ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 1

0
332
Radhika Puthiyedath

കഥ 

രാധിക പുതിയേടത്ത്

 

“സോറി, ഐ ക്യാനോട് ഇഷ്യൂ ദ വിസ. ട്രൈ നെക്സ്റ്റ് ടൈം, ഗുഡ് ലക്ക്.”

നിരത്തിവച്ച രൂപക്കൂട്ടിലൊന്നിലെ പുണ്യാളന്റെ അശരീരി. ഇന്ത്യൻ പാസ്പോർട്ട് എന്നെഴുതിയ കൊച്ചുപുസ്‌തകവും ഏതാനും കടലാസുകളും രൂപക്കൂട്ടിനുമുന്നിലെ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്കിട്ടു. പഞ്ചപുച്ഛമടക്കിനിൽക്കുന്ന വിസാപേക്ഷാർത്ഥി അതു വാരിക്കൂട്ടി കാലുകൾക്കിടയിൽ തിരുകിവച്ചിരുന്ന പ്ലാസ്റ്റിക്ക് കവറിൽ നിക്ഷേപിച്ച് എക്സിറ്റ് എന്നെഴുതിവച്ച വാതിലിനടുത്തേക്ക് നടന്നു. വിത്തിനും നിലത്തിനും വഴിമുട്ടിയ മനുഷ്യൻ കൈയിലെ മുഷിഞ്ഞ തോർത്ത് കുടഞ്ഞു തോളത്തേക്കിട്ട്, തഴമ്പുവീണ മടമ്പമർത്തി ജന്മിയുടെ പടികടന്നു പോകുന്ന അതേ കാഴ്ച്ച. മദ്ധ്യസ്ഥപ്രാർത്ഥനക്കായി നിലയുറപ്പിച്ച മറ്റൊരു വെള്ളഷർട്ടുകാരനെ തട്ടി മുന്നോട്ടാഞ്ഞ ആ ചെറുപ്പക്കാരന്റെ കൺകോണിലും, തന്റെ ഊഴം കാത്തിരിക്കുന്ന അഥിതിയുടെ കൈവെള്ളയിലും ഉപ്പുകണങ്ങൾ ഉരുണ്ടുകൂടിയിരുന്നു.

വെളിച്ചമൊഴുകുന്ന യവനികക്കുമുന്നിൽ പുണ്യപാപങ്ങളുടെ കണക്കെടുക്കുന്ന പുണ്യാളന്മാരുടെ കാര്യത്തിൽ വംശലിംഗസമത്വം സ്ഥാപിതമായിരുന്നു. ഐക്യനാടുകളുടെ അടിസ്ഥാന തത്വമായ
നാനാത്വത്തിൽ ഏകത്വം അന്വർത്ഥകമാക്കുന്ന വിവിധ വംശത്തിലുള്ള രൂപങ്ങൾ. എൽ ഡോറാഡോയെന്ന ചേക്കേറാൻ കൊതിക്കുന്ന പറവകളെ മുതലാളിത്ത വ്യവസ്ഥിതിയുടെ അരിപ്പയിൽ അരിച്ചുമാറ്റുകയെന്നതാണ് അവരുടെ ദൗത്യം. കീശക്കും തലയ്ക്കും കനമില്ലാത്തവർ പുറത്ത്. ഓരോ രൂപക്കൂട്ടിനുമുന്നിലും ഡിസംബറിൽ കൊയ്തിട്ട നെല്ലുകറ്റപോലെ നനഞ്ഞു നിൽക്കുന്ന മനുഷ്യനിരകൾ. നിരകൾക്ക് പുറകിലായി നിരത്തിവച്ച ഇരിപ്പിടങ്ങളുടെ അറ്റം ചേർന്നിരിക്കുന്ന ഭാഗ്യാന്വേഷികൾ. പരിഭ്രാന്തമായ കണ്ണുകൾ ചുമരുകളിൽ തലങ്ങും വിലങ്ങും ഘടിപ്പിച്ചിരിക്കുന്ന വലിയ സ്ക്രീനുകളിൽ ഉടക്കി നിൽക്കുന്നു. വിയർപ്പ് കൈയൊപ്പിട്ട നെറ്റിത്തടങ്ങൾ.

“നെക്സ്റ്റ്..” മദ്ധ്യസ്ഥപ്രാർത്ഥനക്കായുള്ള വിളിയാണ്. കനം കൂടിയ ആൽബവും കുറെ കടലാസുകളും കൈയിലേന്തി ഇരുപതുകളിൽ നിൽക്കുന്നൊരു സ്ത്രീയും പുരുഷനും.
“വിവാഹ രജിസ്ട്രേഷൻ പേപ്പർ കാണിക്കൂ.”
ഫയലിൽനിന്ന് ഒരു കടലാസുവലിച്ചെടുത്ത് രൂപക്കൂട്ടിലെ ദ്വാരത്തിലൂടെ നിക്ഷേപിച്ചു.
“ഫോട്ടോ വേണം “
ചെറുപ്പക്കാരൻ ആൽബം തുറന്ന് പേജുകൾ ചില്ലുകൂടിനു മുന്നിൽ പ്രദർശിപ്പിച്ചു.
“ആൽബം ആവശ്യമില്ല. ചെറിയ ഫോട്ടോ ഉണ്ടെങ്കിൽ തരൂ. ഫയൽ ചെയ്ത് വയ്ക്കണം.”
“സോറി, സർ. ആൽബം മാത്രമേ കൊണ്ട് വന്നുള്ളൂ.” ക്രീം നിറത്തിൽ ഫോർമൽ ഷർട്ടും കറുത്ത പാന്റും ധരിച്ച പെൺകുട്ടി പറഞ്ഞു. ശബ്ദത്തിന്റെ സ്വരസംക്രമണത്തിലാണോ എന്തോ രൂപക്കൂട്ടിലെ മധ്യസ്ഥന് അലിവ് തോന്നി. ചുവന്ന ടൈ ഒന്നയച്ച് ചോദ്യങ്ങൾ തുറന്നു.
“എത്ര വർഷത്തേക്കാണ് പ്രൊജക്റ്റ് ?”
“രണ്ട്‌ വർഷത്തേക്കാണ്.”
“നിങ്ങളുടെ സാലറി സ്ലിപ്‌സും ബാങ്ക് സ്റ്റേറ്റ്‌സ്മെൻറ്സും കാണിക്കു. “
പണിയും പണമില്ലാത്തവർ പിണം. ബാങ്കിൽ വേണ്ടത്ര ബാലൻസുണ്ടെങ്കിലേ വിസ അനുവദിക്കപ്പെടു. ചിലവിന് കൊടുക്കാൻ ഐക്യനാടുകൾക്ക് കാശില്ലത്രേ.

“ലുക്സ് ഗുഡ്. യുവർ വിസ ഈസ് അപ്പ്രൂവ്ഡ്.”

നെഞ്ചിൽ കൈവെച്ച് ഇരുവരും പരസ്പരം നോക്കി പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നു. തൊട്ടടുത്ത് വച്ച ഡിസ്പെൻസറിൽ നിന്ന് ഓരോ കപ്പ് വെള്ളം കുടിച്ച് ഉള്ളൊന്ന് തണുപ്പിച്ചു.
ഇളം ചുവപ്പ് ചുമരുകളുള്ള വിശാലമായ മുറിയിലെ ശീതികരണി അമേരിക്കയുടെ വിദേശ കാര്യനയത്തിനൊപ്പം പറന്നുയരുന്ന ഘനഗംഭീരമായ ബോംബിങ് വിമാനങ്ങളെപ്പോലെ മുരണ്ടുകൊണ്ടേയിരുന്നു.
ചുമരുകളുടെ നെഞ്ചിൽ ആഞ്ഞുതറച്ച പോസ്റ്ററുകൾ വിളിച്ചുപറയുന്ന അമേരിക്കൻ സ്വപ്‌നങ്ങൾ, പുഞ്ചിരിക്കുന്ന ഐക്യനാടുകളുടെ നേതാക്കൾ. തന്റെ മുത്തശ്ശൻ ശേഖരിച്ചടുക്കി വച്ചിരുന്ന പത്രങ്ങളും മാസികകളും വെറുത്തിരുന്ന പലരെയും അഥിതി ചുവരിൽ കണ്ടു.

ജനാലകളിൽ നങ്കൂരമിട്ട ഇളംവെയിൽ ഏയ്ഞ്ചൽ ഐലണ്ടിലെ ഇമ്മിഗ്രേഷൻ പേപ്പറുകൾ വിഴുങ്ങിയ അഗ്നിയുടെ രൂപം ധരിച്ചിരുന്നു. തടങ്കൽ പാളയത്തിലെ മനുഷ്യരെ സ്വതന്ത്രരാക്കിയ തീനാളങ്ങൾക്ക് പൂജ്യവും ഒന്നും കണക്കെ ശേഖരിച്ചുവച്ചിരിക്കുന്ന വിവരശേഖരം നശിപ്പിക്കാനാകില്ലല്ലോ എന്നോർത്ത് അഥിതിക്ക്‌ ഒരിത്തിരി നിരാശതോന്നി. പരദേശി പക്ഷികളുടെ കലപിലക്കിടയിൽ രൂപക്കൂട്ടിൽ നിന്നുള്ള “നെക്സ്റ്റ്” വിളികൾ. തൊട്ടടുത്ത തൂണിൽ സ്ഥാപിച്ച മോണിറ്ററിലേക്ക് അവൾ കണ്ണൊന്നു പായിച്ചു. തന്റെ ടോക്കൺ നമ്പർ ഇനിയും ആയിട്ടില്ല. ഓർമ്മക്ക് ചതവേറ്റതിനാൽ മടിയിലെ പച്ചഫയൽ തുറന്ന് പാസ്സ്പോർട്ടും , DS-160, I-797, I-129 എന്നിങ്ങനെ രേഖപ്പെടുത്തിയ കടലാസുകളില്ലേയെന്ന് ഒന്നുകൂടെ ഉറപ്പ് വരുത്തി. തൊണ്ടയിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങളെ ശ്വാസനിശ്വാസങ്ങളുടെ കൂടെ പറഞ്ഞയച്ച് അരികുപൊട്ടിയ ബെഞ്ചിൽ അവൾ അമർന്നിരുന്നു. തുടയിടുക്കുകൾ നനഞ്ഞൊട്ടിയിരിക്കുന്നു. ചുറ്റുമൊന്ന് നീരിക്ഷിച്ച് തന്റെ കാലുകൾ അകത്തി വിയർപ്പുകണികകൾക്ക് അതിർത്തി നിശ്ചയിച്ചു. പട്ടുസാരിയിൽ വിയർത്തൊട്ടിയ മദ്ധ്യവയസ്ക കൊന്തപിടിച്ചു മന്ത്രിച്ചുകൊണ്ടേയിരുന്നു. കൂടെയുള്ള നരച്ച താടിക്കാരന്റെ കണ്ണ് ചുമരിലെ മോണിറ്ററിൽ തന്നെയാണ്.

“ആ പയ്യൻ സ്റ്റുഡന്റ് വിസക്കാണോ വന്നിരിക്കുന്നത്? ” കൊന്ത പിടിച്ച സിൽക്ക് സാരിക്കാരി അടുത്തേക്ക് നീങ്ങി ഇരുന്നു അഥിതിയോട് ചോദിച്ചു. “ചോദ്യങ്ങൾ കേട്ടിട്ട് അങ്ങനെ തോന്നുന്നു” വലത് വശത്തെ രൂപക്കൂട്ടിന് മുന്നിൽ ഒരു ഇരുപതുകാരനാണ്.

“ആൻഡ് യു ?”

“എൽ വൺ “ ഷാള് മുഖത്തോട് അടുപ്പിച്ചു പതിഞ്ഞ ശബ്ദത്തിൽ അഥിതി പിറുപിറുത്തു.
“ഓ നൈസ്. വി ആർ ഗോയിങ് ഫോർ ഡോട്ടർ’സ് ഡെലിവറി. സാൻ ജോസ് “
“സാൻ ഓ സെ, നൈസ്”
“ദിസ് ക്രെസീ പ്രണയൻസിയേഷൻ!” സിൽക്ക് സാരിക്കാരി കൊന്ത കഴുത്തിലേക്കിട്ടു.

ചുമരിലെ വലിയ സ്‌ക്രീനിൽ അഥിതിയെ കണ്ണിളക്കി വിളിച്ചു. ഇനിയും ആറു പേർ. വെള്ളം കുടിക്കാൻ എണീറ്റെങ്കിലും അവൾ തിരിച്ച്‌ ഇരുന്നു. നീല ഷർട്ടുകാരനായ ഓഫീസർ H4 വിസക്കു വന്ന പച്ച ചുരിദാർകാരിയോട് കല്യാണ ഫോട്ടോയും സർട്ടിഫിക്കറ്റും ചോദിക്കുന്നു.
കോളിയേരി പടിക്കൽ അലക്കുകാരൻ ബാലകൃഷ്‌ണേട്ടൻ നനച്ച തുണികൾ ഓരോന്നായി നിരത്തി വയ്ക്കുന്ന പോലെ അവർ പേപ്പറുകളും ഫോട്ടോയും ഓഫിസർക്ക് മുന്നിൽ നിരത്തി.

ശ്രദ്ധ തിരിക്കുന്നത് റിലാക്‌സേഷന് നല്ലതാണെന്ന് യോഗ ടീച്ചർ പറഞ്ഞിരുന്നു. അടുത്ത വിൻഡോയിൽ സ്കർട്ടും ക്രീം ടോപ്പും ധരിച്ച ഒരു ലേഡി ഓഫിസറായിരുന്നു. അവരുടെ മുഖത്തെ ചെറു പുഞ്ചിരി മുന്നിലുള്ള മറ്റൊരു ഓഫിസർമാരുടെ മുഖത്തും ഇല്ല. തലേ രാത്രിയിൽ പൊട്ടി മുളച്ച മധുരിക്കുന്ന മുറിവുകൾക്ക് വേണ്ടി അഥിതിയുടെ കണ്ണുകൾ ആർത്തിയോടെ പരതി. ശ്രദ്ധ മാറ്റിയിട്ടും ശ്വാസഗതിക്ക് മാറ്റം ഇല്ല. പഠിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഓരോന്നായി മനസ്സിൽ ആവർത്തിച്ച് ഉറപ്പിച്ചു. ഇടത്തെ കൈയിലെ ചെറുവിരൽ നന്നായി വിറക്കുന്നു. എവിടെ ഒക്കെയോ മസിൽ പെരുത്ത് കയറുന്ന പോലെ. വിറക്കുന്ന നെഞ്ചിനെ ആശ്വസിപ്പിക്കാൻ വീണ്ടും നീളത്തിൽ ശ്വാസം എടുത്തു പുറത്തേക്കു പതുക്കെ ഊതി. അടുക്കള പുരയ്ക്കു പുറകിൽ പുഴുങ്ങാനിട്ട നെല്ലടുപ്പു ഊതികത്തിക്കുന്നത് പോലെ.

പുഴുങ്ങാനിട്ടിരിക്കുന്ന നെൽമണികളാണ് ഇവിടെ എത്തിയിരിക്കുന്ന അപേക്ഷാർത്ഥികൾ. കുപ്പയും ജാനുവും ചേറി മാറ്റി വൃത്തിയാക്കിയ നെല്മണികൾ. വിസ അഭിമുഖം നടത്തപ്പെടുന്ന കെട്ടിടത്തിലെ രണ്ടു മുറികൾ മുറുക്കി അടച്ച ചെമ്പു പാത്രങ്ങളും. നീണ്ടിഴഞ്ഞു നീങ്ങുന്ന മനുഷ്യ മണികൾ പല പല വാതിലുകളിലൂടെ പല പല ചേറ്റലുകൾ കഴിഞ്ഞു പുഴുങ്ങിയെടുക്കാൻ എത്തുന്നു. നെല്ലിളക്കുന്ന വലിയ ചട്ടുകത്തിനിടയിലൂടെ ചിലവ പുറന്തള്ളപ്പെടുന്നു.

അഭിമുഖം നടത്തപ്പെടുന്ന കെട്ടിടത്തിലെക്ക് കയറിയ ഉടനെ “L1 ബ്ലാങ്കറ്റ് വിസ, കം ദിസ് സൈഡ് “ എന്ന് തമിഴ് കലർന്ന ഇംഗ്ലീഷിൽ വിളിച്ചു പറഞ്ഞ അറ്റൻഡർ വെള്ളം കുടിക്കാൻ എത്തിയിരിക്കുന്നു. നെല്ലളന്ന് എടുക്കാൻ വന്ന പണിയർ സ്ത്രീകൾക്ക് കേളുപ്പിട്ടൻ പത്തായപ്പുര കാണിച്ചു കൊടുത്തു നേരെ കിണറ്റിൻ കരയിൽ എത്തുന്നത് പോലെ. മറ്റൊരു രാജ്യത്തെ ഓഫീസിൽ നിന്ന് അമേരിക്കയിലെ അതെ കമ്പനിയിൽ ജോലി ചെയ്യാനനുവദിക്കുന്ന വിസയാണ് L1. L1 ബ്ലാങ്കറ്റ് വിസയിൽ ഒന്നിലധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് അമേരിക്കയിലേക്ക് അയക്കാം. വെറുതെ അല്ല, ബ്ലാങ്കറ്റ് വിസക്കാരെ കൂട്ടത്തോടെ ഒരു വിൻഡോയ്ക്ക് മുന്നിൽ വരി നിരത്തിയത്.

ചില്ലു ചുമരുകൾക്ക് മുകളിൽ ഓരോ വാതായനത്തിനും വേണ്ടി ഉറപ്പിച്ച ലൈറ്റ് ഡയോഡുകൾ മിന്നിയും തെളിഞ്ഞും ഇരുന്നു കൊണ്ടേയിരുന്നു. ഓരോ നെൽമണിയും അരിയും പതിരുമാക്കി തിരിച്ചു വിടുന്ന കാവലാളുകൾ. കൈയിലെ ഉരുണ്ട കടലാസു ടോക്കൺ വിയർപ്പിൽ കുളിച്ചിരുന്നു. അടിവയറിൽ നിന്ന് വീശിയ കൊടുങ്കാറ്റ് തൊണ്ടയിൽ കുരുങ്ങിയപ്പോഴാണ് തന്റെ ഊഴമാണ് അടുത്തതെന്ന് അതിഥിക്ക് മനസ്സിലായത്. തൊട്ടു മുന്നിലെ വെള്ള ഷർട്ട് കാരനോട് ചോദിച്ചതൊന്നും ഗൗരി കേട്ടിരുന്നില്ല. അയാൾ സംതൃപ്തിയോടെ പുറത്തേക്കിറങ്ങുന്നത് മാത്രം അവൾ ശ്രദ്ധിച്ചു.
“നെക്സ്റ്റ്” ഓഫീസർ മുന്നിലെ സ്‌ക്രീനിൽ നിന്ന് തല ഉയർത്തി അഥിതിയെ നോക്കി ചിരിച്ചു.
വിടവുകളിൽ നിന്ന് സൽവാർ കമ്മീസ് പിടിച്ചു താഴ്ത്തി, തോളിലെ ഷാൾ ഒതുക്കി അവൾ മുന്നോട്ട് നടന്നു. തുടയിടയിലെ നനവ് സൽവാറിന് പുറത്തു കാണുമോയെന്ന ചിന്തയെ പുറന്തള്ളി ഓഫീസറെ നോക്കി ചിരിച്ചു.

“ഗുഡ് മോർണിംഗ്, സർ “ പാസ്പോര്ട്ട് വിൻഡോയുടെ വിടവിലൂടെ മുന്നിലേക്ക് നീക്കി.
“വെരി ഗുഡ് മോർണിംഗ്. സൊ വാട്ട് വിസ യു ആർ അപ്പളയിങ് ഫോർ?”
“ L1, സർ “ ബാക്കി പേപ്പറുകളും ഫയലിൽ നിന്നെടുത്തു ഓഫിസറിനു നൽകി .
“ഫോർ വിച്ച് കമ്പനി ? ആൻഡ് വാട്ട് യു ഡു ”
“വിർച്വോ. വി ആർ എ ലിനക്സ് ആൻഡ് വിർച്വലൈസേഷൻ കമ്പനി. ഞങ്ങളുടേത് ഒരു നെറ്റ്‌വർക്ക് വിർച്വലൈസേഷൻ പ്രോഡക്റ്റ് ആണ്. ഐ ആം എ ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ. ഐ മെയ്ക് സുർ ദാറ്റ് ദി ഫീച്ചർ മീറ്റ് ദി ക്വാളിറ്റി ഔർ യൂസേഴ്സ് എക്‌സ്പെറ്റ് “
“ക്യാൻ യു എക്സ്പ്ലെയിൻ ഇൻ ലെമാൻ ലാംഗ്വേജ് ..” ഓഫിസർ വിടാനുള്ള ലക്ഷണം കാണുന്നില്ല. എന്ത് പറയണം എന്നറിയാതെ അഥിതി ഒരു വേള നിശബ്ദയായി .

(വായനയുടെ സൗകര്യത്തിനായി സംഭാഷണങ്ങൾ മലയാളത്തിൽ )

നിങ്ങളുടെ ഈ ഡെസ്ക്‌ടോപ്പിൽ പത്തു മിനി-ഡെസ്‌ക്ടോപ്പുകൾ റൺ ചെയ്യാനും ഓരോന്നിലും വിൻഡോസ്, ലിനക്സ്, മാക് എന്നിങ്ങനെ ഇഷ്ടമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം റൺ ചെയ്യാൻ സാധിക്കുന്നതാണ് വിർച്വലൈസേഷൻ. അതായത് ഇവിടുത്തെ ഓഫിസർമാർക്കെല്ലാം അവർക്ക് അവരുടെ ഡിവൈസിൽ നിന്ന് ഈ ഡെസ്ക്ടോപ്പിലോടുന്ന ഒരു മിനി ഡെസ്ക്ടോപ്പിലേക്ക് ലോഗിൻ ചെയ്യാം. ഇവരെല്ലാവരും ഒരുമിച്ച് ലോഗിൻ ചെയ്ത് ഒരുമിച്ച് ആമസോണിൽ ഓർഡർ ചെയ്യാൻ തുടങ്ങിയാൽ ഹൈ ട്രാഫിക് ഉണ്ടാവും. അത് ഈ ഡെസ്ക്‌ടോപ്പിൽ അഡ്മിൻ ആയ നിങ്ങളെ അറിയിക്കുകയും കൂടുതൽ ബാൻഡ്വിഡ്ത്ത് കൊടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ടെട്രോൺ പോലുള്ള മൾട്ടി നാഷണൽ കമ്പനികളാണ് ഞങ്ങളുടെ കസ്റ്റമർ.

കാണാ പാഠം പഠിച്ച വരികൾ അതുപോലെ ഓർമ വന്നതിന് അഥിതി മനസ്സിൽ നന്ദി പറഞ്ഞു.
“കൊള്ളാം. എത്ര വർഷം അമേരിക്കയിൽ താമസിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് ?”

ഓഫീസർ തൊട്ടു മുന്നിലെ ഉയർത്തിവച്ച കമ്പ്യൂട്ടർ സ്‌ക്രീനിൽ എന്തൊക്കെയോ പരതുകയും കീബോർഡിൽ ടൈപ്പ് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു.

“സർ, മാക്സിമം 2 വർഷങ്ങൾ. ഞങ്ങൾ ആർക്കിടെക്ചർ മാറ്റി എഴുതുകയാണ്. ആ പ്രോജക്ടിന് വേണ്ടിയാണു ഞാൻ പോകുന്നത്.”

ഓഫിസർ പാസ്പോര്ട്ട് തൊട്ടടുത്ത ബോക്സിലേക്ക് വച്ച് ചിരിച്ചു. “ഓക്കേ. എല്ലാ ആശംസകളും. അമേരിക്കൻ ജീവിതം വിജയകരമാവട്ടെ!. നിങ്ങളുടെ വിസ അനുവദിച്ചിരിക്കുന്നു. അമേരിക്കയിൽ താമസിക്കുമ്പോൾ അറിയേണ്ട നിയമ വശങ്ങളെക്കുറിച്ചെല്ലാം ഈ പാംഫ്ലറ്റിൽ ഉണ്ട്. റെഫർ ചെയ്യൂ. “

“താങ്ക് യു സർ. ഹാവ് എ ഗുഡ് ഡേ ”

ഓഫിസർ തന്ന പാംഫ്ലെറ്റും മറ്റു കടലാസുകളും ഫയലിനുള്ളിലേക്ക് വച്ച് അഥിതി വാട്ടർ ഡിസ്പെൻസറിനു നേരെ നടന്നു. കടലാസു ഗ്ലാസ്സിൽ രണ്ടു മൂന്നു തവണ വെള്ളം നിറച്ചു മനസ്സും അകവും ശാന്തമാക്കി. ഒലിച്ചിറങ്ങിയ വിയർപ്പ് കാലിടകളെയും കൈയിടുക്കുകളെയും ചക്ക പശപോലെ മാംസത്തെ മാംസത്തോട് ചേർത്തു. ഇനി ബാത്റൂമിലേക്ക് ഓടണം. ഹോട്ടലിൽ എത്താതെ രക്ഷയില്ല….

തുടരും…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here