HomeTHE ARTERIASEQUEL 45യക്ഷി എന്ന Femme Fatale

യക്ഷി എന്ന Femme Fatale

Published on

spot_imgspot_img

ലേഖനം
അലീന
ചിത്രീകരണം : സുബേഷ് പത്മനാഭൻ

അമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി. മതഗ്രന്ഥങ്ങളും നാടോടിക്കഥകളും ഐതീഹ്യങ്ങളും തുടങ്ങി പുതിയ കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി വരെ പല രൂപത്തിലും ഭാവത്തിലും യക്ഷികൾ എത്തുന്നുണ്ട്. ചൊൽക്കഥകളിലെ യക്ഷൻ്റെ സ്ത്രീരൂപമായ യക്ഷി, മലയാള സിനിമ ലോകത്ത് പ്രതിഷ്ഠ നേടിയത് പരേതാത്മാവിൻ്റെ രൂപത്തിലായിരുന്നു. പ്രത്യേകതരം വസ്ത്രം, നീണ്ട നഖങ്ങൾ, പുറത്തെടുക്കാവുന്ന കൂർത്ത ദംഷ്ട്രകൾ, രക്തപാനം, രാത്രി സഞ്ചാരം എന്നിങ്ങനെ പാശ്ചാത്യ ഫോക് ലോറിൻ്റെ ഭാഗമായ വാംപയറിനെ (vampire) അനുസ്മരിപ്പിക്കും വിധമായിരുന്നു യക്ഷിയുടെ പ്രത്യേകതകൾ. കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന അറിവുകൾ, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ആവിർഭാവം തുടങ്ങി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയും വ്യാപ്തിയും വരെ സ്വാധീനിച്ചിട്ടുള്ളതാണ് യക്ഷി സങ്കല്പത്തിന്റെ പരിണാമം. മലയാള സിനിമകളിലെ യക്ഷലോകത്തേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

മലയാള സിനിമ അവതരിപ്പിച്ചിട്ടുള്ള സ്ത്രീ വില്ലൻ കഥാപാത്രങ്ങളുടെ ഒരു പ്രധാനപങ്ക് യക്ഷികൾക്കുണ്ട്. നിഷ്കളങ്കയും സാമാന്യ ജീവിതം നയിച്ചു പോന്നവളുമായ ഒരു പെൺകുട്ടിയെ ഒരു ബാഹ്യശക്തി, മിക്കവാറും ഒരു പുരുഷൻ, തകർക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. യക്ഷിയായി ഉയർത്തെഴുന്നേൽക്കുന്ന അവൾ പിന്നീട് ദേഷ്യം, പ്രതികാരം എന്നിങ്ങനെ പരിമിത വികാരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു വൺ ഡയമെൻഷണൽ കഥാപാത്രം ആയി മാറുന്നു. ആകാശഗംഗ(1999), ഇന്ദ്രിയം(2000), വെള്ളിനക്ഷത്രം(2004), പകൽപ്പൂരം(2002), ഈ ഭാർഗവീനിലയം(2002) എന്നിങ്ങനെയുള്ള സിനിമകളിലെ യക്ഷികൾ ഉദാഹരണം.
മരണത്തിന് മുൻപ് അവൾ എന്തായിരുന്നു എന്നത് അവളുടെ പ്രേതജന്മത്തെ ഒരു രീതിയിലും ബാധിക്കുന്നില്ല. ആ പെൺകുട്ടി നേരിട്ട ട്രോമയുടെ, ചതിയോ ബലാത്സംഗമോ കൊലപാതകമോ, മരവിച്ച ഓർമ്മയുടെ നേർത്ത രേഖാചിത്രം മാത്രമാണ് യക്ഷി. മറ്റൊരർത്ഥത്തിൽ, Post Traumatic Stress Disorder ൻ്റെ സൂപ്പർ നാച്ചുറൽ ആൾരൂപം. മാനുഷിക മൃദുല വികാരങ്ങളായ സ്നേഹം, പ്രണയം, ദയ, കരുണ എന്നിവ അനുഭവിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവൾക്ക് ശമനം ആവശ്യമാണ്. തന്നോട് തെറ്റു ചെയ്ത ആളുകളുടെ സമ്പൂർണ്ണനാശം മാത്രമാണ് അവൾക്ക് ശാന്തി നൽകുന്നത്. ആ പ്രതികാരവാഞ്ജയാണ് അവളെ അപകടകാരി ആക്കുന്നത്. “പ്രേതാത്മകത ഒരു ബദൽ പരമാധികാരം ആണ്” എന്ന് കെ. രാജൻ “പ്രേതം, വില്ലൻ, സർപ്പസുന്ദരി” എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകൾ, കീഴാളർ മുതലായ അധികാരത്തിൽ പങ്കില്ലാത്തവർക്ക് മരണശേഷം മാത്രം ലഭിക്കുന്ന ശക്തിയാണത്.

Femme Fatale എന്ന ഫ്രഞ്ച് വാക്കിന്റെ അർത്ഥം അപകടകാരിയായ സ്ത്രീ എന്നാണ്. സൗന്ദര്യം, ആകർഷണീയത, ലൈംഗികത എന്നിവ കൊണ്ട് ഇരകളെ കീഴ്പ്പെടുത്തുകയാണ് പരമ്പരാഗത femme fatale ചെയ്യുന്നത്. ഫോക് ലോറിലെ യക്ഷിയുടെ പ്രധാന ആയുധം അവളുടെ അമാനുഷിക സൗന്ദര്യമാണ്. രാത്രിയിൽ ഒറ്റപ്പെട്ട പുരുഷന്മാരെ ചുണ്ണാമ്പ് ചോദിച്ചു വശീകരിച്ച് കരിമ്പനയിലെ മായാവീട്ടിൽ കൊണ്ടുപോയി ഭക്ഷണമാക്കുകയാണ് അവർ ചെയ്യുന്നത്. സിനിമയിലെ യക്ഷിയും പുരുഷന്മാർക്കു നേരേ സൗന്ദര്യത്തെയും സ്വന്തം ലൈംഗികതയെയും പ്രയോഗിക്കാറുണ്ട്. വിനയൻ സംവിധാനം ചെയ്ത “ആകാശഗംഗ”യിൽ യക്ഷിയായ ഗംഗ കുളിക്കടവിൽ കുളിക്കുന്ന ഒരു വാല്യക്കാരിയുടെ രൂപത്തിൽ രാമ വർമ്മ തമ്പുരാൻ എന്ന ബ്രഹ്മചാരിയെ വശീകരിച്ച് അപകടത്തിൽ പെടുത്താൻ ശ്രമിക്കുന്നുണ്ട്. കുളിക്കടവിലെ തുറസ്സായ സ്ഥലത്ത് അർദ്ധനഗ്നയായി കുളിക്കുന്ന താഴ്ന്നജാതിക്കാരിയായ സ്ത്രീ, അധികാരമുള്ള മേൽജാതിക്കാരനായ പുരുഷന്റെ മുന്നിൽ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയാണ് യക്ഷി വളരെ വിദഗ്ധമായി ആയുധവത്കരിക്കുന്നത്. ഇതേ ദൃശ്യം രാജസേനൻ്റെ “മേഘസന്ദേശം”(2001) എന്ന സിനിമയിലും കാണാം. കുളിക്കടവിലെ യക്ഷിയെ കണ്ട് ഏതോ ആദിവാസി യുവതി എന്ന് തെറ്റിദ്ധരിച്ചാണ് പുരുഷകഥാപാത്രം സമീപിക്കുന്നത്. അതേ സമയം ഫാസിലിന്റെ “മണിച്ചിത്രത്താഴ്”(1993) എന്ന സിനിമയിൽ യക്ഷിയായ രോഗി മഹാദേവൻ്റെ സൽപ്പേര് നശിപ്പിക്കാനും അയാളുടെ വിവാഹം മുടക്കാനും ഉപയോഗിക്കുന്നത് സവർണസ്ത്രീയായ ഗംഗയുടെ അഭിമാനവും അവർ ഗോപ്യമായി സൂക്ഷിക്കേണ്ടിയിരിക്കുന്ന ലൈംഗികതയുമാണ്.

സൗന്ദര്യവും ലൈംഗികതയും സിനിമയിലുടനീളം പ്രയോഗിച്ച് ഏറെക്കുറെ വിജയിച്ചത് അനിൽ ബാബു സംവിധാനം ചെയ്ത “പകൽപ്പൂരം” സിനിമയിലെ ബ്രഹ്മദേശത്തെ യക്ഷിയാണ്. തനിക്ക് പ്രതികാരം ചെയ്യാനുള്ള നായക കഥാപാത്രത്തെ പ്രണയത്തിൽ അകപ്പെടുത്താൻ കൂടി ആ യക്ഷിക്ക് കഴിഞ്ഞു. ബ്രഹ്മദേശത്തെ യക്ഷിയെ രണ്ടു പ്രാവശ്യം തളക്കാനും പ്രയോഗിക്കപ്പെട്ടത് മറ്റ് മനുഷ്യസ്ത്രീകളുടെ ലൈംഗികത ആയിരുന്നു. അതിലൊരാളെ നായക കഥാപാത്രത്തിന്റെ അച്ഛൻ കണ്ടു മുട്ടിയത് കുളിക്കടവിൽ വെച്ച് ആയതും യാദൃശ്ചികമല്ല.

Femme Fatale യക്ഷികളുടെ കഥയിൽ ഉടനീളം കാണാൻ കഴിയുന്നത് സ്ത്രീ സ്വന്തം ശരീരത്തെയും ലൈംഗികതയെയും നിയന്ത്രിക്കുന്നതിൽ ഭയചകിതരാകുന്ന പുരുഷന്മാരുടെ ആകുലതകളാണ്. സ്ത്രീകൾ അനുഭവിക്കുന്ന അനീതി, തുടർന്നുണ്ടാകുന്ന ട്രോമ, അതിനെ മറികടക്കാൻ അണിയുന്ന ക്രൂരതയുടെ ആവരണം എന്നിങ്ങനെ ഒരു ഫോർമുലയാണ് ഇത്തരം സിനിമകൾ പിന്തുടരുന്നത്.

“ആസക്തി ഉടൽപൂണ്ട” യക്ഷി

നരേന്ദ്രപ്രസാദിൻ്റെ “സൗപർണിക” എന്ന നാടകത്തിൽ ആസക്തി ഉടൽ പൂണ്ടതാണ് യക്ഷി എന്ന് ആവർത്തിച്ചു പറയുന്നുണ്ട്. അതിലെ യക്ഷിയായ സൗപർണിക തന്റെ പൂർവ്വകാലത്തിൽ പുരുഷന്മാരെ കൊന്നു രക്തം കുടിച്ച്, അനേകം കുടുംബങ്ങളെ അനാഥമാക്കിയിരുന്നു. പിന്നീട് അവളെ ബാധിച്ച ആസക്തി ഒരു മനുഷ്യസ്ത്രീ ആകുക എന്നതായിരുന്നു. അവളുടെ ആഗ്രഹം എന്ത് തന്നെയായാലും അതിന് വലിയ വില കൊടുക്കേണ്ടി വന്നത് സമൂഹമാണ്, പ്രത്യേകിച്ച് പുരുഷന്മാർ. സ്ത്രീയുടെ ആസക്തിയെ, അത് സൗന്ദര്യമോ പണമോ പ്രശസ്തിയോ ലൈംഗികതയോ എന്തുമായിക്കൊള്ളട്ടെ, പൈശാചികവത്കരിക്കുന്നതിൻ്റെ അനന്തരഫലമാണ് ആസക്തി ഉടൽ പൂണ്ട യക്ഷികൾ.

മനുഷ്യനായിരുന്നപ്പോൾ ഏറെ ആഗ്രഹിച്ചിട്ടും നിവർത്തിക്കാൻ സാധിക്കാതെ മരിച്ചുപോയ ഒന്നിനു വേണ്ടി സ്ത്രീ യക്ഷിയായി പുനർജനിക്കുകയാണ് ഇത്തരം സിനിമകളിൽ. പക്ഷേ തൻ്റെ അസ്തിത്വത്തെ ബാധിക്കുന്ന നിയമങ്ങൾ മാറി മറിഞ്ഞത് തിരിച്ചറിയാൻ യക്ഷിക്ക് സാധിക്കുന്നില്ല. മറ്റൊരു തലത്തിൽ നിൽക്കുന്ന യക്ഷിയും മാനുഷിക തലത്തിൽ പൂട്ടപ്പെട്ട ആഗ്രഹം ജനിപ്പിക്കുന്ന വസ്തുവോ വ്യക്തിയോ. സ്വത്വങ്ങളെ വേർതിരിക്കുന്ന അതിർവരമ്പ് ലംഘിക്കാൻ കഴിയാത്തത് യക്ഷിയെ അസ്വസ്ഥതപ്പെടുത്തുകയും പിന്നീട് പ്രകോപിപ്പിക്കുകയും ചെയ്യുന്നു. യക്ഷിയുടെ ക്രോധത്തിന് ഇരയായി പുരുഷന് മാത്രമല്ല, അവൻ്റെ കുടുംബത്തിനും അത്യാഹിതം സംഭവിക്കുന്നു. “മേഘസന്ദേശം” ഈ ഫോർമുല പിന്തുടരുന്ന ഒരു സിനിമയാണ്. ഇതേ ഫോർമുലയാണ് രാമൻ്റെയും ശൂർപ്പണഖയുടെയും കഥക്കും. ശൂർപണഖയെപ്പോലെ “മേഘസന്ദേശ”ത്തിലെ യക്ഷി റോസിയും അന്യകുലത്തിൽ പെട്ട ആളാണ്. ചേരാത്തത് തമ്മിൽ ചേർന്നാലുണ്ടാകുന്ന അനിഷ്ടങ്ങളെപ്പറ്റി “സൗപർണിക”യിലെ മുത്തച്ഛൻ കാര്യമായി ഉപദേശിക്കുന്നുണ്ട്. മണിച്ചിത്രത്താഴിലെ പ്രതികാരവും ആസക്തിയും ചേർന്ന് യക്ഷിയായ അപരസ്ത്രീ നാഗവല്ലിയാണ് മാടമ്പള്ളി തറവാട്ടിൽ തലമുറകളായി നാശം വിതയ്ക്കുന്നത്. സ്ത്രീകളുടെ തൃഷ്ണ, പ്രത്യേകിച്ചും അന്യകുലങ്ങളിൽ പെട്ട അപരസ്ത്രീകളുടെ തൃഷ്ണ അപകടം നിറഞ്ഞതാണെന്നും അവരുടെ നിയന്ത്രണംവിട്ട ലൈംഗികതയാണ് നായകകഥാപാത്രങ്ങളുടെ നഷ്ടങ്ങൾക്ക് കാരണം എന്നുമാണ് ഇത്തരം സിനിമകൾ നിർദ്ദേശിക്കുന്നത്.

ആസക്തി ഉടൽ പൂണ്ട മറ്റൊരു ആത്മാവാണ് സിബി മലയിൽ സംവിധായകനായ “ദേവദൂതൻ”(2000) എന്ന ചിത്രത്തിലെ മഹേശ്വർ. വിവാഹം നിശ്ചയിച്ചതിനു ശേഷം കൊല ചെയ്യപ്പെട്ട അയാളുടെ പ്രേതം താൻ പ്രണയിച്ച ആഞ്ജലീന എന്ന അലീനയെ പിന്തുടരുകയാണ്. പക്ഷേ പുരുഷനായതിനാൽ പെൺപ്രേതങ്ങളുടെ ആസക്തിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ആകുലതകളൊന്നും മഹേശ്വറിനെ ബാധിക്കുന്നില്ല. അയാളുടെ പ്രണയവും മടങ്ങിവരവും കാത്തിരിപ്പുമെല്ലാം വളരെ നിഷ്കളങ്കമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു തലത്തിലായതിൻ്റെ അസ്വസ്ഥതകളോ പ്രകോപനങ്ങളോ അയാൾക്കില്ല എന്നു മാത്രമല്ല അതിനോടൊപ്പം പരേതാത്മാക്കളുടെ ഏകാന്തതയും കോപവും പ്രതിഫലിക്കുന്നത് ജീവനോടിരിക്കുന്ന അയാളുടെ കാമുകിയിലാണ് എന്നതും ശ്രദ്ധേയമാണ്. മരിക്കുന്നതിനു മുൻപേ നിർജ്ജീവമായ, യക്ഷികളുടെ പൊതുസ്വഭാവങ്ങളുള്ളയാളാണ് കാമുകി. ചിത്രത്തിലെ “എൻ ജീവനേ” എന്ന ഗാനം പതിറ്റാണ്ടുകളായി യക്ഷികളുടെ വേദനയും ഏകാന്തതയും അടയാളപ്പെടുത്താൻ അവർ പാടുന്ന പാട്ടുകളോട് വളരെ സമാനമാണ്. മടങ്ങി വരാത്ത കാമുകനെയോർത്ത് കന്യകയായി തുടരുന്നുമുണ്ട് ആ കാമുകി. അവൾ മറ്റൊരു പ്രണയബന്ധമോ കുടുംബജീവിതമോ ആഗ്രഹിക്കുന്നില്ല. എന്നാൽ സമാന ഫോർമുലയുള്ള കഥകളിൽ പുരുഷൻ നായകനാകുമ്പോൾ അയാൾക്ക് പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. യക്ഷിയുടെ ആസക്തി അവിടെ അധികപ്പറ്റാണ്. ഇതേ കാര്യം സ്ത്രീയാണ് ചെയ്യുന്നതെങ്കിൽ അവൾ വില്ലനാകുകയും പ്രേതത്തിന്റെ പ്രതികാരം ന്യായീകരിക്കപ്പെടുകയും ചെയ്യും. സ്ത്രീ കഥാപാത്രങ്ങളുടെ പ്ലോട്ട് റോളുകൾ പുരുഷനോടുള്ള അവരുടെ ബന്ധത്തെ ആശ്രയിച്ചാണ് മുമ്പോട്ടു പോകുന്നത്. തിരഞ്ഞെടുപ്പിൻ്റെ സ്വാതന്ത്ര്യം എന്നും പുരുഷകഥാപാത്രങ്ങളിൽ നിക്ഷിപ്തമാണ്.

സുഹൃത്തായ, സഹായിയായ യക്ഷി

പ്രത്യക്ഷത്തിൽ അപകടകാരികൾ അല്ലാത്ത ചില യക്ഷികളെ എങ്കിലും മലയാള സിനിമ അവതരിപ്പിച്ചിട്ടുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി(1998), പപ്പയുടെ സ്വന്തം അപ്പൂസ്(1992), വിസ്മയത്തുമ്പത്ത്(2004) എന്നിവ ഉദാഹരണം. ഇതിൽ അവസാനത്തേത് ഒഴികെ, തന്നെക്കാൾ പ്രായം കുറഞ്ഞ, അല്ലെങ്കിൽ മുതിർന്നിട്ടില്ലാത്ത ഒരു വ്യക്തിയുടെ സഹായിയായാണ് യക്ഷി പ്രത്യക്ഷപ്പെടുന്നത്. പാശ്ചാത്യ ഫോക് ലോറിലെ “ഫെയറി ഗോഡ്മദറി”നോട് സദൃശ്യമാണ് ഇവരുടെ പ്രത്യേകതകൾ. ചെറുപ്പം മുതൽ സംരക്ഷിക്കുക, പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കുക, ചെറുപ്പത്തിൻ്റെ സഹജമായ വ്യാകുലതകൾ തരണം ചെയ്ത് മുതിരാൻ പ്രാപ്തരാക്കുക എന്നിവയൊക്കെയാണ് ഒരു ഫെയറി ഗോഡ്മദറിൻ്റെ ചുമതലകൾ. മിക്കപ്പോഴും ഒരു അപര അമ്മസങ്കല്പവുമാണത്.
എം.ടി വാസുദേവൻ്റെ കഥയിൽ നിന്നും ഹരിഹരൻ സംവിധാനം ചെയ്ത “എന്ന് സ്വന്തം ജാനകിക്കുട്ടി”യിലെ ജാനകിയുടെ ജീവിതത്തിൽ അവളുടെ സ്വന്തം അമ്മയുടെയും മറ്റ് മുതിർന്ന സ്ത്രീകളുടെയും ഇടപെടലുകൾ വളരെ പരിമിതമാണ്. പലപ്പോഴും സഹായാഭ്യർത്ഥനയുമായി ചെല്ലുന്ന നായികക്ക് അവരിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല. ആരോടും പങ്കു വെക്കാൻ കഴിയാതിരുന്ന ഒരു പ്രതിസന്ധിയുടെ മുഖത്താണ് കുഞ്ഞാത്തോൽ എന്ന യക്ഷി രൂപം കൊള്ളുന്നത്. “പാർവണ പാൽമഴ” എന്ന പാട്ടിലൂടെ ഒരുപാട് സഹായ വാഗ്ദാനങ്ങളും യക്ഷി അവൾക്ക് നൽകുന്നുണ്ട്. എന്നാൽ ആ സഹായം അക്ഷരാർത്ഥത്തിൽ അനിവാര്യമായപ്പോൾ അതൊന്നും ചെയ്യാൻ കഴിയാതെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനാണ് കുഞ്ഞാത്തോൽ ജാനകിയെ പ്രേരിപ്പിക്കുന്നത്. അവസാനം ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ അംഗീകരിച്ച് ജാനകി മുതിരുമ്പോൾ കുഞ്ഞാത്തോൽ വിട പറയുന്നു.
ഫാസിലിന്റെ “പപ്പയുടെ സ്വന്തം അപ്പൂസ്” എന്ന സിനിമയിലും മുതിർന്നവരുടെ ക്രിയാത്മകമായ ഇടപെടൽ ഇല്ലാതെ വളരുന്ന കുട്ടിയുടെ കോപ്പിങ് മെക്കാനിസമായാണ് “യക്ഷി” അവതരിക്കുന്നത്. ചില വീഡിയോ ഫൂട്ടേജുകളെ ആസ്പദമാക്കി സ്വന്തം അമ്മയെക്കുറിച്ചുള്ള കുട്ടിയുടെ സങ്കല്പങ്ങളുടെ പ്രൊജക്ഷനാണവ. അമ്മയുടെ ജീവനെടുത്ത അതേ അസുഖം തന്നെ പിന്നീട് കുട്ടിയെയും ബാധിക്കുമ്പോൾ “പിള്ള ദോഷം കളയാൻ നൂറ് പുള്ളോൻകുടം” നേരുന്ന അമ്മയെ നമുക്ക് മനസിലാകും. സ്പീഡ് ബോട്ടിൽ അച്ഛനോടും കൂട്ടുകാരിയോടുമൊപ്പം പോകുമ്പോൾ പ്രത്യക്ഷപ്പെടുന്ന അമ്മ കുട്ടിയുടെ സങ്കല്പങ്ങളിലെ ചിരിക്കുന്ന, പാട്ട് പാടി നൃത്തം ചെയ്യുന്ന, നിറമുള്ള സാധാരണ വസ്ത്രങ്ങൾ ധരിക്കുന്ന അമ്മയിൽ നിന്നും വളരെ വ്യത്യസ്ത ആയിരുന്നു. വെള്ള വസ്ത്രം ധരിച്ച്, പാറിപ്പറന്ന മുടിയുമായി വെള്ളത്തിന്റെ മീതെ നടന്നു വന്ന അമ്മയുടെ മുഖം നിറയെ വേദനയും വിഷാദവുമായിരുന്നു. കുട്ടി സുരക്ഷിതമായ കരങ്ങളിൽ ആണെന്നും കുട്ടിയെ സ്നേഹിക്കുന്ന പുതിയ കുടുംബമുണ്ടെന്നും മനസിലാക്കി അമ്മ പിൻവാങ്ങുന്നു.
ഫാസിലിന്റെ തന്നെ “വിസ്മയത്തുമ്പത്ത്” എന്ന സിനിമ ഇതിനെ മറിച്ചിടുകയാണ് ചെയ്യുന്നത്. അതിൽ സഹായം ആവശ്യമുള്ള മുതിരാത്ത പെൺകുട്ടി യക്ഷിയും സഹായിക്കാൻ കെൽപ്പുള്ള മുതിർന്ന വ്യക്തി പുരുഷനുമാണ്.

കുറ്റാന്വേഷണ സിനിമകളിലെ യക്ഷി

ഒരു യക്ഷിക്കഥയുടെ കെട്ടിലും മട്ടിലുമാണ് കെ. മധു സംവിധാനം ചെയ്ത “നേരറിയാൻ സിബിഐ”(2005) എന്ന സിനിമ തുടങ്ങുന്നത്. മരണം നടന്ന വീട്ടിലെ ചില സ്ഥലങ്ങളിൽ എന്തോ ഒരു അദൃശ്യ സാന്നിദ്ധ്യം പലർക്കും അനുഭവപ്പെടുന്നു. പോലീസ് നായ ആ മൂലയിൽ നോക്കി നിർത്താതെ കുരക്കുന്നു. മാന്ത്രികൻ കാപ്ര അതേ സ്ഥലത്ത് നോക്കി അസ്വസ്ഥനാകുന്നു. കേസ് അന്വേഷിക്കാൻ എത്തുന്ന സേതുരാമയ്യർ ആ പ്രതിഭാസത്തെക്കുറിച്ച് പിന്നീട് സംസാരിക്കുന്നുണ്ട്. മരണപ്പെട്ട വ്യക്തിയുടെ ആത്മാവിന്റെ ചില കണങ്ങൾ മരണം നടന്ന സ്ഥലത്ത് തങ്ങിനിൽക്കുമെന്നും ചിലർക്ക് അതിന്റെ സാന്നിധ്യം അനുഭവപ്പെടാൻ കഴിയും എന്നുമാണ് ആ വിശദീകരണം. കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന ഡോ. മുരളീകൃഷ്ണയുടെ “മരണത്തിനപ്പുറം ജീവിതമുണ്ടോ?” എന്ന പുസ്തകം ഇതേ വീക്ഷണം തെളിയിക്കാൻ പരിശ്രമിക്കുന്നുണ്ട്. ഈ ആശയത്തെ പല തരത്തിൽ നീട്ടിയും കുറുക്കിയുമെടുത്താണ് മലയാളത്തിലെ സൂപ്പർ നാച്ചുറൽ രൂപഭാവങ്ങളുള്ള കുറ്റാന്വേഷണ കഥകൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അപസർപ്പക കഥകളിലെ മുറുകിയ ഘടന ഇല്ലെങ്കിലും ഇതേ ഫോർമുല പിന്തുടരുന്ന സിനിമകളാണ് മരണകാരണത്തിലേക്കുള്ള അന്വേഷണം എന്ന നിലയിൽ ഭാർഗവി നിലയം(1964), ആയുഷ്കാലം(1992) എന്നിവ.

സാമുവൽ ടെയ്‌ലർ കോളറിഡ്ജ് ആവിഷ്കരിച്ച “suspension of disbelief” അഥവാ അവിശ്വാസത്തിന്റെ ബോധപൂർവ്വമായ ഒഴിവാക്കൽ ഏറ്റവുമധികം ആവശ്യപ്പെടുന്ന യക്ഷിക്കഥകൾ ഈ ഫോർമുലയിൽ നിർമ്മിച്ചതാണ്. കാരണം കുറ്റാന്വേഷണത്തിൻ്റെ അയവില്ലാത്ത യുക്തിബോധത്തെ സൂപ്പർ നാച്ചുറൽ സങ്കല്പവുമായി സംയോജിപ്പിക്കുന്നത് പരമ്പരാഗത യക്ഷിക്കഥകളെക്കാൾ വെല്ലുവിളികൾ നിറഞ്ഞതാണ്. പരേതാത്മാവിൻ്റെ കുറച്ചു കൂടി ആധുനിക വ്യാഖ്യാനങ്ങൾ കോൾഡ് കേസ്(2021), ചതുർമുഖം (2021) എന്നീ പുതിയ സിനിമകൾക്കുണ്ട്.

കുറ്റാന്വേഷണ സിനിമകളിലെ പ്രേതങ്ങൾ മറ്റ് പ്രേതങ്ങളെ അപേക്ഷിച്ച് കുറച്ചെങ്കിലും മാനുഷികതയോ വ്യക്തിത്വമോ നിലനിർത്താറുണ്ട്. “ആയുഷ്കാലം” സിനിമയിലെ എബി മരണശേഷവും കുടുംബത്തോട് സ്നേഹവും കടപ്പാടും സ്വന്തം കുഞ്ഞിനോട് വാത്സല്യവും കാണിക്കുന്നു. എബിയുടെ ഹൃദയം സ്വീകരിച്ച ബാലകൃഷ്ണനും അതേ സഹവർത്തിത്വം അനുഭവിക്കുന്നു.
മറ്റ് സിനിമകളിലും ഇതേപോലെ അകാരണമായ കോപമോ വയലൻസോ ഒന്നും ഇവർ മനുഷ്യർക്ക് നേരേ അഴിച്ചുവിടാറില്ല. കുറ്റാന്വേഷണത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന യുക്തിയുടെ ചില അംശങ്ങൾ എങ്കിലും കഥാപാത്രങ്ങളായ യക്ഷികളും പങ്കിടുന്നു.
പ്രേതാവേശിതരുടെ അമർച്ച ചെയ്യപ്പെട്ട പെൺകോപം
പ്രേതങ്ങളോടുള്ള ഭയത്തിന്റെ ചരിത്രത്തിൻ്റെ അത്രയും തന്നെ പഴക്കമുണ്ട് ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനിൽ ആവേശിക്കാനുള്ള അവരുടെ ശക്തിയോടുള്ള ഭയം. ഇത് കേവലം സ്വന്തം ശരീരത്തിന്റെ പരമാധികാരം (body autonomy) നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആകുലതകൾ മാത്രമല്ല, മറിച്ച് ആ ശരീരം സമൂഹത്താൽ അഭ്യസിക്കപ്പെട്ട മൂല്യങ്ങൾ കൈവെടിയുമോ എന്ന ഭയം കൂടിയാണ്. ഇങ്ങനെ തികച്ചും അപരമായതും, പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തതുമായ മറ്റൊരു ലോകത്തെ കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായരായ അനേകം മനുഷ്യരുടെ കഥകളാണ് മലയാളത്തിലെ പ്രേതസിനിമകൾ. ഓഴ്സൺ സ്കോട്ട് കാർഡ് തൻ്റെ “ഇലമെൻ്റ്സ് ഓഫ് ഫിക്ഷൻ റൈറ്റിങ്” എന്ന പുസ്തകത്തിൽ നമ്മുടെ അതേ യാഥാർത്ഥ്യങ്ങളിൽ ജീവിക്കാത്ത മനുഷ്യരോട് നമുക്ക് ഭയമാണ് എന്ന് നിരീക്ഷിക്കുന്നുണ്ട്. ഇതേ ഭയമാണ് പ്രേതാവേശിതരായ സ്ത്രീകളോട് നമുക്ക് തോന്നുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട “മലേയസ് മലേഫിക്കാറം” എന്ന സ്ത്രീവിരുദ്ധ ഗ്രന്ഥം സ്ത്രീകളുടെ പലതരത്തിലുള്ള ദൗർബല്യങ്ങൾ അവരെ പിശാചുബാധക്ക് അനുയോജ്യരായ ഇരകളാക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. ഇതേ മനോഭാവം പിന്തുടരുന്നതുകൊണ്ടാവാം ഇപ്പോഴും ഭൂതപ്രേതബാധകൾ ഏൽക്കുന്നവർ കൂടുതലും സ്ത്രീകളാകുന്നത്.

മാനസികവിഭ്രാന്തിയുടെയും പ്രേതബാധയുടെയും അതിർവരമ്പുകൾ മലയാളി സമൂഹത്തിൽ ഇന്നും പൂർണ്ണമായി മാഞ്ഞിട്ടില്ല. രണ്ടിനെക്കുറിച്ചും പാതിവെന്ത അഭിപ്രായങ്ങൾ പങ്കുവെച്ച സിനിമയാണ് “മണിച്ചിത്രത്താഴ്”. ഇതിലെ നായിക ഗംഗ പലപ്പോഴായി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാറി മാറി പറിച്ചു നടപ്പെട്ടവളാണ്. അവസാനം ഭർത്താവായ നകുലനോടൊപ്പം പല പഴങ്കഥകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരിക്കുന്ന തറവാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു. അവിടുത്തെ അയൽവാസി താൻ ഏറെ ആരാധിക്കുന്ന എഴുത്തുകാരൻ മഹാദേവനാണ്. അയാൾ ബന്ധുവായ അല്ലിയെ വിവാഹം കഴിക്കാൻ പോകുന്നു. മാത്രമല്ല, ഭർത്താവായ നകുലനുമായി വിവാഹാലോചന വരെ എത്തിയ മുറപ്പെണ്ണ് ശ്രീദേവി വീട്ടിലും പരിസരത്തും സ്ഥിരസാന്നിധ്യവുമാണ്. ഇതിലപ്പുറം ഗംഗയെക്കുറിച്ച് നമ്മൾ അറിയുന്നത് സൈക്യാട്രിസ്റ്റ് ഡോ. സണ്ണിയിലൂടെയാണ്. ശ്രീദേവി കൂടെയുള്ളത് ഗംഗക്ക് ഒരു പ്രശ്നമേയല്ല എന്നാണ് സണ്ണിയുടെ ഭാഷ്യം. എന്നാൽ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിട്ട് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗംഗക്ക് ഉണ്ടോ എന്നത് ചിന്തനീയമാണ്. ഇത്തരം സാഹചര്യങ്ങളിൽ വളരെ സ്വാഭാവികമായി തോന്നേണ്ട ദേഷ്യവും അമർഷവും നാഗവല്ലിയിലൂടെയും ഡിസോസിയേറ്റീവ് ഐഡൻ്റിറ്റി ഡിസോർഡർ എന്ന വളരെ സങ്കീർണമായ മനോരോഗത്തിൻ്റെയും പരസരങ്ങളിലൂടെ മാത്രമാണ് ആവിഷ്കരിക്കാൻ നായികക്ക് അനുവാദമുള്ളത്. തനിക്ക് അമിതാരാധനയുള്ള എഴുത്തുകാരൻ്റെ കാമുകിയെ പൂട്ടി ഇടുന്നതും, ഭർത്താവിന്റെ മുറപ്പെണ്ണിനെ ഭ്രാന്തിയാക്കുന്നതും ഒടുക്കം ഭർത്താവിനെ തന്നെ കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ കുലവധുവായ ഗംഗക്ക് ഭൂഷണമല്ലല്ലോ, എന്നാൽ അപരസ്ത്രീയും ആട്ടക്കാരിയുമായ നാഗവല്ലിക്ക് കഴിയും. എന്നിരുന്നാലും ഭാര്യയെ സംശയമോ ഭാര്യയോട് ദേഷ്യമോ, ഭാര്യയുടെ ഉള്ളതോ ഇല്ലാത്തതോ ആയ കാമുകനോട് വെറുപ്പോ ഉള്ള പുരുഷനെ സംബന്ധിച്ചിടത്തോളം അതൊക്കെ എത്രയും ആക്രമണോത്സുകതയോടെ പ്രകടിപ്പിക്കാൻ തീർത്തും സുബോധാവസ്ഥയിലും കഴിയും. പിതൃമേധാവിത്വ സമൂഹത്തിൽ പുരുഷന്റെ കോപത്തിനും അതിന്റെ പ്രകടനപരതക്കും വിശാലമായ ഇടങ്ങളുണ്ട്. സാഹചര്യങ്ങളുടെ ഇരയായല്ല ഗംഗയെ അവതരിപ്പിക്കുന്നത്, പിതൃമേധാവിത്വത്തിൻ്റെ സൗജന്യങ്ങൾ അനുഭവിക്കുന്ന ഭർത്താവിനോടുള്ള ഗംഗയുടെ കോപം അതേ സൗജന്യങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ട മറ്റൊരു സ്ത്രീയുടെ ഓർമ്മയിൽ പൊതിഞ്ഞാണ് അവതരിപ്പിക്കപ്പെടുന്നത്. ഭർത്താവിനെ കൊലപ്പെടുത്തുന്ന മാർട്ടിസൈഡിൻ്റെ ഭവിഷ്യത്തുകളിൽ നിന്നും നാഗവല്ലി ഗംഗയെ രക്ഷിക്കുന്നു. വളരെയധികം അമർച്ച ചെയ്യപ്പെട്ട ഗംഗയുടെ കോപത്തിന് ഒരു തുറവിയാണ് നാഗവല്ലിയുടെ കെട്ടുകഥ, ഡോ. സണ്ണിയുടെ രോഗനിർണ്ണയവും. പിന്നീട് അപകടകാരിയായ അപര സ്ത്രീയിൽ നിന്നും ഗംഗയെ മോചിപ്പിക്കുന്നതോടെ പ്രശ്നങ്ങൾക്കെല്ലാം വിരാമമാകുന്നു.

ഗംഗയെ അറിയുന്ന അത്രയും മറ്റൊരു പ്രേതാവേശിതയെയും കുറിച്ച് നമുക്ക് അറിയില്ല. ഉദാഹരണത്തിന് “വെള്ളിനക്ഷത്രം” സിനിമയിലെ ഇന്ദുവും “ആകാശഗംഗ”യിലെ ഡെയ്സിയും യക്ഷികൾക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ജൈവ വാഹനങ്ങൾ എന്ന നിലയിൽ മാത്രമാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ രണ്ട് കഥാപാത്രങ്ങളിലും സ്ഥാപനവത്കരിക്കപ്പെട്ട വ്യവസ്ഥിതികളോടുള്ള കലഹവും അടിച്ചമർത്തപ്പെട്ട കോപവും കാണാൻ സാധിക്കും. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രത്തിലെ ഇന്ദു സാമ്പത്തികമായി താഴ്ത്തപ്പെട്ട ഒരു കുടുംബത്തിലെ അംഗം ആണെന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. അവളുടെ കാമുകൻ, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്, അവരുടെ വിവാഹവും നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദു കൊട്ടാരത്തിലെ കുട്ടിയുടെ ആയയും പിന്നീട് ഡോക്ടറും ധനികനും ഉയർന്ന ജാതിക്കാരനുമായ വിനോദിന്റെ കാമുകിയും വധുവുമാകുന്നത്. ഇത്തരത്തിൽ ഒരു സോഷ്യൽ ലാഡർ കയറാൻ ഇന്ദുവിന് സാധിക്കുന്നത് കഴിഞ്ഞ ജന്മത്തിലെ ഇന്ദുമതിയുടെ കഥയിലൂടെയാണ്. “ഞാനൊരു പാവം ഗോപികയല്ലേ, മോഹിച്ചു പോയില്ലേ” എന്ന് പാടുന്നത് ഇന്ദുമതി എന്ന യക്ഷിയല്ല, ഇന്ദു എന്ന മനുഷ്യസ്ത്രീയാണ് എന്നത് വ്യക്തമാണ്. അവളുടെ സാമൂഹിക സാഹചര്യം കൊണ്ട് സ്വാഭാവികമായി സാധിക്കുന്നതിന് അപ്പുറം നേടിയെടുക്കാനുള്ള ഇന്ദുവിന്റെ പ്രയത്നവും കലഹവും ഈ സിനിമയുടെ പ്രധാന സബ്പ്ലോട്ടാണ്.

ഇതേ സാഹചര്യത്തിലൂടെയാണ് ആകാശഗംഗയിലെ ഡെയ്സിയും കടന്നുപോകുന്നത്. ഒരു യാഥാസ്ഥിതിക സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ അംഗം എന്ന നിലയിൽ ബ്രാഹ്മണ്യമാണ് അവൾക്ക് കയറാനുള്ള അടുത്ത പടി. ഗംഗ എന്ന പരേതാത്മാവിലൂടെ ഡെയ്സി കുടുംബത്തിലെ ആചാരങ്ങൾ തെറ്റിക്കുകയും ഹിന്ദുമതം അനുഷ്ഠിക്കാൻ ആരംഭിക്കുകയും അവസാനം വീടുവിട്ടിറങ്ങി മാണിക്യശ്ശേരി തറവാട്ടിലെ അനന്തരാവകാശി ഉണ്ണിയുടെ കാമുകിയും ഭാര്യയുമായി തീരുന്നു. ഇന്ദുവിനെ പോലെ ഡെയ്സിയും വിവാഹനിശ്ചയം കഴിഞ്ഞവളാണ്. ജെയിംസ് എന്ന ഒരു ക്രിസ്ത്യൻ യുവാവാണ് പ്രതിശ്രുത വരൻ. വിവാഹാലോചന നിരസ്സിക്കാനും വീടുവിട്ട് ഇറങ്ങിപ്പോകാനും ഡെയ്സിയെ പ്രാപ്തയാക്കുന്നത് പ്രേതബാധയാണ്. പ്രേമം നിരസ്സിക്കൽ, വീടുപേക്ഷിക്കൽ എന്നിവ പുരുഷന് വളരെ സ്വാഭാവികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. എന്നാൽ കഥയിലും സിനിമയിലും ജീവിതത്തിലും സ്ത്രീകളുടെ ഇത്തരം ചെയ്തികൾ അപമാനത്തിലും സാമൂഹിക ബഹിഷ്കരണത്തിലുമാണ് അവസാനിക്കുക. പ്രത്യേകിച്ചും വിവാഹത്തിലൂടെ സ്ത്രീകൾ സോഷ്യൽ ലാഡർ കയറുന്നത് ഗോൾഡ് ഡിഗ്ഗിംഗ് എന്ന പേരിൽ ഇന്നും പരിഹസിക്കപ്പെടുന്നു. ഇത്തരം തിക്താനുഭവങ്ങൾ ഒന്നും നേരിടാതെ പരോക്ഷമായി പ്രകടിപ്പിക്കാൻ മാത്രം അനുമതിയുള്ള പെൺകോപത്തിൻ്റെ സേഫ്റ്റി വാൽവാണ് പ്രേതബാധ.

എല്ലാ സ്ത്രീകളെയും പോലെ ഗംഗയും ഡെയ്സിയും ഇന്ദുവുമെല്ലാം പിതൃമേധാവിത്വ സമൂഹത്തിന്റെ കണ്ടീഷനിങ്ങിന് വിധേയരായി വളർന്നവരാണ്. നെഗറ്റീവ് എന്ന് കരുതപ്പെടുന്ന വികാരങ്ങൾ അമർത്തി വെക്കാനാണ് ഈ സമൂഹം അവരെ പഠിപ്പിച്ചിട്ടുള്ളത്. വികാരവിചാരങ്ങളുടെ തികച്ചും ആരോഗ്യകരമായ പ്രകടനം മാനസിക സൗഖ്യത്തിന് എത്രത്തോളം അനിവാര്യമാണ് എന്ന് നമ്മൾ അറിഞ്ഞു വരുന്നു. എന്നാൽ ഇതിനുള്ള സാഹചര്യങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് പെൺകോപം മറ്റൊരു genre ആയി വികസിക്കുന്നത്. പെൺകോപത്തെ സമൂഹം എന്ന നിലയിൽ നമ്മൾ എത്രത്തോളം സഹിക്കുന്നു, എങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നു എന്ന ചോദ്യം കൂടെ പ്രേതസിനിമകൾ ഉയർത്തുന്നുണ്ട്. പെൺലൈംഗികത, പ്രതികാരം, കോപം എന്നിവയുടെ ആൺനോട്ടം തന്നെയാണ് മലയാളത്തിൽ ഇന്നോളം ഇറങ്ങിയിട്ടുള്ള യക്ഷിക്കഥകൾ എന്ന കാര്യത്തിൽ സംശയമില്ലല്ലോ.

റെഫറൻസ്
1) രാജൻ,കെ. പ്രേതം വില്ലൻ സർപ്പസുന്ദരി: മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 2021

2) നരേന്ദ്രപ്രസാദ്, ആർ. സൗപർണിക. ഡിസി ബുക്സ്. 2015

3) മുരളീകൃഷ്ണ. മരണത്തിനപ്പുറം ജീവിതമുണ്ടോ? ഡിസി ബുക്സ്. 2018

4) “Biographia Literaria”. www.english.upenn.edu. Retrieved 20 March 2020.

5) Card, Orson Scott. Elements of Fiction Writing – Characters & Viewpoint. Writer’s Digest Books. 1999

6) Institoris, Heinrich, Jakob Sprenger, and Christopher S. Mackay. Malleus Maleficarum. Cambridge, UK: Cambridge University Press, 2006

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...