ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിലെ ഭാവിയെന്താകും?

0
167

(ലേഖനം)

സഫുവാനുൽ നബീൽ ടിപി

ഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) എന്ന പേരിൽ മുന്നണി രൂപീകരിച്ചതോടെ വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടുതൽ സജീവ ചർച്ചയിലേക്കും അനുമാനങ്ങൾക്കപ്പുറം പ്രതീക്ഷയിലേക്കും ആകാംക്ഷയിലേക്കുമാണ് രാഷ്ട്രീയ വിദഗ്ധർ നോക്കിക്കാണുന്നത്. പ്രത്യക്ഷത്തിൽ, 2024-ലെ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പിന്തുണ ഏകീകരിക്കാൻ ആശയപരമായി ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിപ്പിക്കുക എന്ന പൊതുവായ ധാരണയുടെ ഫലമാണ് ഈ മുന്നണി. അതേ സമയം, ഭരണകക്ഷിയായ ബി.ജെ.പി. ഇതിനെ പ്രതിരോധിക്കാൻ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം തങ്ങളുടെ ചേരിയിലേക്ക് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഈ മുന്നണികൾ പ്രത്യയശാസ്ത്ര-രാഷ്ട്രീയ രൂപീകരണങ്ങളെ പ്രതിഫലിപ്പിക്കുന്നതായി തോന്നുമെങ്കിലും, അവയുടെ വേരിൽ, അത്തരം ഐക്യത്തിനും സഖ്യ ശ്രമങ്ങൾക്കും പ്രാഥമിക ചാലകശക്തി ഗണിതമാണ്. വോട്ടുകൾ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം, ഓരോ വശത്തുമുള്ള വോട്ടുകൾ വിഭജിക്കുന്നത് പരമാവധി കുറയ്ക്കുക എന്നത് 1970 കൾക്ക് ശേഷം ഇന്ത്യയിൽ മുന്നണി ഐക്യം ശക്തിപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായ പ്രധാന സവിശേഷതയാണ്. ഇന്ത്യയുടെ അങ്ങേയറ്റം വൈവിധ്യമാർന്ന രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ ഗണിതശാസ്ത്രത്തോടുള്ള രാഷ്ട്രീയ പ്രതികരണം ഈയിടെ ശക്തമായ ഒരു ഘടകമാണ്. ഡസൻ കണക്കിന് പാർട്ടികൾക്കിടയിലെ ഇത്തരം തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ഉറവയാണ് 600-ലധികം പാർട്ടികൾ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൂന്ന് ഡസനോളം പാർട്ടികൾ പാർലമെന്റിൽ കുറഞ്ഞത് ഒരു അംഗമെങ്കിലും ഉള്ളതും, ലോകത്തിലെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ സവിശേഷമായ ഇന്ത്യൻ സ്വഭാവമാണ്. ഇന്ത്യാ മുന്നണിയുടെ നെടുംതൂണ് കോൺഗ്രസ് തന്നെയാണ്. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുവന്നതും സൗമ്യ ഏകീകരണ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതും മറ്റ് പാർട്ടികളെ തുല്യരായി കാണാനും കോൺഗ്രസിനെ പ്രേരിപ്പിച്ചതും ഭൂരിപക്ഷം മോദി വിരുദ്ധ വോട്ടുകളുടെ ആകർഷണീയതയിലാണ്. 2019ലെ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് വിഹിതം നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. മോദി വിരുദ്ധ വോട്ടുകൾ ഒന്നിച്ചാൽ പ്രതിപക്ഷ സഖ്യത്തിന് അത് ഭരണസാധ്യതയിലേക്ക് നയിക്കും എന്നത് യാഥാർത്ഥ്യമാണ്. എല്ലാ മണ്ഡലങ്ങളിലും അല്ലെങ്കിലും മിക്ക മണ്ഡലങ്ങളിലും എൻഡിഎയ്‌ക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് ഇന്ത്യ സഖ്യം ആലോചിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി പദത്തിലേക്ക് ഏറ്റവും അഭികാമ്യമായ ഒരു രാഷ്ട്രീയ മുഖമായി മോദി ദേശീയ രാഷ്ട്രീയത്തിൽ ശക്തമാണ്. ആ നിലയിൽ അദ്ദേഹത്തിനെതിരെ പോരാട്ടം നയിക്കാൻ കെൽപ്പുള്ള മറ്റൊരു രാഷ്ട്രീയ മുഖം പ്രതിപക്ഷ നിരയിൽ നിലവിലില്ല എന്നതാണ് പോരായ്മ. രാഹുൽ ഗാന്ധിയെ അതിനായി പരിഗണിക്കുന്നത് അല്പം ബാലിശമുള്ള കാര്യമാണ്. ഇന്ത്യാ മുന്നണിയിൽ തന്നെ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന എത്രയോ നേതാക്കന്മാർ ഉണ്ട്. ഇന്ത്യ മുന്നണിയുടെ ഏറ്റവും ശക്തമായ സ്വരമായ മമത ബാനർജിയും ഇന്ത്യ മുന്നണിയിൽ പിടിമുറുക്കുന്ന ആം ആദ്മി പാർട്ടിയുടെ അമരക്കാരൻ അരവിന്ദ് കേജരിവാളും, മുന്നണിയുടെ സൗമ്യമുഖമായ നിതീഷ് കുമാറും എതിർപ്പില്ലാതെ മുന്നണിയിൽ നിന്ന് പരിഗണിക്കപ്പെടുമെന്ന് കരുതുന്ന മല്ലികാർജുൻ ഖാർഗെയും മോഹകൊട്ടാരം പണിതു കൊണ്ടിരിക്കുകയാണ്.

എന്നാൽ ഈ സാഹചര്യത്തിന് ഗുരുതരമായ ഒരു പോരായ്മയുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലെ 55% എൻഡിഎ വിരുദ്ധ വോട്ട് വിഹിതം എല്ലാം യഥാർത്ഥത്തിൽ മോദി വിരുദ്ധ വോട്ടായിരുന്നു എന്ന് പറയാനാവില്ല. എൻഡിഎ വിരുദ്ധ വോട്ടുകളിൽ ഭൂരിഭാഗവും പ്രാദേശിക പാർട്ടികളോട് കൂറുപുലർത്തുന്നവരുടേതായിരുന്നു. അതായത് അവർ ഒരു ബദൽ പ്രധാനമന്ത്രി മുഖത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് സ്വന്തം പാർട്ടിയോടുള്ള കൂറിന്റെ പേരിലായിരുന്നു വോട്ടുചെയ്തത്. രാഹുൽ ഗാന്ധി എന്ന ബദൽ മുഖത്തിനായുള്ള ദേശീയ വോട്ട് വളരെ കുറവായിരുന്നു, അതിൽ 20% ൽ താഴെ മാത്രമാണ് കോൺഗ്രസിന് നേടാനായത്,. ഉദാഹരണത്തിന്, നിരവധി തവണ ശത്രുനിരയിൽ ആയിരുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരു സഖ്യത്തിൽ ഒന്നിക്കുമ്പോൾ, വിശ്വസ്ത വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ഏറ്റവും ശക്തമായ പ്രധാനമന്ത്രി മുഖം എന്ന നിലയിലേക്ക് സമ്മതിദാനം വഴിതിരിയാനിടയാകുകയും അത് ഏറെക്കുറെ ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രണ്ട് വ്യക്തികൾ തമ്മിലുള്ള ഗ്ലാഡിയേറ്റർ മത്സരമാക്കി മാറ്റുവാനാണ് ബിജെപി ആഗ്രഹിക്കുന്നത്. രാഹുലിനെ മോദിക്കെതിരെയുള്ള മുഖമായി ചിത്രീകരിക്കുന്നത് പൊതുവെ ക്ഷീണം ചെയ്യുമെന്ന് കോൺഗ്രസും മനസ്സിലാക്കുന്നുണ്ട്.

2014-ലെ തന്റെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-മുക്ത് ഭാരത് എന്ന പേരിൽ ശക്തമായ കോൺഗ്രസ് വിരുദ്ധ പ്രസംഗത്തിലൂടെയാണ് മോദി മത്സരിച്ചത്. രൂഢമൂലമായ വോട്ടുബാങ്കുകളുള്ള അസംഖ്യം പ്രാദേശിക പാർട്ടികൾക്കെതിരെ നിലയുറപ്പിക്കാതിരിക്കാൻ ഇത് മോദിയെ സഹായിച്ചു, അങ്ങനെ മോദി-രാഹുൽ എന്ന നിലയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടപ്പോൾ അത് വോട്ടർമാർക്കിടയിൽ ബിജെപിക്ക് ഒരിടം സൃഷ്ടിക്കാനായി.

പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി മോദിയുടെ കോൺഗ്രസ്-മുക്ത് ഭാരത് എന്ന മുദ്രാവാക്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് സഖ്യത്തിന് ഐ-എൻ-ഡി-ഐ-എ എന്ന് പേരിട്ടിരിക്കുന്നത്. ഇതോടെ, രാഹുലിലെ ദുർബലനായ എതിരാളിയോട് പോരാടുന്നതിന്റെ മേൽക്കൈ മോദിക്ക് നഷ്ടപ്പെടുകയും രണ്ട് ഡസനിലധികം പ്രാദേശിക പാർട്ടികൾ അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ചെയ്യും. അതേസമയം തന്നെ നേതാവില്ലാത്ത സൈന്യവുമായി ഗ്ലാഡിയേറ്റർ മത്സരം നടത്തുമ്പോൾ ലഭിക്കാവുന്ന ആനുകൂല്യവും മോദിക്കുണ്ട്. ആരു നയിക്കും എന്നറിയാതെ, അന്ധമായി വോട്ടുചെയ്യാൻ വോട്ടർമാർ ശീലിച്ച കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ, പിൽക്കാലങ്ങളിലുണ്ടായ പടലപ്പിണക്കങ്ങളും പൊട്ടിത്തെറികളും വലിയ അനുഭവ പാഠങ്ങളായി ഇന്ത്യൻ ജനതയുടെ മുന്നിലുണ്ട്. പ്രശ്‌നങ്ങളിലും അജണ്ടകളിലും മേൽക്കൈ പുലർത്തുന്ന ഉയർന്ന പ്രതിച്ഛായയുടെ പ്രൊജക്‌ഷനിലൂടെ, തങ്ങളുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്ന ഒരു രാഷ്ട്ര നേതൃത്വത്തെ വോട്ടർമാർ ആഗ്രഹിക്കുന്നുണ്ട്.

ആത്യന്തികമായി ബി.ജെ.പിയെ പുറത്താക്കാൻ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ എങ്ങനെ സഖ്യമുണ്ടാക്കുന്നു എന്നതല്ല പ്രധാനം, മറിച്ച് വോട്ടർമാർ അവരുടെ ആശയത്തോട് യോജിക്കുന്നുണ്ടോ എന്നതാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒറ്റ ആശയത്തിൽ രൂപീകരിക്കുന്ന സഖ്യത്തിന് അനുകൂലമായി ഗണിക്കപ്പെടുന്ന വോട്ടു ബാങ്ക് കണക്കുകൾ കൂടാതെ, തീർച്ചയായും മോദിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്ന വിഷയങ്ങളും ആവശ്യമാണ്.

അവിടെയാണ് ഐ-എൻ-ഡി-ഐ-എ സഖ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുക. ലഭ്യമായ ഒരു ബദലിലേക്കും വോട്ടർമാർ പോകുന്ന സ്ഥിതിയിലല്ല നിലവിലെ രാഷ്ട്രീയ ഗതി. 2009-ൽ യുപിഎ സർക്കാർ തുടരെത്തുടരെയുള്ള അഴിമതികൾ മൂലം ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നഷ്ടപ്പെട്ടു നിൽക്കുന്ന ഘട്ടത്തിലാണ് അണ്ണാ ഹസാരെ പ്രസ്ഥാനം ജനങ്ങളെ അണിനിരത്തുകയും ഗവൺമെന്റിനെതിരെ ജനവികാരം കൊടുമ്പിരി കൊള്ളുകയും ചെയ്തത്. അതിന്റെ വിളവ് ബിജെപിക്കു കൊയ്യാനായി എന്നതാണ് ചരിത്രം. ഇത്തരത്തിൽ മൂർത്തമായ ഒരു വിഷയം വിശ്വസനീയവും ശക്തവുമായ രാഷ്ട്രീയ നേതൃത്വത്തിന് കീഴിൽ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ഇന്ത്യ സഖ്യം നേരിടുന്ന പ്രധാന വെല്ലുവിളി.

മോദി സർക്കാരിനെ കുറിച്ച് ഇന്ത്യൻ ജനതയുടെ ആശങ്കകളെ പ്രതിഫലിപ്പിക്കാനുള്ള പ്രതിപക്ഷകൂട്ടായ്മയുടെ ആദ്യ ശ്രമം എന്ന നിലയിലാണ് പരാജയപ്പെടുമെന്നറിഞ്ഞിട്ടും പാർലിമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പുർ വംശീയ സംഘർഷത്തെപ്പറ്റി പാർലമെന്റിൽ പ്രധാനമന്ത്രിയെക്കൊണ്ട്‌ മറുപടി പറയിപ്പിക്കുക, സർക്കാരിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടുക എന്നീ ലക്ഷ്യത്തോടെ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്‌. ഇക്കാര്യത്തിൽ ‘ഇന്ത്യ’ വിജയിച്ചപ്പോൾ അവിശ്വാസപ്രമേയ ചർച്ച നടന്ന രണ്ടു ദിവസവും സഭയിൽ വരാതെ വിട്ടുനിന്ന പ്രധാനമന്ത്രി മോദിക്കു സഭയിൽ എത്തേണ്ടി വന്നു, അദ്ദേഹത്തിന്റെ പ്രസംഗം രാഹുലിന്റെ പ്രസംഗം പോലെ മാധ്യമങ്ങൾ ഏറ്റെടുത്തില്ല.

ഇന്ത്യ മുന്നണിയുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതിന്റെ ആശങ്ക കേന്ദ്രസർക്കാറിനു ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ എന്ന പേരിന് ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക് ബിജെപി തയ്യാറാക്കുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊക്കെ തരത്തിലുള്ള അപഹാസങ്ങൾ പടച്ചുവിടുന്നതും പ്രതിപക്ഷ കക്ഷികളുടെ മുന്നണിക്ക് ‘ഇന്ത്യ’ എന്നു പേരിട്ട വിഷയത്തിൽ നിയമനടപടിയുമായി കോടതിയെ സമീപിച്ചതും മറ്റൊന്നുംകൊണ്ടല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡ്യയെ ഭയമാണ്, ഇതെല്ലാം പ്രകടമാക്കുന്നത് അദ്ദേഹത്തിന്റെ പരിഭ്രാന്തിയാണ് – പുതിയ പ്രതിപക്ഷസഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടും ഇന്ത്യൻ മുജാഹി​ദീനോടും മോദി ഉപമിച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രതികരണമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സഖ്യകക്ഷി നേതാക്കളുടെ പൊതുവികാരമാണ് നിതീഷ് പ്രകടിപ്പിച്ചത്. എൽപിജി ഗ്യാസിന്റെ വില പൊടുന്നനെ 200 രൂപ കുറയ്ക്കുന്നതും G20 ഉച്ചകോടി പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’യെ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കരുതേണ്ടത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർക്കും ഭവനരഹിതർക്കും നൽകിയ വാഗ്ദാനങ്ങളിൽ വന്ന വീഴ്ച എന്നിവയെല്ലാം കാരണം നരേന്ദ്ര മോദി സർക്കാർ കുറച്ചുകാലമായി പ്രതിരോധത്തിലാണ്. അവ പലതും ഇപ്പോൾ സർക്കാറിന്റെ കൈയിൽ ഒതുങ്ങാത്ത അവസ്ഥയിലുമാണ്. ന്യൂനപക്ഷ താല്പര്യങ്ങൾക്കെതിരെയുള്ള നിരന്തമായ നീക്കങ്ങളും കോർപ്പറേറ്റു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകളും അദാനി പോലുള്ള ശതകോടീശ്വരന്മാരുമായുള്ള അവിശുദ്ധ ബാന്ധവങ്ങളും ഇ.ഡി , സിബിഐ പോലുള്ള സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു പ്രതിപക്ഷ നീക്കങ്ങളുടെ മുനയൊടിക്കുക തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ മോദിസർക്കാരിനെതിരെ ജന വികാരം ഉയർന്നു വരുന്ന സാഹചര്യം നിലവിലുണ്ട്.
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിനെ നിയമ വിരുദ്ധമായി താഴെയിറക്കിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിനിലനിൽക്കെ തന്നെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അജിത് പവാറിനെയും എട്ടു സഹപ്രവർത്തകരെയും അടർത്തിയെടുത്ത് ഏക് നാഥ് ഷി​ൻഡെ സർക്കാറിന്റെ ഭാഗമാക്കാൻ ബി.ജെ.പി മടിച്ചില്ല എന്നത് നിയമസംവിധാനങ്ങളെപോലും വകവെയ്ക്കാൻ മോദി സർക്കാർ തയ്യാറല്ല എന്നതിനുദാഹരണമാണ്.
ഇൻഡ്യ എന്ന പ്രതിപക്ഷസഖ്യത്തിന്റെ നേതാക്കളെ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണ വലയത്തിലുള്ള ഒരുകൂട്ടം അഴിമതിക്കാർ എന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്. ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷ നിരയിലുള്ള നേതാക്കന്മാരുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡുനടത്തിയും ഭീഷണിപ്പെടുത്തിയും ഇക്കാര്യത്തിൽ ബിജെപി നടത്തിയ രാഷ്ട്രീയ അധാർമികത പകൽ പോലെ വ്യക്തമായ സാഹചര്യത്തിലാണിത്. അവരിൽ ചിലർ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരെയുള്ള അന്വേഷണങ്ങൾ അവസാനിക്കുകയും ചെയ്തു. ”നാലുപാടുനിന്ന് നോക്കിയാലും ബി.ജെ.പിയിലാണ് കൂടുതൽ അഴിമതിക്കാരായ നേതാക്കൾ. കേന്ദ്ര ഏജൻസി അന്വേഷണം നേരിട്ടിരുന്ന അവർ ബി.ജെ.പിയിൽ ചേർന്നതോടെ അവരുടെ അലക്കുയന്ത്രത്തിലിട്ട് പരിശുദ്ധരാക്കപ്പെട്ടു – രാജ്യസഭ എം.പിയും ആർ.ജെ.ഡി വക്താവുമായ മനോജ് ഝാ പറയുന്നു.

മൻമോഹൻ സിങ് സർക്കാറിനുമേൽ നയത്തകർച്ചകളുടെയും അഴിമതിയുടെയും ആക്ഷേപങ്ങൾ ചൊരിഞ്ഞാണ് 2014ൽ ബി.ജെ.പി അധികാരം നേടുന്നത്. ഇപ്പോൾ, അവരുടെ കഴിവില്ലായ്മയും അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തിറങ്ങുന്ന സംഘടിത പ്രതിപക്ഷത്തിന് മോദിക്കെതിരെ കടുത്ത ഭരണവിരുദ്ധത വികാരം സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ട്. എന്നാൽ ഇത്തരം പൊതുബോധ നിർമ്മിതിക്കു സഹായകമായ മാധ്യമമേഖലയെ വിലക്കെടുക്കുന്നതിൽ ഏറെക്കുറെ സമ്പൂര്ണ്ണമായി ബിജെപി വിജയിച്ചിട്ടുണ്ട് എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.

ഇന്ത്യ മുന്നണി ആശയപരമായി ബിജെപി വിരുദ്ധ രാഷ്ട്രീയം കൈകൊള്ളുമ്പോൾ തന്നെ അതൊരു സാമ്പാർ മുന്നണിയാണ് എന്ന ഒരു പരാധീനത എടുത്തു പറയേണ്ടതുണ്ട്. പൊതുവേ രാഷ്ട്രീയ വൈരികളായ ആം ആദ്മിയും കോൺഗ്രസും ഇതിനോടകം ഒന്ന് രണ്ട് തവണ കൊമ്പുകോർത്ത് കഴിഞ്ഞു. ദേശീയതലത്തിൽ ഏകോപന സമീപനം ഉണ്ടെങ്കിലും കേരളത്തിലേക്ക് വന്നാൽ കോൺഗ്രസുകാരും ഇടതുപക്ഷവും ഒന്നിക്കാൻ ഇടയില്ല. ബംഗാളിലെ സ്ഥിതിയും മറിച്ചല്ല തൃണമൂലും കോൺഗ്രസും അത്ഭുതത്തോടെ ഒന്നിച്ചാലും അവിടെ ഇടതുപക്ഷം തൃണമൂലമായി കൈകോർക്കുമെന്ന് കരുതാനാകില്ല. പ്രതിപക്ഷ ഐക്യ നിരയിൽ ബിഎസ്പി എന്ന കക്ഷിയെ കൊണ്ടുവരാനും സാധിച്ചിട്ടില്ല.

എങ്കിലും നിരവധി കർമ്മ പദ്ധതികളും നയരൂപീകരണ ചർച്ചകളും സമിതി രൂപീകരണവുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ അത് പ്രതീക്ഷയുടെ
വെളിച്ചം സൃഷ്ടിക്കുന്നുണ്ട്. രാജ്യതാല്പര്യത്തിനായി കുറേകൂടി മൂർത്തമായ വിഷയങ്ങളും അജണ്ടയും കൈക്കൊള്ളുന്ന പക്ഷം ഇന്ത്യാ മുന്നണിക്ക് ലക്‌ഷ്യം അതിവിദൂരമാകാനിടയില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here