വിമീഷ് മണിയൂർ
മുതൽമുടക്ക്
കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച് വെള്ളം കുടിക്കണമെന്നു പോലും നിർബന്ധമില്ല. മരിക്കുന്നവർക്ക് ഇതൊന്നും ആവശ്യമില്ല എന്ന് ആർക്കാണറിയാത്തത്. അയാളെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും എത്ര അരസികം .
മരിക്കാൻ കിടക്കുന്ന ഒരാൾക്ക് കിട്ടുന്ന ഒരേയൊരു ഉറപ്പ് ജീവിച്ചിരുന്നു എന്നതാണ്. മരിക്കാൻ അത്രയും കുറഞ്ഞ മുതൽമുടക്ക് മതിയെന്ന് അയാൾ നന്നായി തിരിച്ചറിഞ്ഞിരിക്കും.
ഇഷ്ടഗാനം
തച്ചോളി ഒതേനൻ എന്നു പേരുള്ള സ്കൂട്ടറിൽ കടത്തനാട് അംശം ദേശത്ത് ചുറ്റിക്കറങ്ങുകയായിരുന്നു. ഹോട്ടലിലെ ഉണ്ണിയാർച്ച എന്ന് പേരിട്ടു വിളിക്കുന്ന പൊറാട്ടയും ചിക്കൻ കറിയുമായ് ഞാൻ പ്രണയത്തിലാണെന്ന് ദേശം മുഴുവൻ പാട്ടായിരുന്നു. ഒരു ഹമ്പ് ചാടി തൊട്ടു മുകളിലുള്ള മേഘത്തിന് എൻ്റെ സന്ദേശം കൊടുക്കാൻ തുനിഞ്ഞതും അടുത്ത ആറു മണിക്കൂറിനുള്ളിൽ എൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വീട്ടിലെ മൂത്ത ഒതേനന് കൈമാറിയതും പെട്ടെന്നാണ്. മരിച്ചു എന്ന് തന്നെയാണ് പിറ്റേന്നത്തെ പാൽക്കാരനും പത്രക്കാരനും വാട്സ്ആപ്പ് സ്റ്റാറ്റസുകളും സ്ഥിരീകരിച്ചത്. ഞാനുമൊരു വർണ്ണ പട്ടമായിരുന്നു എന്ന ഇഷ്ട ഗാനം ഒന്ന് വെച്ചു തരുമോ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.