ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: “ഏക് മലായി ചായ്” (ഒരു പാൽപ്പാട ഇട്ട ചായ തരൂ ) ഇതു മാത്രമായിരുന്നു അവൻ ഉരിയാടിയിരുന്ന പ്രധാന വാക്ക്. പിന്നെ തന്നെ കളിയാക്കാറുള്ള പിള്ളേരെ തെറി വിളിക്കാനുള്ള പുളിച്ചുനാറിയ കുറച്ചു പദങ്ങളും ആയുധമായുണ്ട്. മലായിക്ക് ചായയും ബീഡിയും മറ്റും വാങ്ങി നൽകുന്നത് പുണ്യമായും ബർക്കത്തായും ചിലരെങ്കിലും കരുതിപ്പോന്നു. എല്ലാം ഉപചാരമില്ലാതെ അവൻ സ്വീകരിക്കും. ചിലപ്പോൾ ചുമ്മാ ഒന്നു ചിരിക്കും.
പ്യാരീജാന്റെ കുതിരക്കാരനായിരുന്നു മലായി. പട്ടചാരായത്തിന്റെ ചൂരും ബീഢിക്കറയും ചായക്കറയും പുരണ്ട് മഞ്ഞളിച്ച പല്ലുമായി വെളുത്ത് കൊലുന്നനെയുള്ള രൂപം. കുതിരയുടെ കുഞ്ചിരോമം പോലെ നേർത്ത തവിട്ടു നിറം കലർന്ന കോലൻമുടി. നീണ്ടുയർന്ന നാസിക.വെളിയിലേക്ക് അൽപ്പം തള്ളിയ കണ്ണുകൾ. പേശീബലമുള്ള കൈകാലുകൾ. ദൈവം അവനെ സൃഷ്ടിച്ചതുതന്നെ കുതിരക്കാരനായിട്ടായിരിക്കാം എന്നു തോന്നിപ്പോകും!
പ്യാരീജാന്റെ പഴകി നരച്ച സഫാരിയായിരുന്നു അവന്റെ സ്ഥിരം വേഷം. ശരീരത്തോട് അത് ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ലെങ്കിലും ആ വേഷത്തിൽ അവന് തൃപ്തിയും അഭിമാനവും ഉണ്ടായിരുന്നു. തന്റെ യജമാനനോടുള്ള കൂറ് ഊട്ടിയുറപ്പിക്കുന്നതുപോലെ……ഞാൻ ജോലി ചെയ്തിരുന്ന മൂസ്സക്കയുടെ കടയോട് ചേർന്ന പഴയ ഇരുനില മാളികയിലായിരുന്നു പ്യാരീ ജാനും കുടുംബവും. കൂറ്റൻ ഇരുമ്പു ഗേറ്റ് അധിക സമയവും അടഞ്ഞു കിടന്നിരുന്നു. എതിർവശത്തായി റോഡിനപ്പുറം ഇരുപുറവും ചെറിയ വീടുകളുള്ള ഗലിയുടെ ഒടുവിലാണ് അദ്ദേഹത്തിന്റെ കുതിരലായം. തകരഷീറ്റുകൊണ്ട് ചുറ്റും വളച്ചുകെട്ടിയ അതിന്റെ തട്ടിൻപുറത്തായിരുന്നു പഴയ ചാക്കും കമ്പിളിയും വിരിച്ച് മലായിയുടെ കിടപ്പ്. പ്യാരീജാന്റ ബാപ്പ ഒരു കുതിരക്കാരൻ പഠാണിയായിരുന്നു. വളരെ പണിപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. തന്റെ ഭാര്യയെക്കാളും കരുതൽ കുതിരയോടായിരുന്നു. കുതിരവണ്ടിയും ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു ദിവസം കൂലിപ്പണി കഴിഞ്ഞു വരുന്ന രാത്രിയിൽ, കുതിരവണ്ടിയിൽ, കൂടെ മലായി എന്ന കൊച്ചു പയ്യനും ഉണ്ടായിരുന്നു. ബാബജാൻ വലിയ ഈമാൻധാരി (ദൈവഭയമുള്ളയാൾ) യായിരുന്നു. ബാപ്പയുടെ മരണശേഷം പ്യാരിജാനും സഹോദരങ്ങളും തണ്ടും തടിമിടുക്കം മുടക്കുമുതലാക്കി ലക്ഷങ്ങൾ സമ്പാദിച്ചു.കൂടാതെ ചില കടത്തുകളും ഉണ്ടായിരുന്നു.കാറും ബംഗ്ളാവും സുന്ദരിയായ ഭാര്യയും പ്യാരീജാന്റെ വഴിയെ വന്നുചേർന്നു. ഒഴിവുവേളകളിൽ മൂസക്ക മനസ്സു തുറന്ന സംഗതികളായിരുന്നു ഇതൊക്കെ.
എന്നും രാവിലെ എഴുമണിയോടെ മലായി ഗലിയിൽ നിന്നും കുതിരയെ എഴുന്നള്ളിച്ച് കടയുടെ മുന്നിൽ കൊണ്ടുവന്നു നിർത്തും. കുതിരയുമായുള്ള സഹവാസം അവനെ ഒരു ഇരുകാലി മൃഗമാക്കി മാറ്റിയിരിക്കുന്നു.! കുതിരയെപ്പോലെ മൂക്ക് വിറപ്പിക്കുകയും അത് ചീറ്ന്നതു പോലെ ചിരിക്കുകയും ചെയ്യും. ചിലപ്പോൾ കണ്ണീർചാലുകൾ താടിരോമങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ പാടുകളും കാണാറുണ്ട്. ബൂസയും കുൽത്തിയും (തവിടും മുതിരയും) കലർത്തി ഒരു ചണസഞ്ചിയിൽ ഇട്ട് കുതിരയുടെ ചെവിക്കിരുവശത്തുമായി കെട്ടി അതിനെ തീറ്റിക്കും. അപ്പൊഴൊക്കെ അവൻ കുഞ്ചിരോമങ്ങളിലും ഉടലിലും സദാ തടവികൊണ്ടിരിക്കും. തീറ്റയും വെള്ളവും കിട്ടിയാൽ പിന്നെ രൂക്ഷഗന്ധവുമായി മൂത്രത്തിന്റ ഒരു പെയ്ത്താണ്. ഞങ്ങൾ പ്രാകും. മൂക്ക് പൊത്തും. പ്യാരീജാന്റെ കുതിര. പൊതുജനത്തിന്റെ റോഡ്. സഹിച്ചല്ലേ പറ്റൂ….?
പിന്നീട്, ഗേറ്റിനകത്തുനിന്നും ഇരുചക്രമുള്ള വണ്ടി തള്ളികൊണ്ടു വന്ന് അതിൽ കുതിരയെ പൂട്ടും. പ്യാരീജാന്റെ മക്കളുടെ സ്കൂൾ ബാഗും ചോറ്റുപാത്രവും മറ്റും അടക്കി വെയ്ക്കും. യൂണിഫോം അണിഞ്ഞ് ചുറുചുറുക്കോടെ ഓടിവന്ന് കുട്ടികൾ വണ്ടിയിലേക്ക് ചാടിക്കയറും. കടിഞ്ഞാൺ കൈയിലെടുത്ത് മലായിയും. മറ്റു കുട്ടികൾ ഓട്ടോയിൽ സ്കൂളിലേക്ക് പോകുമ്പോൾ പ്യാരീ ജാന്റെ മക്കൾ കുതിരവണ്ടിയിൽ! അതിൽ അദ്ദേഹത്തിന് അഭിമാനവും തന്റെ ബാപ്പയോടുള്ള ആദരവും ഉണ്ടായിരുന്നു. പ്യാരീജാനും ഭാര്യയും ഗേറ്റുവരെ വന്ന് റ്റാ… റ്റാ കാട്ടി കുട്ടികളെ യാത്രയാക്കും. ബൂസയും കുൽത്തിയും വാങ്ങാൻ കടയിൽ വരാറുള്ള മലായിയുടെ അനാഥത്വത്തിന്റെ പൊരുളറിയാൻ ഞാൻ പലപ്പോഴായി ആശിച്ചു. ബീഡിയോ പൊട്ടുകടലയോ (fried gram ) നൽകി പാട്ടിലാക്കാൻ ശ്രമിക്കുമ്പോഴൊക്കെ, കുതറി മാറുന്ന കുതിരയെപ്പോലെ അവൻ ഒഴിഞ്ഞു മാറും.
വർഷങ്ങൾ ഞൊടിയിട കണക്കെ കൊഴിഞ്ഞു കഴിഞ്ഞു. പ്യാരീജാന്റെ മക്കൾ യുവാക്കളായി ബൈക്കിലും കാറിലും ചീറിപ്പായാൻ തുടങ്ങി.മലായിയുടെ സ്കൂളിലേക്കുള്ള യാത്രകൾ അവസാനിച്ചു.മലായി ഇനി എന്തു ചെയ്യും….?? കുതിരയെ കുളിപ്പിച്ചും അതിന്റെ കുഞ്ചിരോമങ്ങൾ തടവിയും എത്രകാലം അവന്….. പ്യാരീജാൻ തന്റെ കുതിരയെ ഇനിയും തീററിപ്പോറ്റുമോ? ഞാൻ ചുമ്മാ ചിന്തിച്ചു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ജുമുഅ നമസ്ക്കാരസമയം കടത്തിണ്ണയിൽ കുടിച്ചു പൂസായി പരിസരബോധമില്ലാതെ മലായി. പട്ടചാരായത്തിന്റെ ഒഴിഞ്ഞ കവറും ബീഡിയും തൊട്ടുകൂട്ടിയതിന്റെ ബാക്കിയും അടുത്തുണ്ട്. കാവലാളെപ്പോലെ ഒരു തെരുവ് പട്ടി കൂട്ടിരിക്കുന്നു!. കണ്ണിൽ സുറുമയെഴുതി തൊപ്പിയും പൈജാമയും കോലാപ്പുരി ചെരിപ്പുമണിഞ്ഞ് ഗമയിൽ ജുമുഅക്ക് പോകാറുണ്ടായിരുന്ന മലായിക്ക് ഇതെന്തുപറ്റി!?
പ്യാരീജാൻ മൈസൂരിലെ ബന്ധുവിന് കുതിരയെ കൈമാറാൻ പോകുന്നു എന്ന കേട്ടറിവ് ഞാൻ ഓർത്തു. പാവം മലായി! അവന്റെ ഈ ലോകത്തിലെ ഏക കൂട്ടും കൈവിട്ടു പോവുകയാണ്. മലായിക്ക് കൃത്യമായി കൂലിയോ ശമ്പളമോ കിട്ടിയതായി അറിവില്ല. അതിൽ അവന് പരാതിയോ പരിഭവമോ തെല്ലുമില്ല. പക്ഷെ,തന്റെ സന്തത സഹചാരിയായിരുന്ന കുതിരയെ പിരിഞ്ഞിരിക്കാൻ അവന് കഴിയുമോ?പതിവു തിരക്കിനിടയിൽ മലായി മനസ്സിൽ നിന്നും ഒലിച്ചുപോയി. മണി പതിനൊന്നായിക്കാണും. പൗർണ്ണമി രാത്രിയായിരുന്നു, അന്ന് ആകാശത്ത് വെള്ളിക്കിണ്ണം കമിഴ്ത്തിയ പോലെ….കൂടാതെ ഭൂമിയിൽ വിളക്കു കാലിൻമേൽ നിയോൺ വിളക്കുകളും തെളിഞ്ഞു കത്തി കൊണ്ടിരുന്നു. കടയ്ക്കു മുന്നിലെ പേരില്ലാ ഗലിയുടെ അവസാനം ഒരു തുറസ്സാണ്. അവിടെയാണ് സർക്കാർ വക കുഴൽക്കിണർ. എല്ലാവരും നല്ല ഉറക്കമാണ്. തെരുവ് പട്ടികൾ പോലും ശാന്തമായി ഉറങ്ങുന്നു. കുളിയും നനയും കഴിക്കാനായി ഈ പാതിരാത്രിയിൽ ഞാനും അലിയും മാത്രം.
കുതിരലായത്തിനരികിൽ എത്തിയപ്പോൾ കുതിരചാണകത്തിന്റെയും കുന്തിരിക്കത്തിന്റെയും നേരിയ മണം അന്തരീക്ഷത്തിൽ പരന്നു. ഞങ്ങൾ തകരഷീററിന്റെ വിടവിലൂടെ പാളി നോക്കി. മുട്ട വിളക്കിന്റെ മങ്ങിയ വെട്ടം. കുന്തിരക്കത്തിന്റെ ധൂമ പടലങ്ങൾ. നിലത്തു വിരിച്ച ജമുക്കാളത്തിൽ (പരുക്കൻ തുണി വിരിപ്പ്) മുട്ടുകാലിൽ പ്രാർത്ഥനയിൽ മുഴുകിയ മലായി. അരികിൽ ശിലാ പ്രതിമ കണക്കെ അവന്റെ കുതിര! ഒരു നിശ്ചല ഛായാചിത്രം പോലെ മനോഹരമായ വിചിത്രമായ കാഴ്ച്ച! കുതിരക്കഴുത്തൻ കുഴൽ കിണറിനുകീഴിൽ തലകുനിച്ചിരുന്നു, ഞാൻ. അലി പിസ്റ്റൺ അടിച്ച് വെള്ളം വീഴ്ത്തി കൊണ്ടിരുന്നു. ഭൂമിയുടെ അടിത്തട്ടിൽ നിന്നും ചുരന്നു വന്ന വെള്ളത്തിന് ഒത്തിരി കുളിരും ഇരുമ്പിന്റെ തുരുമ്പിച്ച ചൂരും ഉണ്ടായിരുന്നു.എന്റെ മനസ്സു കുളിർത്തു. ശരീരം തണുത്തു. രാത്രയുടെ നിശബ്ദതയിൽ പിസ്റ്റണിന്റെ കട കട ശബ്ദവും വെള്ളത്തിന്റെ കളകളാരവവും മാത്രം. ഞാൻ തല തുവർത്തി നിവർന്ന ഒരിടവേളയിൽ അകന്നകന്നു പോകുന്ന കുളമ്പടി ശബ്ദത്തിനായി ഞങ്ങൾ കാതോർത്തു. അകലേക്ക് വിരൽ ചൂണ്ടി ആശ്ചര്യചകിതനായി അലി! അരികിലെ ഗലിയിൽ നിന്നും പുറത്തേക്ക് കുതിരപ്പുറമേറി മലായി മറയുകയാണ്. ഒരു മണവാളനെപ്പോലെ അല്ലേൽ ജേതാവിനെപ്പോലെ….പരാജിതനേപ്പോലെ അഥവാ അനാഥനെപ്പോലെ… സമ്മിശ്ര വികാരങ്ങൾ ഞങ്ങളിൽ തൂവി തുളുമ്പി. മൗനം വാചാലമായ നിമിഷങ്ങൾ…….! വളവു തിരിഞ്ഞ് കുതിരയും മലായിയും കാണാമറയത്ത്…….
നീണ്ട ഗലിയുടെ ഒടുവിൽ റോഡിനപ്പുറം പ്യാരീ ജാന്റെ അടഞ്ഞ ഗേറ്റും മണിമാളികയും കാണാം. അതിനുമപ്പുറം നിലാവെളിച്ചത്തിൽ കുളിച്ച് പള്ളി മിനാരം. മലായിക്കു മുന്നിൽ വഴിവിളക്കു തെളിച്ചുകൊണ്ട് നിലാവ് പാൽക്കടലായി പരന്നൊഴുകി.
മറ്റൊരു ലോകത്ത്, ഏതോ ചായക്കടയിലിരുന്ന് കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു കൊണ്ട് അവൻ ഇനിയും പറയുമായിരിക്കും:
“ഏക് മലായി ചായ്” !
പരസ്പ്പരം നിശബ്ദത ഭേദിക്കാനാവാതെ ഞങ്ങൾ ധൃതി കൂട്ടി വീട്ടിലേക്ക് നടന്നു.
അകലെ നിന്നും ഒരു തെരുവുനായയുടെ ദീനമായ നിലവിളി ആ നിശബ്ദതയ്ക്ക് ആക്കം കൂട്ടാനെന്നതു പോലെ കേട്ടുകൊണ്ടിരുന്നു. വർഷങ്ങൾക്കിപ്പുറം എന്റെ ഓർമ്മകളുടെ മേച്ചിൽപുറങ്ങളിൽ മനസ്സ് അനുസ്സരണയുള്ള കുതിരയെപ്പോലെ മലായിക്കു ചുറ്റും ഇപ്പൊഴും മേഞ്ഞു നടക്കുന്നു.ആ രാത്രി മലായിപോയതെങ്ങോട്ടായിരിക്കും!
मलाई =പാൽപ്പാട
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.