കവിത
സായൂജ് ബാലുശ്ശേരി
ഒറ്റയ്ക്കാവുന്നവരൊന്നും
ഒരൊറ്റയാൻ അല്ല
കാട് മദിച്ചു നടക്കുന്നത് പോയിട്ട്
ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും
കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത്
അവർക്ക് ഉണ്ടാവണമെന്നില്ല.
പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ
ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ സൗരയൂഥങ്ങളെ
ഭേദിച്ചു മറവികളിൽ വിലയം പ്രാപിക്കില്ല.
ഒറ്റയ്ക്കാവുന്നവരുടെ ചില്ലകൾക്ക് വേണ്ടി അനന്തമായൊരു ആകാശമുണ്ട്.
അതിൽ ആരോ കോറിയിട്ട മുറിപ്പാടുകളിലൂടെ പായുന്ന
കൊള്ളിമീനുകളെ കാണാം.
ആഴ്ചയിൽ ഒരിക്കൽ മാത്രം
ആളുകൾ ഇറങ്ങുന്ന ചില തീവണ്ടിയാപ്പീസുകളെ പോലെ
ആ ആകാശത്ത് ഇടയ്ക്ക് മാത്രം
നക്ഷത്രങ്ങൾ തെളിയും.
അവയുടെ വെളിച്ചം വീഴുന്ന
പരുപരുത്ത പ്രതലങ്ങളിൽ
കടലിന്റെ ഏറ്റവും
അടിത്തട്ടിൽ നീന്തുന്ന മീനുകളുടെ
നിഴലുകൾ വരയ്ക്കപ്പെടും.
മുറുക്കിയടക്കാത്ത ഒരു മഷിപ്പേനയിൽ നിന്ന് വസ്ത്രത്തിലേക്കെന്നപോലെ
അവരുടെ ആകാശത്ത്
സന്തോഷത്തിന്റെ വെയിൽ ചില്ലകൾ പടരാറുണ്ട്.
അടുത്ത മഴയുടെ ആരോഹണപ്പെയ്ത്തിൽ വിഷാദത്തിന്റെ ആലിപ്പഴങ്ങളിൽ
കുതിരുന്ന വരെ വെയിലിന്റെ
മഞ്ഞപ്പൂക്കളതിൽ പൂവിടും.
ഒറ്റയ്ക്കാവുന്നവരുടെ ആകാശത്തിൽ
തുമ്പികൾക്ക് ചിറക് തളരാറില്ല
ഓർമ്മകളുടെ ഭാരമായുള്ള
ഭൂഗുരുത്വ സമവാക്യങ്ങളിൽ ചിറകളുടെ ഭാരം തുച്ഛമായതത്രേ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല