സുഗതൻ വേളായി
നവംബർ 14. ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം. നമ്മുടെ രാജ്യം ശിശുദിനമായി
ആചരിച്ചുവരുന്നു. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവർക്കായുള്ള മത്സരങ്ങളാണ് അന്നേ ദിവസം നടത്തപ്പെടുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പലതരത്തിലുള്ള മത്സരങ്ങൾ നടക്കുക. ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്‌റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുള്ള അറിവുകൾ പങ്ക് വെക്കൽ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികൾ സമയം ചെലവഴിക്കുക.
1889 നവംബർ 14 നാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാനെഹ്റു എന്ന കുഞ്ഞ് ജവഹർ ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് മോത്തിലാൽ നെഹ്റു മകന് മികച്ച നിലയിൽ വിദ്യാഭ്യാസം നൽകിയിരുന്നു. ഇംഗ്ലണ്ടിൽ അയച്ച് പഠിപ്പിച്ചിരുന്നു.
ചാച്ചാജിയെ കുറിച്ചുള്ള ഓർമ്മകൾ എന്നെ കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്നു. ചാച്ചാജിയുടെ മകൾ ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാലത്താണ് എൻ്റെ സ്കൂൾ കാലം. നാട്ടുപള്ളിക്കൂടത്തിലെ പഠനം. ഉപ്പ് മാവും തരിക്കാടിയും കിട്ടിയിരുന്ന കാലം. ചൂരൽ കഷായവും അധ്യാപകരോടുള്ള ആധിയും പിന്തുടരുന്ന കാലം. പരീക്ഷയ്ക്കു മാർക്ക്
കുറഞ്ഞാലും കണക്ക് തെറ്റിച്ചാലും
കണക്കിന് കിട്ടിയിരുന്ന കാലം. പേടി കൊണ്ട് സ്കൂളിൽ പോകാൻ ചിലർ മടികാണിച്ചിരുന്നു. സ്കൂൾ മടിയന്മാരെ
പിടിച്ച് കൊണ്ടുവരാനും കുട്ടി പട്ടാളമുണ്ടാകും.
ഉപ്പ് മാവും തരിക്കാടിയും ഒരേ ബസിയിൽ തന്നെയാണ് വിളമ്പുക. പ്രത്യേകമായിട്ടുള്ള വെള്ളപെയിൻറും വക്കിന് വയലറ്റു കളറും പൂശിയ ബസികൾ പീടികകളിൽ വിൽപ്പനയ്ക്കായി നിരത്തിവെക്കാറുണ്ട്.
പഴകി വരുന്തോറും മുട്ടത്തോട് ഇളകി വരുന്നതു പോലെ കോട്ടിങ്ങ് അടർന്ന്
തകിടിൻ്റെ കറുത്ത ഭാഗം പുറത്തുവരും. അടുക്കി വെച്ച പുസ്തകത്തിൻ്റെ കൂടെ ഈ ബസിയും കറുത്ത റബ്ബർ വളയമോ വലിച്ചു കൊളുത്താനുള്ള ഇലാസ്റ്റിക്ക് കവചമോ കാണും. പുസ്തകക്കെട്ട് ചുമലിൽ ചുമന്നാണ് സ്കൂളിലേക്ക് പോകാറ്. ഒരു കുട്ടിയോ മറ്റോ അലൂമിനിയത്തിൻ്റെ സ്കൂൾപെട്ടി എടുത്തു വന്നത് കൗതുകത്തോടെ
നോക്കിയിരുന്നിട്ടുണ്ട്.
ഉച്ച സമയത്ത് ഉപ്പ് മാവ് വിതരണം ആരംഭിക്കും. പ്യൂൺ നാണു മാസ്റ്റർ അവിടെ കാവൽ നിൽപ്പുണ്ടാകും. പിള്ളേര് വരികൾ തെറ്റിക്കുന്നതും ഉന്തും തള്ളും ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കാനും വേണ്ടി. ബഞ്ചിൽ ഇരുന്നാൽ പാവത്താനായ കുട്ടിയെ ഒത്തൊരുമിച്ച് ചന്തി കൊണ്ട് ഉന്തി തള്ളുന്നു പോക്കിരികളുമുണ്ടാകും ക്ലാസിൽ!. എല്ലാമൊരു നേരം പോക്കും കൊച്ചു കൊച്ചു സന്തോഷങ്ങളും. കുട്ടികൾ തമ്മിൽ ഇത്തരം വികൃതികളെക്കെയുണ്ടെങ്കിലും പരസ്പരം പങ്കിട്ടെടുത്ത് കഴിക്കുന്നതും സ്കൂളിന് വെളിയിൽ നല്ല കൂട്ടുകാരായി നടക്കുന്നതും കാണാം.
ഇന്നത്തെപ്പോലെ കുട്ടികൾ വീടകങ്ങളിൽ തളക്കപ്പെട്ടിരുന്നില്ല. എല്ലാത്തിലും ഒന്നാമനാകണമെന്ന ചിന്ത രക്ഷിതാക്കൾ അവരിൽ കുത്തിവച്ചിരുന്നില്ല. ഹാജർ
വിളിക്കുമ്പോൾ പോലും തൻ്റെ മക്കൾ ആദ്യമാകണമെന്നും എല്ലാ അവസരങ്ങളിലും ആദ്യത്തേതിൽ ഇടം പിടിക്കണമെന്നുള്ള അതിമോഹം കാരണം കുട്ടികളുടെ പേരിൽ പോലും ആദ്യാക്ഷരങ്ങൾ നിറയുന്ന വിരോധാഭാസം നമുക്കിന്ന്
കാണാൻ കഴിയും.
നമ്മുടെ ചാച്ചാജിയുടെ സ്കൂൾ കാലം വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിൽ പോലും കാണാൻ കഴിയുന്നുണ്ട്. ഷൂസും ടൈയും യൂണിഫോമും അണിഞ്ഞ് ബേഗുമെടുത്ത് സ്കൂൾബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളായി പുതുതലമുറയിലെ രക്ഷിതാക്കൾ അവരെ മാററിയിരിക്കുന്നു. അവർ ആഗ്രഹിക്കുന്നതെന്തും സാധിച്ചു കൊടുക്കുന്നവർ. പോക്കറ്റ് മണി വേറെയും. പല കുട്ടികളേയും നോട്ടമിട്ട് വട്ടം പറക്കുന്ന കഴുകൻ കൂട്ടങ്ങളും സമൂഹത്തിലുണ്ട്.
ലഹരികൾക്കും മറ്റ് ചൂഷണങ്ങൾക്കും അനവധി കുട്ടികൾ ഇരയാക്കപ്പെടുന്നുണ്ട്.
മൊബൈൽ ഫോണും അവരെ ചൂഷണം ചെയ്യാനുള്ള ഉപകരണമായി മാറിയിരിക്കുന്നു.
മയ്യഴിയുടെ പ്രിയപ്പെട്ട കഥാകരൻ എം.മുകുന്ദൻ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ‘ഫോട്ടോ’എന്ന കഥ ഓർത്തു പോകുന്നു. നിഷ്ക്കളങ്കരായ രണ്ട് സ്കൂൾ കുട്ടികൾ ഒന്നിച്ചുള്ള ഫോട്ടോ എടുക്കണമെന്ന ആഗ്രഹത്തോടെ സ്റ്റുഡിയോയിൽ എത്തപ്പെടുന്നതും പിന്നീട് ആ ഫോട്ടോയുടെ ചുവടുപിടിച്ച് സ്റ്റുഡിയോക്കാരൻ പെൺകുട്ടിയെ ചതിയിൽപ്പെടുത്തുന്നതുമാണ് കഥ. ഇന്നത്തെ മൊബൈൽ യുഗത്തിൽ എന്തുകൊണ്ടും പ്രസക്തമായ കഥ!കുട്ടികളെ കാത്തിരിക്കുന്ന പല വിധത്തിലുള്ള ചതിക്കുഴികളെ കുറിച്ച് അവരേ ബോധവത്ക്കരിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരും സമൂഹവുമാണ്. ഈ ശിശുദിനം അവരെ
നല്ല വഴി നടത്താനുള്ള പ്രതിജ്ഞയെടുക്കാം. കുട്ടികൾക്ക് നല്ല അറിവും പിന്തുണയും കൊടുക്കുന്നതു കൂടാതെ ഇപ്പൊഴും സ്കൂളിൻ്റെ പടി കാണാത്ത തെരുവ് ബാല്യങ്ങളെ കുറിച്ച് നാം പുനർചിന്തനം ചെയ്യണ്ടതുമുണ്ട്.
കുട്ടികളില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനും ഉത്തമ ബോധ്യമുള്ള പൗരന്മാരായി വളരാനും നമുക്ക് കരുത്ത് പകരാം. ചാച്ചാ നെഹ്റുവിന് കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.
“നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം” എന്ന കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാ നെഹ്റുവിൻ്റെ സന്ദേശം നമുക്ക് അവരെ ഓർമ്മിപ്പിക്കാം. “ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ സൃഷ്‌ടിക്കും. നാം അവരെ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുമെന്ന്” ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിരുന്നു. ഇന്ത്യൻ ദേശീയതയുടെ പൂന്തോട്ടത്തിലെ പുഴുക്കുത്തേൽക്കാത്ത സുഗന്ധം പരത്തുന്ന വർണ്ണപൂക്കളായ് പരിലസിച്ച് ചുറ്റിലും പരിമളം പരത്തി നമ്മുടെ കുട്ടികൾ വളരട്ടെ…
പ്രിയപ്പെട്ട കുട്ടികൾക്കല്ലൊം സ്നേഹപൂർവ്വം ശിശുദിനാശംസകൾ ….
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല