HomeTHE ARTERIASEQUEL 106ദളിത് സ്വത്വവും പ്രതിനിധാനവും: 'കരി' സിനിമയുടെ സാംസ്‌കാരിക വായന

ദളിത് സ്വത്വവും പ്രതിനിധാനവും: ‘കരി’ സിനിമയുടെ സാംസ്‌കാരിക വായന

Published on

spot_imgspot_img

(ലേഖനം)

വിഷ്ണു ശിവദാസ്

വ്യക്തിത്വം, മമത, തനതുസത്ത, ഉടമസ്ഥാവകാശം, ഐഡന്റിറ്റി എന്ന അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന സ്വത്വം എന്ന പദം ദളിത് ജീവിതങ്ങളെ അപേക്ഷിച്ച് അവരില്‍നിന്ന് സ്വയം രൂപംകൊള്ളുന്ന ഒന്ന് മാത്രമല്ല, മറിച്ച് കാലവും ചരിത്രവും അധികാരവും സമൂഹവും ചെലുത്തിയ സ്വാധീനത്തിലൂടെ കൈവരിക്കുന്നത് കൂടിയാണ്.

ചിതറിയ, മുറിഞ്ഞ എന്നര്‍ത്ഥം വരുന്ന ‘ദല്‍’ എന്നാല്‍ സംസ്‌കൃതപദത്തില്‍ നിന്നാണ് ദളിത് എന്ന പദം രൂപം കൊണ്ടത്. പൊതുസമൂഹത്തില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ടവരാണ്, ദലനം ചെയ്യപ്പെട്ടവരാണ് ദളിത് വിഭാഗങ്ങള്‍. ജ്യോതി റാവു ഫൂലെയാണ് ദളിത് എന്ന പദം ആദ്യമായി പ്രയോഗിച്ചതെങ്കിലും അംബേദ്കറിസത്തിലൂടെയാണ് ദളിത് വാദം ശക്തിയാര്‍ജിക്കുന്നത്. ദളിത് പാന്തര്‍ പ്രസ്ഥാനവും ഇതിനു വഴിയൊരുക്കിയിട്ടുണ്ട്.

ആദ്യകാലഘട്ടത്തില്‍ സംസ്‌കാരം എന്നത് സവര്‍ണ്ണന്റെത് മാത്രമായിരുന്നു. സംസ്‌കാരമുള്ളത് – സംസ്‌കാരമില്ലാത്തത്, സംസ്‌കൃതം – പ്രാകൃതം എന്നീ വേര്‍തിരിവുകള്‍ തന്നെ ധ്രുവീകരണത്തിന് ഉദാഹരണമാണ്. മാര്‍ക്‌സിസത്തിലേക്കെത്തുമ്പോള്‍ അത് അടിത്തറ – മേല്‍ക്കൂര വിഭജനത്തിന്റെ ഭാഗമാകുന്നു. ആധുനികതയില്‍ ഈ വിഭജനങ്ങള്‍ പുരോഗമിച്ചത് – പുരോഗമിക്കാത്തത് എന്നായിത്തീരുന്നു.

നരണിപ്പുഴ ഷാനവാസ്

ചലച്ചിത്രപഠനങ്ങളുടെയും ചലച്ചിത്രനിരൂപണങ്ങളുടെയും അവസ്ഥ അവര്‍ണന്റെ ചരിത്രത്തിന് തുല്യമായിരുന്നു. ആള്‍ക്കൂട്ട കലയായ സിനിമ താഴ്ന്ന കലയായി കലാ സാഹിത്യലോകം കണ്ടു. ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത് മൂല്യച്യുതിയായി അക്കാലത്തെ പത്രാധിപനും ഉടമസ്ഥരും കരുതി. 1950 കള്‍ക്ക് ശേഷം ഈ രീതിക്ക് മാറ്റം സംഭവിച്ച് കവിതയോടൊപ്പം സിനിമയും ചര്‍ച്ചകളില്‍ തുല്യത നേടി. എങ്കിലും നിരൂപകരില്‍ പലരും മലയാള സിനിമയെ സാങ്കേതികമായി ഒരുപാട് പുരോഗമിച്ച പാശ്ചാത്യ ചലച്ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും മലയാള സിനിമാസ്വാദനത്തിന് പാശ്ചാത്യ കലകള്‍ അറിഞ്ഞിരിക്കണമെന്ന മിഥ്യാധാരണ പരത്തുകയും ചെയ്തു. തനതിനെ അംഗീകരിക്കുവാനും പ്രശംസിക്കുവാനും നിരൂപകര്‍ മടി കാണിച്ചു. അവര്‍ണ്ണര്‍ പല ജാതികളും ദളിതരാണെന്ന് അംഗീകരിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഈ വിമുഖതയ്ക്ക് ദളിത് ചരിത്രത്തോളം പഴക്കമുണ്ട് എന്ന് പറയാം.
ജാതി പ്രധാന വിഷയമായി വരുന്ന കുറച്ചു സിനിമകളെ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. നീലക്കുയില്‍, പൊന്തന്‍മാട, വിധേയന്‍, കരി, ഒഴിവു ദിവസത്തെ കളി, കള, ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, പുഴു തുടങ്ങിയവ ഉദാഹരണമാണ്. പരിയേറും പെരുമാള്‍, ജയ് ഭിം, കര്‍ണ്ണന്‍ തുടങ്ങിയ തമിഴ് സിനിമകളും ഇതിനോട് ചേര്‍ത്തുവച്ച് പറയാവുന്നതാണ്.

നരണിപ്പുഴ ഷാനവാസ് കഥയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ filmcoco.com എന്ന പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത സിനിമയായിരുന്നു കരി. വടക്കന്‍ മലബാറിന്റെ ജീവിതരീതിയും സംസ്‌കാരവും പശ്ചാത്തലമാക്കിക്കൊണ്ട് സാങ്കേതികത്വത്തിന്റെ അതിപ്രസരമില്ലാതെ ആക്ഷേപഹാസ്യത്തിലൂടെ ജാതി രാഷ്ട്രീയം ഇപ്പോഴും കേരളത്തില്‍ ശക്തമാണ് എന്ന് കാണിച്ച സിനിമയായിരുന്നു ഇത്. കരിങ്കാളിക്കെട്ട് എന്ന അനുഷ്ഠാനകലയുടെ പശ്ചാത്തലത്തിലാണ് ദളിത് സ്വത്താവിഷ്‌കാരവും വിമര്‍ശനവും അവതരിപ്പിക്കുന്നത്. ബാഴ്‌സലോണ, ലോസ് എയ്ഞ്ചലസ് തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ കരി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ഗോത്രം, ദേശം തുടങ്ങിയ സാമൂഹിക തലങ്ങളിലൂടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കരി സമാന്തര സിനിമാസ്വാദകര്‍ക്കിടയില്‍ പോലും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ദിനേശന്‍ എന്ന ജോലിക്കാരന്റെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങുന്ന ഗോപു കേശവമേനോനിലൂടെയും സഹായി ബിലാലിലൂടെയുമാണ് കഥ ആരംഭിക്കുന്നത്. വഴിപാടിനുള്ള പണം നല്‍കാനാണ് അവര്‍ ദിനേശന്റെ വീട്ടിലേക്ക് പോകുന്നത്. കരിങ്കാളിക്കെട്ടാണ് ആ വഴിപാട്. കരിങ്കാളി കെട്ടാന്‍ വരുന്ന ആള്‍ അവരുടെ കാര്‍ തട്ടി അപകടം പറ്റുകയും മറ്റൊരാളെ വഴിപാടിനായി അന്വേഷിച്ചിറങ്ങുകയും ചെയ്യുന്നു. അയ്യപ്പന്‍ എന്ന ഹരിദാസ് കരിങ്കാളി കെട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന തമാശ നിറഞ്ഞ കഥാപാരിസരവുമാണ് കരിയുടെ കഥാസംഗ്രഹം.

ജാതി വിത്തുകള്‍ വില്‍പ്പനക്ക് എന്ന പോസ്റ്ററിലൂടെ സിനിമ തന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്തു തുടങ്ങുന്നു. ദിനേശന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ ബിലാലിന് ഒരു ഫോണ്‍ വരുന്നു. ജാതക ദോഷമുള്ള സുഹൃത്തിന് പെണ്ണുകാണാന്‍ ഓട്ടം പോകുന്ന കാര്യമാണ് ചര്‍ച്ച. ബിലാലിന്റെ അടുത്തിരിക്കുന്ന ഗോപു കേശവ് പറയുന്നു: ജാതക ദോഷമുള്ളവര്‍ക്ക് വണ്ടി ഓടിക്കാന്‍ കൊടുക്കരുത്.

ബിലാല്‍: ഓടിക്കാന്‍ തന്നെയല്ലേ വണ്ടി അതിന് ജാതിയും ജാതകവും നോക്കണോ?

ഗോപു കേശവ്: ചില ജാതി നോക്കണം.

നാം പ്രബുദ്ധരാണ്, ആധുനികനാണ് എന്ന് പറയുമ്പോള്‍ പോലും ഉള്ളിന്റെയുള്ളില്‍ നിന്നും തലപൊക്കുന്ന ജാതീയതയും ദളിത് വിരുദ്ധതയുമാണ് ഗോപു കേശവ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അതേസമയം ദിനേശന്റെ വീട്ടില്‍ അച്ഛനും അമ്മയും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്.

അമ്മ അച്ഛനോട്: മേനോനാണത്രേ ഇത്തിരി ബഹുമാനത്തിലൊക്കെ നില്‍ക്കണം. പൂരം കഴിഞ്ഞിട്ട് പോയാല്‍ മതീന്ന് പറയണം. നിക്ക്വന്നുല്ല.

അച്ഛന്‍: നിന്നാലോ?

അമ്മ: അയാളീ കോലായിലേക്കന്നെ കയറില്ല.

അമ്മയുടെ വാക്കുകളിലൂടെ പ്രകടമാവുന്നത് അവര്‍ണ്ണന്റെ ചരിത്രബോധവും യാഥാര്‍ത്ഥ്യബോധവുമാണെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും അച്ഛനും ഗോപു കേശവും തമ്മിലുള്ള സംഭാഷണത്തിലൂടെ അമ്മയുടെ ആ പറച്ചിലില്‍ ഒളിഞ്ഞിരിക്കുന്നത് കുറ്റബോധമാണെന്ന് വ്യക്തമാക്കുന്നു. ദിനേശന്റെ അച്ഛന്‍ കല്യാണം കഴിച്ച സംഭവം ഇപ്രകാരം പറയുന്നു.

അച്ഛന്‍: കറുത്തതോണ്ട് ഞങ്ങളുടെ കൂട്ടരാണ് വിചാരിച്ചു. പിന്നെയാ നിങ്ങടെ കൂട്ടരാണെന്ന് മനസ്സിലായത്. നായരാണ്.

ഗോപു കേശവ്: ഞാന്‍ മേനോനാ.

അച്ഛന്‍: നമ്മള് എസ്. സിയാണ്. നമ്മുടെ മേലെയും താഴെയുമായി ഒരുപാട് ജാതികളുണ്ട്. പെണ്ണ് കെട്ടാന്‍ ആവുമ്പോഴാ ആളുകള്‍ക്ക് ഇതെല്ലാം ഓര്‍മ്മ വരുന്നത്.

തന്റെ മകള്‍ സിന്ധു, സോമന്‍ എഴുത്തച്ഛനെ കല്യാണം കഴിച്ചതിനുശേഷം വീട്ടിലേക്ക് വരാറില്ലെന്നും കുറച്ചിലാണെന്നും കരുതുന്നു എന്നതിലൂടെ തന്റെ സ്വത്വത്തെ അംഗീകരിക്കാത്ത, കറുപ്പിന്റെ സൗന്ദര്യശാസ്ത്രമാണ് തന്റെതെന്ന് വിശ്വസിക്കുന്ന, സവര്‍ണ്ണന് മുന്നില്‍ ഒരു വിധേയനെ പോലെ സംസാരിക്കുന്ന ദളിത് വ്യക്തിത്വങ്ങളെ വിമര്‍ശനാത്മകമായി സംവിധായകന്‍ അവതരിപ്പിക്കുന്നു.
അമ്മയുടെ കുറ്റബോധത്തിന് ആക്കം കൂട്ടുന്ന മറ്റൊരു രംഗം കൂടിയുണ്ട്.

അമ്മ ഗോപു കേശവിനോട്: ദിനേശന്‍ തടിച്ചോ? തടിച്ചില്ലേലും സാരമില്ല വെളുത്താല്‍ മതി. കുബൂസ് തിന്നാ വെളുക്കുമോ?

ബിലാല്‍: കറുപ്പിന് ഏഴഴകല്ലേ.

അമ്മ: അതീ വെളുത്തവര് വെറുതെ പറയുന്നതാ.

നിറത്തേയും വൃത്തിയേയുംപറ്റി നമുക്കുള്ള ധാരണകള്‍ അധീശത്വശക്തികളുടെ അടിച്ചേല്‍പ്പിക്കലുകളുടെ ഭാഗമാണ്. ആര്യന്മാരില്‍ നിന്ന് ആരംഭിച്ച് വൈദേശിക ആധിപത്യത്തിന്റെ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടതാണ് ഈ സൗന്ദര്യബോധം. ആ ചിന്താഗതികളെ അവര്‍ണ്ണനും ഇന്ന് മുറുകെ പിടിക്കുന്നുവെന്ന വൈരുദ്ധ്യം വിമര്‍ശനാത്മകമായി സിനിമ ചര്‍ച്ച ചെയ്യുന്നു. ‘ വെളുത്തിട്ട് പാറ് ‘ എന്നതുപോലുള്ള സൗന്ദര്യവര്‍ദ്ധക ക്രീമുകളുടെ പരസ്യവാചകങ്ങള്‍ സാധാരക്കാരന്റെ ആത്മവിശ്വാസത്തെയും സ്വത്വത്തെയും എത്രത്തോളം ചോദ്യം ചെയ്യുന്നുവെന്നതിന് ഉദാഹരണമാണ്. സംവരണത്തെ പറ്റിയാണ് കരി പിന്നീട് ചര്‍ച്ച ചെയ്യുന്നത്.

ഗോപു കേശവ് ബിലാലിനോട്: ഇവര്‍ക്ക് രണ്ടു രൂപയ്ക്ക് അരി, തോറ്റാലും ജോലി, നമ്മളൊക്കെ കഷ്ടപ്പെട്ട് ഊപ്പാടെടുത്ത് പഠിച്ചാലേ എവിടെയെങ്കിലും എത്താനാവൂ. എന്ന സംഭാഷണം. നമുക്കറിയാം സംവരണം സാമൂഹിക സമതയുടെ ഭാഗമാണ്. ഒരുകാലത്ത് ഒരു വിഭാഗം അനുഭവിച്ച കഷ്ടതകള്‍ക്കുള്ള പരിഹാരമാണത്. സംവരണത്തെ പറ്റിയുള്ള പൊതുബോധത്തെയാണ് സംവിധായകന്‍ പരിഹാസരൂപേണ അവതരിപ്പിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രധാന കഥാപാത്രം കരിങ്കാളിയാണ്. വടക്കന്‍ മലബാറിലെ ഒരു അനുഷ്ഠാന കലയാണ് കരിങ്കാളി. അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധിയാണ് ഓരോ തെയ്യക്കോലവും. ജാതിചിന്തയുടെയും അവര്‍ണചരിത്രത്തിന്റെയും ഉപാദാനങ്ങളായി തെയ്യത്തോറ്റങ്ങളെ പരിഗണിക്കാം.

കരിങ്കാളിയെ അന്വേഷിച്ച് അമ്പലത്തിലെത്തുന്ന ഗോപു കേശവും കമ്മിറ്റിക്കാരനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ : ചുറ്റമ്പലത്തിന് പുറത്താണ് കരിങ്കാളി നില്‍ക്കേണ്ടത്. അതാണ് ഉത്തമവും അധമവും തമ്മിലുള്ള വ്യത്യാസം. ദൈവങ്ങള്‍ക്ക് പോലും തീണ്ടല്‍ നിശ്ചയിച്ച് ന്യായീകരിക്കുന്ന സമൂഹമാണ് ചുറ്റും. കറുപ്പ് പലപ്പോഴും അവര്‍ണ്ണനെ മാത്രമല്ല അവര്‍ണ്ണന്റെ ദൈവത്തെയും മാറ്റിനിര്‍ത്താനുള്ള സവര്‍ണ്ണ ആയുധമായി വര്‍ത്തിക്കുന്നു. ഫീസ് വാങ്ങി അമ്പലത്തില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്ന കമ്മിറ്റിക്കാരന്‍ മാത്രമല്ല ആവശ്യം മനസ്സിലാക്കി അധികപണം വാങ്ങുന്ന കരിങ്കാളി കലാകാരന്‍ അയ്യപ്പനും ഇന്നത്തെ സമൂഹത്തിന്റെ ഭാഗമാണ്. താന്‍ കലയ്ക്ക് വേണ്ടി തെയ്യം കെട്ടാറില്ലെന്നും പണത്തിനുവേണ്ടി മാത്രമേ തെയ്യം കെട്ടാറുള്ളൂ എന്നും പറയുന്ന അയാളില്‍ തന്റെ ചരിത്രത്തെ പണം സമ്പാദിക്കാനുള്ള വഴിയായി മാറ്റുന്ന പുതിയ പ്രത്യയശാസ്ത്രവും കാണാം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ ചുറ്റുപാടുകള്‍ അവതരിപ്പിച്ച കലയില്‍ നിന്നും ലോകത്തില്‍ നിന്നുമുള്ള പൂര്‍ണ്ണമായമാറ്റം അവര്‍ണ്ണന് സാധ്യമായിട്ടില്ല. അവര്‍ പലപ്പോഴും തങ്ങളുടെ ഭൂതകാലത്തെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം സിനിമ ചര്‍ച്ച ചെയ്യുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് ബിലാല്‍ പാലക്കാട്ടുകാരന്‍ റൂംബോയിയോട്: കല്‍പ്പാത്തിയിലാണോ താമസം?

റൂംബോയ്: അവരൊക്കെ അഗ്രഹാരത്തിന്റെ അകത്തുള്ളവരല്ലേ. ഞാന്‍ ചെട്ടിയാരാണ്.

മറ്റൊരു അവസരത്തില്‍ അയ്യപ്പന്‍ തന്റെ രഹസ്യ കാമുകിയോട് ജനാലയിലൂടെ സംസാരിക്കുന്നു: നീ എന്തിനാ ഇത്ര വെളുത്തത്. അതല്ലേ നമ്മളിങ്ങനെ അകത്തും പുറത്തുമായത്. ഈ രണ്ട് രംഗങ്ങളിലും കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയത്തിന് പുറമേ ദലനം ചെയ്യപ്പെടുന്നതിന് ദൈവവും മനുഷ്യനും ഒരുപോലെ പാത്രമാകുന്നുവെന്ന വസ്തുതയും അവതരിപ്പിക്കുന്നു. ഹോട്ടല്‍ മുറിയില്‍ വച്ചുള്ള ടെലിവിഷന്‍ ശബ്ദരേഖയും അപ്രധാനമെന്നു കരുതി തള്ളിക്കളയുവാന്‍ സാധ്യമല്ല. ജോണ്‍ ബ്രിട്ടാസും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള സംഭാഷണമാണ് ശബ്ദരേഖ. ചോദ്യത്തിന് മറുപടി എന്നോണം വെള്ളാപ്പള്ളി നടേശന്‍ പറയുന്നു: ജാതി ചോദിക്കാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതി എന്നത് തിരസ്‌കരിക്കുവാന്‍ സാധ്യമല്ലാത്ത ഒന്നാണ്. ജാതി സ്വത്വമായും സ്വത്വം ജാതിയായും ചുരുങ്ങിപ്പോകുന്ന അവസ്ഥകളെ ‘കരി’ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നു. മറ്റൊരു ടെലിവിഷന്‍ ശബ്ദരേഖ സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖമാണ്. മുന്‍നിര സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട, പലപ്പോഴും സിനിമയ്ക്ക് പുറമേ സൗന്ദര്യത്തിന്റെ പേരില്‍ പോലും പരിഹാസ്യനായ കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. ആത്മപ്രകാശനത്തിനുള്ള വേദിയാണ് അയാള്‍ക്ക് അയാളുടെ സിനിമ എന്നുള്ളത്. അമ്പലത്തില്‍ നിന്നും വരുന്ന സ്ത്രീകളോട് വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ കയര്‍ക്കുന്ന പോലീസുകാരുണ്ട് സിനിമയില്‍. അതിനു മറുപടിയായി അവരൊരു നാടന്‍പാട്ട് പാടുന്നു.

”…പണ്ടത്തെ കാലം കഴിഞ്ഞുള്ളവോ
മെക്കിട്ട് കേറി കളിക്കണ്ട
നാറി പുളിപ്പിക്കും നാക്കുണ്ട് വായില്‍
ഏലയ്യോ എലേലയ്യോ..”

എന്നുള്ള അതിന്റെ വരികളിലൂടെ അധഃസ്ഥിതന്‍ തന്റെ രോഷം പ്രകടിപ്പിക്കുന്നു. പുതിയകാലത്ത് പഴയ ആവര്‍ത്തനങ്ങള്‍ക്ക് അവസരമില്ലെന്നുള്ള അര്‍ത്ഥമതിനുണ്ട്. മറ്റൊരു രംഗത്തില്‍ കരിങ്കാളിക്കെട്ട് കെട്ടിയ അയ്യപ്പനോട് ദേഷ്യപ്പെടുന്ന ഗോപു കേശവില്‍ പ്രകടമാവുന്നത് സവര്‍ണ്ണ ധാര്‍ഷ്ട്യവും പച്ചയായ ദളിത് വിരുദ്ധതയും മാത്രമല്ല. പോലീസ് പിടിക്കുന്ന മറ്റൊരു രംഗത്തില്‍ തന്റെ ലൈസന്‍സില്‍ ഗോപു കേശവ് എന്ന് മാത്രമേയുള്ളൂ, യഥാര്‍ത്ഥത്തില്‍ ഗോപു കേശവ് മേനോന്‍ എന്നു കൂടിയുണ്ടെന്ന് പറയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്വജാത്യാഭിമാനം കൂടിയാണ്. ഓരോരുത്തര്‍ക്കും ഓരോന്നാണ് ദൈവസങ്കല്പം എന്ന ചിന്താഗതിയില്‍ സിനിമ അവസാനിക്കുമ്പോള്‍ സാക്ഷരകേരളത്തെ ഭ്രാന്താലയം എന്ന് ഒരിക്കല്‍ കൂടി വിശേഷിപ്പിക്കുന്നുണ്ട് കഥാപാത്രങ്ങളിലൂടെ സംവിധായകന്‍. ഒരേസമയം അധികാരങ്ങളോട് വിധേയപ്പെട്ടും കലഹിച്ചും നില്‍ക്കുക, ദളിത് ചരിത്രത്തെ മാറ്റമില്ലാതെ ആവര്‍ത്തിക്കുക തുടങ്ങിയ വിവിധങ്ങളായ ദളിത് സ്വത്വാവിഷ്‌കാരവും പ്രതിനിധാനവുമാണ് കരിയിലൂടെ പ്രത്യക്ഷപ്പെടുന്നത്. വര്‍ണ്ണപ്രതികാരത്തിന്റെ ഐതിഹ്യമാണ് കരിങ്കാളിയാട്ടത്തിനുള്ളത്. അവര്‍ണ വിഭാഗത്തിലുള്ളവര്‍ ദൈവമായി വരുമ്പോള്‍ ജാതിയിലുയര്‍ന്നവര്‍ തലതാഴ്ത്തി നില്‍ക്കുന്നു. പക്ഷേ ദളിതന്റെ ചരിത്രത്തില്‍ അവനും കരിയും അഭേദ്യമായ ഒന്നായി മാറുന്നു.

References

1. രാഘേഷ് ആര്‍, 2011. ദളിത് വാദം, നവസാഹിത്യ ദര്‍ശനങ്ങള്‍ : സിദ്ധാന്തവും പ്രയോഗവും. വ്യാഴവട്ട സാഹിത്യ കൂട്ടായ്മ, ഇന്ത്യ ബുക്‌സ്, തിരുവനന്തപുരം
2. കവിയൂര്‍ മുരളി, 2001. ദലിത് സാഹിത്യം. കറന്റ് ബുക്‌സ്, കോട്ടയം
3. കെ കെ കൊച്ച്, 2005. വായനയുടെ ദലിത് പാഠം. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, തൃശൂര്‍
4. കരി : https://youtu.be/moQGSnStZnQ
5. https://navamalayali.com/2015/11/25/kari-malayalam-movie-brinoj/
6. https://en.m.wikipedia.org/wiki/Karie


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...