കവിത
സിന്ദുമോൾ തോമസ്
അന്നുതൊട്ടിന്നോളമെന്നും
പുതുമഴപൊഴിയുന്ന നേരം
മാരിവിൽ പൂക്കുന്ന നേരം
ശീതക്കാറ്റു കുളിർതൂവും നേരം
നിന്നെ ഓർമിക്കാറുണ്ടായിരുന്നു
തേൻകണം ഒന്നിറ്റു നിൽക്കും
മഞ്ഞ പൂവുകൾ വിടരുന്ന നേരം
രാവിൻ വസന്തങ്ങൾ വാനിൽ
താരകളായ് തെളിയുമ്പോൾ
നിന്നെ ഓർമിക്കാറുണ്ടായിരുന്നു
ഗ്രീഷ്‌മനാളം കത്തിയെരിയെ
ചാരുമാമരം വാടി നിൽക്കുമ്പോൾ
കിളികൾ വിയർത്തൊലിക്കുമ്പോൾ
ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ
നിന്നെ ഓർമിക്കാറുണ്ടായിരുന്നു
ചെന്താരകങ്ങളെ വാറ്റി
പുൽത്തകിടി മേലെയിരുന്ന്
ഒരു കോപ്പ നിറയെപ്പകർന്ന്
സ്നേഹദാഹങ്ങൾ നീ തീർത്തിരുന്നു
മിഴികളാൽ കോരിക്കുടിച്ചു
താമര വിരലിനാൽ മുഖചിത്രമെഴുതി
സൂര്യനിൽ താഴ്ന്നവയെല്ലാം
നമ്മൾ വാക്കിൽ കൊരുത്തു നിരത്തി
പല വസന്തങ്ങൾ കൊഴിഞ്ഞു
ശിശിരങ്ങൾ മണ്ണു ചുംബിച്ചു
ഓർമ്മകൾ വീണു കിടക്കും
മരുഭൂമിയും ഞാനും നിതാന്തം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല