കവിത
രാജു കാഞ്ഞിരങ്ങാട്
മണിയടിച്ചിട്ടും
സമയം തെറ്റി വരുന്നവരെല്ലാം
വന്നിട്ടും
മാഷ് മാത്രം ക്ലാസിലെത്തിയില്ല
കുട്ടികൾ കലപില കൂട്ടി,
ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി
കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ
മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന-
വര താഴേക്കിറങ്ങി
സുറുമിയുടെ സുറുമ പരന്നു
കണ്ണ് കലങ്ങിക്കിടന്നു
സുമ പാവാടയുടെ കീശയിൽ നിന്ന്
കൊട്ടോടിയെടുത്ത് ഊതിപ്പൊന്തിച്ച്
നെറ്റിക്ക് ടപ്പേന്ന് കുത്തി പൊട്ടിച്ചു
രാമൻ സീതയുടെ നെഞ്ചിലെ
മൊട്ടാമ്പുളി അമർത്തി ഞെരിച്ചു
വേദന കൊണ്ട് കലി കൊണ്ട സീത
രാമൻ്റെ നെഞ്ചിൽ ഉഴവുചാലു തീർത്തു
പുസ്തകത്തിൽ വെച്ച
ലീക്കുള്ള നീലപ്പേന കാണാതെ
കാദറ് കരഞ്ഞു കൊണ്ട്
കള്ളനെ തിരയാൻ തുടങ്ങി
അവസാന ബെഞ്ചിലെ അറ്റത്തിരിക്കുന്ന
അന്ത്രുമാൻ ഇതൊന്നുമറിയാതെ
എന്തോ ആലോചിച്ചു കൊണ്ടിരുന്നു
അടുത്ത പിരിയഡിന് മണിയടിക്കാൻ
ഏതാനും മിനുട്ടുകൾ മാത്രം
മാഷ് വന്നു, മേശയിലെ ചൂരൽ
രണ്ടു പ്രാവശ്യം മുരടനക്കി
‘എന്താണ് സ്വാതന്ത്ര്യം’ -ആരോടൊ ദേഷ്യം
തീർക്കുന്നതുപോലെ മാഷലറി
ചൂരൽ മിഴി ഓരോ കുട്ടിയുടേയും നേരെ
തിരിഞ്ഞു
മൂക്കിനു താഴെ ചുവന്ന വരയിട്ട മുരുകൻ
എഴുന്നേറ്റു നിന്നു
സുറുമ പരന്ന് കണ്ണ് കലങ്ങിയ സുറുമി
തല താഴ്ത്തി നിന്നു
കൊട്ടോടി ടപ്പേന്ന് പൊട്ടിച്ച സുമ നെറ്റി
ഒന്നുകൂടി അമർത്തി തുടച്ചു
സീത തൻ്റെ നെഞ്ചിലെ മൊട്ടാമ്പുളി അവിടെ
തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തി
രാമൻ നീറ്റലുമാറ്റാൻ തൻ്റെ ഉഴവുചാലിലേക്ക്
ഊതിക്കൊണ്ടു നിന്നു
കാദറിൻ്റെ കണ്ണ് കള്ളനെ തിരഞ്ഞു കൊണ്ടും
അവസാന ബഞ്ചിലെ അറ്റത്തിരിക്കുന്ന
അന്ത്രുമാൻ
മിന്നായം പോലെ ചാടി എഴുന്നേറ്റ്
ഇടിവെട്ടും പോലെ ചോദിച്ചു
സ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം എന്താണ് മാഷേ?
മാഷൊന്ന് ഞെട്ടി
ചൂരൽ താഴെ വീണ് ചുരുണ്ടു കിടന്നു
നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു
ചുണ്ടുവിറച്ചു
മണിയടിച്ചു
കുട്ടികളെല്ലാം പുറത്തിറങ്ങി
മാഷ് ക്ലാസ് പൂട്ടി,
കാണാതിരിക്കാൻ കണ്ണടച്ച്
താക്കോൽ എങ്ങോ വലിച്ചെറിഞ്ഞു
കുട്ടികൾ നോക്കി നിൽക്കെ,
നിസ്സഹായതയുടെ കൈയും പിടിച്ച്
കാട്ടിലേക്കുള്ള വഴിയേ നടന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.