ നിന്നിറങ്ങിയേ പറ്റൂ. സ്കൂളിൽ നിന്നും.
ഒരു നിമിഷത്തെ മൗനം.. ഒരായുസ്സോളം ദൈർഘ്യമുണ്ടായിരുന്നു അതിന്. ഹോസ്റ്റലിലും വീട്ടിലും ജീവിതം പകുത്തുള്ള പഠന കാലത്ത് അമ്മയുടെ തയ്യാറെടുപ്പുകൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.. ഇനി. ഒന്നും ചെയ്യാനില്ല. വൈകിപ്പോയിരിക്കുന്നു.ഒരു ടാക്സി കാർ മുറ്റത്തേക്ക് ഇരമ്പിയെത്തുന്നു.

ഒന്നും പറയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്താണ് പറയേണ്ടത്. അമ്മ ഇറങ്ങിക്കഴിഞ്ഞു. പെട്ടെന്ന് ഒന്നുമല്ലാതായിപ്പോയതിന്റെ .. അനാഥയായിപ്പോയതിന്റെ കടൽച്ചുഴികൾ : കുറച്ചു സമയമെടുത്തു. ബോധ്യമാവാൻ. അപ്പ മുഖം തരാതെ ഇരിക്കുന്നു. പാവം. ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഭർത്താവ് പദവിയുടെ പ്രാമാണിത്യത്തിൽ നിന്നും ധാർഷ്ട്യത്തിൽ നിന്നും സ്നേഹാധിക്യത്തിൽ നിന്നും പെട്ടെന്ന് താഴെ തള്ളിയിട്ടതുപോലെ. അപ്പ ശ്വാസമെടുക്കാൻ പോലും മറന്ന് അകലേക്ക് നോട്ടം തറച്ചു വെച്ചിരിക്കുന്നു. അപ്പയെ ചേർത്തുപിടിച്ചു എത്ര നേരം ഒരേ നിൽപ്പ് നിന്നെന്നറിയില്ല. തണുത്താറിപ്പോയ ചായയിൽ ഒരീച്ച ഭ്രമണം ചെയ്തു കൊണ്ടിരുന്നു.

അമ്മയെ പറ്റി ഒരു വാക്കുപോലും അപ്പ ഇത്ര കാലമായിട്ടും പറഞ്ഞില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ലോകത്തിലെ ഏതു പ്രശ്നവും അമ്മയുടെ പേരിൽ ചാർത്തി കൊടുക്കാറുണ്ടായിരുന്ന അപ്പ അമ്മ പോയതിൽ പിന്നെ ഒന്നിനെയും, ആരെയും കുറ്റം പറഞ്ഞു കണ്ടിട്ടില്ല.

“നീയെന്താ ഓർക്കുന്നത്. എങ്ങോട്ടെങ്കിലും പോകുന്ന വഴിയാണോ. അതോ അമ്മയെ കാണാനായിട്ട് വന്നതാണോ. “രണ്ടും..” , അമ്മയെ ചേർത്തുപിടിച്ചു.

ഒരു രാത്രി അമ്മക്കൊപ്പം എന്ന ഏറ്റവും സുന്ദരമായ അനുഭവം പ്രലോഭിപ്പിക്കുന്നു. ബാക്കി യാത്ര നാളേക്ക് മാറ്റിവെക്കാം. ഇന്ന് മുഴുവൻ അമ്മക്കൊപ്പം ചൂടു പറിക്കിടന്ന് പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ പങ്കു വെച്ച്…

അമ്മ അതിനിടെ അടുക്കളയിലേക്ക് പോയിരിക്കുന്നു. പരിപ്പും മുരിങ്ങയിലയുമിട്ട കറിയും രസവും പാവയ്ക്ക തോരനും ചോറും.. അമ്മ രുചിമേളം.
രാവിലെ യാത്രക്കൊരുങ്ങുമ്പോൾ അമ്മ ചോദിച്ചില്ല ഏതു വഴിക്കെന്ന്. ഒരു സൺ റൈസ് കാണാൻ കന്യാകുമാരി വരെ ഒറ്റക്ക് വണ്ടിയോടിച്ചു പോകുന്നവളുടെ അമ്മ ഇങ്ങനെ തന്നെയായിരിക്കണം.

“വെൽ ഡൺ അമ്മ .. താങ്ക്യു ”എന്തിന് എന്ന് അമ്മയുടെ കണ്ണുകളിൽ ചോദ്യം കത്തി നിന്നു. കെട്ടിപ്പിടിച്ചൊരു ഉമ്മയിലൂടെ പറയാതെ പറഞ്ഞു. ചിറകുകൾ വിടർത്തി പറക്കാൻ പഠിപ്പിച്ചതിന്. അമ്മ ചിരിച്ചു. ഇത്ര ഭംഗിയുണ്ടായിരുന്നോ അമ്മയുടെ ചിരിക്ക്. ജീജയും കാഞ്ചനയും മല്ലിയും അമ്പൂട്ടനും പിന്നെ അമ്മയുടെ പൂച്ചകളും നായ്കുട്ടികളും കോഴികളും എല്ലാവരും ഉണ്ടായിരുന്നു യാത്രയയ്ക്കാൻ. ഒന്നിച്ചു നിർത്തി ഒരു സെൽഫിക്കുള്ളിൽ ഒതുക്കി ഈ നിമിഷത്തെ . ഇതാണ് ഇനിയുള്ള യാത്രക്കുള്ള ഇന്ധനം.

ബുള്ളറ്റ് സ്റ്റാർട്ടാക്കി. റിയർവ്യൂ മിററിലൂടെ ഒരു വലിയ കുടുംബം ഒന്നിച്ചു കൈ വീശുന്നത് കണ്ടു കൊണ്ട് ഗിയർ മാറ്റി. മെയിൻ റോഡിലേക്ക് കയറി. കന്യാകുമാരിയിലേക്കുള്ള സൈൻ ബോർഡിലെ കിലോമീറ്റർ അറിയിപ്പുകൾ മൂന്നക്കത്തിലുള്ളതാണെന്നതാണ് ബുള്ളറ്റിനെ വാശി പിടിപ്പിച്ചെന്നു തോന്നുന്നു. മീറ്ററിൽ 80 km/hr കടന്നുകൊണ്ടിരിക്കുന്നു. നേർ പാതയാണ് മുന്നിൽ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം),
ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in ,
WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...