The REader’s VIEW
അന്‍വര്‍ ഹുസൈന്‍
കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ കഥാ സമാഹാരങ്ങളിലൂടെ എക്കാലത്തെയും മികച്ച കഥകളാണ് മനോജ് സംഭാവന ചെയ്തത്. താന്‍ കണ്ടുമുട്ടിയ മനുഷ്യരെയും അവരുടെ ജീവിതങ്ങളേയും വായിച്ച പുസ്തകങ്ങളേയും പ്രതിപാദിക്കുന്ന ‘പായ’ യെസ് പ്രസ് ബുക്ക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. കാരുണ്യത്താലും സ്‌നേഹത്താലും സ്‌നാനപ്പെടാന്‍ ഈ പുസ്തകത്തിന്റെ വായന നിങ്ങളെ സഹായിക്കുന്നു.
ഓര്‍മ്മകളാണോ കഥകളാണോ എന്ന് നിശ്ചയമില്ലാത്ത ജീവന്‍ തുടിക്കുന്ന വാക്കുകളുടെ സഞ്ചയമാണ് ഓര്‍മ്മകളായി നമ്മെ പൊതിയുന്നത്. മനോജിന്റെ ഉള്ളകത്തു നിന്ന് കുറെ ജീവിതങ്ങള്‍ നമ്മുടെ ഹൃദയത്തിലേക്ക് പാഞ്ഞു കയറുന്നു. അന്‍സിഫ് അബു എഴുതിയ ഹൃദയഹാരിയായ ഒരു കുറിപ്പുണ്ട് തുടക്കത്തില്‍. സാധാരണ ഏതെങ്കിലും പ്രശസ്തന്‍ അവതാരിക എഴുതുമ്പോള്‍ പുസ്തകം വായിച്ചു പോലും നോക്കാതെ തന്റെ വിജ്ഞാനം കുറിച്ച് വക്കുന്നത് കാണാറുണ്ട്. ഇവിടെ അന്‍സിഫ് ഈ പുസ്തകത്തിന്റെ ആത്മാവിനെ തൊട്ടിരിക്കുന്നു.
റോബര്‍ട്ട് ഫ്രോസ്റ്റും എഡ്വേര്‍ഡ് തോമസും തമ്മിലുണ്ടായിരുന്ന ഗാഢ സൗഹൃദം സര്‍ഗ്ഗാത്മകതക്ക് എത്ര മിഴിവാണ് ചാര്‍ത്തിയിരിക്കുന്നത് എന്ന് അന്‍സിഫ് നിരീക്ഷിക്കുന്നത് വളരെ ശരിയാണ്. ഒരാള്‍ നമ്മുടെ ഹൃദയത്തിലിരുന്ന് അക്ഷരങ്ങള്‍ കോറിയിടും. ആ ആത്മബന്ധത്തിന്റെ സജീവ സ്പര്‍ശത്തില്‍ അക്ഷരങ്ങള്‍ ഉന്മാദചിത്തരായി വഴി നടത്തും.
വളരെയധികം വായിക്കുന്ന മനോജ് വെങ്ങോലക്ക് താന്‍ വായിച്ച പുസ്തകങ്ങള്‍ ഹൃദയത്തിന്റെ ഭാഗമാണ്. തീരെ വായിക്കാത്തവര്‍ പോലും എഴുത്തുകാരായി കൊണ്ടാടപ്പെടുന്ന കാലത്ത്, താന്‍ വായിച്ച ജീവിതങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരന്‍ ഭാഷക്ക് ഒരു സൗഭാഗ്യമാണ്.
അന്‍സിഫ് പറയുന്നത് പോലെ നിതിരാഹിത്യത്തിന്റെ മനുഷ്യാവസ്ഥകള്‍ ഈ പുസ്തകം നിങ്ങളില്‍ നിന്ന് നീക്കിക്കളയും. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ സാഹോദര്യത്തിന്റെ നനുത്ത സ്പര്‍ശം ഹിമകണം പോലെ നിങ്ങളില്‍ പറ്റിച്ചേരും.
പുസ്തകങ്ങളുടെ അച്ഛനെ മനോജ് നിങ്ങളെ പരിചയപ്പെടുത്തുന്നു. സ്‌നേഹം ഒരു മണ്‍കുടത്തിലാക്കി പെരിയാറില്‍ ഒഴുക്കിയത് താന്‍ തന്നെ ആയത് കൊണ്ട് അച്ഛന്‍ ഇനി വരില്ല എന്നറിയാം. എങ്കിലും അച്ഛന്‍ കൊണ്ടു തന്ന പുസ്തകങ്ങളില്‍ അച്ഛന്‍ മണം നിറയുന്നു. ഒറ്റമുറി വീട്ടിലെ പ്ലാസ്റ്റിക് കവറില്‍ ഒതുക്കിയ ഗ്രന്ഥപ്പുര നമ്മുടെ മുമ്പില്‍ തെളിയുന്നു.
ഉത്സവപ്പറമ്പിലെ പുസ്തക വില്‍പ്പനക്കാരനായ അഗസ്റ്റിന്‍ ചേട്ടനും സരസ്വതിയുമൊക്കെ നാട്ടു ജീവിതത്തിന്റെ സ്‌നിഗ്ദ്ധതയോടെ നമ്മുടെ ഉളളകം നിറക്കുന്നു.
സ്‌നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. സ്‌നേഹം കുലദൈവത്തേപ്പോലെ കൂടെ നിന്ന് നരകങ്ങക്ക് നമ്മെ ഒറ്റിക്കൊടുക്കുന്നു. അത് നമ്മളോടൊട്ടി നിന്ന് നമ്മെ ഇല്ലാതാക്കുന്നു.
അയല്‍ വീടുകളുടെ പാരസ്പര്യത്തിന്റെ കഥ പറയുന്നു കമ്പരാമായണം. അയലത്തെ തമ്പ്രാട്ടി കമ്പരാമായണ കഥ ചൊല്ലുവാന്‍ ക്ഷണിക്കുന്ന സ്‌നേഹത്തില്‍ നിന്നും ഓടിയൊളിക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥകള്‍ ഓര്‍ത്തെടുക്കാന്‍ മനോജ് ശ്രമിക്കുന്നു.
നാടകരംഗത്തും സിനിമയിലുമൊക്കെ നിറഞ്ഞാടിയ ഒരു ജീവിതം പകച്ചു നില്‍ക്കുന്ന കുറിപ്പ് വായിച്ച് നമ്മളും പതറുന്നു. താരത്തില്‍ നിന്നും താഴ്മയിലേക്കുള്ള പ്രയാണം കണ്‍മുമ്പില്‍ തെളിയുന്നു.
‘ഞാന്‍ പാട്ടു പാടും പടം വരക്കും. എന്നവകാശപ്പെട്ടുകൊണ്ട് പെരുമ്പാവൂര്‍ നഗരത്തില്‍ ആ സ്ത്രീ അലഞ്ഞു. അടുത്ത കാലത്ത് പാടും എഴുതും വരക്കും എന്ന് പറഞ്ഞ് തെരുവില്‍ ഇറങ്ങിയ ചെറുപ്പക്കര്‍ അവളുടെ പിന്തുടര്‍ച്ചക്കാരാണെന്ന് മനോജ് നിരീക്ഷിക്കുന്നു.
സി അയ്യപ്പന്‍ എന്ന കഥാകാരനെപ്പറ്റിയാണ് അടുത്ത കുറിപ്പ്. ഇത് വായിച്ച് ആ കഥാകാരനെ അറിയാന്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ തെരഞ്ഞതും അയ്യപ്പനെ വായിച്ചതും ഓര്‍ക്കുന്നു.
ഭാര്യ അമ്പിളിയുടെ പ്രസവ സമയത്ത് ആശുപത്രി വരാന്തയില്‍ താന്‍ കണ്ട മനുഷ്യന്റെ ജീവിതമാണ് അടുത്ത കുറിപ്പില്‍. പി എഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവല്‍ അന്നു കണ്ട അജിയെ ഓര്‍മ്മപ്പെടുത്തുന്നു.
മാര്‍ക്കേസിന്റെ എഴുത്തുകാരന്റെ അടുക്കളയും താന്‍ താമസിച്ച കോട്ടയത്തെ മുറിയും അടുത്ത ഓര്‍മ്മക്കുറിപ്പില്‍. ചില പുസ്തകങ്ങള്‍ ചില കവിതകള്‍ ചില പാട്ടുകള്‍ ഒക്കെ ചിലരിലേക്ക് നമ്മെ മടക്കും.
അലോക്യ അയോംഗ് എന്ന വിദേശ വനിതയാണ് അടുത്ത കുറിപ്പില്‍. നാഗാലാന്‍ഡ് ഇത് വായിച്ചാല്‍ നമുക്ക് അകലെയാകില്ല.
കൗമാരകാലത്തെ വായനാനുഭവങ്ങളിലൂടെ മനോജ് നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു. മാത്യു മറ്റം എന്ന ജനപ്രിയ നോവലിസ്റ്റിനെ വിസ്മയത്തോടെ നാം പരിചയപ്പെടുന്നു.
തിരക്കിലൂടെ അടുത്ത കുറിപ്പില്‍ ഷണ്‍മുഖന്‍ നമ്മെ വന്നു തൊടുന്നു. എത്രയോ കഥകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഷണ്‍മുഖന്‍!
കഥ പറയുന്ന കുഞ്ഞോയിന്നന്‍ അമ്മാവനാണ് അടുത്ത കഥാപാത്രം. അമ്മാവന്റെ സ്‌നേഹവും വാത്സല്യവും നിറഞ്ഞ നിഷ്‌കളങ്കമായ ചിരി മനോജിന്റെ ഓര്‍മ്മകളില്‍ നിന്നും നമ്മിലേക്ക് പകരുന്നു.
എല്ലാ ആഴ്ചയിലും കത്തെഴുതിയിരുന്ന ഒറ്റയാന്‍ നമുക്ക് പരിചിതനാവുന്നു. മനോജ് എഴുതുന്നു ‘ഹൊ വാക്കുകള്‍ തിക്കിത്തിക്കി വരുന്നു നശിക്കാനായിട്ട്, ഇതെങ്ങനെ എഴുതിത്തീര്‍ക്കും?’
പാരലല്‍ കോളേജിലെ പ്രണയകാല ഓര്‍മ്മകളിലേക്കാണ് പിന്നെ നമ്മള്‍ പ്രവേശിക്കുന്നത്. മനോജ് എഴുതുന്നു ‘ നഷ്ടപ്പെടാന്‍ ഒന്നുമില്ല ജീവിതമല്ലാതെ അഥവാ നിന്നെത്തന്നെയല്ലാതെ
അന്യസംസ്ഥാന തൊഴിലാളികളുടെ കഥ കുറെയേറെ പറയപ്പെട്ടിട്ടുണ്ട്. മനോജ് എഴുതുമ്പോള്‍ അതിനൊരു ചാരുതയുണ്ട്’.
മധുച്ചേട്ടന്‍ എന്ന ആത്മസുഹൃത്ത് ഗംഭീര കഥകള്‍ അടയാളമായി ഒളിപ്പിച്ച് കടന്നു പോയിരിക്കുന്നു. കാവിനുള്ളിലെ ഭഗവതി അടുത്ത കുറിപ്പില്‍ മുറുക്കാന്‍ പല്ലു കാട്ടിച്ചിരിക്കുന്നു.
മടിയനായ എഴുത്തുകാരന് മരിക്കാനും മടിയാണത്രേ! മരിക്കണ്ട. ഇനിയും ചേതോഹരമായ ഭാഷയില്‍ ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തന്നു കൊണ്ടേയിരിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല