കരുതിയിരിക്കുക – മരണം തൊട്ടടുത്താണ്

0
133

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 36

ഡോ. രോഷ്നി സ്വപ്ന

“I came by the public road
but won’t return on it.
On the embankment I stand, halfway
through the journey.
Day is gone. Night has fallen.
I dig in my pockets but can’t find
a cowry shell.
What can I pay for the ferry”
-Lal Ded

മരണം.
അത്‌ ചിലപ്പോൾ പൂക്കളിൽ നിന്ന് പൊട്ടിപ്പുറപ്പെടും.
മണ്ണടരുകളിൽ നിന്ന് പശപശപ്പോടെ.
ഉമ്മകൾക്കിടയിൽ നിന്ന് ഒരു വെടിയുണ്ടയായി ചിതറും

കാശ്മീരിൽ നിന്ന് ദിനംപ്രതി അപ്രത്യക്ഷരാകുന്നവരെക്കുറിച്ചാണ് അശ്വിൻ കുമാർ സംവിധാനം ചെയ്ത “നോ ഫാദേഴ്സ് ഇൻ കാശ്മീർ “എന്ന ചിത്രം ആശങ്കപ്പെടുന്നത്. 1947 ലേയും 1965 ലേയും സമാന സംഭവങ്ങൾ തന്നെ 2019 ഇന്ത്യയിൽ അരങ്ങേറുന്നു എന്ന ആശങ്ക ചിത്രം പങ്കുവക്കുന്നു. മണ്ണിനടിയിലേക്ക് പോകേണ്ടവർ തന്നെയാണ് മനുഷ്യർ. യാതൊരു സംശയവും ഇല്ല. പക്ഷേ പൊടുന്നനെ കാൽവിരലുകൾ നനഞ്ഞ മണ്ണിനോടൊപ്പം പടരുമ്പോൾ മാത്രം നാം തിരിച്ചറിയുന്ന ഒരു യാഥാർത്ഥ്യമുണ്ട്.
നാം ഇവിടെ തന്നെയുണ്ട് എന്നും, എപ്പോൾ വേണമെങ്കിലും നാം കാണാതാവുന്നവരിൽപ്പെടാം എന്നും. എവിടെ വച്ചെങ്കിലും നാം കൊല്ലപ്പെടാമെന്നും.

ചിലപ്പോളെങ്കിലും ഉള്ളിലെ അതിരുകൾ എവിടെവച്ചാണ് നമ്മുടേത് മാത്രമാകുന്നത്.?
കാലം തെറ്റി പൂക്കുന്ന ചെടികൾ മാത്രമല്ല മലനിരകൾക്കിടയിൽ മണ്ണടരുകൾക്കടിയിൽ മനുഷ്യരുടെ ശവശരീരങ്ങളുമുണ്ടെന്നു സിനിമ പറയുന്നു.

“ഇൻഷാ അല്ലാഹ്”, “ഫുട്ബോൾ”, “ഇന്ഷാ അല്ലാഹ് കാശ്മീർ” തുടങ്ങിയ ചിത്രങ്ങളാണ് നോ ഫാദേഴ്സ് കാശ്മീരിന് മുമ്പ് അശ്വിൻ കുമാർ ചെയ്തിട്ടുള്ളത്.

കശ്മീരിലെ അസ്സാന്നിധ്യങ്ങളുടെ യഥാർത്ഥ അനുഭവങ്ങളാണ് ഈ ചിത്രത്തിന് ആധാരം. ഈ കാലത്ത് കലാകാരന്മാർക്ക് ഏറ്റെടുക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് അധികാരവും കാഴ്ചയും കലയും സർഗ്ഗാത്മകതയും
തമ്മിലുള്ള പൊരുത്തക്കേടുകളും അടങ്ങിയ ദൃശ്യസംസ്കാരമാണ്. ഇതിനിടയിൽ നിന്ന് ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങളെ അതേപടി അനുഭവിക്കുക എന്നത് മൂന്നാം ലോകരാജ്യങ്ങൾ അനുഭവിക്കുന്ന വെല്ലുവിളി തന്നെയാണ് ഒരേസമയം പ്രതിരോധത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ ആകുമ്പോഴും അവയുടെ സൗന്ദര്യാനുഭവബോധം കൂടി സൃഷ്ടിയിലേക്ക് പകർത്തുക എന്നത് അതിലുമേറെ ഉത്തരവാദിത്വമുള്ള ക്രിയയാണ്. കെട്ടുകാഴ്ചയോ കോലാഹലങ്ങളുടെ അതിഭാവുകത്വമോ കലർന്ന ദൃശ്യങ്ങളോ ആയല്ല ഈ സിനിമ കശ്മീർ പ്രശ്നത്തെ പരിചരിക്കുന്നത്.

ഓരോ രാഷ്ട്രീയ പ്രശ്നത്തിന്റെയും ഏറ്റവും സുതാര്യമായ അടരിൽ, പ്രണയത്തിനു വേണ്ടി, കാത്തിരിപ്പിനു വേണ്ടി നിലനിൽപ്പിനു വേണ്ടി, മരിക്കാതിരിക്കാൻ വേണ്ടി, കൊല്ലപ്പെടാതിരിക്കാൻ വേണ്ടിയുള്ള സാധാരണ മനുഷ്യനെ പോരാട്ടങ്ങൾ ഉണ്ട്. ഇന്ത്യയുടേയും കശ്മീരിന്റെയും അനുഭവങ്ങളെ മാധ്യമപരവും ചരിത്രപരവുമായ കലർപ്പുകളിൽ നിന്ന് തീർത്തും ധ്യാനാത്മകമായി കണ്ടെടുക്കുകയാണ് No fathers in kashmir.

അച്ഛനെ തിരഞ്ഞു പോകുന്ന നൂറിനും, അശ്രദ്ധമായി ഫേസ്ബുക്കിൽ പതിപ്പിച്ച ഒരു ഫോട്ടോയുടെ പേരിൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട മജീദിനും അപ്പുറം ഈ സിനിമ ചിലത് പറയാൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസോ മെഡിക്കൽ ഫീസോ സാധാരണ ഒരു വിദ്യാർത്ഥിയെപ്പോലെ കൊടുക്കാൻ കഴിയുന്നില്ല, എന്ന അവസ്ഥയെക്കുറിച്ച് അശ്വിൻ കുമാർ പറയുന്നുണ്ട്. “എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിലാണ്, കോളേജിൽ അപേക്ഷിച്ചാലും, ഡ്രൈവിംഗ് ലൈസൻസ്, പെൻഷൻ മെഡിക്കൽ കാർഡ് എന്നിവയ്ക്ക് – 7.5 ദശലക്ഷം കശ്മീരികൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ അവസ്ഥയുടെ രാഷ്ട്രീയ ചിത്രം ചർച്ച ചെയ്യുന്നു. കാശ്മീരിന്റെ ഭാവി അന്തരീക്ഷം പുറപ്പെടുവിക്കാൻ പോകുന്നത് ഇപ്പോൾ നിലനിൽക്കുന്ന ആശങ്കകളുടെയും സങ്കീർണ്ണതകളുടെയും. അവസ്ഥകളെകുറിച്ചാണ് എങ്കിലും,കശ്മീരിലെ അവസ്ഥകൾക്ക് അപ്പുറമുള്ള സ്വപ്നങ്ങളുടെ നിഴൽ നമ്മുടെ മുഖത്ത് നേരിയ പുഞ്ചിരി വിതറുമെന്നുറപ്പ്.
പ്രത്യേകിച്ച് നൂറും മജീദും തമ്മിലുള്ള നിമിഷങ്ങൾ, അവരുടെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണെങ്കിലും ആർദ്രമായ ഒരു പ്രണയകഥയായി അത് വികസിക്കുന്നു.

ആകർഷകമായി ചിത്രീകരിച്ച ചില മൊബൈൽ ക്യാമറാ ഷോട്ടുകൾ കാശ്മീരിന്റെ അതിമനോഹരമായ സൗന്ദര്യത്തെ വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ ഭൂരിഭാഗവും പ്രാദേശിക നാടോടി സംഗീതത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത ദൃശ്യങ്ങൾ അതിന്റേതായ മാനം കണ്ടെടുക്കുന്നുണ്ട്. മനസിനെ വേട്ടയാടുന്ന പശ്ചാത്തല സ്കോർ സിനിമയുടെ ആഖ്യാനത്തെ അങ്ങേയറ്റം സഹായിക്കുന്നുണ്ട്. രണ്ട് അറ്റത്തിലുമുള്ള ദ്വന്ദ്വാവസ്ഥയെ ചലച്ചിത്രകാരൻ എടുത്തുകാണിച്ചുകൊണ്ട് തിരക്കഥ സൂക്ഷ്മമായി വികസിപ്പിക്കുന്നു. “നോ ഫാദേർസ് ഇൻ കശ്മീർ” ഹൃദയസ്പർശിയായതും ഏറെക്കുറെ പിടിച്ചിരുത്തുന്നതുമാണെങ്കിലും, സിനിമയുടെ വേഗം ചില സമയങ്ങളിൽ കുറക്കുന്നുണ്ട്. പക്ഷെ അത് ചലച്ചിത്രത്തിന്റെ ആസ്വാദനത്തെ അത്ര കണ്ടുബാധിക്കുന്നുമില്ല.

മികച്ച പ്രതിഭാധനരായ അഭിനേതാക്കളായ സോണി റസ്ദാനും കുൽഭൂഷൺ ഖർബന്ദയും കാശ്മീരിലെ നൂറിന്റെ മുത്തശ്ശിമാരായി സിനിമയിൽ കടന്നു വന്ന് അഖ്യാനത്തിന്റെ ശക്തി കൂട്ടുന്നു.

റസ്ദാന്റെ വികാരനിർഭരമായ കണ്ണുകളാണ് നമ്മുടെ കാഴ്ചയെ കവരുന്നതെങ്കിൽ,
ഖർബന്ദയുടെ കഥാപാത്രം ചിത്രത്തിലെ യുക്തിയുടെ ശബ്ദമായാണ് കടന്നു വരുന്നത്.. അർഷിന്റെ കഥാപാത്രത്തിലൂടെ അശ്വിൻ കുമാർ ഒരു നിർണായക കഥാപാത്രത്തെ ഫലപ്രദമായി അവതരിപ്പിക്കുന്നു. പക്ഷേ, പ്രധാന ജോഡികളായ സാറ വെബ്ബിന്റെയും ശിവം റെയ്‌നയുടെയും നിഷ്‌കളങ്കമായ ആകർഷണീയതയാണ് സിനിമയിൽ തിളങ്ങുന്നത്. പ്രത്യേകിച്ച് മജിദായി മാറുന്ന റെയ്‌ന!

അത്രയെളുപ്പത്തിൽ ഈ ചലച്ചിത്രം നമുക്ക് കാണാനാവില്ല. ഇത് അർദ്ധ വിധവകളെയും അനാഥരെയും കുറിച്ച് ചിന്തിക്കാൻ കൂടി നമ്മെ അനുവദിക്കുന്ന വേദനാജനകമായ ഒരു കഥയാണ്.

കൗമാരപ്രായത്തിലുള്ള ഒരു പ്രണയകഥയിലൂടെയാണ് അശ്വിൻ കുമാർ കശ്മീരിന്റെ കഥയിലേക്ക് നമ്മെ ആകർഷിക്കുന്നു.

16 വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയായ നൂർ (സാറ വെബ്ബ്) കാശ്മീരിലെ തന്റെ മുത്തശ്ശിമാരെ കാണാൻ പോകുന്നു. അവളുടെ അമ്മ (നതാഷ മാഗോ) വർഷങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവിന്റെ തിരോധാനത്തിന് ശേഷം കാശ്മീരിലേക്ക് വന്നിട്ടില്ല.
നൂർ തന്റെ ഇടം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കൗമാരക്കാരിയാണ് നൂർ. അവളുടെ മുഴുവൻ സന്ദർശനവും അവൾ സ്വന്തം സെൽഫോൺ ക്യാമറയിൽ രേഖപ്പെടുത്തുന്നുണ്ട്, പെട്ടെന്ന് അവൾ അവളുടെ പിതാവിന്റെ അഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നു. സമാനമായ കഥയുള്ള അതേ ഗ്രാമത്തിലെ ആൺകുട്ടിയായ മജിദുമായി (ശിവം റെയ്‌ന) അവൾ സൗഹൃദത്തിലാകുമ്പോൾ സത്യം കൂടുതൽ വ്യക്തമാകുന്നുണ്ട് . അവന്റെ അച്ഛനും അപ്രത്യക്ഷനായിട്ടുണ്ട്. അവന്റെ അമ്മയും നൂറിന്റെ അമ്മയെപ്പോലെ “അർദ്ധ വിധവയും അർദ്ധഭാര്യയുമാണ്”. അവരുടെ ചില കോമാളിത്തരങ്ങൾ വരാനിരിക്കുന്ന നാടകീയതയിലേക്കുള്ള ചൂണ്ടുപലകകളാണ്.

സഹാനുഭൂതിയാൽ ബന്ധിതരായ നൂരും മജീദും പ്രണയത്തിന്റെ ആദ്യചലനങ്ങളെ അനുഭവിക്കുകയും അപകടവും ഹൃദയാഘാതവും നിറഞ്ഞ ഒരു ദൗത്യത്തിലേക്ക് കടന്നു പോകുകയും ചെയ്യുന്നു.

തന്റെ പിതാവിന്റെ പഴയ സുഹൃത്തും തീവ്രവാദിയുമായ അർഷിദ് ലോണുമായുള്ള (അശ്വിൻ കുമാർ) നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും നൂർ തന്റെ കാശ്മീർ സാഹസികതയുടെ വിശദാംശങ്ങൾ ഒരുമിച്ച് ചേർക്കുന്നു. മജിദിലൂടെയും അർഷിദിലൂടെയും, ജീവിതവും തീവ്രവാദവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കശ്മീരിലെ സംഘർഷത്തെക്കുറിച്ചും “നിർബന്ധിത തിരോധാനത്തിന്റെ” ഭീകരതയെക്കുറിച്ചും നൂർ ഒരു പ്രാഥമിക നിഗമനം നേടിയെടുക്കുന്നു.

ഗ്രാമത്തിലെ സ്ത്രീകളിൽ നിന്ന്, ശുദ്ധീകരണസ്ഥലത്ത് അനേകർ താമസിക്കുന്ന ഒരു സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സിനിമയിൽ തുടർന്ന് നാം കാണുന്നു. ക്ഷമ, അനുകമ്പ തുടങ്ങിയ ആശയങ്ങളും അശ്വിൻ കുമാർ തുടർന്ന് അന്വേഷിക്കുന്നു. ഒരു രംഗത്തിൽ, നൂർ അവളുടെ പിതാവിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുമ്പോൾ, കുൽഭൂഷൺ ഖർബന്ദ തന്റെ പേരക്കുട്ടിയെ ശൂന്യമായ ഫോട്ടോ ആൽബങ്ങൾ കാണിച്ചുകൊണ്ട് പറയുന്നു,
“നമ്മൾ
സ്വന്തം
കൈകൊണ്ട്
നമ്മുടെ
ജനങ്ങളുടെ
ചരിത്രം
തുടച്ചുനീക്കി.”

അശ്വിൻ കുമാർ താഴ്‌വരയുടെ സൗന്ദര്യവും നൂരിന്റെ സന്തോഷവും സംയോജിപ്പിച്ച് ഇന്ത്യൻ സൈന്യവും പ്രദേശവാസികളും പരസ്പരം ഏറ്റുമുട്ടുന്നു. ഒരു സീനിൽ, തന്റെ പോസ്റ്റിംഗിന്റെ നിരാശ പകർത്തിക്കൊണ്ട്, ഒരു ആർമി മേജർ (അൻഷുമാൻ ഝാ) അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ് “ എനിക്ക് ഇവിടെ എന്റെ ജോലി എങ്ങനെ ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഒരു ശുദ്ധമായ പോരാട്ടം തരൂ. ഞാൻ കാണുന്ന ഒരു ശത്രുവിനെ എനിക്ക് തരൂ.” എന്നാണ്.

107 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഇംഗ്ലീഷിനും കാശ്മീരിക്കും ഉറുദുവിനും ഇടയിലാണ് നീങ്ങുന്നത്. ഇംഗ്ലീഷ് ഭാഷ ഇടയ്ക്കിടെ ഡയലോഗിലേക്ക് ഇടയ്ക്കിടെ കലരുന്നുണ്ട്.
പ്രത്യേകിച്ച് മജിദ് സംസാരിക്കുമ്പോൾ.

സംഗീതം ചില സമയങ്ങളിൽ കാഴ്ചയിലേക്ക് കയറിവരുന്നു.അഭിനേതാക്കൾ അവരുടെ രൂപത്തിലും ടോണിലും, പ്രത്യേകിച്ച് വെബ്, റെയ്‌ന, കുമാർ, ഖർബന്ദ, റസ്ദാൻ എന്നിവരിൽ ശ്രദ്ധേയരാണ്. ഛായാഗ്രാഹകരായ ജീൻ മാർക്ക് സെൽവയും ജീൻ മേരി ഡെലോർമും പൂർണ്ണമായും സെൽഫോൺ സ്‌ക്രീൻ അനുപാതങ്ങൾ സംയോജിപ്പിച്ച് ആഖ്യാനത്തിലൂടെ കടന്നുപോകുന്നു. എഡിറ്റർമാരായ തോമസ് ഗോൾഡ്‌സർ, അബ്രോ ബാനർജി, കുമാർ എന്നിവർ സിനിമയുടെ ആന്തരിക സ്പർശത്തെ പരസ്പരം കലർത്തി ചലിപ്പിക്കുന്നത് സംവിധായകനെപ്പോലും ചിലപ്പോൾ അതിശയിപ്പിക്കുകയും ചിലപ്പോൾ സമ്മർദ്ധത്തിലേക്ക് എത്തിക്കുന്നുണ്ട്.

എങ്കിലും “നോ ഫാദർസ് ഇൻ കശ്മീർ ” അവശേഷിപ്പിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ചില വിരാമങ്ങൾ ഉണ്ട്. ചില അർദ്ധ വിരാമങ്ങളുണ്ട്. അവ അവശേഷിപ്പിക്കുന്ന നടുക്കങ്ങൾ തന്നെയാണ് ഈ ചലച്ചിത്രത്തെ പ്രസക്തമാക്കുന്നത്.

സത്യമാണ് ഹിംസയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്നുതന്നെയാണ്
ചിലപ്പോൾ ജീവിതം ഉറവയെടുക്കുന്നത്.

ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ വരുന്നുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here