ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്

0
155

(ലേഖനം)

സി.പി. ബിശ്ർ നെല്ലിക്കുത്ത്

ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പഴക്കമുണ്ട്. 1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ആര്‍തര്‍ ബാല്‍ഫണ്‍ അന്നത്തെ ജൂത ബ്രിട്ടിഷ് നേതാവായിരുന്ന ലിയോണര്‍ വാള്‍ട്ടറിലേക്കുള്ള കത്തിടപാടിലൂടെയാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നാന്ദി കുറിക്കുന്നത്.

വെറും 67 അക്ഷരങ്ങള്‍ മാത്രം ഉണ്ടായിരുന്ന കത്തിലെ ഉള്ളടക്കം പലസ്തീനില്‍ ജൂത രാഷ്ട്ര നിര്‍മാണത്തിനുള്ള ബ്രിട്ടീഷ് ക്യാബിനറ്റിന്റെ പരസ്യ സമ്മതമായിരിന്നു. പരസ്യ സമ്മതം ലഭിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇതരവിദൂര പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ പലസ്തീനിലേക്ക് കുടിയേറിപാര്‍ത്തു. മൊത്തം ജനസംഖ്യയുടെ ചെറിയ ശതമാനം പോലും ഇല്ലായിരുന്ന ജൂതവിഭാഗം അധിനിവേശകരുടെ കുത്തൊഴുക്കു മൂലം 1920- 1946 കാലഘട്ടത്തില്‍ മൂന്നുലക്ഷത്തിലധികമായി. പലസ്തീനിലെ പൗരന്മാര്‍ക്ക് സ്വാഭിമാനം നഷ്ടപ്പെടുകയും അവരുടെ നല്ല സാമൂഹിക പരിതസ്ഥിതിയില്‍ ഭംഗം വരുകയും ചെയ്തു. ഇതര രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ യഥാര്‍ത്ഥ അവകാശികളെ ചവിട്ടി പുറത്താക്കി. 1948 ല്‍ പലസ്തീനിലെ ബ്രിട്ടീഷ് ഭരണകൂടം കാലഹരണപെട്ടതോടെ സയണിസ്റ്റു ശക്തികള്‍ കിരാതമായ ക്രൂര പ്രവര്‍ത്തികള്‍ പലസ്തീനില്‍ കാണിച്ചു തുടങ്ങി. ഇതോടെ പലസ്തീനികളുടെ ദിവസങ്ങള്‍ എണ്ണിതുടങ്ങുകയായിരുന്നു.

സയണിസ്റ്റുകള്‍ പതിനയ്യായിരത്തിലധികം വരുന്ന പലസ്സ്തീനികളെ ക്രൂരമായി കൊല ചെയ്യുകയും അഞ്ഞൂറിലധികം വരുന്ന സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. പതിയെ പതിയെ ജൂതര്‍ വളരുകയും പലസ്തീനിന്റെ 33 ശതമാനത്തിലധികം ജനസംഖ്യയുള്ള വന്‍കിട ശക്തികളാകുകയും അഞ്ചു ശതമാനത്തോളം ഭൂമി കയ്യേറുകയും ചെയ്യുകയുണ്ടായി. ഇതോടെ പലസ്തീന്‍ അതിന്റെ തളര്‍ച്ചയുടെ വക്കിലെത്തി. തങ്ങളുടെ അധികാര പരിധികള്‍ കണ്‍മുമ്പില്‍ നിന്ന് മാഞ്ഞു പോവുകയും പൗരന്മാര്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന അനിതരസാധാരണമായ സംഭവവികാസങ്ങള്‍ സംഭവിക്കലോടെ പലസ്തീന് കൂടുതല്‍ തളര്‍വാദം പിടിപെട്ടു. കൂടാതെ ഐക്യ രാഷ്ട്ര സഭയുടെ ‘റെസൊല്യൂഷന്‍ 181’ എന്ന് പേരിട്ടു വിളിച്ച അറബ്-ജൂത വിഭജനം പലസ്തീനിന് എരിത്തീയില്‍ എണ്ണയൊഴിക്കുന്നതു പോലെയായിരുന്നു. രാജ്യത്തിന്റെ 56 ശതമാനത്തോളം പലസ്തീനും ബാക്കി ഭാഗം ഇസ്രാഈലിനും വിട്ടു കൊണ്ടുള്ള ഐക്യ രാഷ്ട്ര സഭയുടെ പദ്ധതി പലസ്തീന്‍ അപ്പാടെ തള്ളുകയായിരുന്നു. എങ്കിലും ഏറെ നാളത്തെ ചര്‍ച്ചക്കൊടുവില്‍ 1948 മെയ് 15 ന് ഇസ്രയേല്‍ എന്ന രാഷ്ട്രം പിറന്നു. പലസ്തീന്റെ മനസ്സകങ്ങളിലേക്കുള്ള തുറുപ്പ്ചീട്ടുകൂടെയായിരുന്നു ഇസ്രയേല്‍ എന്ന രാഷ്ട്രം.

പിന്നീട് നടന്നത് അറബ് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങളായിരിന്നു. അറബ് ലോകം അത് വരെ സാക്ഷിയാകാത്ത അറബ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഈജിപ്ത്, സിറിയ, ലെബനന്‍ അടക്കമുള്ള രാജ്യങ്ങളെ അട്ടിമറിച്ച് ഇസ്രാഈല്‍ വിജയിച്ചത് വഴി ലോകത്തിന് മുമ്പില്‍ തങ്ങളുടെ സായുധ ശക്തി തെളിയിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. ലോകത്തെ വന്‍ സൈനിക ശക്തികള്‍ക്കിടയില്‍ തങ്ങളുടെതായ മുദ്ര പതിപ്പിച്ച ഇസ്രായേല്‍ പിന്നീട് പലസ്തീനു നേരെ തുനിഞ്ഞിറങ്ങി. ഇതോടെ 1960 കളില്‍ ഒന്നരലക്ഷത്തിലധികം പലസ്തീനികള്‍ വീണ്ടും കൊലചെയ്യപ്പെട്ടു. നിരന്തരമായ അക്രമങ്ങളോടുള്ള പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പലസ്തീനിന്റെ അപചയം മനസിലാക്കി ഫതഹ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉടലെടുക്കുകയും പലസ്തീനിന്റെ ശബ്ദമാവുകയും ചെയ്തു.

വെസ്റ്റ് ബാങ്ക് അടക്കമുള്ള സ്ഥലങ്ങളിലെ 20 വര്‍ഷത്തോളമായുള്ള ഇസ്രയേല്‍ അധിനിവേശം നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്‍തിഫാദഹ് സംഭവിക്കുന്നത്. ഒന്നാം ഇന്‍തിഫാദഹ് പൊതുവെ പ്രധിഷേധ പ്രകടനങ്ങളിലൂടെയും നിയമ നിഷേധത്തിലൂടെയും കടന്നുപോയി. എങ്കിലും പലസ്തീന് അതും തീരാനഷ്ടമായി തീര്‍ന്നു. ലക്ഷക്കണക്കിന് പലസ്തീനികളെ ബന്ദികളാക്കുകയും കുട്ടികളടക്കം ആയിരത്തിലേറെ പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. എന്നിരുന്നാലും 1967ല്‍ ആറു ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ പിടിച്ചെടുത്ത ഗസ്സയായിരുന്നു ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് നാല് തവണകളിലായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വലിയ സൈനിക അക്രമണങ്ങള്‍ ഇസ്രായേല്‍ പലസ്തീനിന് മേല്‍ നടത്തി. ഇതോടെ ഗസയുടെ സിംഹഭാഗവും ഇസ്രയേല്‍ സ്വന്തമാക്കി എന്നതിനപ്പുറം പതിനായിരക്കണിക്കിന് ആളുകളെ വധിക്കുകയും ചെയ്തു. 2008 ല്‍ നടത്തിയ ആക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഫോസ്ഫറസ് ഗ്യാസ് കൊണ്ടായിരുന്നു ഇസ്രായേല്‍ അധിനിവേശം നടത്തിയത്.

നാലുമാസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടു യഹൂദ് ബാറാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ‘Cast lead’ ഓപ്പറേഷനില്‍ 1400-ലധികം പലസ്തീനികളാണു കൊലചെയ്യപ്പെട്ടത്. 2004-ലെ ഓപ്പറേഷന്‍ റൈന്‍ബൗ , 2014-ലെ Operation Protective Edge എന്നീ അക്രമനടപടികളും ധാരാളം പലസ്തീനികള്‍ കൊല്ലപ്പെടാന്‍ കാരണമായി. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതില്‍ ഹമാസ് അടക്കമുള്ള പോരാട്ട സംഘടനകളുടെ സന്നദ്ധതയെ നോം ചോംസ്‌കി അടക്കമുള്ള സാമൂഹ്യനിരീക്ഷകര്‍ പ്രശംസിച്ചിട്ടുണ്ട്.


ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണു ഗസ്സ. രണ്ടു മില്ല്യണിലധികം പലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് 90 ശതമാനത്തിലധികം ജലവും കൃഷിയാവശ്യത്തിനു പോലും ഉപയോഗപ്രഥമല്ലാത്തതാണ്. മൊത്തം രാജ്യത്തിന്റെ 64 ശതമാനവും പൂര്‍ണ്ണമായും ഭക്ഷണം ലഭിക്കാതെ കഴിയുന്നവരാണ്. 2014നു ശേഷം 2251 ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ അഞ്ഞൂറിലധികവും ചെറിയ കുട്ടികളായിരുന്നു. ഇസ്രയേല്‍ ജയിലുകളില്‍ 12000-ലധികം കുട്ടികള്‍ തടവറയില്‍ കഴിയുന്നുവെന്ന് വാര്‍ത്ത വിനിമയ ഏജന്‍സി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ വന്‍ സൈനിക ശക്തികളായ അമേരിക്കയുടെയും ഫ്രാന്‍സിന്റെയുമെല്ലാം കരങ്ങള്‍ ഇസ്രയേലിന് പിറകിലുണ്ട്. ഇത് ഇസ്രയേലിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. രണ്ടു ലക്ഷത്തോളം വരുന്ന സായുധ ധാരികളായ അത്യാധുനിക സൈനിക ശേഷിയുള്ള ഇസ്രയേലിന് പലസ്തീനികളുടെ മനോവീര്യത്തെ തകര്‍ക്കാനായിട്ടില്ല. ചരിത്രപരമായി പോരാട്ടവും പ്രതിരോധവും പലസ്തീനിയന്‍ ജീവിതത്തിന്റെ ഭാഗമാണ്. അധിനിവേശം നിലനില്‍ക്കുന്ന കാലത്തോളം പ്രതിരോധവും പോരാട്ടവും തുടരുമെന്നു തന്നെയാണു പലസ്തീനികളുടെ നിലപാട്. ‘ഞങ്ങള്‍ പലസ്തീനുമായി യുദ്ധത്തിലാണ്’ എന്ന് ബെഞ്ചമിന്‍ നെതന്യാഹു പരസ്യ പ്രഖ്യാപനം നടത്തുമ്പോഴും പലസ്തീന്‍ ജനത അത് ഭയക്കുന്നില്ല. കാരണം ദുരന്തങ്ങളും ആക്രമണങ്ങളും കൂട്ടക്കൊലകളും പലസ്തീന് പതിവ് കാഴ്ചയാണ്. അനുഭവിക്കേണ്ടതിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന പലസ്തീനെ സംബന്ധിച്ചെടുത്തോളം നെതന്യാഹുവിന്റെ ഈ വീറും വാശിയും ഏറെ കേട്ടതും അനുഭവിച്ചതുമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here