കവിത
രാജന്‍. സി. എച്ച്
മസാല ദോശ
കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല,
അവനവളോട് പറഞ്ഞു:
ആദ്യമായി കോഫീഹൗസില്‍ കയറി
ആദ്യം കണ്ട കസേരയിലിരുന്നു.
തൊപ്പിയിട്ടയാള്‍ വന്നു
എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു
മുന്നിലിരുന്നൊരാള്‍
മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി
മസാല ദോശയോയെന്നയാള്‍
ഞാന്‍ തലയിളക്കി.
ശരിയാണ്,
മസാല ദോശ കഴിക്കുന്നതിനിടയില്‍
അവള്‍ പറഞ്ഞു:
ബന്ധുവിന്‍റെ കല്യാണത്തിന്
വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍
കല്യാണം കഴിഞ്ഞോയെന്ന്
നീയോടി വന്ന് ചോദിക്കുന്നു.
കഴിഞ്ഞില്ലെന്ന് തെല്ലരിശത്തോടെ പറയുന്നു.
എന്നാല്‍ കഴിച്ചാലോയെന്ന
നിന്‍റെ കുസൃതി
വീട്ടുകാരുമറിയുന്നു.
കല്യാണം കഴിക്കണം
എന്നൊന്നുമുണ്ടായിരുന്നില്ലല്ലോ,അല്ലേ?
യാദൃച്ഛികമാകും
ജീവിതം.
മരണവും.
അല്ലെങ്കില്‍ പണ്ടെന്നുമിരുന്നിരുന്ന
പാര്‍ക്കിലെ മരച്ചുവട്ടില്‍ത്തന്നെ
അതേ മരം വീണതിന്നടിയില്‍ത്തന്നെ
ഇല്ലാതാകുമായിരുന്നോ?
ബീറ്റ്റൂട്ടിന്‍ ചോപ്പു ചേര്‍ന്ന
മസാലമാംസം ചിതറി
കേവലമൊരു മസാലദോശയായി?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
കാണുമ്പോളാശ
കഴിക്കുവാനുമാശ
മസാല ദോശയായ്
എന്നുമുണ്ടാകട്ടെ…..
അഭിനന്ദനങ്ങൾ……