ഫോസില്‍ ഇന്ധന കമ്പനികള്‍ പിടിമുറുക്കിയ ഗ്ലാസ്ഗോ ഉച്ചകോടി

0
420
k sahadevan

ലേഖനം
കെ.സഹദേവന്‍
നവംബർ 1/2021, കാലാവസ്ഥാ ഉച്ചകോടി, ബ്ലൂ സോണ്‍, ഗ്ലാസ്ഗോ.
കാലാവസ്ഥാ ഉച്ചകോടിയുടെ രണ്ടാം ദിനം. വിവിധ രാഷ്ട്രത്തലവന്മാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. വിവിധങ്ങളായ പ്രഖ്യാപനങ്ങള്‍, പ്രതിജ്ഞകള്‍ എന്നിവയാല്‍ കാലാവസ്ഥാ ഉച്ചകോടി സജീവമായ് കൊണ്ടിരിക്കുന്നു. പ്രസംഗ വേദിയിലേക്ക് ബാര്‍ബഡോസ് പ്രധാനമന്ത്രിയെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വരുന്നു. ഉത്തര അറ്റ്ലാന്‍റിക് സമുദ്രത്തിലെ കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ പെടുന്ന, കേവലം 439 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും, മൂന്ന് ലക്ഷത്തില്‍ താഴെ വരുന്ന ജനസംഖ്യയും മാത്രമുള്ള ബാര്‍ബഡോസ് എന്ന കൊച്ചുദ്വീപിനെ പ്രതിനിധീകരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി മിയാ ആമര്‍ മോട്ലേ വേദിയിലേക്ക് കടന്നുവരുന്നത്. ഏഴ് മിനുട്ട് നീണ്ട മിയാ മോട്ലേയുടെ സംസാരം ഗ്ലാസ്ഗോ ബ്ലൂ സോണിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒന്നായി മാറി.
“ഈ ഗ്രഹത്തെയും അതിലെ ജനങ്ങളെയും സംരക്ഷിക്കുക എന്ന ആഗ്രഹത്തോടെ ഇവിടെ എത്തിപ്പെട്ട നമുക്ക് കാണാന്‍ കഴിയുന്നത് മൂന്ന് ഗുരുതരമായ വിടവുകളാണ്. അനുരൂപവല്‍ക്കരണം (Adaptation), കാലാവസ്ഥാ പ്രതിജ്ഞകള്‍ (Climate Pledges), ദേശീയ നിര്‍ണീത സംഭാവനകള്‍ (National Determined Contributions-NDCs) എന്നിവ സംബന്ധിച്ച ഈ വിടവുകള്‍ ആഗോള താപവര്‍ദ്ധനവിനെ 2.7 ഡിഗ്രിയിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. താപവര്‍ദ്ധനവ് 1.5 ഡിഗ്രിയില്‍ നിലനിര്‍ത്തുക എന്നത് നമ്മുടെ നിലനില്‍പിന് പ്രധാനമാണ്. അതേ സമയം 2 ഡിഗ്രി എന്നത് ആന്‍റിഗ്വയിലെയും ബാര്‍ബുഡയിലെയും ജനങ്ങള്‍ക്ക് മരണ വാറണ്ടാണ്. ഇനിയും വികസിപ്പിച്ചിട്ടില്ലാത്തതോ, ആവിഷ്കരിച്ചിട്ടില്ലാത്തതോ ആയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രങ്ങള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. നമ്മുടെ നായകന്മാര്‍ എപ്പോഴാണ് നമ്മെ നയിക്കുക?”.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ദ്വീപ് രാഷ്ട്രങ്ങളും യഥാര്‍ത്ഥ ഉത്കണ്ഠ മോട്ലേയുടെ പ്രസംഗത്തില്‍ നിഴലിച്ചിരുന്നു. ഇതേസമയം ഗ്ലാസ്ഗോവിലെ തന്നെ മറ്റൊരിടത്ത്, കാലാവസ്ഥാ പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും, എന്‍ ജി ഓ കളും പരിസ്ഥിതി പ്രസ്ഥാനങ്ങളും അടങ്ങുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍ ഒത്തു ചേരുന്ന ഗ്രീന്‍ സോണില്‍ കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഗൗരവമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയുമായിരുന്നു. ഒരു വേള മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി യുവകാലാവസ്ഥാ പ്രവര്‍ത്തകരുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ട ഒന്നായിരുന്നു ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി.
ലോകമെങ്ങും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പരമ്പരകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ആഗോള ജനസംഖ്യയില്‍ പാതിയോളം പേര്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും ചെയ്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ബ്രിട്ടനിലെ ഗ്ലാസ്ഗോവില്‍ വെച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയെ വളരെ പ്രതീക്ഷയോടു കൂടിയാണ് ആഗോളസമൂഹം നോക്കി കാണുന്നത്. 197ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടി (committees of parties-26) ഇത്തരത്തിലുള്ള 26-ാമത്തെ ഉന്നതതല കൂടിച്ചേരലാണ്. ഐക്യരാഷ്ട്രസഭയുടെ മുന്‍കൈയ്യില്‍ നടക്കുന്ന ഈ ഉച്ചകോടിയില്‍ വിവിധ രാഷ്ട്രത്തലവന്മാര്‍, രാജ്യങ്ങളുടെ പ്രതിനിധികള്‍, ധനകാര്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഗ്ലാസ്ഗോവിലെ ബ്ലൂ സോണിലും, ലോകത്തെമ്പാടുമുള്ള ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍, എന്‍ജിഓകള്‍, അക്കാദമിക്കുകള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ബ്രീട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ആതിഥേയത്വത്തില്‍ ഗ്ലാസ്ഗോവില്‍ തന്നെയുള്ള ഗ്രീന്‍സോണിലും ആയാണ് ഒത്തുചേര്‍ന്നത്.

ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെന്‍റീഗ്രേഡില്‍ താഴെ നിലനിര്‍ത്താനാവശ്യമായ ഇടപെടലുകളെ സംബന്ധിച്ച് 2015ലെ പാരീസ് ഉച്ചകോടിയില്‍ വെച്ച് അംഗീകരിക്കപ്പെട്ട തീരുമാനങ്ങളില്‍ വലിയ തോതില്‍ മുന്നോട്ടുപോകാന്‍ രാഷ്ട്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കാര്‍ബണ്‍ ഉദ്വമനം കുറക്കുന്നതിനായുള്ള ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ സംബന്ധിച്ച പ്രതിജ്ഞകള്‍ പാലിക്കുന്നതില്‍ വലിയ തോതില്‍ രാഷ്ട്രങ്ങള്‍ പരാജയപ്പെടുന്നതും അത് പരിശോധിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ രൂപപ്പെടുത്താനും നാളിതുവരെയുള്ള കാലാവസ്ഥാ ചര്‍ച്ചകള്‍ക്ക് സാധിച്ചിട്ടില്ല. ഗ്ലാസ്ഗോ ഉച്ചകോടി ആരംഭിച്ചതിന് ശേഷവും കേവലം 13 രാഷ്ട്രങ്ങള്‍ മാത്രമേ കാര്‍ബണ്‍ എമിഷനെ സംബന്ധിച്ച തങ്ങളുടെ രണ്ടാം റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിട്ടുള്ളൂ എന്ന് യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള ജനസംഖ്യയിലെ പാതിയോളം പേര്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള ദുരന്തങ്ങള്‍ക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി നടക്കുന്നത്. താപവര്‍ദ്ധനവിന് തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ശാസ്ത്ര സമൂഹം ഭരണകൂടങ്ങള്‍ക്ക് ഗൗരവപൂര്‍ണ്ണമായ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ശാസ്ത്ര സമൂഹങ്ങള്‍ക്കകത്ത് വര്‍ദ്ധിച്ചുവരുന്ന രോഷത്തെ തണുപ്പിക്കാന്‍ തങ്ങളുടെ ദേശീയ നിര്‍ണീത സംഭാവനകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിജ്ഞകള്‍ നടത്താന്‍ രാഷ്ട്ര നേതാക്കള്‍ തയ്യാറാവുകയുണ്ടായി. പ്രഖ്യാപിക്കപ്പെട്ട പ്രതിജ്ഞകളും പ്രതിബദ്ധതകളും അതേപടി നടപ്പിലാക്കിയാല്‍ തന്നെയും അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മാത്രമല്ല, 2.4 ഡിഗ്രി സെന്‍റീഗ്രേഡ് വര്‍ദ്ധനവിലേക്കുള്ള ലോകത്തിന്‍റെ പോക്കിനെ തടയിടാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കര്‍ വിലയിരുത്തുന്നു. ദേശീയ നിര്‍ണീത സംഭാവനകളെ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 193 രാജ്യങ്ങള്‍ പുതുക്കി നിശ്ചയിച്ച കണക്കുകള്‍ മൊത്തത്തില്‍ കൂട്ടിയാലും ഹരിത ഗൃഹവാതകങ്ങളില്‍, 2010ലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2030 ആകുമ്പോഴേക്കും 13.5%ത്തിന്‍റെ കുറവ് മാത്രമേ സംഭവിക്കുകയുള്ളൂ. ഐപിസിസിയുടെ കണക്കുകൂട്ടല്‍ അനുസരിച്ച്, താപവര്‍ദ്ധനവ് 1.5 ഡിഗ്രി പരിധിയില്‍ നിലനിര്‍ത്തണമെങ്കില്‍ 2030 ആകുമ്പോഴേക്കും ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ 45%ത്തിന്‍റെ കുറവ് വരുത്തേണ്ടതുണ്ടെന്ന കാര്യം ഓര്‍മിക്കേണ്ടതുണ്ട്.

പാരീസില്‍ നിന്നും ഗ്ലാസ്ഗോവിലെത്തുമ്പോള്‍

2015ല്‍ പാരീസില്‍ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതില്‍ പ്രധാനമായിരുന്നു. രാഷ്ട്രങ്ങളെ തങ്ങളുടെ കാര്‍ബണ്‍ ഉദ്വമനം വെട്ടിക്കുറയ്ക്കാനാവശ്യമായ പ്രതിജ്ഞകളില്‍ പങ്കാളികളാക്കുക, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ -പരിശോധനാ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കുക, സാമ്പത്തിക സഹായം പ്രഖ്യാപിക്കുക തുടങ്ങിയവയായിരുന്നു പാരീസ് ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങള്‍. ഇതനുസരിച്ച് പാരീസ് റൂള്‍ബുക് എന്ന പേരില്‍ ഒരു പ്രവര്‍ത്തന ചട്ടക്കൂട് നിര്‍മ്മിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും 2018ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ അതിന്‍റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളലില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്ക പാരീസ് കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിക്കുകയും തുടര്‍ന്നങ്ങോട്ടുള്ള കാലാവസ്ഥാ ചര്‍ച്ചകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പാരീസ് റൂള്‍ബുക്കിലെ സുതാര്യത (Transparancy), ഉത്തരവാദിത്തം (Accountability) കാര്‍ബണ്‍ ട്രേഡ് എന്നീ വിഷയങ്ങളില്‍ മിക്കവാറും എല്ലാ രാജ്യങ്ങളും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ക്യോട്ടോ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ‘ക്ലീന്‍ ഡെവലപ്പ്മെന്‍റ് മെക്കാനിസത്തിന്‍റെ’ ഭാഗമായാണ് കാര്‍ബണ്‍ വിപണിയെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കാര്‍ബണ്‍ വിപണനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൃത്യമായ അക്കൗണ്ടിംഗ് നടപടികള്‍ ആവശ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെടുന്ന സ്വതന്ത്ര ഏജന്‍സികളുടെ ഇടപെടല്‍കൊണ്ട് മാത്രമേ ഇവ സാധ്യമാകൂ. എന്നാല്‍ അത്തരമൊരു സ്വതന്ത്ര ഏജന്‍സിയുടെ രൂപീകരണം സംബന്ധിച്ച് രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഗ്ലാസ്ഗോ ഉച്ചകോടിയില്‍ എന്തുനടന്നു?

ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പദം ‘നെറ്റ് സീറോ’ എന്നതായിരുന്നു. രാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ഉദ്വമനം ഒരു പ്രത്യേക സമയപരിധിക്കകത്തു നിന്നുകൊണ്ട് സമതുലിതാവസ്ഥയില്‍ എത്തിക്കുന്നതിനെയാണ് നെറ്റ് സീറോ ഉദ്വമന ലക്ഷ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സമൂഹങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്‍ബണ്‍ (കാര്‍ബണ്‍ ഡൈ ഓക്സൈഡോ അതിന് തത്തുല്യമായ മറ്റ് ഹരിതഗൃഹ വാതകങ്ങളോ) പുറന്തള്ളലിന് തടയിടാനോ, സമതുലിതാവസ്ഥയില്‍ നിര്‍ത്താനോ ഉള്ള പദ്ധതികള്‍ക്കാണ് ഇതുവഴി രൂപംകൊടുക്കുന്നത്. അംഗ രാഷ്ട്രങ്ങളെക്കൊണ്ട് 2050ഓടെ നെറ്റ് സീറോ ലക്ഷ്യം നേടാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതില്‍ ഗ്ലാസ്ഗോ ഉച്ചകോടി ഒരു പരിധിവരെ വിജയിച്ചുവെന്ന് പറയാം.
ആഭ്യന്തര മൊത്തോല്‍പാദനത്തിലെ കാര്‍ബണ്‍ വിസര്‍ജ്ജനം 45% ആയി കുറക്കാനുള്ള നിര്‍ദ്ദേശങ്ങളോട് പല രാജ്യങ്ങളും പല തരത്തിലാണ് പ്രതികരിച്ചിരിക്കുന്നതെങ്കിലും കൂടുതല്‍ രാജ്യങ്ങളെ നെറ്റ് സീറോ സംബന്ധിച്ച പ്രതിജ്ഞകളിലേക്ക് അടുപ്പിക്കാന്‍ പുതിയ സാഹചര്യങ്ങള്‍ സഹായകമായി. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനിലെ മിക്കവാറും രാഷ്ട്രങ്ങളും 2050ഓടെ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം നേടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്ക അടക്കമുള്ള 20 രാഷ്ട്രങ്ങള്‍ അടുത്ത വര്‍ഷത്തോടെ ഖനിജ ഇന്ധനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. വനനശീകരണം ഇല്ലാതാക്കല്‍, കല്‍ക്കരി പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കല്‍, ഹരിത ഗൃഹവാതകങ്ങളില്‍ പ്രധാനമായ മീഥെയന്‍ വാതക പുറന്തള്ളലില്‍ 30% വെട്ടിക്കുറവ് തുടങ്ങി, ഹരിത സാങ്കേതിക വിദ്യകളുടെ വികസനത്തിനായി അവികസിത രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഗ്ലാസ്ഗോ ഉച്ചകോടിയില്‍ നടന്നത്. രാഷ്ട്രങ്ങളെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതിനായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും ഇന്‍ഷ്വറന്‍സ് കമ്പനികളെയും ബിസിനസ് ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയൊരു ഫിനാന്‍ഷ്യല്‍ ഹബ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ഗ്ലാസ്ഗോവില്‍ വെച്ച് നടന്നു. ബാങ്ക് ഓഫ് ബ്രിട്ടന്‍റെ ഗവര്‍ണറും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളുമായ മാര്‍ക് കാര്‍നേയുടെ മുന്‍കൈയ്യിലാണ് ‘ഗ്ലാസ്ഗോ ഫിനാന്‍സ് അലയന്‍സ് ഫോര്‍ നെറ്റ് സീറോ’ എന്ന സംവിധാനത്തിന് രൂപം കൊടുത്തത്. 130 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇടപാടുകളാണ് ഇതുവഴി നടത്താന്‍ പോകുന്നത്. നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാര്‍ക് കാര്‍നേ വ്യക്തമാക്കുന്നു.

അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടവര്‍

ഒക്ടോബര്‍ 31 മുതല്‍ നവമ്പര്‍ 12വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രങ്ങളെക്കാളും അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് പ്രധാനമായും ചൈന, റഷ്യ, സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുന്ന രാജ്യമെന്ന നിലയില്‍ ചൈനയുടെയും ഏറ്റവും വലിയ പെട്രോ രാഷ്ട്രങ്ങളെന്ന നിലയില്‍ റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെയും ഉച്ചകോടിയില്‍ നിന്നുള്ള പിന്‍വലിയല്‍ കാലാവസ്ഥാ ഉച്ചകോടിയുടെ വിജയ പരാജയങ്ങളില്‍ നിര്‍ണ്ണായകമാകും. ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചൈനീസ് പ്രീമിയര്‍ ഷീ പിന്‍ വിട്ടുനിന്നെങ്കിലും തങ്ങളുടെ നെറ്റ് സീറോ ടാര്‍ഗെറ്റ് 2060 ഓടെ പൂര്‍ത്തിയാക്കുമെന്ന് ചൈന നിലപാടെടുക്കുകയുണ്ടായി. സമാനമായ രീതിയില്‍ റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ കാര്‍ബണ്‍ വിമുക്ത സമയപരിധി 2060 ആയി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ നിലപാട്

ഗ്ലാസ്ഗോ ഉച്ചകോടിയിലെ ഇന്ത്യന്‍ നിലപാട് സംബന്ധിച്ച് അവസാന നിമിഷം വരെ അവ്യക്തത നിലനിര്‍ത്തുകയായിരുന്നു ഇന്ത്യന്‍ അധികൃതര്‍ ചെയ്തത്. കാര്‍ബണ്‍ വെട്ടിച്ചുരുക്കലില്‍ രാജ്യം തങ്ങളുടെ പ്രതിജ്ഞകള്‍ മറ്റാരെക്കാളും നന്നായി നിര്‍വ്വഹിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും ആയിരുന്നു ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മുന്നെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ നെറ്റ് സീറോ ലക്ഷ്യം 2070ഓടെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി വളരെ നാടകീയമായി ഗ്ലാസ്ഗോവില്‍ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി. അതുകൂടാതെ 2030 ഓടെ 500 ഗിഗാവാട്ട് വൈദ്യുതി ഫോസിലേതര ഇന്ധനങ്ങളിലൂടെ ഉത്പാദിപ്പിക്കുമെന്നും ഗ്ലാസ്ഗോവില്‍ വെച്ച് പ്രധാനമന്ത്രി ലോകത്തെ അറിയിച്ചു. നെറ്റ് അടുത്ത മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സീറോ ലക്ഷ്യത്തിലെത്തുക എന്ന പൊതുസമിതിക്ക് വിരുദ്ധമായി അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് വികസിത രാഷ്ട്രങ്ങളെ അമ്പരിപ്പിക്കുകയുണ്ടായി. എന്നാല്‍ ഒരു എമേര്‍ജിംഗ് ഇക്കണോമി എന്ന നിലയില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗത്തിലും കാര്‍ബണ്‍ പുറന്തള്ളലിലും അടുത്ത രണ്ട് പതിറ്റാണ്ട് കാലത്തിനുള്ളില്‍ വര്‍ദ്ധനവ് മാത്രമേ സംഭവിക്കാന്‍ സാധ്യതയുള്ളൂ എന്നത് സുവ്യക്തമായ സംഗതിയാണ്.
കാലാവസ്ഥാ മാറ്റത്തെ വളരെ ഗൗരവമായിട്ടുതന്നെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കാന്‍ കഴിഞ്ഞുവെങ്കിലും പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ പ്രായോഗികതകള്‍ സംബന്ധിച്ച് നിരവധി അവ്യക്തതകളും സംശയങ്ങളും ഉടലെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 45%ആയി (2005ല്‍ നിലവാരത്തിലേക്ക്) കുറയ്ക്കാമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതുകൂടാതെ ‘നെറ്റ് സീറോ’ എന്നതുകൊണ്ട് ‘കാര്‍ബണ്‍ ഡൈ ഓക്സൈഡ്’ ന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ മറ്റെല്ലാ ഹരിത ഗൃഹവാതകങ്ങള്‍ക്കും ബാധകമാണോ എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ തങ്ങളുടെ എമിഷന്‍ കണക്കാക്കുന്നതില്‍ നിന്ന് വ്യോമയാനം, കപ്പല്‍ ഗതാഗതം തുടങ്ങിയ മേഖലകളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്ന കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. 2030ഓടെ ഇന്ത്യയുടെ ഫോസിലേതര ഊര്‍ജ്ജോത്പാദനത്തില്‍ 50% വര്‍ദ്ധനവ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് അടുത്ത 9 വര്‍ഷത്തിനുള്ളില്‍ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ കാതല്‍. പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നടത്തിയെങ്കിലും ഇന്ത്യയുടെ മുന്‍കാല ക്ലീന്‍ എനര്‍ജി പ്രഖ്യാപനങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയമാണെന്ന് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022-ഓടെ പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി (installed capasity) 175 ഗിഗാവാട്ട് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 96.96 ഗിഗാവാട്ടിന്‍റെ പദ്ധതികള്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. 50ഗിഗാവാട്ട് പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെയും 25 ഗിഗാവാട്ട് പദ്ധതികള്‍ കരാറുകളുടെയും ഘട്ടങ്ങളിലാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

പുത്തന്‍ സാമ്പത്തിക കേന്ദ്രം

ഗ്ലാസ്ഗോ ഉച്ചകോടിയിലെ ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്ന് നെറ്റ് സീറോ ടാര്‍ഗെറ്റിലെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 130 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്കായി സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഇന്‍ഷ്വറന്‍സ് കമ്പനികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് Glasgow Finance Alliance for Net Zero-GAFANZ രൂപീകരണമാണ്. ബാങ്ക് ഓഫ് ബ്രിട്ടന്‍റെ ഗവര്‍ണറായിരുന്ന മക് കാര്‍നേയുടെ ചെയര്‍മാന്‍ഷിപ്പിലാണ് ഏഅഎഅചദ ന്‍റെ രൂപീകരണം. നെറ്റ് സീറോ ലക്ഷ്യങ്ങളില്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ സഹകരണം ഉറപ്പുവരുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമായി യുഎന്‍ വിശദീകരിക്കുന്നത്.
ഏതാണ്ട് ആറ് മാസങ്ങള്‍ക്ക് മുന്നെതന്നെ ഏഅഎഅചദ യുടെ രൂപീകരണ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും പ്രഖ്യാപിക്കപ്പെട്ട 130 ട്രില്യണ്‍ ഡോളര്‍ ഫിനാന്‍ഷ്യല്‍ ഹബിലേക്ക് ദക്ഷിണാര്‍ദ്ധഗോള രാജ്യങ്ങള്‍ക്കുള്ള പ്രവേശനം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല.
1945ന് ശേഷം രൂപീകരിക്കപ്പെട്ട ബ്രെട്ടണ്‍വുഡ് സ്ഥാപനങ്ങളായ വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പുതിയ കാലത്ത് അപ്രസക്തമാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വളരെ സജീവമായിക്കൊണ്ടിരിക്കുകയും പുതിയ കാലത്ത് പുതിയ രീതിയിലുള്ള ധനകാര്യ സംവിധാനങ്ങള്‍ ആവശ്യമാണെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തെക്കൂടി വിലയിരുത്തിക്കൊണ്ട് വേണം പുതിയ കാലാവസ്ഥാ ഫിനാന്‍സ് മെക്കാനിസത്തെ മനസ്സിലാക്കാന്‍.

ആശങ്കകള്‍

വിവിധങ്ങളായ പ്രതിജ്ഞകളും പ്രതിബദ്ധതകളും ഏറ്റെടുക്കാന്‍ രാഷ്ട്രങ്ങളെ നിര്‍ബന്ധിക്കുന്നതിലേക്ക് നയിക്കാന്‍ ഗ്ലാസ്ഗോ ഉച്ചകോടിക്ക് സാധിച്ചുവെങ്കിലും അവ പ്രയോഗത്തില്‍ വരുത്തുന്നത് സംബന്ധിച്ച് നിരവധി സന്ദേഹങ്ങള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, സാമ്പത്തിക-ആസൂത്രണ വിദഗ്ദ്ധര്‍, കാലാവസ്ഥര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നുമാത്രമല്ല, നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കല്‍, സാമ്പത്തിക സഹായം നല്‍കല്‍, സാങ്കേതിക വിദ്യാ കൈമാറ്റം, അനുരൂപവത്കരണ-ലഘൂകരണ തന്ത്രങ്ങള്‍ (Adaptation-Mitigation strategies) എന്നീ മേഖലകളിലെല്ലാം നിരവധി പഴുതുകള്‍ നിലനില്‍ക്കുന്നതായും അവ വികസിത രാജ്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണെന്നും ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിന്, കല്‍ക്കരി പദ്ധതികളില്‍ നിന്ന് പിന്‍വലിയുമെന്നുള്ള പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്, വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണെന്നുള്ളത് വ്യക്തമാണ്. തങ്ങളുടെ ഊര്‍ജ്ജമിശ്രിതത്തില്‍ വളരെ കുറഞ്ഞ കല്‍ക്കരി വിനിയോഗം മാത്രമുള്ള ജി-20 രാഷ്ട്രങ്ങള്‍ കല്‍ക്കരി പദ്ധതികളില്‍ നിന്നുള്ള പിന്‍മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയില്ല. അതേസമയം, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ വെട്ടിക്കുറവ് വരുത്തുന്ന കാര്യത്തില്‍ ഈ രാഷ്ട്രങ്ങള്‍ മൗനം അവലംബിക്കുന്നതും കാണാന്‍ കഴിയും. കല്‍ക്കരി പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങുമെന്ന പ്രതിജ്ഞ കൈക്കൊണ്ട 190ഓളം രാജ്യങ്ങളില്‍ സുപ്രധാന കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക. കല്‍ക്കരി ഊര്‍ജ്ജ പദ്ധതികളില്‍ നിന്ന് പിന്‍മാറുമെന്ന കരാറില്‍ ഒപ്പുവെച്ച 46% രാഷ്ട്രങ്ങളുടെ ആകെ കല്‍ക്കരി ഉപഭോഗം 15% മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, കല്‍ക്കരി ഉത്പാദനം, ഉപഭോഗം എന്നിവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേല്‍പ്പറഞ്ഞ രാജ്യങ്ങളെ ഉള്‍പ്പെടാതെയുള്ള പ്രതിജ്ഞകള്‍ എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ. ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ മുഖ്യ ഊര്‍ജ്ജസ്രോതസ്സെന്ന നിലയില്‍ അടുത്ത രണ്ട് പതിറ്റാണ്ട് കാലമെങ്കിലും കല്‍ക്കരിയുടെ പ്രാധാന്യം നിലനില്‍ക്കും എന്നത് വസ്തുതയാണ്. കല്‍ക്കരി പദ്ധതികളില്‍ നിന്ന് ഈ രാഷ്ട്രങ്ങളെ പിന്‍തിരിപ്പിക്കാനാവശ്യമായ സാമ്പത്തിക പിന്തുണ കാലാവസ്ഥാ ഫിനാന്‍സ് മെക്കാനിസത്തില്‍ രൂപപ്പെട്ടിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഗ്ലാസ്ഗോ ഉച്ചകോടിയില്‍ രാഷ്ട്ര നേതാക്കള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ സ്വന്തം രാജ്യത്ത് അതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകള്‍ (Legal & Institutional Framework) നിര്‍മ്മിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നിയമനിര്‍മ്മാണത്തിന് അതത് രാജ്യങ്ങളിലെ പാര്‍ലമെന്‍റുകളില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് ഏറെ തടസ്സങ്ങള്‍ നേരിടേണ്ടിവരും എന്നതാണ് സത്യം.
അമേരിക്കന്‍ സെനറ്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ജോ ബൈഡന് കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടത്തുക ശ്രമകരമായിരിക്കും. അതുപോലെത്തന്നെ ആണവോര്‍ജ്ജ പദ്ധതികള്‍ അടച്ചുപൂട്ടുമെന്ന് മുന്നെതന്നെ പ്രഖ്യാപിച്ച ജര്‍മ്മനിക്ക് 2038-ഓടെ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം എളുപ്പമായിരിക്കില്ല എന്ന് വിലയിരുത്തപ്പെടുന്നു. 2070ല്‍ നെറ്റ് സീറോ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് പ്രായോഗികമെന്ന നിലയില്‍ വാഴ്ത്തപ്പെടുകയുണ്ടായെങ്കിലും ഫോസിലേതര വൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 2022ഓടെ പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് 175 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ എന്നത് വസ്തുതയാണ്. അതുപോലെ തന്നെ പ്രഖ്യാപിക്കപ്പെട്ട കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി സ്ഥാപനപരമായ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്നതും വസ്തുതയാണ്. രാഷ്ട്രങ്ങള്‍ തങ്ങളുടെ നെറ്റ് സീറോ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത് അന്താരാഷ്ട്ര സാമ്പത്തിക സഹായത്തെ അടിസ്ഥാനമാക്കിയാണോ അല്ലയോ തുടങ്ങിയ ചോദ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. വികസിത സാമ്പത്തികവ്യവസ്‌ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചൈനയെയും ഇന്ത്യയെയും പോലുള്ള രാഷ്ട്രങ്ങളുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഫലപ്രദമായിരിക്കും എന്ന ആശങ്കയും പ്രാധാന്യത്തോടെ ഉയരുന്നുണ്ട്.
ഗ്ലാസ്ഗോ ഉച്ചകോടിയിലെ ചര്‍ച്ചകളെയും ഫോസില്‍ ഇന്ധന കമ്പനികളുടെ പ്രതിനിധികളാണ് നയിക്കുന്നതെന്ന വിമര്‍ശനം പ്രധാനമായി ഉയര്‍ന്നിട്ടുണ്ട്. വിവിധ കമ്പനികളില്‍ നിന്നായി 503ഓളം പ്രതിനിധികളാണ് ചര്‍ച്ചകളില്‍ ഭാഗഭാക്കായിരിക്കുന്നത്. ഒരൊറ്റ രാജ്യത്തിന്‍റെ ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ ഈ സംഖ്യ വളരെ വലുതാണ്. അതോടൊപ്പം തന്നെ ‘ഗ്ലാസ്ഗോ ഫിനാന്‍സ് അലയന്‍സ് ഫോര്‍ നെറ്റ് സീറോ’ എന്ന പുതിയ കാലാവസ്ഥാ സാമ്പത്തിക കേന്ദ്രത്തിന്‍റെ രൂപീകരണത്തിന് പിന്നില്‍ ഫോസില്‍ ഇന്ധന വ്യവസായത്തില്‍ വന്‍നിക്ഷേപങ്ങളുള്ള കമ്പനികളാണ് എന്നതുകൊണ്ടുതന്നെ ‘കോര്‍പ്പറേറ്റ് ഗ്രീന്‍ വാഷിംഗി’നുള്ള വേദിയായി ഗ്ലാസ്ഗോ ഉച്ചകോടി മാറി. മൂന്ന് പതിറ്റാണ്ടിലധികം കാലം കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തടയിടുകയും ശാസ്ത്രീയ കണ്ടെത്തലുകളെ തമസ്കരിക്കുകയും ചെയ്ത, സമ്പത്തും സ്വാധീനവും കൈമുതലായ കാലാവസ്ഥാ നിഷേധകരുടെ ഒരു പറ്റം പുതിയ ആഗോള സാഹചര്യത്തില്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളുടെ ആവൃത്തി വര്‍ദ്ധിച്ചുവരുന്നതും കാലാവസ്ഥാ വ്യതിയാനത്തിനിരകളാക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും കാലാവസ്ഥാ നിഷേധമെന്ന തന്ത്രവുമായി ഇനിയും മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് തിരിച്ചറിവ്, ആഗോള ഫോസില്‍ ഇന്ധന ലോബികള്‍ക്കിടയില്‍ ഉടലെടുക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ‘നിഷേധ’ (denial)ത്തില്‍ നിന്നും ‘വൈകിപ്പിക്കലി'(delay)ലേക്കും ‘വഴിതെറ്റിക്കലി’ (deflection)ലേക്കും തങ്ങളുടെ തന്ത്രങ്ങള്‍ പുതുക്കിപ്പണിയാനും കാലാവസ്ഥാ ചര്‍ച്ചകളില്‍ ഇടപെടാനും അവര്‍ തീരുമാനിക്കുകയുണ്ടായി. ഗ്ലാസ്ഗോ ചര്‍ച്ചകളില്‍ അവരുടെ ഇടപെടല്‍ കൂടുതല്‍ ദൃശ്യമായി എന്നത് ഇക്കാര്യം ഉറപ്പിക്കുന്നു.

ഗ്ലാസ്ഗോ ഉച്ചകോടിയിലെ സുപ്രധാന തീരുമാനങ്ങള്‍

  • കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (cop)-ല്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും തങ്ങളുടെ നെറ്റ് സീറോ ലക്ഷ്യം 2050ഓടെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.
  • അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള ജി-20 രാഷ്ട്രങ്ങള്‍ 2022ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന് തീരുമാനിച്ചു.
  • ഇന്തോനേഷ്യ, വിയറ്റ്നാം, പോളണ്ട്, ഉക്രൈന്‍ തുടങ്ങി 23ഓളം രാജ്യങ്ങള്‍ 2030- 2040 എന്നീ കാലയളവിനുള്ളില്‍ തങ്ങളുടെ കല്‍ക്കരി പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങും.
  • നെറ്റ് സീറോ ടാര്‍ഗെറ്റില്‍ എത്താനുള്ള പ്രവര്‍ത്തന പദ്ധതികളെന്താണെന്ന് പ്രസിദ്ധപ്പെടുത്താന്‍ സ്വകാര്യ സാമ്പത്തിക-വ്യവസായ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു.
  • ആഗോള ആസ്തിയുടെ 40% വരുന്ന, 100 ട്രില്യണ്‍ ഡോളര്‍ ആസ്തി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെ പാരീസ് ഉടമ്പടിയുമായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
    ലോകത്തിലെ 85% വനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 110 രാജ്യങ്ങള്‍ 2030ഓടെ വനനശീകരണത്തിന് അറുതിവരുത്താന്‍ തീരുമാനിച്ചു.
  • ഹരിതഗൃഹ വാതകങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മീഥെയ്ന്‍ പുറന്തള്ളലില്‍ 2030ഓടെ 30% വെട്ടിക്കുറവ് വരുത്തുമെന്ന് നിരവധി രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു.
  • കാലാവസ്ഥാ ഫണ്ടിലേക്ക് അടുത്ത അഞ്ച് വര്‍ഷക്കാലം 10 ബില്യണ്‍ ഡോളര്‍ അധിക സംഭാവന ചെയ്യുമെന്ന് ജാപ്പാന്‍ പ്രഖ്യാപിച്ചു.
    ക്ലീന്‍ ടെക്നോളജിയുടെ ആവിഷ്കാരത്തിനും വികസനത്തിനുമായി 2030ഓടെ സാമ്പത്തിക സഹായം നല്‍കാന്‍ രാഷ്ട്രനേതാക്കള്‍ പദ്ധതിയിടുന്നു.
  • ഇന്ത്യയുടെ നെറ്റ് സീറോ ലക്ഷ്യം 2070 ആയിരിക്കുമെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി പ്രഖ്യാപിച്ചു.
  • ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ 2060ല്‍ തങ്ങളുടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് അറിയിച്ചു.
  • സ്വകാര്യ മൂലധനത്തെ കാലാവസ്ഥാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കുന്നതിനായി 130 ട്രില്യണ്‍ ഡോളര്‍ ആസ്തി ഉള്‍ക്കൊള്ളുന്ന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗ്ലാസ്ഗോ ഫിനാന്‍സ് അലയന്‍സ് ഫോര്‍ നെറ്റ് സീറോ എന്ന സാമ്പത്തിക കേന്ദ്രം പ്രഖ്യാപിച്ചു.
  • കാര്‍ബണ്‍ ഉദ്വമനത്തിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ട് 2.3 ട്രില്യണ്‍ ഡോളര്‍ കാലാവസ്ഥാ ഫണ്ടിലേക്ക് നല്‍കാന്‍ സ്കോട്ട്ലാന്‍റ് തീരുമാനിച്ചു. ഇത്തരത്തില്‍ തീരുമാനമെടുത്ത വികസിത രാജ്യങ്ങളില്‍ ആദ്യത്തേതാണ് സ്കോട്ട്ലാന്‍റ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here