ദേശീയതയുടെ നീചവും സങ്കുചിതവുമായ തലത്തെ വരച്ചിടുന്ന കൃതി

0
148

The Reader’s View

അന്‍വര്‍ ഹുസൈന്‍

2014 ൽ പുറത്തിറങ്ങി, സാഹിത്യ അക്കാദമി അവാർഡും 2017 ലെ വയലാർ അവാർഡും മറ്റു പല പുരസ്കാരങ്ങളും നേടിയ ടിഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇരുപത്തഞ്ചോളം പതിപ്പുകൾ പിന്നിട്ടു. വംശീയ വെറിയുടെ വർത്തമാനകാല രാഷ്ട്രീയവും ഭൂതകാല മിത്തും കൂട്ടിയിണക്കി റ്റി ഡി ആർ രചിച്ച ഈ നോവൽ അനുവാചകരുടെ മനസ്സിൽ മലയാള സാഹിത്യം ഇതുവരെ കാണാത്ത ഭാവനാ ഭൂപടം സൃഷ്ടിക്കുന്നു. പാണ്ഡ്യ -സിംഹള യുദ്ധവെറിയും ദേവനായകി എന്ന മിത്തിൻ്റെ മായിക തീവ്രതയും അത് പോലെ തന്നെ മനൂഷ്യാവകാശ ധ്വംസനങ്ങളിലൂടെ ശ്രീലങ്കൻ രാഷ്ട്രീയത്തിൻറെ സമകാലീന യാഥാർത്ഥ്യങ്ങളും തമിഴ് വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ LTTE പോലുള്ള സംഘടനയും ഇവയിലൂടെ ജനാധിപത്യ വിരുദ്ധവും തീവ്ര ഫാസിസ്റ്റ് പ്രീണനവും പുരുഷാധിപതൃ കേന്ദ്രീകൃതങ്ങളായ പ്രവർത്തനങ്ങളേയും കുറിച്ച് ഈ നോവലിലൂടെ വായനക്കാർക്ക് സംവദിക്കാൻ ഇട നൽകുന്നു. വിപ്ളവ പ്രസ്ഥാനങ്ങളായി തുടങ്ങി പിന്നെ ജനാധിപത്യ വിരുദ്ധമായ ആശയങ്ങൾ പേറുന്ന ഭീകര സംഘടനകളായി വളരുന്ന ഇവർ ഹിംസ്ര ജന്തുക്കളെപ്പോലെ സ്വന്തം നിലനിൽപിനും വ്യക്തി താൽപരൃത്തിനും വേണ്ടി നിരപരാധികളുടേയും സ്ത്രീകളുടേയും കുട്ടികളുടേയും മേൽ ചൊരിയുന്ന കാട്ടാളനീതിയും പൈശാചിക പ്രവർത്തനങ്ങളും ഈ നോവൽ ശരിക്കും തുറന്നു കാട്ടുന്നു. ഭയപ്പെടുത്തി വായടപ്പിക്കുന്ന തന്ത്രങ്ങളും ഏകാധിപത്യപരമായ പ്രവണതകളും ആഭ്യന്തര ഘടനയിൽ സ്വന്തം പോരാളികളെ പോലും കോന്നു തിന്നുന്ന ഹിംസ്ര ജന്തുക്കളുമായിരുന്നു ആ പ്രസ്ഥാനമെന്ന് ചൂണ്ടിക്കാട്ടുന്നു. ദേശീയതയുടെ ഏറ്റവും നീചവും സങ്കുചിതവുമായ തലം നമുക്ക് ഇതിൽ ദർശിക്കാം. 2009 ലെ ശ്രീലങ്കൻ വിമോചന പോരാട്ടങ്ങളെ അടിച്ചമർത്തി കൊണ്ട് ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ട രാജപാക്സെ ഭരണത്തെ തുടർന്നുള്ള ഏകാധിപത്യ പ്രവണതയും ഫാസിസ്റ്റ് രീതിയിലുള്ള ഭരണവും ലോകരാജ്യങ്ങളുടെ വിമർശനത്തിന് വിധേയമായിരുന്നുവെന്ന വ്യക്തമായ ചരിത്രം നമ്മൾ ഓർക്കേണ്ടതുണ്ട്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ ചരിത്രവും അതിൻ്റെ മിത്തുകളിലൂടെ വർത്തമാനകാല സാമൂഹിക വ്യവസ്ഥയോട് ചേർത്ത്‌ വക്കാനുള്ള ശ്രമവും വേണ്ടത്ര വിജയിച്ചിട്ടുണ്ടോ എന്ന് വായനക്കാരിൽ ചിലർക്കെങ്കിലും സംശയം തോന്നാം. സഹസ്രാബ്ദം മുമ്പുള്ള ദേവനായകിയും അവളുടെ ഐതിഹ്യവും മനോഹരമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. രതിയെ വളരെ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അമാനുഷികങ്ങളായ മിത്തിക്കൽ കഥാപാത്രങ്ങൾ അവയുടെ സാമുഹിക ചുറ്റുപാട് ചരിത്രത്തോട് നീതി പുലർത്തിയില്ലെങ്കിൽ കല്ല് കടിച്ചതുപോലെയാവും. സുഗന്ധി എന്ന വർത്തമാനകാല ദേവനായകിയെ ഐതിഹ്യ ദേവനായകിയാക്കി മാറ്റുന്നതിൽ നോവലിസ്റ്റിന് കാലിടറിയിട്ടുണ്ടോ എന്ന് ചിലപ്പോഴൊരു സന്ദേഹം വരാം.

കാമം പ്രണയം സ്നേഹം എന്നീ വികാരങ്ങൾ നോവലിലൂടെ വരച്ചു. കാട്ടുന്നുവെങ്കിലും രതി ആനന്ദത്തിൻ്റെയും ക്രൂരതയുടേയും രൂപത്തിൽ ഇതിൽ പലകുറി കടന്നു വരുന്നുണ്ട്. സ്ത്രീയുടേയും പ്രകൃതിയുടേയും മേലുള്ള അധിനിവേശത്തിൻറെ താണ്ഡവം നോവലിസ്റ്റിന് പല തവണ വർണ്ണിക്കേണ്ടി വരുന്നു. ആവർത്തിക്കുന്ന രതി വർണ്ണനകളിൽ വൈവിധ്യം കൊണ്ടു വന്നിട്ടുമുണ്ട്.

The woman behind the fall of Tigers എന്ന ഡോ രജനി തിരണഗാമയുടെ കഥ പറയുന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് എത്തുന്ന തിരക്കഥാകൃത്ത് പീറ്ററിലൂടെ കഥ പുരോഗമിക്കുന്നു. തൻറെ പ്രണയിനിയായ സുഗന്ധിയെ കണ്ടെത്തുക എന്ന ആഗ്രഹം സഫലീകരിക്കുന്നിടത്ത് അവൾ പൂർവ്വാശ്രമത്തിൽ ‘സുസാന സുപിന’ (സ്വപ്നങ്ങളുടെ ശ്മശാനം) എന്ന മിത്തിക്കൽ സ്ഥലത്ത് നിന്നും വാനോളം വളർന്ന് ഒരു കാൽ സിഗിരിയയിലും മറ്റേക്കാൽ ശ്രീപാദത്തിലും വച്ച് ആകാശത്തിലുടെ നടന്ന പ്രതികാരദുർഗ്ഗയായി മാറിയ ദേവനായകിയായി മാറുന്നു. പുരുഷാധിപത്യത്തിൻറെ ഹിംസക്ക് മേൽ ചാവേറായി വന്ന തൻ്റെ പ്രിയതമയെ പീറ്റർ കാണുന്നു.

സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും വ്യക്തിത്വങ്ങളും ഹനിക്കപ്പെടുന്നിടത്ത് ദേവനായകി പ്രതികാര ദുർഗ്ഗയായി പ്രവർത്തിക്കും എന്ന സന്ദേശവും പേറി പീറ്റർ തൻ്റെ ജീവൻ രക്ഷിച്ച് ആ രാജ്യം വിട്ടു പോകുന്നിടത്ത് കഥ അവസാനിക്കുന്നു .
ഒരേസമയം റാഡിക്കലായും മിത്തിക്കലായും ദേവനായകിയെ അവതരിപ്പിക്കുന്നതിലും അത് നമ്മുടെ ഭാവനാ മണ്ഡലത്തിൽ പുന സൃഷ്ടിക്കുന്നതിലും നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു എന്നു പറയാം.

‘കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽകരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ’
അരുൾമൊഴി നാങ്കെ പാടിയ സുഗന്ധിയുടെ വരികൾ നമ്മളും അറിയാതെ മൂളിപോകുന്നു….

മലയാളത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ നിറഞ്ഞ നോവലുകളിൽ ഒന്നായി ഇതിനെക്കാണാം. പൂർണ്ണമായി ഒരു സ്ത്രീ പക്ഷ കൃതിയാണോ എന്ന് വേറെ ചർച്ച ചെയ്യേണ്ടതുണ്ട്. മാനവിക പക്ഷത്താണ് ടിഡി രാമകൃഷ്ണൻ നിലയുറപ്പിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. യുദ്ധമേ വേണ്ട എന്ന സന്ദേശം ഈ പുസ്തകം നമ്മിലേക്ക് പകരുന്നുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here