കാറ്റിന്റെ മരണം

0
140

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 12
സഫൈറസിന്റെ കഥ

” ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ കുറ്റവാളി?” അന്ന് വാകമര പുസ്തകം തുറന്നപ്പോള്‍ സമീറ കേട്ടത് ആ ചോദ്യമാണ്. രണ്ട് ദിവസം മുന്‍പു പുസ്തകമടച്ചു വെച്ചപ്പോള്‍ത്തന്നെ സമീറ ഈ കഥയെക്കുറിച്ച് മറന്നിരുന്നു. താനാണ് വിധികര്‍ത്താവെന്നും വളരെ ശ്രദ്ധിച്ചു കഥ കേള്‍ക്കണമെന്നുമുള്ള പുസ്തകത്തിന്റെ ഉപദേശമോര്‍ത്തപ്പോള്‍ കുറ്റബോധം സമീറയെ കുത്തി നോവിച്ചു. ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് പോയ താന്‍ കഥയിലെ വിശദാംശങ്ങള്‍ മറന്നു പോയിട്ടുണ്ടാകുമെന്നും അത് ഒന്ന്കൂടി കേട്ടാല്‍ കൊള്ളായിരുന്നുവെന്നും സമീറയുടെ മനസ്സ് കൊതിച്ചു.

”ബോറിയാസിന്റെ കഥ ഒന്ന് കൂടി?” അടച്ചിട്ട ഹോസ്റ്റല്‍ മുറിയിലൂടെ ‘ഷീ വേള്‍ഡ്’ വെഡ്ഡിങ് സെന്റര്‍ എന്ന റെഡിമെയ്ഡ് കടയുടെ കവര്‍ തൂങ്ങുന്ന വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്ന് കണ്ണുകള്‍ കൊണ്ട് ഉറപ്പു വരുത്തിയ ശേഷം സമീറ ചോദിച്ചു.

”ഇന്ന് സഫൈറസ്സിന്റെ കഥയാണ്. സൌമ്യ സ്വഭാവമുള്ള ചിറകുകളുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. വസന്തമെന്ന് പറയുമ്പോള്‍ ചിലരുടേയെങ്കിലും മനസ്സില്‍ കുറച്ചു പൂക്കള്‍ വിടരും. ഭൂമിയില്‍ നിന്നു പുറത്തു വരാന്‍ കൊതിക്കുന്ന ചെറു വിത്തുകളുടെ നിഷ്‌കളങ്കമായ മുഖമോ വാടിക്കരിഞ്ഞ് പൊഴിഞ്ഞു വീഴാറായ ഇതകളുകളെ തഴുകിക്കടന്നു പോകുന്ന ഇളം തെന്നലിനേയോ ഓര്‍മ്മവരും. വസന്തം കൊണ്ട് വരുന്ന കാറ്റുകളുടെ രാജാവായിരുന്നു സഫൈറസ്. ഇത് സഫൈറസിന്റെ കഥയല്ല. എന്നാല്‍, സഫൈറസിനെപ്പോലെ അസൂയ മനസ്സിലുള്ള ഒരാളുടെ കഥയാണ്.

സഫൈറസ് എല്ലാം തികഞ്ഞ ഒരു പുരുഷനായിരുന്നുവെന്ന് പറഞ്ഞുവല്ലോ. വളരെ സ്‌നേഹത്തോടെ ഭാര്യയോടും മക്കളോടും പെരുമാറുന്ന ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ബാങ്കിലെ ജോലി കഴിഞ്ഞാല്‍ ഉടനെ വീട്ടിലെത്തുന്ന ഒരാള്‍-എല്ലാം തികഞ്ഞവന്‍. അയാള്‍ ആവശ്യത്തിന് മാത്രം പണം ചിലവഴിക്കുകയും ബാക്കിയുള്ളത് സമ്പാതിക്കുകയും ചെയ്തു. അങ്ങനെ സന്തോഷവും സമാധാനവും നിറഞ്ഞ നാളുകളിലൊന്നിലാണ് സഫൈറസിന്റെ ബാങ്കില്‍ ബോറിയാസെത്തുന്നത്. ബോറിയാസിനെ പരിചയപ്പെട്ടപ്പോള്‍ സഫൈറസിനത്ഭുതമായി. രണ്ട് മൂന്നു ആഡംബര കാറുകള്‍. തേയിലത്തോട്ടങ്ങള്‍. റിസോര്‍ട്ടുകള്‍. കേരളത്തിലും വിദേശത്തും ബിസിനെസ്സ് സംരംഭങ്ങള്‍. ഇപ്പോള്‍ ബാങ്ക് അക്കൌണ്ട് തുടങ്ങുന്നത് തന്നെ വലിയൊരു തുകയ്ക്കാണ്. അത് വീ ഐ പീ അക്കൌണ്ട് ആക്കി എല്ലാ പ്രത്യേക ആനുകൂല്യങ്ങളും കൊടുക്കണമെന്ന് മാനേജര്‍ പ്രത്യേകം വിളിച്ചു പറഞ്ഞു കഴിഞ്ഞു. ബോറിയാസ് പോയതിന് ശേഷവും അയാള്‍ സഫൈറസ്സിന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. ഇങ്ങനെ മാസാ മാസം കിട്ടുന്ന ഒരേ തുക ശമ്പളം കൊണ്ട് തുച്ഛമായി സമ്പാദിച്ചു ലോകമൊന്നും കാണാതെ ഇങ്ങനെ ജീവിച്ചു മരിച്ചിട്ടു എന്താണ് കാര്യം? ബോറിയാസെന്ന വ്യവസായിയെ എല്ലാവരും സ്‌നേഹിക്കുന്നു. ബഹുമാനിക്കുന്നു. തന്നെയോ? ഈ ക്യാബിനില്‍ നിന്നിറങ്ങിയാല്‍ ആര്‍ക്കെങ്കിലും തന്നെ അറിയുമോ? ഈ ഇട്ടാവട്ടത്തുള്ള പത്തു സെന്റ് വീടും പുരയിടവുമല്ലാതെ എന്തെങ്കിലും സമ്പാതിക്കാന്‍ ഈ പത്തു കൊല്ലത്തെ സര്‍വീസ് കൊണ്ട് തനിക്കായിട്ടുണ്ടോ? ഭാര്യയും ബാങ്ക് മാനേജറും ബാങ്കിലെ ഒന്ന് രണ്ടുദ്യോഗസ്ഥരുമല്ലാതെ ആരെങ്കിലും തന്റെ ഫോണിലേക്ക് വിളിക്കാറുണ്ടോ? ബോറിയാസിനാണെങ്കില്‍ ഫോണ്‍ നിലത്തു വെക്കാന്‍ നേരമില്ല. ലോകത്തെമ്പാടുമുള്ള കച്ചവട ശൃംഖല ഈ ഫോണ്‍ കോളുകള്‍ കൊണ്ടല്ലേ മൂപ്പര് നിയന്ത്രിക്കുന്നത്? അയാളുടെ മുഖത്തെ ശൌര്യം കണ്ടോ? അത് കണ്ടപ്പോള്‍ത്തന്നെ പകുതി കാറ്റ് പോയി.

വീട്ടില്‍ ചെന്നിട്ടും ബോറിയാസ് ബോറിയാസ് എന്നത് ഒരു മന്ത്രം പോലെ സഫൈറസിന്റെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ തുടങ്ങി. മനസ്സിലെ അത്ഭുതം വൈകാതെ അസൂയയിലേക്ക് വഴിമാറിയതൊന്നും സഫൈറസ് അറിഞ്ഞില്ല. മനുഷ്യര്‍ക്കല്ലെങ്കിലും സ്വന്തം മനസ്സിലുള്ളതെന്താണെന്ന് വിശകലനം ചെയ്യാനുള്ള സമയമില്ലല്ലോ. അവര്‍ക്കറിയേണ്ടത് മറ്റുള്ളവരുടെ മനസ്സിലുള്ളതെന്താണെന്നാണ്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്നത് ചിന്തിക്കുന്നു എന്നതാണ്.
അസൂയ എന്നത് ഒരു ഇരട്ട വികാരമല്ലേ? നമുക്ക് നമ്മുടെ ജീവിതത്തില്‍ അസംതൃപ്തി തോന്നുകയും മറ്റുള്ളവരുടെ ജീവിതത്തോട് ആസക്തി തോന്നുകയും ചെയ്യുമ്പോളുണ്ടാകുന്ന ഒരു വികാരം. എന്തിന് പറയാം അസൂയയില്‍ മുങ്ങിയപ്പോള്‍ സഫൈറസിന്റെ ജീവിതം നരകതുല്യമായി. ഉള്ള ജോലി രാജി വെച്ചു ബാങ്കിലുള്ള പണം കൊണ്ട് ബിസിനസ്സിന് ഇറങ്ങിത്തിരിച്ചു. അറിയാത്ത പണി ചെയ്യുമ്പോളുള്ള പരിചയക്കേടായി ആദ്യമുള്ള തോല്‍വികളെക്കണ്ട് തന്നെപ്പോലെ പാവമായുള്ളവരെ നാട്ടുകാര്‍ അറിഞ്ഞു പറ്റിക്കുമെന്നും തനിക്ക് പറ്റിയ ജോലിയല്ല കച്ചവടമെന്നും മനസ്സിലാക്കാതെ സഫൈറസ് പുതു സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒന്നിനു മുകളില്‍ ഒന്നായി ബിസിനസസുകള്‍ പൊട്ടിയപ്പോള്‍ ഫോണിലേക്കുള്ള വിളി കൂടിയെന്നുള്ളത് ശരിയാണ്. അത് പക്ഷേ, ബിസിനെസ്സ് ഉപദേശങ്ങള്‍ ചോദിച്ചുള്ള തൊഴിലാളികളുടെ കോളുകളല്ല, മറിച്ചു അടവുകള്‍ തെറ്റുമ്പോളുള്ള ബാങ്കുദ്യോഗസ്ഥരുടെ കോളുകളായിരുന്നു. ഫോണിന് ഒരു മിനുട്ട് പോലും വിശ്രമമില്ലാതെ വന്നപ്പോള്‍ അയാള്‍ പിന്നെ ആത്മഹത്യയെക്കുറിച്ചും മറ്റും ആലോചിച്ചു തുടങ്ങി. പണ ഞെരുക്കത്തിന്റെ അസ്വാരസ്യം വീട്ടുകാരെയും ബാധിച്ചിരുന്നു. അങ്ങനെയാണ് സഫൈറസ് ബോറിയാസിന്റെ സാമ്രാജ്യം സന്ദര്‍ശിക്കാനെത്തിയത്.
ഇപ്പോള്‍ നിങ്ങള്‍ക്കെന്ത് തോന്നുന്നു? ആരാണ് കുറ്റക്കാരന്‍?

വാതിലില്‍ മുട്ട് കേട്ടപ്പോള്‍ സമീറ ഒന്നും നോക്കാതെ വാകമര പുസ്തകമടച്ചു വെച്ചു. അത് ആരതിയും ജൊവാനുമായിരുന്നു. വാകമര പുസ്തകത്തില്‍ നിന്നു ഇനിയും ശബ്ദങ്ങള്‍ കേള്‍ക്കുമോ എന്നു സമീറ ഭയന്നു. അതില്‍ നിന്നു വരുന്ന വാക്കുകളെ എങ്ങനെ നിര്‍ത്തണമെന്ന് സമീറയ്ക്കറിയുമായിരുന്നില്ല. ‘കാറ്റിനോട് തന്നെ ചോദിച്ചു നോക്കാം,” സമീറ മനസ്സിലുറപ്പിച്ചു. ‘ എന്താണ് ഒരു പരുങ്ങല് ? വല്ല പൂവാലന്മാരുടെയും വലയില് കൂടുങ്ങിയോ?” ആതിര സമീറയുടെ ഫോണ്‍ ഓണ്‍ ചെയ്തു കോള്‍ ലിസ്റ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

”അതിന് കുറച്ചെങ്കിലും നോര്‍മലാകണം. അല്ലാതെ..” ജൊവാന്‍ എടുത്തടിക്ക് പറഞ്ഞു. അവര്‍ പ്ലേറ്റും ഗ്ലാസ്സുമെടുത്ത് മെസ്സ് ഹോളിലേക്ക് നടന്നു. പുറകെ ഒരു പ്രേതത്തെപ്പോലെ തോളിലൊരു ഷോളും തൂക്കി സമീറയും മെസ്സ് ഹോളിലേക്കുള്ള പടികളിറങ്ങി.

പുസ്തകങ്ങള്‍ കുന്നു കൂടിക്കിടക്കുന്ന വരാന്തകളും അവയുടെ മുന്നിലിരുന്നു സൊറ പറയുന്ന കുട്ടികളും സമീറയെ കൊഞ്ഞനം കാണിച്ചു. ജനല്‍പ്പാളികളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം ചുമരുകളില്‍ നിഴലച്ചിത്രങ്ങള്‍ വരയ്ക്കുന്നത് പോലെ സമീറയ്ക്ക് തോന്നി.

”ടീ, അവനിന്നു എന്നോടു കൊറച്ച് നേരം സംസാരിച്ചു ട്ടോ. നമ്പറ് തന്നിട്ടുണ്ട്,” ജൊവാന്‍ ആതിരയോട് പറയുന്നത് കെട്ടു.

”അവനെ അത്രയ്ക്കങ്ങോട്ട് വിശ്വസിക്കേണ്ട. മസില് മാത്രേ ഉള്ളൂ. വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് കേട്ടത്,” ആതിര താക്കീത് ചെയ്തു.

” നിനക്കസൂയയാ,” ജൊവാന്‍ വാദിച്ചു.

” ആ.. ഞാന്‍ പറഞ്ഞൂന്നേയുള്ളൂ.”

”ഒരു രസം. ഇതൊക്കെ അത്രേയുള്ളൂ.”

ആ സംഭാഷണങ്ങളുടെ അര്‍ഥം മുഴുവനായി സമീറയ്ക്ക് മനസ്സിലായില്ല. പ്രണയം പാവനമാണെന്ന് പണ്ട് എവിടെയോ വായിച്ചതോര്‍മ്മയുണ്ട്. കോണിപ്പടികളിറങ്ങി മെസ്സ് ഹോള്‍ എത്താറായപ്പോള്‍ത്തന്നെ നല്ല സാമ്പാറിന്റെ മണം മൂക്കില്‍ തുളച്ച് കയറി. വലിയ ചെമ്പില്‍ മുങ്ങി ഒന്ന് രണ്ട് ഉരുളക്കിഴങ്ങുകള്‍ തപ്പിയെടുത്തെപ്പോഴേക്കും സീനിയേഴ്‌സ് വന്‍ ബഹളമുണ്ടാക്കിയത് കൊണ്ട് സമീറ വേഗം ഒരു ഇരുമ്പ് മേശയില്‍ പോയിരുന്നു നല്ല ചൂടുള്ള ഭക്ഷണം വായിലേക്ക് കുത്തിക്കയറ്റി. ഭക്ഷണം കഴിച്ചു കഴിഞ്ഞു സേമിയാ പായസം നുണഞ്ഞിരിക്കെ ആതിരയുടെ ഫോണ്‍ ശബ്ദിച്ചു,
” ടീ, കണ്ണന്‍..” ആതിരയുടെ വാക്കുകള്‍ മുറിഞ്ഞു. അതില്‍ ഭീതിയും ദുഖവും ഇടകലര്‍ന്നിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here