കവിത
ഗായത്രി ദേവി രമേഷ്
ചീമു ചിണുങ്ങി,
ഉസ്സ്ക്കൂളിൽ എല്ലാ
പിള്ളേരും കടൽ
കാണാമ്പോയി
ഞാമാത്രം പോയില്ല.
തിരയെണ്ണണം,
കക്കാ പെറുക്കണം,
കടലമുട്ടായിയും
പഞ്ഞിമുട്ടായിയും
തിന്നണം.
ആഴ്ചക്കൊടുവിൽ
പണിക്കാശ് കിട്ടും,
അപ്പൊ കടൽ കാണാം
കക്കാ പെറുക്കാം
പഞ്ഞിമുട്ടായിയും ബാങ്ങാ
പിന്നൊരു കൂട്ടം കൂടിയുണ്ട്,
ആനവണ്ടിയില് പൂവാം
അപ്പൻ ശൊല്ലി.
ചീമു ഒന്നെണ്ണി, രണ്ടെണ്ണി,
മൂന്നെണ്ണി, നാലെണ്ണി
ആഴ്ചക്കവസാനം വന്ന
ദിവസങ്ങളെല്ലാമെണ്ണി,
പുത്തനുടുപ്പിട്ടു, മുടിയിൽ
റിബ്ബൺ കെട്ടി.
ചീമു ആനവണ്ടിയിൽ
കേറി കടൽ കണ്ടു
അപ്പൻ പഞ്ഞി മുട്ടായി
വാങ്ങി നൽകി, ഇനി അടുത്ത
ഊഴം കക്കാ പെറുക്കാനാണ്
ചീമു ചിണുങ്ങി.
ചീമു തിര കണ്ടോടി
അപ്പനുമമ്മയും
പഞ്ഞിമുട്ടായി നുണഞ്ഞു,
രണ്ടാമത്തെ തിരയ്ക്ക്
ചീമു കക്കാ പെറുക്കി
അപ്പനുമമ്മയും
പഞ്ഞിമുട്ടായി നുണഞ്ഞു.
മൂന്നാമത്തെ തിരയ്ക്ക്
ചീമു ഓടിയില്ല, കക്കാ
പെറുക്കിയില്ല..
അപ്പൻ കടല് വിഴുങ്ങിയ
മൂന്നാമത്തെ തിരയ്ക്ക്
പുറകെയോടി!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല