ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാർ
Prophets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, “എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക് ചോദ്യത്തിന് അംബേദ്കർ ഉത്തരം നൽകുന്നു – ജാതിയെ നീതിമത്കരിക്കുന്ന പ്രപഞ്ച വീക്ഷണത്തെ ഉന്മൂലനം ചെയ്യുക “. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി മാറിത്തീരുന്നതിൽ പ്രധാന വിഘാതം ജാതിയെ നീതിമത്കരിക്കുന്ന പ്രപഞ്ച വീക്ഷണമാണെന്ന അഗാധ ചരിത്രബോധ്യം ഡോ. അംബേദ്കർക്ക് ഉണ്ടായിരുന്നു. ജാതി ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ പാരമ്പര്യ വ്യവഹാരങ്ങളോട് അംബേദ്കർ പുലർത്തിയിരുന്ന വിമർശന സമീപനം ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമായി മാറ്റിത്തീർക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. “എല്ലാ മനുഷ്യരും തുല്യരാണെങ്കിൽ എല്ലാ മനുഷ്യരും ഒരേ സത്തയിൽ നിന്നുള്ളവരാണെങ്കിൽ; പൊതുവായ ആ സത്ത ഒരേ മൗലികാവകാശങ്ങൾക്കും തുല്യമായ സ്വാതന്ത്ര്യത്തിനും അർഹതയുള്ളവരാക്കുന്നു” എന്ന് Philosophy of Hinduism ലെ അംബേദ്കറുടെ വാക്കുകൾ സമത്വ സാഹോദര്യ ഭാവനയുടെ നേർക്കുള്ള നിതാന്ത ജാഗ്രതയാണ് ചൂണ്ടിക്കാട്ടുന്നത്. സമത്വ സാഹോദര്യങ്ങളിൽ നിലീനമായ ജനാധിപത്യ വ്യവസ്ഥയുടെ സൃഷ്ടിക്ക് ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ടു കൊണ്ടായിരുന്നു അംബേദ്കർ ജനാധിപത്യ രാഷ്ട്രത്തിൻ്റെ സൃഷ്ടിക്കായി യത്നിച്ചത്.
ഭരണഘടന നിലവിൽ വന്നാലും അത് സാമൂഹ്യ ജനായത്ത ബോധ്യമായി തീരണമെങ്കിൽ ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്ന ജാതി ബ്രാഹ്മണ്യത്തെ നിർമൂലനം ചെയ്യേണ്ടത് അനിവാര്യമായി അംബേദ്കർ ദർശിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ മറ്റൊരു പേര് മാത്രമാണ് നീതി എന്ന് അടയാളപ്പെടുത്തുന്ന അംബേദ്കർ ഹിന്ദുത്വബ്രാഹ്മണ്യത്തെ വിലയിരുത്താനുള്ള ഒരു മാനദണ്ഡമായി നീതിയെ ഉപയോഗിച്ചു. അതുകൊണ്ട് തന്നെ ബ്രാഹ്മണമതം സമത്വത്തെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇദംപ്രഥമമായി അംബേദ്കർ ഉന്നയിച്ചത്. ഈ ചോദ്യം കേൾക്കുന്ന മാത്രയിൽ ജാതിവ്യവസ്ഥ ഓർമവരും എന്ന് അംബേദ്കർ പ്രസ്താവിക്കുന്നുമുണ്ട്.
ഹിന്ദുത്വ രാഷ്ട്ര വ്യവസ്ഥയിലധിഷ്ഠിതമായ ഹിംസാ സംസ്കാരത്തിലൂടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാൻ ബ്രാഹ്മണ്യ ശക്തികൾ ശ്രമിക്കുന്ന കാലത്ത് അംബേദ്കറുടെ ചിന്തകൾ അതിനെതിരായ ശക്തമായ പ്രതിരോധമാണ്. മിഥ്യാ നിഷ്ഠമായ ഏകാത്മക മാനവ വാദത്തിലൂടെ ന്യൂനപക്ഷങ്ങളെ അപരവൽക്കരിച്ച് ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ അപകടങ്ങൾ ദീർഘദർശനം ചെയ്ത് സാമൂഹ്യ വിമർശന പാഠങ്ങൾ സൃഷ്ടിച്ച അംബേദ്കർ ചിന്തകളുടെ വീണ്ടെടുപ്പുകൾ വർത്തമാന ഇന്ത്യയിൽ കൂടുതൽ അനിവാര്യമായിരിക്കുന്നു.
ഹിന്ദുത്വ ബ്രാഹ്മണ്യ അതിഭൗതികവാദത്തിൻ്റെ സാംസ്കാരിക പ്രചാരണം അപരവിദ്വേഷത്തിൽ ആഴ്ന്നിറങ്ങിയതാണ്. ഇതിഹാസ പുരാണ പാOങ്ങളിലൂടെയും വിവിധ നിലകളിലുള്ള ആഖ്യാനങ്ങളിലൂടെയും അത് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിനെ ആഴത്തിൽ വിമർശ വിചാരം ചെയ്ത് തുറന്നു കാണിക്കുന്നതിലൂടെ മാത്രമേ ഒരു പരിധി വരെയെങ്കിലും വെറുപ്പിൻ്റെ രാഷ്ട്രീയത്തെ തടയിടാൻ കഴിയൂ. ഹൈന്ദവ ഐക്യമെന്ന സ്വത്വ കൽപ്പനയുടെ കാളിമയാർന്ന മറുവശം ഇന്ത്യൻ മണ്ണിലെ ന്യൂനപക്ഷങ്ങളോടുള്ള സംശയവും വെറുപ്പും വിദ്വേഷവുമാണ്. ഇതിൻ്റെ ഉൽപത്തി ബീജം ഉടലെടുക്കുന്നതാവട്ടെ ജാതി ബ്രാഹ്മണ്യ ബോധത്തിൽ നിന്നും. സമഗ്രാധിപത്യ ഹിന്ദുത്വം രാജ്യം ഭരിക്കുമ്പോൾ ബ്രാഹ്മണ്യ മൂല്യവ്യവസ്ഥ യോടുള്ള നിതാന്ത ജാഗ്രതയുള്ള വിമർശ വിചാരങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രത്യേകിച്ച് അഭിനവ മതരാഷ്ട്രീയം അരങ്ങുവാഴുന്ന സമകാല വ്യവസ്ഥയിൽ അംബേദ്കർ വിചാരങ്ങളുടെ പ്രസക്തിയും മറ്റൊന്നല്ല.
മതഗ്രന്ഥങ്ങളെ സൗകര്യപൂർവം പുനർ വ്യാഖ്യാനിച്ച് രാഷ്ട്രീയാധികാരം നേടിയെടുക്കാനും മതാധിഷ്ഠിതമായ ഒരു പുത്തൻ ധാർമികാടിത്തറ പ്രദാനം ചെയ്യാനും ശ്രമിക്കുന്ന, സാമൂഹ്യമായി പിന്തിരിപ്പനായ ജനപക്ഷ നാട്യക്കാരെ കുറിയ്ക്കാൻ സാമൂഹ്യ ശാസ്ത്രജ്ഞനായ നിക്കി കെഡി ഉപയോഗിച്ച താക്കോൽ വാക്യമാണ് അഭിനവ മത രാഷ്ട്രീയം. പ്രതിലോമകരമായ ഈ ബ്രാഹ്മണ്യ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് അംബേദ്കർ ബ്രാഹ്മണ്യപാഠങ്ങളുടെ വിപുലമായ ഗവേഷണ മനനങ്ങളിൽ ഏർപ്പെട്ടത്. മീരാനന്ദയുടെ വാക്കുകൾ കടമെടുത്താൽ, വൈദികാദ്വൈതവും സമഗ്രസത്താവാദവും നൂറ്റാണ്ടുകളായി താങ്ങി നിർത്തുന്ന ജാതി വ്യവസ്ഥയും ബ്രാഹ്മണിക യാഥാസ്ഥിതികത്വത്തിലേക്കുള്ള തിരിച്ചു പോക്കും ഇന്ത്യൻ ഭരണഘടന ആണയിട്ടുറപ്പിക്കുന്ന മതനിരപേക്ഷ ജനാധിപത്യത്തിൻ്റെ അന്ത:സത്തക്ക് കടകവിരുദ്ധമാണ്. ഇപ്രകാരം ദീർഘദർശനം ചെയ്തതിനാലാണ് ഒരേ സമയം അംബേദ്കർ നിയമനിർമാണ വഴിയിലും ബ്രാഹ്മണ്യ വിമർശത്തിലും ഏർപ്പെട്ടത്.
അസമത്വത്തെ ചോദ്യം ചെയ്യുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന പ്രവണത കുറഞ്ഞു വരുമ്പോൾ, അത് അസമത്വത്തിൻ്റെ അഭാവത്തെയോ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്മയുടെയും ദൃഷ്ടാന്തമാണന്ന് കരുതുന്നത് തെറ്റായിരിക്കും എന്ന് അമർത്യാ സെൻ സൂചിപ്പിക്കുന്നുണ്ട്. അവഗണിക്കപ്പെട്ട വിഭാഗങ്ങൾ അസമത്വങ്ങളുമായി സമരസപ്പെട്ടു പോവുന്നതാണെന്ന് സെൻ നിരീക്ഷിക്കുന്നു. അസമത്വത്തെ ആന്തരിക യുക്തിയായി സ്വീകരിച്ചിട്ടുള്ള ബ്രാഹ്മണ്യ മത രാഷ്ട്രീയം നിലീനഭരണകൂടമായി രാജ്യം ഭരിക്കുമ്പോൾ ജീവിതം മുഴുവൻ ഇന്ത്യയിൽ നിലനിന്ന (ഇന്നും തുടരുന്ന) അസമത്വവ്യവസ്ഥയ്ക്കെതിരായി ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പോരാടിയ അംബേദ്കറുടെ ഓർമകളുടെ വീണ്ടെടുപ്പു നീതിക്കായുള്ള സമരങ്ങളിൽ വലിയ ഇന്ധനമാണ്. ഹിന്ദുത്വ ദേശീയ വൈറസിൻ്റെ വിനാശകരമായ സാനിദ്ധ്യത്തെ എതിർക്കാൻ കഴിയണമെങ്കിൽ അംബേദ്കറുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണം എന്ന മീരാനന്ദയുടെ നിരീക്ഷണത്തിൻ്റെ പ്രസക്തിയുമിതാണ്.
…