കോഴിക്കോട്ടെ വലിപ്പമുള്ള ചെറുപ്പം

0
590

ഫര്‍സീന്‍ അലി

കോഴിക്കോട്ടൊരു ചെറുപ്പമുണ്ട്‌, മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനങ്ങൾ ചെയ്യുന്ന, വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥികളിലൂടെ മുന്നോട്ട് പോവുന്ന ഒരു ചെറുപ്പം. നാടിന്റെ സ്വപ്നങ്ങൾക്ക്‌ ആകാശത്തോളം വലിപ്പമുള്ള ചിറക്‌ നൽകിയ ആ ചെറുപ്പമാണ് യംഗ്‌ എബുലിയന്റ്‌ സ്റ്റുഡന്റ്സ്‌ ഓഫ്‌ ഇന്ത്യ, അഥവാ യെസ്‌ ഇന്ത്യ.

യെസ്‌ ഇന്ത്യയുടെ കർമ്മവീഥിയിൽ പൊൻതൂവലായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലം. കോഴിക്കോട്‌ തീരദേശ മേഖലകളിൽ യെസ്‌ ഇന്ത്യ നടത്തുന്ന ‘അക്ഷരസമുദ്രം’ പ്രൊജക്റ്റിന്റെ കീഴിലുള്ള വിദ്യാർത്ഥികളുടെ വിജയത്തിൽ കടലോര ജനതക്കൊപ്പം  ആഹ്ലാദ നിമിഷത്തിലാണ് യെസ്‌ ഇന്ത്യ വളണ്ടിയർമാർ. കോഴിക്കോട്‌ തീരദേശ മേഖലയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ 2014ൽ യെസ് ഇന്ത്യ രൂപം കൊടുത്തിട്ടുള്ള പദ്ധതിയാണ് അക്ഷരസമുദ്രം പ്രൊജക്റ്റ്‌.

 

തീരദേശ മേഖലകളിലെ പത്താം തരം വിദ്യാർത്ഥികളെ കണ്ടെത്തി പഠന കാര്യങ്ങളിൽ കൃത്യമായ നിർദേശവും പരിശീലനവും നൽകി പഠനത്തിൽ മുൻനിരയിൽ എത്തിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം നിർത്തി പോവുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയുമാണ് പ്രൊജക്റ്റിന്റെ ലക്ഷ്യം. മലബാറിലെ വിവിധ കോളേജുകളിൽ വിദ്യാർത്ഥികളായ യെസ് ഇന്ത്യ അംഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച അക്ഷരസമുദ്രം വളണ്ടിയർമാരുടെ മെമ്പർഷിപ്പിലാണ് പ്രൊജക്റ്റ്‌ നടപ്പിൽ വരുത്തിയത്‌. ഒരു അധ്യയന വർഷം നീണ്ട്‌ നിൽക്കുന്ന പ്രൊജക്റ്റിൽ കുട്ടികൾക്കുള്ള ക്ലാസുകൾക്ക്‌ പുറമെ ഗൃഹസന്ദർശനം, രക്ഷിതാക്കൾക്കുള്ള ക്ലാസ്‌, വിനോദയാത്ര എന്നിവയും സംഘടിപ്പിച്ച്‌ വരുന്നു. സൗത്ത് ബീച്ച്, നൈനാം വളപ്പ്, വെള്ളയിൽ, ചാലിയം എന്നീ ബ്ലോക്കുകളിലായി പതിമൂന്ന് മെമ്പർമാരുടെ നേതൃത്വത്തിൽ 30 വിദ്യാർത്ഥികളാണ് ഈ വർഷം പ്രൊജക്റ്റിന്റെ കീഴിൽ മികച്ച ഫലം നേടി നാടിന് അഭിമാനമായി മാറിയത്‌. തോൽക്കുമെന്ന് അധ്യാപകർ വിധിയെഴുതിയ വിദ്യാർത്ഥികൾ വരെ ഉന്നത മാർക്കോടെ വിജയിച്ചതും യെസ്‌ ഇന്ത്യ വളണ്ടിയർമാർക്ക്‌ തെല്ലൊന്നുമല്ല ആഹ്ലാദം നൽകിയത്‌.

സിജിയുടെ അക്കാദമിക്ക്‌ പിന്തുണയോടെ 2014 ൽ മുഖദാറിൽ ആരംഭിച്ച പ്രൊജക്റ്റ്‌ ഓരോ വർഷവും മികച്ച മുന്നേറ്റമാണ് തീര പ്രദേശങ്ങളിൽ നടത്തികൊണ്ടിരിക്കുന്നത്‌. നൈനാംവളപ്പ്‌ ഫുട്ബോൾ അസോസിയേഷൻ, സീഗേറ്റ്‌ തുടങ്ങിയവയുടെ പ്രാദേശിക പിന്തുണ പദ്ധതിയെ കൂടുതൽ വിദ്യാർത്ഥികളിൽ എത്താൻ സഹായിക്കുന്നു. വിജയികളെ അനുമോദനവും തുടർപഠന ഗൈഡൻസ്‌ ക്ലാസും വരും ദിവസങ്ങളിൽ നടത്താനുള്ള ഒരുക്കത്തിലാണ് വളണ്ടിയർമാർ.

 

LEAVE A REPLY

Please enter your comment!
Please enter your name here