കഥ
അഭിനന്ദ് ബിജു
രണ്ടായിരത്തിപത്തൊൻപതിൽ നടന്ന കഥയെ ഓർത്തെടുത്ത് കഥ പോലെ എഴുതി അമ്മയെയും അച്ഛനെയും ഒന്ന് അമ്പരപ്പിക്കണം. പുസ്തകവും പേനയും എടുത്ത് കണ്ണൻ മഞ്ഞമുളയുടെ തണലിലേക്ക് പോയി. അനിയത്തി കുറുമ്പി കാണരുത്. കണ്ടാൽപിന്നെ തീർന്നു. രണ്ടു ദിവസമായി മഴ കുറവുണ്ട്. ലേശച്ചെ വെയിലുണ്ട്. മഞ്ഞവെയിൽ മഞ്ഞ മുളചില്ലയിൽ തട്ടി ചിതറി വീഴുന്ന വെയിൽ ചീളുകൾ നോക്കി നിന്നു പോയി. നല്ല മഞ്ഞനിറം, വേഗം കാര്യം കഴിക്കണം. മൂത്രമൊഴിക്കാൻ പോയതാന്ന് കരുതി അനിയത്തി വരില്ല. അവളുടെ ഇടിയും തൊഴിയും സഹിക്കാതെ വരുമ്പോൾ ഒരേട്ടന്റെ പവർ കാണിച്ചു പോകും. ഇടയ്ക്ക് തിരിച്ചും കൊടുക്കാറുണ്ട്. വേഗം പേപ്പറിലേക്ക് എഴുതിതുടങ്ങി. മുത്തങ്ങയിലേക്ക് പ്രകൃതി പഠന ക്യാമ്പിന് പോകാൻ ഒരുക്കങ്ങൾ തുടങ്ങി. ടെലിൻ റോബിനും എനിക്കും കിട്ടിയ ചാൻസിൽ അതിയായ സന്തോഷമുണ്ട്. കാരണം, കേരളത്തിലെ എല്ലാ സ്കൂളിൽനിന്നും രണ്ട് കുട്ടികൾ, രണ്ട് ടീച്ചർ, പിന്നെ ജില്ലാ കളകടർ. സന്തോഷത്തിന് അതിരില്ല. ചിറക് വച്ച് പറക്കുംമ്പോലെ. അതിലേറെ ഭയവും… പോകേണ്ട ദിവസം രാവിലെ പത്തുമണിക്ക് അമ്മ പറഞ്ഞു… കണ്ണാ … മോനേ… ക്യാമ്പ് നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഉണ്ടാവില്ല മൂന്ന് മാസത്തേക്ക്. പള്ളികൂടവും അടച്ചു. നാട്ടിലാകെ കൊറോണ എന്ന പകർച്ചവ്യാധി പടർന്നിരിക്കുന്നു. എന്താമ്മേ..? കൊറോണ, കൂടുതലൊന്നും അമ്മയ്ക്കും പിടിയില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ലോകരാജ്യങ്ങൾ വരെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. മനുഷ്യർ മരിച്ചുതുടങ്ങിയിരിക്കുന്നു. മക്കൾ പുറത്തിറങ്ങി കളിക്കണ്ട. മാസ്ക് വെച്ച് പുറത്തുപോണമത്രേ. നിർദേശങ്ങൾ കൂടി കൂടി വന്നു. വീട്ടിൽ സോപ്പിന്റെ കൂടെ സാനിറ്റൈസർ കുപ്പി കൂടി ഇടം പിടിച്ചു. അയകളിൽ വവ്വാലുകളെപോലെ പലനിറത്തിലുള്ള മാസ്ക്കുകളും തൂങ്ങിയാടി. ദിവസങ്ങൾ കൊഴിഞ്ഞു വീണു. ദിവസങ്ങളിൽ ഒരു നാൾ വീട്ടിൽ എല്ലാർക്കും കൊറോണ. കണ്ണൻ അലറി വിളിച്ച് കരഞ്ഞു. അമ്മയും അച്ഛനും ഓടി വന്നു. അമ്മ മുഖത്തേക്ക് വെള്ളം തളിച്ചു. അമ്മേ കൊറോണ കൊറോണ … മോനേ ഇല്ലാ.. കണ്ണാ … അമ്മ ഉറക്കെ പറഞ്ഞു. പേടിച്ച് വിറച്ച് പകച്ചു നോക്കുന്നതിനിടയിൽ അച്ഛൻ ചിരിച്ചു കൊണ്ട് നിൽക്കുന്നു. അപ്പോഴാണ് മനസ്സിലായത്, അത് ഒരു സ്വപ്നമായിരുന്നു എന്ന്. സ്വപ്നങ്ങൾക്കും കൊറോണ പടർന്നുകൊണ്ടിരുന്നു. പിന്നീടൊരിക്കലും പേടിസ്വപ്‌നം കാണാതിരിക്കാൻ കണ്ണൻ അവന്റെ ഇഷ്ടദൈവങ്ങളെക്കൂടി കൂട്ട് പിടിച്ചു….
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.