ഈ ചരിത്രം ലൈംഗികതൊഴിലാളികളുടേത് കൂടിയാണ്

0
576

ലേഖനം

ആദി

ജൂൺ,ലോകമെമ്പാടുമുള്ള ക്വിയർ മനുഷ്യർക്ക് ലിംഗ-ലൈംഗിക സ്വാഭിമാനത്തിന്റെ മാസമാണ്. 1969-ൽ അമേരിക്കയിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിൽ നടന്ന പോലീസ് റെയ്ഡും, ഇതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ക്വിയർ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അടിത്തറയായത്. യൂറോപ്പിലാകെ, രണ്ടാംലോക മഹായുദ്ധാനന്തരം വിമത* ശരീരങ്ങളുടെ കൂടിച്ചേരലുകളെ കർശനമായി നിയന്ത്രിക്കാനെന്നോണം സാമൂഹിക സ്ഥലങ്ങളിലും മറ്റും പൊലീസ് റെയ്ഡുകൾ‍ സാധാരണമായിരുന്നു. രഹസ്യ സ്വഭാവമുള്ളതിനാൽ തന്നെ പലപ്പോഴും വിമത ശരീരങ്ങളുടെ കൂടിച്ചേരലുകൾ ബാറുകളിലേക്കും മറ്റും പരിമിതപ്പെട്ടിരുന്നു. ഇത് പൊലീസുകാർക്ക് ക്വിയർ മനുഷ്യരുടെ മേൽ നിരന്തരം അതിക്രമങ്ങളഴിച്ചുവിടാനുള്ള സൗകര്യമൊരുക്കി. സ്റ്റോൺവാളിലും ന്യൂയോർക്കിലെ മറ്റു ചില ബാറുകളിലും പോലീസ് റെയ്ഡുകൾ പതിവായിരുന്നു.
ന്യൂയോർക്കിലെ ഗ്രീൻവിച്ച് വില്ലേജിലാണ് സ്റ്റോൺവാൾ ഇൻ ബാർ. സംഭവ ദിവസം, പൊലീസുകാർ ബാറിൽ പരിശോധനക്കെത്തുകയും ക്വിയർ മനുഷ്യർ ശക്തമായി ഇതിനെ എതിർക്കുകയുമാണുണ്ടായത്. സ്റ്റോൺവാൾ വിമോചന സമരമുയർത്തിവിട്ട ഊർജം അമേരിക്കയിലെ ക്വിയർ മുന്നേറ്റങ്ങളുടെ പോക്കിനെ വലിയ തോതിൽ സ്വാധീനിക്കുകയുണ്ടായി. 1970 ൽ സ്റ്റോൺവാൾ വിമോചന സമരത്തിന്റെ വാർഷികമെന്നോണം അമേരിക്കയിൽ ആദ്യത്തെ ക്വിയർ പ്രൈഡ് പരേഡ് നടന്നു.

ഇന്ത്യയിൽ ക്വിയർ മുന്നേറ്റങ്ങളുടെ നിലനിൽപ്പ് മറ്റൊരു വിധത്തിലായിരുന്നു. ഇവിടെ ഐ.പി.സി.377-നെ മുൻനിർത്തിയുണ്ടായ നിയമ പോരാട്ടങ്ങളായാണ് ക്വിയർ രാഷ്ട്രീയം അതിന്റെ ആദ്യ പകുതികൾ പിന്നിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ആം വകുപ്പ്,1867-കളിലാണ് നിലവിൽ വരുന്നത്. പ്രകൃതിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്ത്രീയോടോ പുരുഷനോടോ മൃഗത്തോടോ ലൈംഗികമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടുമെന്നതാണ് വകുപ്പിന്റെ ഉള്ളടക്കം. ബാല പീഡനം, സ്വവർഗ്ഗലൈംഗികത, മൃഗരതി തുടങ്ങിയവയെല്ലാം ഐ.പി.സി.377-പ്രകാരം കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. 2018-ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസായ അഞ്ചംഗ ബെഞ്ച്, വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഐ.പി.സി.377-ഭാഗികമായി റദ്ദ് ചെയ്യുകയുണ്ടായി. 1990-കളോടെ തന്നെ ആരംഭിക്കുന്ന ക്വിയർ മനുഷ്യരുടെ പല തരത്തിലുള്ള ഇടപെടലുകളിലൂടെയാണ് 2018-ൽ ഈ ചരിത്രവിധിയുണ്ടാകുന്നത്.

ഐ.പി.സി.377-ന്റെ ഭരണഘടന വിരുദ്ധ സ്വഭാവം കണക്കിലെടുത്ത് എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളാണ് ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. 1989-ൽ AIIMS ലെയും ICMR ലെയും ആരോഗ്യപ്രവർത്തകർ ലൈംഗികതൊഴിലാളികളായ ചില സ്ത്രീകളെ പോലീസ് സഹായത്തോടെ നിർബന്ധിതമായി എച്ച്.ഐ.വി.പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ABVA (എയ്ഡ്സ് വിവേചന വിരുദ്ധ മുന്നേറ്റം)രൂപീകരിക്കപ്പെടുന്നത്. എയ്ഡ്‌സ് രോഗികളുടെയും ലൈംഗികതൊഴിലാളികളുടെയും ഇടയിൽ രൂപപ്പെട്ട ഈ മട്ടിലുള്ള ചെറിയ സംഘങ്ങളാണ് പിന്നീട് വലിയ തരത്തിലുള്ള സംഘടനാവബോധത്തിലേക്കുയരുന്നത്. പല ജയിലുകളിലും സ്വവർഗ്ഗലൈംഗികബന്ധം സജീവമായിരുന്നതിനാൽ,ABVA ജയിലുകളിൽ കോണ്ടം വിതരണം ചെയ്യാനായുള്ള പദ്ധതികളുണ്ടാക്കി. ഐ.പി.സി.377-നിലനിൽക്കേ ഇത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഐ.പി.സി.377-നെതിരെയുള്ള പ്രവർത്തനങ്ങളിൽ ABVA ഇടപെടുന്നത്. 1994-ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പെറ്റിഷൻ ഫയൽ ചെയ്‌തെങ്കിലും ABVA യ്ക്ക് കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിന്റെ തുടർച്ചയിലാണ് 2001-ൽ നാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരസ്പര സമ്മത പ്രകാരമുള്ള സ്വവർഗ്ഗലൈംഗിക ബന്ധങ്ങൾ കുറ്റകരമല്ലാതാക്കാനായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2009-ൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് കേസിൽ അനുകൂലമായ വിധി പ്രസ്താവിച്ചു. 2013-ൽ ഈ വിധി വീണ്ടും അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പിന്നീട്,2018-ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി.377-ഭാഗികമായി റദ്ദ് ചെയ്തുള്ള വിധി പ്രസ്താവിക്കുന്നത്. ഈ വിഷയത്തെ മുൻനിർത്തി നവ്‌തേജ് ജോഹർ, റീത്തു ഡാൽമിയ,സുനിൽ മെഹ്റ, അജ്മൽ നാഥ്,ആയിഷ ഗഫൂർ തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് കൂട്ടത്തോടെ പരിഗണിക്കപ്പെട്ടത്.

ദളിത് ക്വിയർ ആക്ടിവ്സ്റ്റും അധ്യാപകനായ ധിരൺ ബോറിസ് 2018-ലെ ചരിത്രവിധിയെ പ്രശ്നവത്കരിക്കുന്നുണ്ട്. ഈ വിധി അടിസ്ഥാനപരമായി മേൽത്തട്ട് ജീവിതമുള്ള ക്വിയർ മനുഷ്യരുടെ അതിജീവനത്തെ പ്രതിയുള്ളതും മറ്റു പല തരം സങ്കീർണതകളെ (ജാതി,വർഗ്ഗനില..) മായ്ച്ചുകളയുന്നതുമാണെന്നായിരുന്നു ഈ വിമർശനത്തിന്റെ കാതൽ. ആഷ്‌ലി ടെലിസും ‛സ്വകാര്യത’യെ കുറിച്ചുള്ള ഉപരിപ്ലവമായ ചിന്തകളെ വീണ്ടുവിചാരത്തിന് വിധേയമാക്കുകയും സ്വന്തമായ ഒരു മുറിയുള്ള ക്വിയർ മനുഷ്യർ മാത്രമാണ് വിധിയുടെ പരിധിയിൽ വരുന്നതെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. കോടതിയിൽ പരിഗണിക്കപ്പെട്ടത് ഏത് മനുഷ്യരുടെ ശബ്ദങ്ങളാണെന്നതും,ഏത് മനുഷ്യരുടെ ശബ്ദങ്ങളാണ് അവഗണിക്കപ്പെട്ടതെന്നും ബോറിസ് ചൂണ്ടികാണിക്കുന്നുണ്ട്. പിന്നീടുള്ള, ക്വിയർ മുന്നേറ്റങ്ങളിലെല്ലാം പ്രകടമായ മട്ടിൽ തന്നെ വരേണ്യമായ ഉളളടക്കമുണ്ടായിരുന്നു. ഉപരിവർഗ്ഗജീവിതവും ജാതിപ്രിവിലേജുകളുമുള്ള മനുഷ്യരാണ് ക്വിയർ മുന്നേറ്റങ്ങളുടെ മുഖ്യധാരയെ പലപ്പോഴും പ്രതിനിധീകരിച്ചത്. ക്വിയർ മുന്നേറ്റങ്ങളുടെ പിൽക്കാല ജീവിതം കേവലം ആഘോഷപരതയിലൊടുങ്ങുന്നതും മുതലാളിത്തത്തോടും, ഹിന്ദുത്വത്തോടും യോജിച്ചുപോകുന്നതായ നിലപാടുകളെടുക്കുന്നതുമായിരുന്നു. ആഘോഷിക്കപ്പെട്ട സ്വവർഗ്ഗവിവാഹങ്ങളും,ഏതെങ്കിലും നിലയിൽ സാമൂഹികാംഗീകാരം നേടിയെടുത്ത ക്വിയർ മനുഷ്യരും ഒരു പരിധി വരെ ഈ സവിശേഷാധികാരങ്ങളുടെ ഉപഭോക്താക്കളായിരുന്നു. രണ്ടായിരങ്ങളിൽ തന്നെ, ക്വിയർ മുന്നേറ്റത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അക്കാദമിക് ആലോചനകൾ ബ്രാഹ്‌മണിക്ക് ടെക്സ്റ്റുകളിലേക്ക് പരിമിതപ്പെടുകയുണ്ടായി. താഴേ തട്ടിൽ പണിയെടുത്ത, സമരം ചെയ്ത,പോലീസിന്റെയും സ്റ്റേറ്റിന്റെയും പീഡനങ്ങളേറ്റ് വാങ്ങിയ ലൈംഗികതൊഴിലാളികളെയും ട്രാൻസ് മനുഷ്യരെയും എം.എസ്.എം.** മനുഷ്യരെയും പുറന്തള്ളിയ ചരിത്രാന്വേഷണങ്ങളായിരുന്നു ഇത്. നിലം തൊടാതെയുള്ള ഈ ചരിത്രരചന വലിയ സ്വീകാര്യത പിടിച്ചുപറ്റി. പൊതുബോധത്തിനകമേ ലൈംഗികതൊഴിൽ അമാന്യമാണെന്ന ധാരണ ശക്തമായതിനാൽ ലൈംഗികതൊഴിൽ ചെയ്യുന്ന ക്വിയർ മനുഷ്യരുടെ ചരിത്രത്തെ എളുപ്പത്തിൽ മാറ്റിനിർത്താനുമായി. ഈ മനുഷ്യരുടെ ശബ്ദങ്ങളും അതിജീവനവും പിന്നാക്കാവസ്ഥയുടെ സാമൂഹിക കാരണങ്ങളും അന്വേഷിക്കപ്പെട്ടതേയില്ല. പുതിയ തരത്തിലുള്ള ഒരു കീഴാള സംസ്ക്കാരത്തെ നിർമ്മിച്ചെടുക്കുന്നതിലേക്കും പുതിയ തരത്തിലുള്ള ഭിന്നിപ്പിലേക്കുമാണ് ഈ പ്രവണതകളെല്ലാം നയിച്ചത്. സ്വന്തമായ മുറിയുള്ള ക്വിയർ മനുഷ്യർക്ക് തെരുവിൽ ലൈംഗികതൊഴിലെടുക്കേണ്ട സ്ഥിതിയില്ല,തീർച്ചയായും കുറേക്കൂടി സാമൂഹികാതിക്രമങ്ങൾ നേരിടേണ്ടിവരുന്നത് തെരുവിലിറങ്ങി സെക്‌സ് വർക്ക് ചെയ്യുന്ന മനുഷ്യർക്കാകും. ഒരു ഘട്ടത്തിൽ,‘വെളുത്ത ഫെമിനിസ്റ്റുകൾ സ്വന്തം മകൻ വളരുമ്പോൾ പുരുഷാധിപത്യ ചിന്തയും പേറി തനിക്ക് നേരെ തിരിയുമോ എന്ന പേടിയിൽ ജീവിക്കുമ്പോൾ, കറുത്തവർഗ്ഗക്കാരിയായ ഒരു ഫെമിനിസ്റ്റ് സ്വന്തം മകൻ തെരുവിൽ വെച്ച് കൊല്ലപ്പെട്ടേക്കുമോ എന്ന പേടിയിലാണ് ജീവിക്കുന്നതെ’ന്ന് ഓദ്രി ലോഡ് എഴുതുന്നുണ്ട്. ഈ സന്ദർഭം,നമ്മുടെ ചർച്ചയോട് ചേർത്തുവെച്ച് ആലോചിക്കാവുന്നതും, പലപ്പോഴും ഇന്റർസെക്ഷണലായ ഒരു കാഴ്ചയുടെ അനിവാര്യതയെ വെളിപ്പെടുത്തുന്നതുമാണെന്ന് കരുതുന്നു.

അടിസ്ഥാനപരമായി, ഈ മുന്നേറ്റം ലൈംഗികതൊഴിലാളികളോടും എയ്ഡ്‌സ് രോഗികളോടും ട്രാൻസ് മനുഷ്യരോടുമാണ് കടപ്പെടേണ്ടതെന്ന് വിശ്വസിക്കുന്നു. ഇത് അവരുടെ ചരിത്രമാണ്, നിശ്ചയമായും ആഘോഷങ്ങളുടേതല്ല. മുന്നേ സൂചിപ്പിച്ച പോലെ അന്ന്, ബലമായി പിടിച്ചുകൊണ്ടുപോയി നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കിയ ലൈംഗികതൊഴിലാളികളുടേതാണ് ഈ ചരിത്രം. കോടതി മുറികളിലെന്ന പോലെ, ആ തെരുവുകളിൽ നടന്ന സമരങ്ങളുടേത് കൂടിയാണ് ചരിത്രം. സ്റ്റോൺ വാൾ വിമോചന സമരം മാർഷ പി.ജോൺസണെ ഊർജ്ജമായി സ്വീകരിക്കും കണക്ക്, ഇന്ത്യയിൽ ക്വിയർ മുന്നേറ്റങ്ങളുടെ ചരിത്രം ന്യായമായും വീണ്ടെടുക്കേണ്ടത് ലൈംഗികതൊഴിലാളികളുടെ ഒച്ചകളെയാണ്. മുകളിൽ നിന്ന് സംഭവിക്കുന്ന ചരിത്രമല്ല, ഈ കീഴ്ത്തട്ട് അനുഭവങ്ങളുടെ ചരിത്രമാണ് നമുക്ക് വിളിച്ചുപറയേണ്ടതായുള്ളത്. ഈ ചരിത്രത്തെ ഉൾക്കൊള്ളുമ്പോൾ മാത്രമാണ് ഹിന്ദുത്വത്തെയും മുതലാളിത്തത്തെയും എതിരിടാനുള്ള കെൽപ്പ് നമുക്ക് നേടാനാകൂ; ഏഴിലധികം നിറങ്ങളുള്ള മഴവില്ലുകളെ സ്വപ്നം കാണാനും.

*ക്വിയർ എന്നതിന്റെ പരിഭാഷയെന്നോണമാണ് ‛വിമത’മെന്ന് ഉപയോഗിച്ചിരിക്കുന്നത്.

** എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളുടെ സന്ദർഭത്തിൽ ഉപയോഗിച്ചിരുന്ന ഒരു വാക്കാണിത്. Men who have sex with Men എന്നതിന്റെ ചുരുക്കരൂപം. ക്വിയർ രാഷ്ട്രീയത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ പിൽക്കാലത്ത്, ഈ വാക്ക് ഉപേക്ഷിക്കപ്പെട്ടു.

athmaonline-aadi
ആദി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here