(എന്റെ താരം)
ശ്രീജിത്ത് എസ്. മേനോന്‍
ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു വയസ്സുകാരന് സുപരിചിതമല്ലാത്ത ഭാഷയും, അഭിനേതാക്കളും ആയതിനാലോ, കാണാന്‍ പോകുന്നത് ചിരി പടമല്ലെന്ന കുഞ്ഞു മനസ്സിലെ വലിയ ബോധം കൊണ്ടോ, ജീവിതത്തിലാദ്യമായി കാണാന്‍ പോകുന്ന തമിഴ് സിനിമയ്ക്ക് കയറുമ്പോള്‍ അച്ഛന്റൊക്കത്ത് നിര്‍വികാരനായിരുന്നു. തിയേറ്ററിലേക്ക് പ്രവേശിക്കുന്നതുവരെ എനിക്ക് സന്തോഷിക്കാനുള്ള വകയുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഒരു ചെറിയ ഭയവും ഉള്ളിലുണ്ടായിരുന്നതായി ഓര്‍ക്കുന്നു. ഭയമെന്തിന് എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല താനും. അതിനു മുന്‍പ് രണ്ടോ മൂന്നോ സിനിമകള്‍ വലിയ സ്‌ക്രീനില്‍ കണ്ടാസ്വാദിച്ച് (ആസ്വദിച്ചു എന്നു തന്നെ വിശ്വസിക്കുന്നു) പരിചയമുള്ളതിനാല്‍ തിയേറ്ററിലെ ഇരുട്ടിനോടായിരുന്നില്ല ആ ഭയമെന്ന്ു മാത്രം വ്യക്തം.
‘ഹേ, റാം’കൊള്ളാം. പഴയ ക്‌ളീഷേ ചോദ്യങ്ങളില്‍ ഒന്നായ ‘ഏത് സിനിമയാ അവസാനം കണ്ടേ?’ എന്ന ആരുടെയെങ്കിലും ചോദ്യത്തിന് മറുപടിയായി എന്റെ ചെറു നാവില്‍ നിന്നുച്ചരിക്കാന്‍ എളുപ്പമുള്ള പേര്‍ തന്നെ. ബുദ്ധിയുറക്കാത്ത പ്രായത്തില്‍ ആസ്വദിക്കാവുന്നതിനുമപ്പുറമായിരുന്ന ആ സിനിമ. പക്ഷെ ക്ഷമ നശിക്കാതെ കണ്ടു തീര്‍ത്തുവെന്നാണ് നേരിയ ഓര്‍മ. അന്ന് കഥയെന്തെന്നറിയാനുള്ള പക്വതയില്ലാത്ത മനസ്സില്‍ പതിഞ്ഞത് വീര ഭാവങ്ങളുള്ള ആ പുതു നായകന്‍ മാത്രം. ക്‌ളൈമാക്‌സില്‍ വട്ട കണ്ണയടിഞ്ഞ്, മീശ മുകളിലോട്ട് പിരിച്ച് വെച്ച്, ഒരു തോക്കും പിടിച്ചുകൊണ്ട് സ്ലോ മോഷനില്‍ ഓടി വരുന്ന കഥാനായകന്‍…സിനിമ കഴിഞ്ഞ് വീട്ടിലെത്തി അച്ഛന്റെ വട്ട കണ്ണടയിട്ട്, കണ്മഷി കൊണ്ടൊരു മീശ വരച്ച്, വിരലുകള്‍ തോക്കായ് ഭാവിച്ച്, കണ്ടതില്‍ മായാതെ പതിഞ്ഞൊരാ രംഗം അനുകരിച്ചതിന് കണക്കില്ല. അതായിരുന്നു ‘ആണ്ടവരു’ടെ ആദ്യ തിരു ദര്‍ശനം. ആരാധന തോന്നിയ അഭിനേതാക്കളില്‍, ഇന്നും മുന്‍പില്‍ തന്നെ ആ പേരുണ്ട്. സാക്ഷാല്‍ ഉലകനായകന്‍, ശ്രീ. കമല്‍ ഹാസന്‍.
കമല്‍ സിനിമാസ്വാദകരായ എന്റെ കുടുംബത്തിനൊപ്പം തുടര്‍ന്നും അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികള്‍ പലതും ആസ്വദിച്ചായിരുന്നു എന്നിലെ സിനിമാസ്‌നേഹിയുടെ വളര്‍ച്ച. ‘മൂന്നാം പിറൈ’, ‘നായകന്‍’, ‘ഗുണ’ എന്നീ ക്‌ളാസിക്കുകളിലൂടെ മഹാ നടന്‍ ഒരു പ്രിയ താരമായി മാറി. കമല്‍ സിനിമകള്‍ തുറന്നു പറയുന്ന ശക്തമായ രാഷ്ട്രീയം മനസ്സിലാക്കി തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സൃഷ്ടികളും പില്‍ക്കാലത്ത് പ്രിയപ്പെട്ടവയായി. നിസ്തുല എഴുത്തുകാരന്റെ തൂലികയില്‍ പിറന്ന ‘അന്‍ബേ ശിവം’, ‘വിരുമാണ്ടി’ എന്നിവ അതിനുദാഹരണം.
‘ഹേ, റാമി’ന് പിറകെ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു കമല്‍ സിനിമയ്ക്കായ് ടിക്കറ്റെടുക്കുന്നത് 2006-ല്‍. ഗൗതം മേനോന്‍ സംവിധാനത്തില്‍ പിറന്ന ‘ഫാന്‍ ബോയ് പടം’, ‘വേട്ടയാട് വിളയാട്’. ആഘോഷാരവങ്ങളോടു കൂടിയ ആഡംബര വരവല്ലായിരുന്നെങ്കില്‍ പോലും, ഏറെ തൃപ്തിപ്പെടുത്തിയ നവയുഗ കമല്‍ ചിത്രമായിരുന്നു അത്. കണ്ണ് കുത്തിയെടുക്കുമെന്ന് ഭീഷണി മുഴക്കുന്ന റൗഡിയുടെ താവളത്തിലേക്ക് നിരായുധനായി ഒറ്റക്ക് ഗേറ്റും ഉന്തി തുറന്ന് വന്ന് അയാളുടെ കയ്യാളുകള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ‘ഇപ്പൊ എടുടാ കണ്ണ്!’ എന്ന് ശാന്തഗംഭീര ഭാവത്തോടെ അമറുന്ന ഡി.സി.പി. രാഘവനോളം സ്വാധീനിച്ചിട്ടില്ല, ശേഷം അവതരിച്ച ‘ദശാവതാര’ങ്ങളൊന്നും.
2010-നു പിന്‍ താരത്തിന്റേതായിറങ്ങിയ സിനിമകളധികവും തിയേറ്റര്‍ തണുപ്പില്‍ ചുരുണ്ടിരുന്നു വെറുതെ കണ്ടു തീര്‍ത്ത ജീവനറ്റവയായിരുന്നു. അതില്‍, സാമാന്യം നല്ല പ്രതികരണത്തോടെ സാമ്പത്തിക വിജയം നേടിയ ‘വിശ്വരൂപം’ പക്ഷെ പരിധി കവിഞ്ഞൊരു ആഘോഷത്തിന് വഴിയൊരുക്കിയില്ല. മറ്റുള്ളവയുടെ അവസ്ഥ തീര്‍ത്തും പരിതാപകരം. കാമ്പുള്ള കഥയായിരുന്നിട്ടും കാണികളെ തികയ്ക്കാന്‍ കഷ്ടപ്പെട്ട ‘ഉത്തമ വില്ലന്‍’, ഉറക്കം തൂങ്ങിച്ച ‘തൂങ്കാവനം’, ആദ്യ ഭാഗത്തിന് പേരുദോഷം കേള്‍പ്പിച്ച ‘വിശ്വരൂപം 2’. ജോര്‍ജ്ജ്കുട്ടിയായ ലാലേട്ടനെയല്ലാതെ ആ കഥാ പശ്ചാത്തലത്തില്‍ വേറൊരു അഭിനേതാവിനെയും സങ്കല്പിക്കാനാവാത്തതിനാല്‍, ‘ദൃശ്യം’ റീമേക്കായ ‘പാപനാശം’ ഒഴിവാക്കുകയായിരുന്നു.
എക്കാലവും വാഴ്ത്തപ്പെടെണ്ട ഒരുവരെ, ബോക്‌സ് ഓഫീസ് ഉണര്‍ത്താനാവാത്ത മേല്‍പ്പറഞ്ഞ പരാജയങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ചിലര്‍ താഴ്ത്തി കെട്ടുന്നത് കാണുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്, എതിരറ്റ ഇതിഹാസത്തിന്റെ തിരിച്ചു വരവിനായ്. പഴയ തിളക്കം നഷ്ടപ്പെടുന്നുവെന്ന സ്വയം തിരിച്ചറിവുകൊണ്ടാകാം, തനിക്കു പ്രാണനായ സിനിമാജീവിതം വെടിഞ്ഞ് ജന സേവകന്റെ വേഷമണിയാന്‍ അദ്ദേഹം തയ്യാറായത്. സിനിമാലോകത്തുണ്ടാക്കിയ വിപ്ലവം പക്ഷെ രാഷ്ട്രീയ മേഖലയില്‍ സൃഷ്ടിക്കാനാവാതെ നേരിടേണ്ടി വന്നത് മറ്റൊരു പതനം. കമല്‍യുഗം ഏതാണ്ട് അവസാനിച്ചെന്നവര്‍ വിധിയെഴുതും മുന്‍പേ, തളര്‍ന്ന തോളിന് കരുത്തേകും പോല്‍ കാപ്പണിഞ്ഞ ഒരു കൈ വന്നു പതിഞ്ഞു.
‘മറുപടിയും ആരംഭിക്കലാങ്കളാ…?’ തന്റെ ആരാധനാമൂര്‍ത്തിയുടെ ഉയിര്‍പ്പിന് നിമിത്തമായ് അയാളെത്തുന്നു….സര്‍ഗ്ഗാത്മക കഴിവുള്ള വര്‍ത്തമാന സംവിധായകരിലൊരാളായ ലോകേഷ് കനകരാജ്. ശേഷം കണ്ടത് പുതു ചരിതം.
നീണ്ട കാത്തിരിപ്പിനൊടുവില്‍, എട്ടു ദിക്കും പ്രകമ്പനമുയര്‍ത്തി ഉഗ്രഭാവങ്ങളോടെ വീരോചിതമായൊരു തിരിച്ചുവരവ്. പുതിയ രൂപത്തില്‍ പഴയതിലും ഇരട്ടി വീര്യത്തോടെ, 36 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ ആണ്ടവര്‍ അവതാരം… ‘വിക്രം’. ആരാധകര്‍ക്കാഘോഷമാക്കാന്‍ വേണ്ടുന്ന ചേരുവകളെല്ലാമടങ്ങിയ ലക്ഷണമൊത്ത ഒരു ‘ഫാന്‍ ബോയ് ട്രിബ്യൂട്ട്’ ആയി ഇന്നും ആ സൃഷ്ടി വാഴ്ത്തപ്പെടുന്നു.
‘വിക്രം’ ഇറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിറ സദസ്സിനിടയില്‍, ഉത്സവ ലഹരിയോടെ ‘ആണ്ടവരാട്ടം’ രസിച്ച ഓര്‍മ്മകളാണുള്ളില്‍. കുട്ടിക്കാലം മനോഹരമാക്കിയ നടന്മാരില്‍ ഒരുവര്‍, വീണ്ടും അതേ ഊര്‍ജ്ജത്തോടെ അരങ്ങു വാഴുന്നു… ഞാനടക്കമുള്ള സിനിമാസ്‌നേഹികള്‍ക്ക് സന്തോഷിക്കാന്‍ അതില്‍പ്പരം എന്തു വേണം. പ്രിയ സംവിധായകന്‍ ലോകേഷ് കനകരാജിനാവുന്നു നന്ദിയത്രയും. തുടര്‍ വിജയങ്ങള്‍ നിറഞ്ഞതാവട്ടെ ആണ്ടവരുടെ ഈ രണ്ടാം വരവ് എന്നാശംസിക്കുന്നു.
‘കമളാച്ചന്‍’ എന്ന് ചെറു നാവിലുരുവിട്ടു തുടങ്ങി, കാലങ്ങള്‍ക്കിപ്പുറം ‘കമല്‍ സര്‍’ കടന്ന്, ഇന്ന് ‘ആണ്ടവര്‍’ എന്നതില്‍ എത്തി നില്‍ക്കുന്ന എന്റെ ആദ്യ തമിഴ് സിനിമാ നായകനോടുള്ള സ്‌നേഹം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
👍👍👍👍