കവിത
അജിത പയസ്വിനി
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ഗൃഹനാഥൻ
അലാവുദ്ദീനാണ്
പുലർകാലെ
വരാന്തയിലിരുന്നു
“ചായ വരട്ടെ”
“പത്രം വരട്ടെ”
കൽപ്പിക്കുന്നു
പാകത്തിന്
ചൂടോടെ
പാൽനുരയോടെ
ചായ വലംകയ്യിലും
നനയാതെ
ചൂടാറാതെ
പത്രം ഇടംകയ്യിലും
ഓടിയെത്തുന്നു
അയാളുടെ ഭാര്യ
അയാൾക്ക് കിട്ടിയ
അത്ഭുതവിളക്കാണ്
വിളക്കിനെ തലോടി
അയാൾ തീൻമേശയിൽ
വിഭവങ്ങൾ നിരത്തുന്നു
വീടിനെയും പരിസരത്തെയും
കഴുകിച്ചെടുക്കുന്നു
ഉഴിഞ്ഞുഴിഞ്ഞു
ഹോം ലോണ് പ്രീമിയം
അടപ്പിക്കുന്നു.
“എൻറെയെല്ലാമെല്ലാമല്ലേ”
മൂന്നു വട്ടം ചൊല്ലി
നിലം തൊടാതെ
പറക്കാൻ
മാന്ത്രികക്കമ്പളം
സ്വന്തമാക്കുന്നു
അയാൾക്ക് ഓമനിക്കാൻ
കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു
വീണുകിടപ്പാവുമ്പോൾ
അത്ഭുതവിളക്ക്
മരുന്നായും കുഴമ്പായും
ഊന്നുവടിയായും
രൂപം മാറും
ഏകാന്തതകളിൽ
അത്ഭുത വിളക്ക്
പഞ്ഞിക്കെട്ടു മേഘം
നിറഞ്ഞ നീലാകാശം
തേടിയലയും
അതിനു മാത്രം
കാണുന്ന പൊടിമഴയിൽ
നനഞ്ഞുകൊണ്ടിരിക്കും
കാതുകളിൽ വിരലിട്ടു
കാറ്റിനെ അകത്തും
പുറത്തുമാക്കി
കൊച്ചുകുട്ടിയാകും
ചെമ്മാനം നോക്കി
ചെസുന്ദരിയാകും
സ്വയം നിർമ്മിച്ചെടുക്കുന്ന
രാത്രിസ്വകാര്യത്തിൽ
രഹസ്യയോർമ്മകളിൽ
കോരിത്തരിക്കും
നിലാവിൽ നീണ്ട
പുൽതലപ്പുകൊണ്ട്
ഇക്കിളിപ്പെട്ട്
അബോധത്തിൽ
ഒരു കാട്ടുകുതിര
കുഞ്ചിരോമം
കാറ്റിലിളക്കി
നിഴൽ നൃത്തം
കറുത്തചായത്തിൽ
വരച്ചുകൊണ്ടിരിക്കും
…
അജിത പയസ്വിനി
Govt വിക്ടോറിയ കോളജ്, പാലക്കാട്. മലയാള വിഭാഗം അധ്യാപിക
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.