(ലേഖനം)
അജ്സല്‍ പാണ്ടിക്കാട്
വജ്രങ്ങളുടെ നഗരം അഥവാ city of pearls, അതാണ് ഹൈദരാബാദിന്റെ അപര നാമം. ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിക്കിടക്കുന്ന ഈ നഗരത്തിന് വിശേഷണങ്ങള്‍ വേറെയും ഒരുപാടുണ്ട്. എത്രതന്നെ ഓടിനടന്ന് കണ്ടാലും തീരാത്തത്രയും കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണിവിടം. ഇവിടെ വരുന്ന ഓരോ സഞ്ചാരിയും ഇനിയും ഒരുപാട് കാണാനുണ്ട് എന്ന ഉത്തമബോധ്യത്തോട് കൂടിയായിരിക്കും ഇവിടുന്ന് മടങ്ങിപോകുന്നത്. ചരിത്രങ്ങള്‍കും പൈതൃകങ്ങള്‍ക്കുമപ്പുറം ഇന്ത്യയിലെ ഡെവലപ്പഡ് മെട്രോനഗരങ്ങള്‍കിടയിലും ഒരു മഹനീയ സ്ഥാനം ഈ നഗരത്തിനുണ്ട്.
ഹൈദരാബാദിലേക്കുള്ള യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വച്ചതായിരുന്നില്ല. വളരെപെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയെടുത്ത ഒരു യാത്ര. ഈ യാത്രയില്‍ എന്റെ കൂടെ ഏഴ് സുഹൃത്തുക്കള്‍ കൂടിയുണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച യാത്ര സിക്കന്ദരാബാദ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ സമയം വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയോരത്ത് കാണുന്ന മരങ്ങളും ചെടികളുമെല്ലാം നമ്മുടെ സഹയാത്രികരായിത്തീരും എന്ന് മുമ്പാരോ പറഞ്ഞതായിട്ട് ഓര്‍ക്കുന്നു. ആ യാഥാര്‍ത്ഥ്യം അനുഭവിച്ചറിഞ്ഞത് ഈ യാത്രയിലായിരുന്നു. ഒരു ദിവസത്തെ യത്രകാരണമുണ്ടായ ക്ഷീണം കൊണ്ടും വിശപ്പുകൊണ്ടും വലഞ്ഞിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ആവിപറക്കുന്ന ഹൈദരാബാദി ബിരിയാണി വന്ന് നിന്നപ്പോള്‍ ചുറ്റുമുള്ളതെല്ലാം വെറും മായക്കാഴ്ചകളായി. ഭക്ഷണത്തിന് ശേഷം പലരോടും ബന്ധപ്പെട്ടും മലയാളത്തിലും ഹിന്ദിയിലും മാറിമാറി പേസിയും ഒടുക്കം ഹുസൈന്‍ സാഗര്‍ തടാകത്തിനടുത്ത് താമസസ്ഥലം ഒപ്പിച്ചെടുത്തു.
ഞങ്ങളുടെ ആദ്യ സന്ദര്‍ശന കേന്ദ്രം NTR ഗാര്‍ഡന്‍ ആണ്. ഓട്ടോയിലായിരുന്നു യാത്ര.ഈ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ ഓട്ടോകാര്‍ തന്നെയാണ്. ഇടതടവില്ലാതെ എല്ലായിടത്തും ഇവന്മാരുണ്ട്. വിദേശികളെ എവിടെ കണ്ടാലും ചാടി വീഴും. എന്നിട്ട് തോന്നിയ വില പറയും. വില പേശാന്‍ നിന്നാല്‍ അഞ്ഞൂറ് രൂപക്ക് പറഞ്ഞ യാത്ര നമുക്ക് വെറും നൂറ് രൂപക്ക് നടത്താം. ആദ്യമാദ്യം ഇവന്മാര്‍ ഞങ്ങളെ കുറേ വെള്ളം കുടിപ്പിച്ചെങ്കിലും പിന്നീട് സമര്‍ത്ഥമായി പിടിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ പഠിച്ചു.
NTR ഗാര്‍ഡണിനെ കുറിച്ച് പറയുകയാണെങ്കില്‍, സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവണ്ണം അവിടെ യാതൊന്നുമില്ല. ചുണ്ടില്‍ ഒരു കൊട്ട ലിപ്സ്റ്റിക് വാരിത്തേച്ച, സൗന്ദര്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലത്ത ഒരുപാട് ബംഗാളി പെണ്ണുങ്ങള്‍ മേഞ്ഞു നടക്കുന്ന ഒരു കൊച്ചു ഗാര്‍ഡന്‍. പുതുമയുള്ളതായിട്ട് ഒന്നുമില്ല. ഗാര്‍ഡണിന്റെ അടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മനോഹരമായ വെള്ള കൊട്ടരമുണ്ട്, തെലങ്കാനയിലെ പുതിയ സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റിന്റെ അടുത്ത് പണി പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒരു വലിയ അംബേദ്കര്‍ പ്രതിമയും കാണാം. NTR ഗാര്‍ഡനില്‍ അധിക സമയം ചിലവഴിക്കാതെ ഞങ്ങള്‍ ബിര്‍ള മന്ദിരിലേക്ക് തിരിച്ചു.
മാര്‍ബിളില്‍ പണിതീര്‍ത്ത ഒരമ്പലമാണ് ബിര്‍ള മന്ദിര്‍. 280 അടി ഉയരത്തില്‍ ഒരു കുന്നിന്റെ മുകളിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രധാന നിരത്തില്‍ നിന്നും മാറി ചെറിയ തെരുവ് വീഥികളിലൂടെ വേണം ഇവിടെയെത്താന്‍. ഞങ്ങള്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. താഴെ നിന്നും നീണ്ട പടവുകള്‍ കയറിയിട്ട് വേണം മുകളിലെത്താന്‍. ഇവിടെ ഒരുപാട് പ്രതിഷ്ഠകളുണ്ട്. രാത്രിയില്‍ പ്രകാശ മുകരിതമാകുന്ന ബിര്‍ള മന്ദിര്‍ ഒരു മനോഹരമായ കഴ്ചതന്നെയാണ്. ഇതിന്റെ മുകളില്‍ കയറി നിന്നാല്‍ ഹുസൈന്‍ സാഗറിന്റെ മനോഹരമായ രാത്രി ദൃശ്യം കാണാം. ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ ഓരം ചേര്‍ന്ന് ഹെഡ്‌ലൈറ്റ് മിന്നിച്ച് പാമ്പിനെ പോലെ ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങള്‍ നയനാനന്ദകരമായ കാഴ്ചയായിരുന്നു.
ഹൈദരാബാദിലെ ആദ്യ ദിവസം, അവസാനമായി ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുണ്ടായിരുന്നത് ഹുസൈന്‍ സാഗര്‍ തടാകവും അതിനടുത്തുള്ള ലുംബിടി പാര്‍ക്കുമാണ്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമാണ് ഹുസൈന്‍സാഗര്‍. 1593 ല്‍ ഇബ്രാഹീം ഖുലി ഖുതുബ് ശാ നിര്‍മിച്ച ഈ തടാകം ഹൈദരബാദ് സിക്കന്ദരാബാദ് നഗരങ്ങളെ വേര്‍തിരിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലാണ് തടാകം നിര്‍മിച്ചിട്ടുള്ളത്. തടാകത്തിന്റെ ഒത്ത നടുക്കായിട്ട് ഒരു ശ്രീബുദ്ധ പ്രതിമയുണ്ട്. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയില്‍ നാമെത്തിച്ചേരുക ഈ പ്രതിമയുടെ അടുത്താണ്. പ്രതിമയുടെ അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ ബോട്ടില്‍ കയറി അഞ്ച് മിനുട്ട് കൊണ്ട് കേരളത്തില്‍ തന്നെ തിരിച്ചെത്തിയോ എന്ന് സംശയിച്ച് പോയി. അതിന് കാരണമുണ്ട്, അവിടെയുണ്ടായിരുന്ന സന്ദര്‍ശകരില്‍ ഏറിയ പങ്കും മലയാളികളായിരുന്നു. തടാകത്തിനടുത്തുള്ള ലുമ്പിടി പാര്‍ക്കും അവിടുത്തെ ലാസര്‍ പാര്‍ട്ടിയും മനോഹരമായ അനുഭവങ്ങളായിത്തീര്‍ന്നു. ഹുസൈന്‍ സാഗറില്‍ നിന്ന് മടങ്ങിയതോടെ ഞങ്ങളുടെ ആദ്യ ദിവസത്തെ പര്യടനം പൂര്‍ത്തിയായി.
രണ്ടാമത്തെ ദിവസം രാവിലെതന്നെ ചാടിപ്പിടഞ്ഞെണീറ്റ് തട്ടിക്കൂട്ടി ഒരു കുളിയും കഴിച്ച് ഞങ്ങള്‍ പുറപ്പെട്ടു, ഫിലിം സിറ്റിയിലേക്ക്. നേരം വെളുത്തു തുടങ്ങുന്നേ ഒള്ളുവെങ്കിലും റോഡുകളെല്ലാം അപ്പോഴേക്കും വാഹനങ്ങള്‍ കൊണ്ട് നിബിഡമായിട്ടുണ്ട്. ഇടതടവില്ലാതെ ഹോണ്‍ മുഴക്കിക്കൊണ്ടാണ് ഓരോ വാഹനവും മുന്നോട്ട് നീങ്ങുന്നത്. ഈ നഗരത്തിലെത്തിയാല്‍ ഒരു പക്ഷെ നിങ്ങളെ ആദ്യം മടുപ്പിക്കുന്നതും ഇവന്മാരുടെ ഈ ഹോണടിയായിരിക്കും. വലുപ്പചെറുപ്പമില്ലാതെ എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഇതനുഷ്ഠിച്ച് പോരുന്നുണ്ട്.
രാവിലെ കൃത്യം ഒമ്പത് മണിയായപ്പോഴേക്കും ഞങ്ങള്‍ ഫിലിം സിറ്റിയില്‍ എത്തിച്ചേര്‍ന്നു. ഫിലിം സിറ്റിയെ കുറിച്ച് പറയുകയാണെങ്കില്‍ കേവലം വാക്കുകള്‍ അപ്രാപ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് ഈഫല്‍ ടവറില്‍ തോടണോ, താജ് മഹല്‍ കാണണോ, അതുമല്ലെങ്കില്‍ ലണ്ടന്‍ നഗരത്തില്‍ ഒരു സര്‍കീട്ട് ആയാലോ? എല്ലാത്തിനുമുള്ള അവസരം ഇതാ ഇവിടെ ഒരു കൂരക്ക് കീഴില്‍ ഒരുക്കി വെച്ചിട്ടുണ്ട്.1996ല്‍ രമോജി റാവു തുടങ്ങി വെച്ച ഈ സംരംഭം ഇന്ന് 1600 ഏക്കറില്‍ വിശാലമായി പരന്ന് കിടക്കുന്ന ഒരു മായാലോകമായി വ്യാപിച്ചിരിക്കുന്നു.ഫിലിം സിറ്റിയിലെ ഓരോ കാഴ്ചകളും ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ത്രില്ലടിച്ചു കണ്ട ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തത് ഇവിടെ വെച്ചാണെന്ന് അറിയുന്നത് ഇവിടെ യെത്തിയതിനുശേഷമാണ്. ചെന്നൈ എക്‌സ്പ്രസ്സിലെ മനോഹരമായ റെയില്‍വേ സ്റ്റേഷന്‍ സീന്‍ ഷൂട്ട് ചെയ്തതും ഇവിടെ വെച്ചാണെന്ന് അറിയാന്‍ സാധിച്ചു. ഫിലിം സിറ്റിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ബാഹുബലിയുടെ ഭാഗം തന്നെയാണ്. പ്രവേശന കവാടത്തില്‍ തന്നെ ‘മാഹിഷ്മതി സാമ്രാജ്യം’ എന്ന പശ്ചാത്തല സംഗീതം പ്ലേ ചെയ്തു വച്ചിട്ടുണ്ട്. അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ സിനിമക്ക് വേണ്ടി ഉപയോഗിച്ചിരുന്ന വാളുകള്‍, സിംഹാസനം, രഥം എല്ലാം അവിടെ കാണാം. രാവിലെ മുതല്‍ ഇതിനുള്ളില്‍ കിടന്ന് അലയുന്നത് കൊണ്ട് ശക്തമായ വിശപ്പ് ഞങ്ങളെയെല്ലാവരെയും ബാധിച്ചിരുന്നു. അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറാന്‍ തീരുമാനിച്ചു. (ഫിലിം സിറ്റിക്കകത്ത് ഹോട്ടലുകളും കഫേകളും ഒരുപാടുണ്ട്) ഹോട്ടലിനു മുമ്പില്‍ എത്തിയപ്പോള്‍ തികട്ടി വന്ന വിശപ്പ് വന്നതിനേക്കാള്‍ വേഗത്തില്‍ ഇറങ്ങിപ്പോയി. ഞങ്ങളുടെ വിശപ്പിന്റെ അന്തകനായത് ഹോട്ടലിനു മുമ്പില്‍ വച്ചിരുന്ന മെനു ബോര്‍ഡാണ്. ഒരു ഫുള്‍ ചിക്കന്‍ ബിരിയാണിക്ക് വില 450 രൂപ. പതിനഞ്ച് രൂപയുടെ മുട്ട പഫ്‌സിന് ഇവിടുത്തെ വില 70 രൂപ. പിന്നെ നമ്മളെ പോലത്തെ പാവങ്ങള്‍ എന്ത് ചെയ്യും. നാനൂറ്റി അന്‍പത് രൂപക്ക് പുറത്ത് നാല് ബിരിയാണി കിട്ടും. പിന്നെ അധികസമയം അവിടെ ചിലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന ഒന്ന് രണ്ട് പ്രോഗ്രാമുകള്‍ കൂടി കണ്ട് വൈകുന്നേരം അഞ്ചുമണിയോടുകൂടി ഞങ്ങള്‍ അവിടുന്ന് മടങ്ങി.
ഇനി അന്ന് ഞങ്ങള്‍ക്ക് അവസാനമായി സന്ദര്‍ശിക്കാനുണ്ടായിരുന്നത് ചാര്‍മിനാര്‍ ആണ്. ‘ചാര്‍മിനാര്‍’, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന നാലു മിനാരങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഖുതുബ്ഷാ രാജവംശം അവരുടെ തലസ്ഥാനം ഗോല്‍കണ്ടയില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയതിനുശേഷം, 1591ല്‍ ഹൈദരാബാദില്‍ പ്ലേഗ് നിര്‍മ്മാജനം ചെയ്തതിന്റെ പ്രതീകമായി സുല്‍ത്താന്‍ മുഹമ്മദ് ഷാഹി ഖുതുബ് നിര്‍മ്മിച്ചതാണിത്. യുനസ്‌കോയുടെ പൈതൃക പട്ടികയിലും ചാര്‍മിനാര്‍ ഇടം നേടിയിട്ടുണ്ട്. ചാര്‍മിനാറില്‍ എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഈ സമയത്ത് ചാര്‍മിനാറില്‍ എത്തുന്ന വരെ വരവേല്‍ക്കുക ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന നൂറുകണക്കിന് കച്ചവടക്കാരായിരിക്കും. ഒരു വിടവ് പോലുമില്ലാതെ തെരുവ് മുഴുവന്‍ കച്ചവടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇവരുടെയെല്ലാം ഉപജീവന മാര്‍ഗമാണ് ഈ തെരുവ്.ഇവിടെ വെറും 10 രൂപക്ക് കരിമ്പ് ജ്യൂസ് മുതല്‍ സ്റ്റിക്ക് ചിക്കന്‍ വരെ ലഭിക്കും. ഇവിടുത്തെ മട്ടന്‍ ബിരിയാണി പ്രസിദ്ധമാണ്. ചാര്‍മിനാറിന്റെ തൊട്ടടുത്ത് തന്നെയാണ് മക്കാ മസ്ജിദും സ്ഥിതി ചെയ്യുന്നത്. ഖുതുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഖുലി ഖുതുബ്ഷാ ഹിയുടെ കാലത്താണ് നിര്‍മാണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ഔറംഗസീബാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മക്കയില്‍ നിന്നും വരുത്തിയ മണ്ണ് കൊണ്ടുണ്ടാക്കിയ ഇഷ്ടിക കൊണ്ടാണ് ഈ മസ്ജിദ് നിര്‍മ്മിച്ചത് എന്ന് പറയപ്പെടുന്നു. മനോഹരമായ താഴികക്കുടങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാണ് ഈ മസ്ജിദ്. പള്ളിയുടെ മുന്‍വശത്ത് സന്ദര്‍ശകര്‍ക്ക് അംഗശുദ്ധി വരുത്താന്‍ വലിയൊരു കുളവും ഉണ്ടാക്കി വച്ചിട്ടുണ്ട്. രാത്രി ഭക്ഷണത്തിനുശേഷം വളരെ വൈകിയാണ് നിങ്ങളവിടുന്ന് തിരിച്ചത്.
മൂന്നാം ദിവസം, അതായത് ഹൈദരാബാദിലെ ഞങ്ങളുടെ അവസാന ദിവസം,വെയില്‍ ചൂടായി തുടങ്ങുന്നതിനു മുമ്പേ ഞങ്ങള്‍ ഗോല്‍കണ്ട ഫോര്‍ട്ടിലേക്ക് തിരിച്ചു. ഗോല്‍കൊണ്ടയിലെത്തിയപ്പോഴേക്കും വെയില്‍ ചൂടായിരുന്നു. കോട്ടയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരാണെങ്കില്‍ ടിക്കറ്റിന് വെറും 25 രൂപയോകൂ. വിദേശികളാണെങ്കില്‍ കൂടും. ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എല്ലാം ടിക്കറ്റിന് വില വളരെ കുറവാണ്. ഫിലിം സിറ്റിയില്‍ മാത്രമാണ് അല്പം കൂടുതലുള്ളത് (1600 രൂപ). അതുകൊണ്ടുതന്നെയായിരിക്കാം ഒരുപക്ഷേ സഞ്ചാരികളെ ഈ സ്ഥലം കൂടുതലായി ആകര്‍ഷിക്കുന്നതും. ‘ഗോല്‍ക്കൊണ്ട ഫോര്‍ട്ട്’, ശാസ്ത്രവും ശില്‍പ്പകലയും മനോഹരമായി സമ്മേളിച്ചയിടം. യാതൊരു മുന്‍വിധിയും ഇല്ലാതെയാണ് വന്നതെങ്കിലും കണ്ടുതീര്‍ത്തപ്പോഴേക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം മനസ്സില്‍ ആഴത്തില്‍ പതിഞ്ഞയിടം. 1600 കളിലാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളുണ്ട് ഈ കോട്ടക്ക്. ഉയര്‍ന്ന പ്രദേശത്തു നിന്നും താഴേക്കാണ് ഈ കോട്ട നിര്‍മ്മിച്ചത്. കോട്ടയുടെ ചില പ്രത്യേക ഭാഗങ്ങളില്‍ നിന്ന് കൈകൊട്ടിയാല്‍ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിധ്വനിച്ച് കേള്‍ക്കും. കോട്ടയില്‍ കഴിയുന്ന രാജാവിന് അടിയന്തര സാഹചര്യങ്ങളില്‍ സിഗ്‌നല്‍ നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയതായിരിക്കാം ഈ സംവിധാനം.
ഒരുപാട് നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ഞങ്ങള്‍ കോട്ടയുടെ മുകളില്‍ എത്തിച്ചേര്‍ന്നു. മുകളില്‍ നിന്നും നോക്കിയാല്‍ വിശാലമായി പരന്നുകിടക്കുന്ന ഹൈദരാബാദിന്റെ ആകാശദൃശ്യം കാണാം. പൊരിയുന്ന വെയിലത്തും കോട്ടയുടെ മുകളില്‍ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. കോട്ടക്കകത്ത് വിശാലമായ കുളങ്ങളും തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്ന ജയിലുകളും കാണാം. കോഹിനൂര്‍ വജ്രം അപഹരിക്കപ്പെടുന്നതിനു മുമ്പ് ഒരുപാട് കാലം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. ഹൈദരാബാദിലേക്ക് മാറ്റുന്നതിന് മുമ്പ് ഖുതുബ് രാജവംശത്തിന്റെ തലസ്ഥാനനഗരിയുമായിരുന്നു ഇവിടം. കോട്ടയ്ക്കകത്ത് ഒരു ചെറിയ പെട്ടിക്കടയുണ്ട്. ഇവിടെ കുടിവെള്ളത്തിന് 40 രൂപയാണ് വില. എന്നാല്‍ കുടിച്ചതിനുശേഷം കുപ്പി തിരിച്ചു നല്‍കിയാല്‍ കടക്കാരന്‍ 20 രൂപ മടക്കി നല്‍കും. ഇത്തരം സംവിധാനങ്ങള്‍ എല്ലായിടത്തും വരികയാണെങ്കില്‍ നമ്മുടെ നാടൊക്കെ എന്നെ മാലിന്യമുക്തമായേനെ.
ഉച്ചയോടെ ഫോര്‍ട്ട് വിട്ടിറങ്ങി. ഇനി ഈ യാത്രയില്‍ അവസാനമായി ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ളത് സെവന്‍ ടോംബ്‌സ് അല്ലെങ്കില്‍ ഖുത്തുഷാഹി ടോംബ്‌സാണ്. ഖുതുബ്ഷാഹി രാജവംശത്തിലെ രാജാക്കന്മാരുടെ ശവകുടീരമാണിവിടെയുള്ളത് .ഭീമാകാരമായ താഴികകുടങ്ങള്‍ ആണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ശവകുടീരങ്ങളോരോന്നും. ഇതില്‍ ഖുതുബ്ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവായിരുന്ന മുഹമ്മദ് ഖുലി ഖുതുബ്ഷാഹിയുടേതാണ് ഏറ്റവും വലിയ ശവകുടീരം. എന്നാല്‍ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖുതുബ്ഷാഹി രാജവംശത്തിന്റെ സ്ഥാപകന്‍ സുല്‍ത്താന്‍ ഖുലി ഖുതുബുല്‍ മുല്‍ക്കിന്റെതാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരു മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ഗോല്‍ക്കൊണ്ട ഫോര്‍ട്ട് സന്ദര്‍ശിച്ചതിനുശേഷമാണ് മിക്ക ആളുകളും ഇവിടെ വരുന്നത്. കോട്ട കയറിയതിന്റെ ക്ഷീണം മുഴുവന്‍ ആളുകള്‍ തീര്‍ക്കുന്നത് ഇവിടുത്തെ പുല്‍മൈതാനങ്ങളിലിരുന്നാണ്. കുറച്ചുസമയം അവിടെയിരുന്ന് വിശ്രമിച്ച ശേഷം ഞങ്ങള്‍ ഞങ്ങളുടെ യാത്രയ്ക്ക് വിരാമം കുറിച്ചു മടങ്ങി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല