സൂര്യാസ്തമയങ്ങൾ

0
192

കവിത

സ്നേഹ മാണിക്കത്ത്

സൂര്യാസ്തമയങ്ങൾ
കടും നിറം നൽകിയ
ഓർമ്മകളിൽ
ഹൃദയസ്പന്ദനങ്ങൾക്കും
കാല്പനികതയ്ക്കും
ഒരിടം നൽകി
ചിന്താമഗ്നയാകുന്ന നിമിഷത്തിൽ
നിങ്ങളുടേതായിരുന്ന
മനുഷ്യരെ വഴിയോരത്തെ
മരപ്പീടികയിൽ വെച്ച്
അപ്രതീക്ഷിതമായി
കണ്ടുമുട്ടുന്ന രംഗം
ആയിരം തവണ നാടകം
കളിച്ചു നോക്കുക.
നിങ്ങളുടെ ശ്വാസത്തിന്റെ
ഗന്ധം മണത്തു
ചുണ്ടിലേക്കും കഴുത്തിലേക്കും
മീൻ ചുംബനങ്ങൾ
ഏകാൻ,
അവരുടെ
മീശത്തുമ്പുകൾ,
ദൃതി കാണിക്കുന്ന
നിമിഷങ്ങൾ ഓർക്കുക
നിങ്ങളുടെ ശബ്ദം
ഉന്മാദമായി അവരിൽ
നിറഞ്ഞ നിഴൽ
സംഭാഷണം ഓർക്കുക
അപ്രതീക്ഷിതമായി
അവരുടെ പുതിയ
കാമുകിയുമൊത്ത്
ഒരേ പരീക്ഷ ഹാളിൽ
ഇരുന്ന് ചോദ്യപേപ്പർ
നോക്കി പരിഭ്രമിക്കുന്നത്
വെറുതെ വിചാരിക്കുക
അവൾ നിന്റെ ഉടലിനെ
അടുപ്പിൽ ഇട്ടു വേവിക്കും
പോലെ ചൂഴ്ന്നു നോക്കുന്നത്
കണ്ട് പൊട്ടിച്ചിരിക്കുക
നിങ്ങളുടേതാകാൻ
പോകുന്ന ഏതോ
ഒരു മനുഷ്യൻ
നാളെ ഉടലിൽ
ആവാഹിക്കുന്ന
പ്രണയത്തിരയിൽ
മുങ്ങി കളിക്കുന്ന
ബുദ്ധി കൂടിയ
നിങ്ങളെ ഓർക്കുക
നിങ്ങളിൽ പടർന്ന
അറിവിന്റെ
സൂര്യോദയത്തിൽ
സ്വയം ആനന്ദിച്ചു
ജീവിച്ചു മരിക്കുക
ക്ഷണികമായ
വികാരങ്ങളെ
കടലിൽ ആടിയുലയുന്ന
തോണിയെ നോക്കും പോലെ
നിസ്സംഗമായി നോക്കുക


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here