മുഹമ്മദ് സ്വാലിഹ്
പരമ്പരാഗത മാധ്യമങ്ങളുടെയും അതേസമയം പ്രസിദ്ധീകരണ കമ്പോളത്തിന്റെയും കുത്തകകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു രണ്ടായിരാമാണ്ടിനു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു വന്നത്. പതിയെ അത് ഓള്‍റ്റര്‍നേറ്റീവ് മീഡിയ അഥവാ സമാന്തരമാധ്യമങ്ങള്‍ എന്നതിന്റെ പര്യായമായി മാറി. തങ്ങളുടെ സര്‍ഗാത്മകത പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കണം എന്ന ആഗ്രഹമുള്ളവര്‍ക്ക് അത് സാധ്യമാക്കുന്നത് എളുപ്പമായി തുടങ്ങിയത് ആശയവിനിമയചരിത്രത്തിലെ സുപ്രധാനമായ ഒരേട് തന്നെയായിരുന്നു.
അത്തരത്തില്‍ മലയാളത്തില്‍ ആരംഭിച്ച ഒരു പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സംരംഭമാണ് ആത്മ ഓണ്‍ലൈന്‍. 2017 ല്‍ തുടക്കം കുറിച്ച ആത്മ കല, സംസ്‌കാരം, സാഹിത്യം, കായികം തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നുമുള്ള എഴുത്തുകളുമായി കളം നിറഞ്ഞു.
ഈ കാലമത്രയും ഒരു വായനക്കാരനായി നിലകൊണ്ട എനിക്ക് ആദ്യമായി ഒരു കവിത പ്രസിദ്ധീകരിക്കാന്‍ അവസരം തന്നത് ആത്മയായിരുന്നു. സുഹൃത്ത് അജു വഴിയായിരുന്നു ആത്മയിലെത്തിയത്. കണ്ടെടുക്കല്‍ കാലത്തിന്റെ ഫോബിയകളില്‍ നിന്നും ഉയിര്‍ക്കൊണ്ട ‘മുറി’ എന്ന കവിത 2020 ജനുവരിയില്‍ ആത്മയില്‍ പ്രസിദ്ധീകരിച്ചുവന്നു. ആ പ്രസിദ്ധീകരണവും അതിന്റെ പ്രതികരണങ്ങളും തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. പിന്നീട് പല നേരങ്ങളിലായി പാരസൈറ്റ്, കര്‍ണന്‍, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകള്‍ക്കെഴുതിയ നിരൂപണങ്ങള്‍ എന്റേതായി ആത്മയില്‍ പ്രസിദ്ധീകരിച്ച് വന്നു. പിന്നീടാരംഭിച്ച ആര്‍ട്ടേരിയ ഓരോ വെള്ളിയാഴ്ച്ചയും പുതിയ എഴുത്തുകാരുടെ നിലവാരമുള്ള സര്‍ഗാത്മക രചനകളും നിരൂപണങ്ങളും അനുഭവങ്ങളും യാത്രാവിവരണങ്ങളും വായനക്കാരുടെ മുന്നിലെത്തിച്ചു. ജനഗണമന എന്ന സിനിമയെക്കുറിച്ചെഴുതിയായിരുന്നു ആര്‍ട്ടേറിയയില്‍ എന്റെ തുടക്കം. ഇപ്പോള്‍ ഗ്ലോബൽ സിനിമാ വാള്‍ എന്ന കോളത്തില്‍ സ്ഥിരം ലേഖകനായി എത്തിനില്‍ക്കുന്നു ആര്‍ട്ടേറിയയുമായുള്ള എന്റെ ബന്ധം.
ആര്‍ട്ട് ആര്‍ട്ടെറി പോലെത്തന്നെ പ്രധാനമാണ് ജീവനും ജീവിതത്തിനും. പ്രകടനവുമതെ. ആത്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം വലിയ പേരുകള്‍ക്ക് പിന്നാലെ പോകാതെ പുതിയ എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ്. കൂടാതെ എഴുത്തുകള്‍ക്ക് കത്രിക വെക്കപ്പെടാത്തതും പ്രോത്സാഹനമാകുന്നു.
ആത്മക്കും ആര്‍ട്ടേറിയക്കും അഭിവാദ്യങ്ങള്‍.
..
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
https://lk1.1ac.myftpupload.com/thearteria/
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.