ഒരു മോശം മകളുടെ പ്രാർത്ഥന

0
610
athmaonline-oru-mosham-makalude-prarthana-mumthas-c-pang-thumbnail

കവിത

മുംതാസ്. സി. പാങ്ങ്

നാഥാ…
എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ?
എന്നേയ്ക്കുമിവിടെ നിർത്തുമെന്ന
പേടി വേണ്ട.
ഒരു പത്തു മിനുട്ട് നേരത്തേക്ക് മതി.

ഉച്ചമയക്കത്തിനു ശേഷം
ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോൾ
ഉമ്മയെ വിളിച്ചു കാത്തുനിർത്താതെ
നല്ലൊരു ചായയിട്ട് കൊടുക്കാനാണ്.

അന്നൊക്കെ കണ്ടപ്പോൾ
അത്രമേൽ സ്വഭാവികമായി തോന്നിയ,
നരച്ചുവീണ തേക്കിലപോലെ
ചുളിഞ്ഞുണങ്ങിയ കള്ളിമുണ്ട്
ഏറ്റവും നന്നായി ഇസ്തിരിയിട്ടുകൊടുക്കാനാണ്.

പത്രപ്പൈസ തന്നോർക്കുള്ള രസീതും
ആഴ്ച്ചപ്പതിപ്പുവരിക്കാരുടെ പേരുമൊക്കെ
ഏറെ സമയമെടുത്ത് വടിവൊത്ത
അക്ഷരങ്ങളിലെഴുതികൊടുക്കാനാണ്.
പ്രോജെക്ടും പ്രോഗ്രസ്സ് റിപ്പോർട്ടുമൊക്കെ
എഴുതുമ്പോഴുള്ള ക്ഷമയും
എന്തൊരു വൃത്തിയെന്ന്
കാണുന്നോരൊക്കെ പുകഴ്ത്തുന്ന
എന്റെ
ഉണ്ടയക്ഷരങ്ങളും
ഉപ്പ എഴുതിക്കുമ്പോൾ മാത്രം
എങ്ങോട്ടാണോടിപ്പോയൊളിച്ചിരുന്നതെന്ന്
ഇന്നുമെനിക്കത്ഭുതമാണ്.



പ്ലസ്ടുവിനേറെ മാർക്ക് നേടിയതിന്
കിട്ടിയ ക്യാഷ് അവാർഡ്
ഉപ്പയെടുത്തതിന്
കുറ്റം പറഞ്ഞ
നാവുകൊണ്ട്
അങ്ങേക്കുള്ളതാണെന്നോതി
വലിയൊരു തുക
ആ കയ്യിൽ വെച്ചുകൊടുക്കാനാണ്.
ആദ്യശമ്പളം കിട്ടിയപ്പോൾ പോലും
ഉള്ളിലാഹ്ലാദം നുരയാതിരുന്നത്
ആ ദിനത്തിന്നോർമ്മ
മുകളിൽ കോർക്കിട്ട് മുറുക്കിയത്കൊണ്ടാണ്.

എനിക്ക് ദോശ മതിയെന്നോതി
കൊതിയടക്കിപ്പിടിച്ചുപ്പ കൊണ്ടുവന്നുതന്ന,
മേലെപള്ളിയിൽ നിന്നു കിട്ടിയ
നോമ്പുതുറബിരിയാണി
അതിഗംഭീരമായിരുന്നോതി
ആ ക്ഷീണിച്ച മുഖത്തൊന്നുമ്മവെക്കാനാണ്.
അനർഹക്കും നന്ദിയോതി
‘ഹൃദയവിശാലത കാണിക്കുമ്പോഴൊക്കെ ‘
എന്നോടിങ്ങനൊന്നുമായിരുന്നില്ലല്ലോയെന്നാ
പതറിയ സ്വരം
പരിഭവിക്കുന്നതായെന്നാലിനി തോന്നില്ലല്ലോ…



നാഥാ…
ഉറപ്പായും
ഇത്രയും ചെയ്തുകഴിഞ്ഞാൽ
ഞാനെൻ ഹൃദയഭാരത്തോടൊപ്പം
ഉപ്പയെയും ഖബറിലിറക്കി വെക്കാം.

സത്യമായും
പരേതരോടുള്ള സ്നേഹം
ഇരുവശങ്ങളിലും
മുകളിലും താഴെയും
മുൾകൂർപ്പുകളുള്ള
കൈതച്ചക്കയാണ്.
കിട്ടിയ സ്നേഹത്തിന്നോർമ്മകൾ
മധുരം ചേർത്തിരിക്കുന്നെങ്കിലുമത്
ഹൃദയത്തെ നാല് ഭാഗത്ത് നിന്നും
കുത്തിനോവിക്കുന്നു.
പണ്ടിത്ര തിരിച്ചറിവുണ്ടായിരുന്നില്ലെന്ന
കണ്ടെത്തൽ കൊണ്ടും
ഇപ്പോഴവർക്കായേറെ
പ്രാർത്ഥിക്കുന്നുണ്ടെന്നുള്ള
ന്യായീകരണം കൊണ്ടും
പ്രതിരോധിക്കാനുള്ള
ശ്രമങ്ങൾ
ജയിക്കില്ലൊട്ടും..
കാരണം
കുറ്റബോധമാണീ
സ്നേഹം
വെച്ചുപിടിപ്പിക്കുന്നതും വളമിടുന്നതും…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here