അമാനപുരത്തെ വിശേഷങ്ങൾ

0
288

കഥ (ബാലസാഹിത്യം)
സരിത വർമ്മ ആർ.

ഒരിടത്തൊരിടത്ത് അമാനപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവായിരുന്നു ബുദ്ധികേശ്വരൻ. മരമണ്ടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മണ്ടത്തരങ്ങൾ കേട്ടാൽ ആരും വാ പൊളിച്ചിരുന്നു പോകും.
ഒരു ദിവസം അമാനപുരത്ത് ഒരാൾ മാവിൽ നിന്ന് വീണു മരിച്ചു. രാജാവിന് ദുഃഖം തോന്നി. ഇനി മാങ്ങ പറിക്കാനാരും ബുദ്ധിമുട്ടരുത്. രാജ്യത്തെ എല്ലാ മാവും മുറിച്ച് മാങ്ങ പറിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഇതറിഞ്ഞ മന്ത്രിമാർ രാജാവിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.
“പ്രഭോ, മാവ് മുറിക്കൽ എളുപ്പമാണ്. പക്ഷേ, ഇത്ര വലിയ മാവുണ്ടാകണമെങ്കിൽ എത്ര കാലം പിടിയ്ക്കും? മാത്രമല്ല അടുത്ത കൊല്ലം മാങ്ങ തന്നെ ഇല്ലാതാവുകയല്ലേ? മാങ്ങ കഴിക്കാതെ ആളുകൾക്ക് സങ്കടം
തോന്നുകയില്ലേ?” അവർ അദ്ദേഹത്തിനോട് ചോദിച്ചു. എന്നാൽ രാജാവിനുണ്ടോ മനസ്സിലാകുന്നു?
“വരും കൊല്ലങ്ങളിൽ മാങ്ങ അയൽരാജ്യങ്ങളിൽ നിന്ന് വരുത്തിക്കാം”. അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിമാർ വീണ്ടും പറഞ്ഞു, “പ്രഭോ, അയൽ രാജ്യങ്ങളിൽ നിന്ന് മാങ്ങ വരുത്തിയാൽ നമുക്ക് എത്ര പണമാണ് ചിലവാകുക? അത് തന്നെയുമല്ല, ഇനി പ്ലാവ് തുടങ്ങിയ അനേകം മരങ്ങളുണ്ട്. അവയിലൊക്കെ ആളുകൾ
കയറുകയില്ലേ? അതും നമ്മൾ മുറിക്കേണ്ടി വരില്ലേ? മരങ്ങളുണ്ടെങ്കിലേ മഴ പെയ്യൂ. മഴയില്ലാതായാൽ വെള്ളമില്ലാതാവില്ലേ? വെള്ളമില്ലാതായാൽ ജീവനുണ്ടാകുമോ?”
രാജാവിന് അപ്പോഴാണ് അമളി മനസ്സിലായത്. “അപ്പോൾ ഇനി എന്ത് ചെയ്യും?,” രാജാവ് ചോദിച്ചു.
“ഉത്തരവ് പിൻവലിക്കണം,” മന്ത്രിമാർ ഉപദേശിച്ചു.
ഇതൊരു ഉദാഹരണം മാത്രം. ഇത് പോലെ എത്രയെത്ര അബദ്ധങ്ങൾ. . .

ബുദ്ധികേശ്വരന് മൂന്ന് ആണ്മക്കളുണ്ടായിരുന്നു. മൂന്ന് പേരും അച്ഛനെപ്പോലെ തന്നെ പടുവിഡ്ഢികൾ. വെറുതെ ഉണ്ടും ഉറങ്ങിയും കഴിയുന്ന പാവങ്ങളായിരുന്നു അവർ. പഠനത്തിൽ ഒട്ടും താല്പര്യമില്ലാത്ത അലസരായ
അവർക്ക് തങ്ങളുടെ കൊട്ടാരത്തിന് പുറത്തുള്ള ജീവിതം അപരിചിതമായിരുന്നു. അവർക്ക് മൂന്ന് പേർക്കും ഇരുപത്തിയഞ്ച് വയസ്സ് പ്രായം വരും. എങ്ങനെയെന്നല്ലേ? മഹാറാണി മൂന്ന് പേരേയും പ്രസവിച്ചത് ഒറ്റ
ദിവസമാണ്. ഒറ്റ പ്രസവത്തിൽ മൂന്ന് ആൺകുട്ടികൾ. താൻ ബുദ്ധിയിൽ കേമനാണെന്ന് സ്വയം വിശ്വസിച്ചിരുന്നതിനാൽ തൻ്റെ പുത്രന്മാരും ബുദ്ധിയുള്ളവരാണെന്ന ധാരണയിൽ ബുദ്ധികേശ്വരൻ അവർക്ക് പേരിട്ടത് ബുദ്ധിമാൻ, ബുദ്ധിസിംഹൻ, ബുദ്ധിശീലൻ എന്നാണ്.

അങ്ങനെയിരിയ്‌ക്കെ, ഒരു ദിവസം ബുദ്ധികേശ്വരൻ കണ്ണാടിയിൽ നോക്കി ഇരിക്കുമ്പോൾ തൻ്റെ തലമുടിയിൽ അങ്ങിങ്ങായി വെളുത്ത നിറം കണ്ട് അദ്ദേഹം ഞെട്ടിപ്പോയി.
“അയ്യോ, എനിയ്ക്ക് വയസ്സായോ?” ബുദ്ധികേശ്വരൻ ആവലാതിപ്പെട്ടു.
ഇനിയെന്ത് ചെയ്യും? അദ്ദേഹം തൻ്റെ നാല് മന്ത്രിമാരേയും വരുത്തി. എന്നിട്ട് പറഞ്ഞു: “എനിയ്ക്ക് വയസ്സായി. മൂന്ന് കുമാരന്മാരിൽ ഒരാളെ രാജാവാക്കി വാഴിക്കണം.” മന്ത്രിമാർ പരസ്പരം നോക്കി. പെട്ടെന്ന് ഇങ്ങനെ ഒരു നിർദേശം അവർ പ്രതീക്ഷിച്ചില്ലായിരുന്നു. ബുദ്ധികേശ്വരൻ തുടർന്നു, “പക്ഷേ, പ്രശ്നമതല്ല. എൻ്റെ മക്കൾ മൂന്ന് പേരും ഒരു പോലെ മിടുക്കന്മാരും ബുദ്ധിയുള്ളവരുമാണ്. ഇവരിലാരെ രാജാവാക്കും?” ചോദ്യം കേട്ട ഒന്നാമത്തെ മന്ത്രി വിഷമത്തിലായി. എന്ത് മറുപടി പറയും? രണ്ടാമത്തെ മന്ത്രിയും ധർമ്മസങ്കടത്തിലായി. ആരെ രാജാവാക്കും? മൂന്നാമത്തെ മന്ത്രിയും പരിഭ്രമിച്ചു. കുഴക്കുന്ന പ്രശ്നമാണല്ലോ ഇത്! നാലാമത്തെ മന്ത്രി മാത്രം സന്തോഷിച്ചു. ദുഷ്ടനായിരുന്നു അയാൾ. പടുവിഡ്ഢികളായ രാജകുമാരന്മാരെ അപകടത്തിലാക്കി രാജ്യം
തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന ആളായിരുന്നു അയാൾ. നാലാം മന്ത്രിയുടെ തന്ത്രങ്ങളിൽ നിന്ന് രാജകുമാരന്മാർ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപെട്ടിട്ടുള്ളത്. ചിലപ്പോൾ മറ്റു മന്ത്രിമാർ ചേർന്ന്
രക്ഷപെടുത്തിയിട്ടുമുണ്ട്. എന്നാൽ ബുദ്ധികേശ്വരന് നാല് മന്ത്രിമാരേയും ഒരു പോലെ വിശ്വാസമില്ലായിരുന്നു. കൊട്ടാരത്തിൽ നടക്കുന്ന പല സംഭവങ്ങളും കുതന്ത്രങ്ങളും മനസ്സിലാക്കാനുള്ള കഴിവ്
അദ്ദേഹത്തിനില്ലായിരുന്നല്ലോ. മൂന്ന് മന്ത്രിമാരും ഇതികർത്തവ്യതാമൂഢരായി നില്ക്കുകായാണ്. എത്ര നേരം ആ നിൽപ്പ് നിന്നു എന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ നാലാം മന്ത്രിയാവട്ടെ സന്തോഷം കൊണ്ട് പൊട്ടിച്ചിരിയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്തു. മൂന്ന് പേരിൽ ആരെ രാജാവാക്കിയാലും രാജ്യത്തിൻ്റെ സ്ഥിതി അപകടകരമാവുമെന്ന കാര്യത്തിൽ സംശയമില്ല. ബുദ്ധിയുടെ കാര്യത്തിലല്ല വിഡ്ഢിത്തത്തിൻ്റെ കാര്യത്തിലാണ് ആരാണ് കേമൻ എന്ന മത്സരം. ഇനി നമുക്ക് രാജകുമാരന്മാരെ ഒന്ന് വിശദമായി പരിചയപ്പെടാം. ദാ, അവിടെ
ഇരുന്ന് ചക്കപ്പഴം തിന്നു കൊണ്ടിരിയ്ക്കുകയാണ് ബുദ്ധിശീലൻ. ചക്കപ്പഴം പൊളിക്കാതെ കുരു കളയാൻ കഴിയുമോ എന്ന ഗവേഷണത്തിലാണയാൾ. ഗവേഷണം നടത്തി നടത്തി ഒരു ചക്ക മുഴുവനായി കുമാരൻ്റെ
വയറ്റിലെത്തിക്കഴിഞ്ഞു. നീണ്ട ഏമ്പക്കവും വിട്ട് വീർത്ത വയറും താങ്ങി ബുദ്ധിശീലൻ ഗവേഷണം പൂർത്തിയാക്കിയതായി ഉറപ്പിച്ചു. പൊളിക്കാതെ ചക്കപ്പഴം തിന്നാം. കുരു വായിൽ തടയുമ്പോൾ തുപ്പിക്കളയാം. എല്ലാത്തിലും ഇങ്ങനെ ഗവേഷണം നടത്തി ബുദ്ധിശീലൻ ചെന്ന് രാജാവിനോട് പറയും. ഇത് കേൾക്കുന്ന ബുദ്ധികേശ്വരൻ അഭിമാനിച്ചു – നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങളിലെല്ലാം മകൻ ശ്രദ്ധിക്കുന്നുണ്ട്. മാത്രമല്ല ‘ഗവേഷണം’ നടത്തുന്നുമുണ്ട്. ഇത് ബുദ്ധിശീലൻ്റെ കാര്യം. ഇനി ബുദ്ധിസിംഹൻ എന്ന കുമാരനോ? പൊട്ടക്കവിതകളെഴുതുകയാണ് ബുദ്ധിശീലൻ തൻ്റെ പണിയായി കരുതിയിരിയ്ക്കുന്നത്. എഴുതിക്കഴിഞ്ഞ
കവിതകൾ എല്ലാവരുടേയും മുമ്പിൽ വെച്ച് വായിക്കും. എന്നിട്ടോ? കൈയടിക്കാത്തവരെ പിടിച്ച് ജയിലിലിടും. രാജാവിനാകട്ടെ ഇതൊക്കെ കുമാരൻ്റെ കഴിവായി കാണാനായിരുന്നു ആഗ്രഹം.

കേൾക്കാണോ ബുദ്ധിശീലൻ്റെ ഒരു കവിത?
കുമ്പളങ്ങയിൽ കുരുവുണ്ട്
മാങ്ങയിലും കുരുവുണ്ട്
ചക്കയിലും കുരുവുണ്ട്
തേങ്ങയിൽ മാത്രമെന്തേ
കുരുവില്ലാതായ്?

ഇതാ കുമാരൻ്റെ മറ്റൊരു കവിത:

തക്കാളിയ്ക്ക് നിറം നൽകിയാൽ
കുഴപ്പമില്ല.
ഇലയ്ക്ക് നിറം നൽകിയാൽ
കുഴപ്പമില്ല.
മഴവില്ലിന് നിറം നൽകിയാൽ
കുഴപ്പമില്ല.
തുമ്പപ്പൂവിന് മാത്രം
നിറം നൽകാൻ പാടില്ല
നിറം നൽകിയാൽ
കുഴപ്പമാകുമോ?
ഇങ്ങനെ കവിതകൾ എഴുതുന്ന ബുദ്ധിശീലനെ രാജാവ് വളരെയധികം പ്രശംസിച്ചു.
ബുദ്ധിമാൻ എന്ന കുമാരൻ്റെ കാര്യം മറ്റു രണ്ടു പേരെക്കാളൊക്കെ രസമാണ്. അശ്രദ്ധ മൂലമാണ് ബുദ്ധിമാൻ്റെ അമളികൾ കൂടുതലും സംഭവിക്കുന്നത്. രണ്ടു കാലിലും രണ്ടു തരം ചെരുപ്പുകൾ ഇട്ട് നടന്നാലെങ്ങനെയുണ്ടാകും?
പഞ്ചസാരയും ഉപ്പും മാറിയെടുത്താലോ? ഇതൊക്കെ ബുദ്ധിമാൻ്റെ അബദ്ധങ്ങളുടെ പട്ടികയിലെ ചെറിയ ചെറിയ കാര്യങ്ങൾ മാത്രം. അതവിടെ നിൽക്കട്ടെ. മന്ത്രിമാർ ഇപ്പോഴും ധർമ്മസങ്കടത്തിൽ പെട്ടിരിയ്ക്കുന്ന
വിഷയത്തിലേക്ക് വരാം. ആരെ രാജാവാക്കണമെന്ന രാജാവിൻ്റെ ചോദ്യം മൂന്ന് മന്ത്രിമാരും ആരേയും
അറിയിച്ചില്ല. രാജ്യത്തിൻ്റെ കിരീടാവകാശിയെ രഹസ്യമായി വേണം കണ്ടെത്താൻ എന്ന് അവർ തീരുമാനിച്ചു.
“കുമാരന്മാരോട് എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ പറയാം. ആരാണോ ഏറ്റവും നന്മയുള്ള കാര്യം ചെയ്തത് അദ്ദേഹത്തെ രാജാവാക്കാം.” ഒന്നാം മന്ത്രി മറ്റ് മന്ത്രിമാരോട് പറഞ്ഞു. “കൊട്ടാരം വിട്ട് പുറത്ത് പോകാത്ത കുമാരന്മാർ എന്ത് നന്മ ചെയ്യാനാണ്?” രണ്ടാം മന്ത്രി ചോദിച്ചു. “അതല്ലാതെ വേറെ വല്ല വഴിയും നോക്കാം” മൂന്നാം മന്ത്രി പറഞ്ഞു. എന്നാൽ ദുഷ്ടനായ നാലാം മന്ത്രി ഇതല്ല കരുതിയത്. ഈ വിവരം രാജകുമാരന്മാരെ അറിയിക്കണം. അവർ രാജസിംഹാസനത്തിന് വേണ്ടി വഴക്ക് കൂടി അതിൽ ഒരാളെങ്കിലും മരിച്ചാൽ തനിയ്ക്ക് ഗുണമായി. അത്രയും ബുദ്ധിമുട്ട് കുറയുമല്ലോ. നാലാം മന്ത്രി രാജകുമാരന്മാരുടെ അടുത്ത് ചെന്ന് പറഞ്ഞു, “അറിഞ്ഞോ, മഹാരാജാവ് തിരുമനസ്സ് ഉടനെ തന്നെ നിങ്ങളിലൊരാളെ അടുത്ത രാജാവാക്കും.”
“എന്നെയാവും അടുത്ത രാജാവാക്കുക. കാരണം, മറ്റ് രണ്ടു പേരേക്കാളും മിടുക്ക് എനിക്കാണല്ലോ,” മന്ത്രിയുടെ വാക്കുകൾ കേട്ട കുമാരന്മാർ ഓരോരുത്തരും വിചാരിച്ചു. അന്ന് രാത്രി നാലാം മന്ത്രി ബുദ്ധിമാൻ എന്ന കുമാരൻ്റെ അടുത്തെത്തി. “കുമാരനെ ഒന്ന് തനിച്ച് കാണാൻ വന്നതാണ്,” അയാൾ പറഞ്ഞു. ” എന്താ
കാര്യം?” കുമാരൻ ചോദിച്ചു. “ബുദ്ധിയും ശക്തിയും ഒരു പോലെ ഉള്ള കുമാരൻ അങ്ങാണ്. അത് കൊണ്ട്
അവിടുന്ന് രാജാവായാൽ മതി,” നാലാം മന്ത്രി ചിരിയടക്കിക്കൊണ്ട് പറഞ്ഞു. ഇത് കേട്ട ബുദ്ധിമാൻ ആലോചിച്ചു കൊണ്ടിരുന്നു. നാലാം മന്ത്രി വീണ്ടും പറഞ്ഞു, “മറ്റ് രണ്ടു പേരുടേയും വിചാരം അവരാണ് രാജാവാകുകയെന്നാണ്. അവർ നമ്മുടെ സിംഹാസനം തട്ടിയെടുക്കും. അത് കൊണ്ട് അവരെ കുമാരൻ വധിക്കണം.” മന്ത്രി പറയുന്നത് ശരിയാണെന്ന് ബുദ്ധിമാന് തോന്നി. എന്നാൽ തൻ്റെ സഹോദരങ്ങളെ കുമാരന് ഇഷ്ടമായിരുന്നു. അതിനാൽ തന്നെ കുമാരൻ തൻ്റെ സഹോദരങ്ങളെ വധിക്കാൻ മുതിർന്നില്ല. നാലാം മന്ത്രി ഉടനെ തന്നെ മറ്റ് കുമാരന്മാരേയും ചെന്ന് കണ്ടു. അവരും മന്ത്രിയുടെ ആശയത്തോട് യോജിച്ചില്ല. കുമാരന്മാർക്കിടയിൽ സഹോദരസ്നേഹമുണ്ടെന്ന് നാലാം മന്ത്രി മനസ്സിലാക്കി. എന്നാലും അയാൾ പിൻവാങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല. അയാൾ വീണ്ടും തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നു. “സഹോദരന്മാരെ വധിക്കാൻ വയ്യെങ്കിൽ വേണ്ട. അത് കുമാരൻ്റെ നല്ല മനസ്സാണ്. കുമാരനെക്കാളും ബുദ്ധി തങ്ങൾക്കാണെന്നാണ് മറ്റു രണ്ട് കുമാരന്മാരുടേയും വിചാരം. അവർ കുമാരനെ അപായപ്പെടുത്തും. സൂക്ഷിച്ചോളൂ,” അയാൾ മൂന്ന് പേരോടും ഈവ്വിധം പറഞ്ഞു കൊണ്ടിരുന്നു. വിഡ്ഢികളായതിനാൽ അധിക കാലം നാലാം മന്ത്രിയ്ക്ക് മിനക്കെടേണ്ടി
വന്നില്ല. സഹോദരങ്ങൾ തമ്മിൽ ശത്രുക്കളായി. അധികാരമോഹം അവരിൽ വളർന്നു. “രാജാവായാൽ ഒത്തിരി ഗുണങ്ങളുണ്ട്,” നാലാം മന്ത്രിയുടെ വാക്കുകൾ മൂന്ന് പേരേയും ശക്തിയായി സ്വാധീനിച്ചു. ഒരാൾ മറ്റൊരാളെ കണ്ടാൽ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഇതിനൊക്കെ വളം വെച്ച് കൊടുക്കാനായിട്ടെന്ന പോലെയൊരു സംഭവവും ആയ്യിടയ്ക്ക് ഉണ്ടായി.
ബുദ്ധിശീലൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയുടെ കൂടെ ഒരു ഗൗളിയെ കിട്ടി. നാലാം മന്ത്രിയുടെ പണിയായിരുന്നു അത്. നാലാം മന്ത്രി പാചകക്കാരനോട് പറഞ്ഞു വെച്ചിരുന്നു ബുദ്ധിശീലൻ ഭക്ഷണം കഴിക്കാൻ
വരുമ്പോൾ ഭക്ഷണത്തിൽ ഗൗളിയെ ഇട്ട് കൊടുക്കണമെന്ന്. ദേഷ്യം വന്ന കുമാരൻ പാചകക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, “എനിയ്ക്കൊന്നുമറിയില്ല, പ്രഭോ. ഞാൻ മേശപ്പുറത്ത് ഭക്ഷണം കൊണ്ട്
വെയ്ക്കുമ്പോൾ അതിൽ ഗൗളിയില്ലായിരുന്നു. മറ്റ് രണ്ട് കുമാരന്മാരും ഇപ്പോൾ കഴിച്ച് പോയതല്ലേ ഉള്ളൂ.”
ബുദ്ധിശീലന് പാചകക്കാരാൻ വേറെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. എന്നാൽ നാലാം മന്ത്രി ബുദ്ധിശീലനോട് പറഞ്ഞു, “ഗൗളി വിഷമാണ്. കറിയിൽ ഗൗളി വീണതാവില്ല. കുമാരനെ അപായപ്പെടുത്താൻ മറ്റ് രണ്ടു
പേരിൽ ഒരാൾ ചെയ്തതാവും ഇത്.” ബുദ്ധിശീലൻ ഇത് വിശ്വസിച്ചു. മൂന്ന് പേരും തമ്മിൽ വഴക്കായി, കയ്യാങ്കളിയായി. എല്ലാവരും ഓടിയെത്തി കുമാരന്മാരെ പിടിച്ച് മാറ്റി. എന്നാൽ പിന്നീട് അവരുടെ ശത്രുത മേൽക്കുമേൽ കൂടിക്കൊണ്ടിരുന്നു. മറ്റ് കുമാരന്മാർ ഓരോരുത്തരോടും നാലാം മന്ത്രി ഇങ്ങനെ പറഞ്ഞു, “കുമാരാ, നിങ്ങളെ നശിപ്പിക്കാനായി ചെയ്ത പണി ബുദ്ധിശീലന് തന്നെ അബദ്ധത്തിൽ സ്വയം കിട്ടിയതാണ്.”
കുമാരന്മാരുടെ ഈ സ്വഭാവമാറ്റം മറ്റ് മൂന്ന് മന്ത്രിമാരിലും സംശയമുണർത്തി. നാലാം മന്ത്രിയുടെ കുതന്ത്രങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് മനസ്സിലാക്കാൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. മന്ത്രിമാർക്ക് ഒരു ബുദ്ധി തോന്നി. കുമാരന്മാരെ ഇവിടെ നിന്ന് മാറ്റുക. “ദൂരെ ഒരു വനമുണ്ട്. വന്യമൃഗങ്ങൾ കാര്യമായിട്ട് ഇല്ല അവിടെ. അവിടെ കൊണ്ട് പോയി കുമാരന്മാരെ വിടുക. കുമാരന്മാർ ഇവിടെ ഇനിയും നിന്നാൽ പരസ്പരം വഴക്കടിച്ച് ഇഹലോക വാസം വെടിയും,” കൊട്ടാരത്തിലെ മല്ലന്മാരെ വിളിച്ച് മന്ത്രിമാർ പറഞ്ഞു. ഉറങ്ങിക്കിടന്ന കുമാരന്മാരുടെ മുഖത്തേയ്ക്ക് പച്ചമരുന്നുകൾ ഉണക്കിപ്പൊടിച്ച ധൂപം മല്ലന്മാർ പുകച്ചപ്പോൾ അവർ ബോധരഹിതരായി. മല്ലന്മാർ മൂന്ന് പേരേയും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാക്കി തിരിച്ചു പോന്നു. “കുമാരന്മാരിൽ ആദ്യം ആര് കൊട്ടാരത്തിലേക്കുള്ള വഴി കണ്ടെത്തി തിരിച്ചു വരുന്നോ, അദ്ദേഹമാണ് അടുത്ത രാജാവ്,” മൂന്ന് മന്ത്രിമാർ പരസ്പരം പറഞ്ഞു.

II
ഉറക്കമുണർന്നപ്പോൾ താനെവിടെയാണെന്ന് ബുദ്ധിശീലന് മനസ്സിലായില്ല. താനെങ്ങനെയാണ് ഇവിടെ എത്തിയതെന്ന് തൻ്റെ ഗവേഷണബുദ്ധിയിൽ കുമാരന് ആദ്യം തെളിഞ്ഞില്ല. തൻ്റെ സഹോദരങ്ങളുടെ പണി തന്നെയാണ് ഇതെന്ന് കുമാരന് തോന്നി. അതോടെ ബുദ്ധിശീലന് ദേഷ്യം വന്നു. വല്ല രാക്ഷസനോ മറ്റോ തന്നെ ഇവിടെ കൊണ്ട് വിട്ടതാകുമോ? ബുദ്ധിശീലൻ വീണ്ടും ചിന്തിച്ചു. അതോ താൻ ഉറക്കത്തിൽ തനിയെ നടന്ന് ഇവിടെ വന്നെത്തിയതാകുമോ? സ്വപ്നമാണോ താനിപ്പോഴും കാണുന്നത്? ഇപ്പോഴും താൻ ഉറങ്ങുകയാണോ കുമാരൻ തൻ്റെ കൈയിൽ ഒന്ന് നുള്ളി നോക്കി. സ്വപ്നമല്ല. യാഥാർഥ്യം തന്നെയാണ്. ദാഹിക്കുകയും വിശക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കുമാരൻ എഴുന്നേറ്റ് കുറേ നടന്ന് നോക്കി. ഒരു അരുവി കണ്ടപ്പോൾ ഇറങ്ങി കുറച്ച് വെള്ളം കുടിച്ചു. കാടാണ്. ആൾത്താമസം എവിടേയും ഉള്ളതായി തോന്നുന്നില്ല. ഒരു കാട്ടാനയുടെ ചിന്നം വിളി കേട്ട് പരിഭ്രമിച്ച കുമാരൻ കണ്ട വഴികളിലൂടെയൊക്കെ ഓടി. അതിനിടയിൽ ഒരു മരത്തിൻ്റെ വേരിൽ തട്ടിത്തടഞ്ഞ് വീണു. ഉടനെ പിടഞ്ഞ് എഴുന്നേറ്റു. വീണ്ടും ഓടി. ഇപ്പോൾ ചിന്നം വിളി കേൾക്കുന്നില്ല. അകലെ ഒരു ആശ്രമം കാണുന്നുണ്ട്. അങ്ങോട്ട് പോവുക തന്നെയെന്ന് കുമാരൻ തീരുമാനിച്ചു. ആശ്രമത്തിലെത്തിയപ്പോൾ ഒരു മുനി ധ്യാനത്തിലിരിയ്ക്കുന്നത് ബുദ്ധിശീലൻ കണ്ടു. “മുനേ,” ബുദ്ധിശീലൻ വിളിച്ചു. കുറച്ചു നേരം
കാത്തിരുന്നെങ്കിലും മുനി ധ്യാനത്തിൽ നിന്നും ഉണരുന്ന മട്ടില്ല. കുമാരൻ ആശ്രമത്തിനകത്തേയ്ക്ക് കടന്നു. കുറച്ച് ഫലമൂലാദികൾ അവിടെ വെച്ചിരിയ്ക്കുന്നു. കുമാരൻ അവയൊക്കെ എടുത്ത് ഭക്ഷിച്ചു. തിരിഞ്ഞ്
നോക്കുമ്പോൾ മുനി അതാ തൊട്ട് മുൻപിൽ നിൽക്കുന്നു. പക്ഷേ, കുമാരൻ ഭയന്നില്ല. ഭയക്കാൻ പോലും മറന്ന അവസ്ഥയിലായിരുന്നു കുമാരൻ അപ്പോൾ.
“ആരാണ്?” മുനി ചോദിച്ചു.
“ഞാനൊരു രാജകുമാരനാണ്. അമാനപുരമാണ് എൻ്റെ രാജ്യം. ഇന്നലെ ഉറങ്ങിക്കിടന്ന ഞാൻ ഉണർന്നത് ഇവിടെയാണ്. എന്ത് സംഭവിച്ചു എന്ന് എനിയ്ക്കറിയില്ല,” കുമാരൻ പറഞ്ഞു.
മുനി കാര്യങ്ങൾ വീണ്ടും ചൂഴ്ന്ന് ചൂഴ്ന്ന് അന്വേഷിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു, “ഇന്ന് താങ്കൾ ഇവിടെ കഴിഞ്ഞു കൊള്ളൂ. ക്ഷീണമകറ്റി നാളെ രാജ്യത്തേക്ക് പുറപ്പെടുക.”
എന്നാൽ അന്ന് രാത്രി കുമാരൻ ഉറങ്ങിയ ശേഷം മുനി ചിന്തിച്ചു.
“സംസാരത്തിൽ നിന്ന് ഇവനൊരു വിഡ്ഢിയാണെന്ന് തോന്നുന്നു.
രാജകുമാരനാണ് പോലും. എനിയ്ക്ക് സഹതാപം തോന്നുന്നു. ഇവനെ ബുദ്ധിമാനാക്കണം. ലോകപ്രസിദ്ധനാക്കണം. തൽക്കാലം ഞാനിവനെ എങ്ങോട്ടും വിടാൻ ഉദ്ദേശിക്കുന്നില്ല.” പിറ്റേന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ ശേഷം രാജകുമാരൻ മുനിയുടെ മുൻപിലെത്തി.
“നിങ്ങളുടെ കൈയ്യിൽ ആയുധങ്ങളൊന്നുമില്ല. മാത്രവുമല്ല, വഴിയറിയാതെ തിരികെ എങ്ങനെ പോകും? വന്ന സ്ഥിതിയ്ക്ക് ഈ കാടും ഇവിടത്തെ ജീവിതവും ഒന്ന് അനുഭവിച്ചിട്ട് പോകുന്നതല്ലേ നല്ലത്?” മുനിയുടെ ചോദ്യം
കേട്ട് കുമാരൻ വിഷമസ്ഥിതിയിലായി. മുനി വീണ്ടും പറഞ്ഞു, “നിനക്ക് ലോകപ്രസിദ്ധനാകണോ? അതോ വെറുമൊരു മഹാരാജാവായി ഇരുന്ന് കാലക്രമേണ മരിച്ച് മണ്ണടിയണോ? രണ്ടിൽ ഏത് വേണം? തീരുമാനിയ്ക്കൂ.”
അൽപ നേരം ചിന്തിച്ച ശേഷം ബുദ്ധിശീലൻ പറഞ്ഞു, “സഹോദരങ്ങൾ ഇപ്പോൾ രാജാവാകാനുള്ള ശ്രമത്തിലാവും. എന്നെ അപായപ്പെടുത്തി എന്ന ചിന്തയാവും അവർക്ക്.” ഇത് കേട്ട മുനി ചിരിച്ചു. ” നിനക്ക് സഹോദരങ്ങളോട് ശത്രുതയുണ്ട്. ശത്രുത നല്ലതല്ല. അവരെക്കാൾ നീ ഉയരും. കീർത്തി നേടും. എൻ്റെ കൂടെ നിൽക്കൂ.” അർദ്ധമനസ്സോടെ കുമാരൻ അതിന് സമ്മതിച്ചു.

III

ഇതേ സമയം ബുദ്ധിസിംഹൻ്റെ അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. ക്ഷീണം അലട്ടുന്നുണ്ടെങ്കിലും ബുദ്ധിസിംഹൻ നടക്കുകയായിരുന്നു. കൊട്ടാരത്തിൽ വിശപ്പെന്തെന്നറിയാതെ കഴിഞ്ഞിരുന്നതല്ലേ? കറുകറുത്ത
ആനയെപ്പോലെ തോന്നിക്കുന്ന പാറക്കൂട്ടം. അവിടെ കല്ല് വെട്ടുന്ന കുറേ തൊഴിലാളികൾ. ഏറെ ബുദ്ധിമുട്ടി പാറ കയറി കുമാരൻ ആ തൊഴിലാളികളുടെ അടുത്തെത്തി. “ഞാൻ അമാനപുരം രാജ്യത്തെ രാജകുമാരനാണ്. പേര് ബുദ്ധിസിംഹൻ. എങ്ങനെ ഇവിടെയെത്തി എന്നറിയില്ല,” ഇത്രയും പറഞ്ഞപ്പോഴേയ്ക്കും കുമാരൻ ബോധരഹിതനായി വീണു കഴിഞ്ഞിരുന്നു. തൊഴിലാളികൾ ഓടിയെത്തി കുമാരൻ്റെ മുഖത്ത്
വെള്ളം തളിച്ചു. “അമാനപുരം വളരെ ദൂരെയാണല്ലോ. കുമാരനെങ്ങനെയാവും ഇവിടെ എത്തിയത്?,” അവർ ചിന്തിച്ചു. കുമാരന് ഭക്ഷണം നൽകിയ ശേഷം അവർ അദ്ദേഹത്തെ ആ രാജ്യത്തെ രാജാവായ
അമരസിംഹൻ്റെ അടുത്തേയ്ക്ക് എത്തിച്ചു. രാജാവും രാജ്ഞിയും ബുദ്ധിസിംഹനെ കണ്ട് ഏറെ സന്തോഷിച്ചു. “നമ്മുടെ സുഹൃദ് രാജ്യമാണ് അമാനപുരം. അതിനാൽ കുമാരൻ ഇവിടത്തെ അതിഥിയാണ്. കുറച്ച് നാൾ
ഇവിടെ താമസിച്ച ശേഷം അമാനപുരത്തേയ്ക്ക് പോകാം,” അമരസിംഹൻ നിർദേശിച്ചു.
പിറ്റേന്ന് സഭ കൂടിയപ്പോൾ അമരസിംഹൻ സഭയിലുള്ളവർക്ക് രാജകുമാരനെ പരിചയപ്പെടുത്തി. അമരസിംഹൻ്റെ മകനായിരുന്നു സൂര്യകുമാരൻ. സൂര്യനെപ്പോലെ നല്ല ധീരനും ബുദ്ധിമാനായ ഒരാൾ വേറെ ഉണ്ടാവില്ല. ബുദ്ധികേശ്വര രാജാവിൻ്റെ വിഡ്ഢിത്തങ്ങെളെക്കുറിച്ച് എല്ലാവരും ധാരാളം കേട്ടിരുന്നു. സാധുവും, പരമസാത്വികയുമായ മഹാറാണിയെക്കുറിച്ചും എല്ലാവരും കേട്ടിട്ടുണ്ട്. സംസാരമദ്ധ്യേ, താൻ
കവിതകളെഴുതാറുണ്ടെന്ന് ബുദ്ധിസിംഹൻ അറിയിച്ചു. തൻ്റെ ഒന്ന് രണ്ട് കവിതകളും കുമാരൻ ചൊല്ലിക്കേൾപ്പിച്ചു. കവിതകൾ കേട്ട രാജാവും റാണിയും സൂര്യകുമാരനുമൊക്കെ ഉറക്കെ ചിരിച്ചു പോയി.
ഇത്തരത്തിലുള്ള പ്രതികരണം കണ്ട ബുദ്ധിസിംഹൻ ആകെ തളർന്നു.
“എൻ്റെ കവിത മോശമാണോ?” ബുദ്ധിസിംഹൻ ചിന്തിച്ചു.
എന്തായാലും ബുദ്ധികേശ്വരനെപ്പോലെ മകനും വലിയ കേമത്തമൊന്നുമില്ലാത്ത ആളാണെന്ന് ആ കൊട്ടാരത്തിലുള്ളവർക്കെല്ലാം മനസ്സിലായി. വിഷമിച്ചു നിന്ന ബുദ്ധിസിംഹനെ സൂര്യകുമാരൻ ആശ്വസിപ്പിച്ചു.
പിറ്റേന്ന് തന്നെ അമരസിംഹൻ ഒരു സാഹിത്യസദസ്സ് സംഘടിപ്പിച്ചു. വിദ്വാന്മാരും പണ്ഡിതന്മാരും കൂടിയ സദസ്സിൽ ഒത്തിരി നല്ല കവിതകൾ കുമാരൻ കേട്ടു. “ധാരാളം കാവ്യഗ്രന്ഥങ്ങൾ വായിക്കണം.
കവിതയെഴുതാനുള്ള ആശയമുണ്ട്. സാഹിത്യത്തോട് കുമാരന് അഭിരുചിയുണ്ട്. എന്നാൽ ഭാഷ മാത്രം പോര,” ബുദ്ധിസിംഹനെ വിഷമിപ്പിക്കാത്ത വിധത്തിൽ കവികൾ ഓരോരുത്തരും പറഞ്ഞു
കൊടുത്തു. ഇതെല്ലാം കേട്ട് ആദ്യം അമർഷം തോന്നിയെങ്കിലും തനിയ്ക്കും ഒരു നല്ല കവിയാകണമെന്ന മോഹം ബുദ്ധിസിംഹനുള്ളിൽ കലശലായി. ഗ്രന്ഥശാലയിൽ നിന്ന് കാവ്യഗ്രന്ഥങ്ങളെടുത്ത് വായിക്കാനുറച്ച് കുമാരൻ
ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് അമരസിംഹനും റാണിയും സൂര്യകുമാരനും ബുദ്ധിസിംഹൻ്റെ മുറി
സന്ദർശിച്ച് അമാനപുരത്തെ സ്ഥിതിഗതികൾ അന്വേഷിച്ചു. സഹോദരങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന് അറിഞ്ഞപ്പോൾ അവർക്ക് അതിയായ ദുഃഖം തോന്നി. കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമരസിംഹൻ പറഞ്ഞു, “കാര്യങ്ങൾ ഇങ്ങനെയായ സ്ഥിതിയ്ക്ക് അവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്. ജീവന് ഭീഷണിയുണ്ടല്ലോ. ഇവിടെ കഴിയാം കുമാരന്. “അതെ. കുമാരൻ ഇവിടെയുണ്ടെന്ന് തൽക്കാലം അവിടെയുള്ളവർ അറിയേണ്ട,” സൂര്യകുമാരനും പറഞ്ഞു. ബുദ്ധിസിംഹന് ആ നിർദേശങ്ങൾ സ്വീകാര്യമായി തോന്നി. കുമാരൻ ആ കൊട്ടാരത്തിൽ കുറച്ച് നാൾ തങ്ങാൻ തന്നെ തീരുമാനിച്ചു.

IV
ബുദ്ധിമാൻ ഉറക്കമുണർന്നു. താനെവിടെയാണ്? എങ്ങോട്ടെന്നില്ലാതെ അദ്ദേഹം കുറച്ചു നേരം നടന്നു. ചുറ്റും തിങ്ങി നിൽക്കുന്ന വൃക്ഷങ്ങൾ. പൊടുന്നനെ ഒരു മരത്തിൻ്റെ മുകളിൽ നിന്നൊരാൾ മുന്നിലേക്ക് ചാടി. കൂടെ
കുറേപ്പേരും. “എന്ത്? കൊള്ളക്കാരോ?” ബുദ്ധിമാൻ ഇത് ചിന്തിച്ചതും അവർ കുമാരനെ ആക്രമിച്ചു. തടിമിടുക്കുള്ളതിനാൽ കുറെയൊക്കെ അവരെ എതിർത്ത് നിൽക്കാൻ കുമാരന് കഴിഞ്ഞു. എങ്കിലും എല്ലാവരും ചേർന്ന് ഒടുവിൽ അദ്ദേഹത്തെ നിലംപരിശാക്കി. തലങ്ങും വിലങ്ങും അടി കിട്ടിയ കുമാരൻ അവശനായി. നിലത്ത് വീണ് കിടന്നു. ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത് കള്ളന്മാർ കടന്ന് കളഞ്ഞു.

എഴുന്നേൽക്കാൻ ആവാതെ ഏറെ നേരം കുമാരൻ ആ കിടപ്പ് കിടന്നു. കാൽ അനക്കാൻ വയ്യ. വല്ലാതെ വേദനിയ്ക്കുന്നു. ഈശ്വരനെ വിളിച്ച് കരഞ്ഞു. ഒടുവിൽ വൈകുന്നേരമായെന്ന് കുമാരൻ മനസ്സിലാക്കി. രാത്രിയും താനിവിടെ കിടക്കണമെന്നോ? വന്യമൃഗങ്ങൾ വന്നാലെന്ത് ചെയ്യും? ഭയം കുമാരനിൽ അരിച്ച് കയറി. പൊടുന്നനെ ഒരു കാൽപ്പെരുമാറ്റം കേട്ടു. വീണ്ടും കൊള്ളക്കാരെത്തിയെന്ന് കരുതി കുമാരൻ പല്ല് കടിച്ച്
വേദനയമർത്തി മിണ്ടാതെ കിടന്നു. കാലൊച്ച അടുത്തടുത്ത് വരുന്നു. കുമാരൻ കണ്ണടച്ച് കിടന്നു. ഇപ്പോൾ പാദസരക്കിലുക്കവും കേൾക്കുന്നുണ്ട്. കൂടെ ഒരു പുരുഷശബ്ദവും. “ഇതാരാണ്?” സ്ത്രീശബ്ദം. “വാ നോക്കാം”
പുരുഷശബ്ദം. കുമാരൻ കണ്ണ് തുറന്നു. ഒരു യുവാവും യുവതിയും. “നിങ്ങളാരാണ്?” യുവാവ് ബുദ്ധിമാനോട് ചോദിച്ചു. കുമാരൻ മറുപടി പറയാൻ അശക്തനായിരുന്നു. “നീ ഓടിപ്പോയി നമ്മുടെ ആൾക്കാരോട്
ഇങ്ങോട്ട് വരാൻ പറയൂ,” യുവാവ് യുവതിയോട് പറഞ്ഞു. അവളോടിപ്പോയി. കുമാരൻ ഞെരങ്ങിക്കൊണ്ടിരുന്നു.
യുവാവ് കുമാരൻ്റെ ശരീരത്തിൽ പരിശോധന നടത്തുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പരുക്കുണ്ട്. കള്ളന്മാർ ആക്രമിച്ചതാവും. പട്ടു വസ്ത്രമാണ് വേഷം. അതിനാൽ ഏതോ സമ്പന്ന കുടുംബത്തിലുള്ളയാളാണെന്ന് വ്യക്തം.
അൽപ സമയത്തിനകം ധാരാളം ആളുകളെത്തി. കുമാരനെ അവർ ചുമന്നു കൊണ്ട് പോയി. ഒരു മുറിയിൽ കിടത്തിയ ശേഷം എല്ലാവരും മാറി നിന്നു. താടിയും മീശയും നന്നായി വളർത്തിയ ഒരാൾ അവിടേയ്ക്ക് കയറി വന്നു. “മൂപ്പൻ വരുന്നു,” ആരോ പറഞ്ഞു. മൂപ്പൻ കുമാരനെ അടിമുടി ഒന്ന് നോക്കി. “വൈദ്യനോട് വരാൻ പറയാം,” മൂപ്പൻ പറഞ്ഞു. പത്ത് പതിനഞ്ച് നിമിഷത്തിനകം ഒരാൾ വന്നു. പരിശോധനയ്ക്ക് ശേഷം ആ വൈദ്യൻ പറഞ്ഞു, “കാൽ ഒടിഞ്ഞിട്ടുണ്ട്. ഞാൻ ചികിത്സാവിധികളൊക്കെ പറയാം.” കുമാരൻ ബോധരഹിതനായി. വേഗം വൈദ്യൻ അല്പം വെള്ളം തളിച്ച് ബുദ്ധിമാനെ ഉണർത്തി. ഭക്ഷണം നൽകിയ ശേഷം ഉറങ്ങാൻ അനുവദിച്ചു. ദിവസങ്ങളോളം കഴിഞ്ഞാണ് കുമാരന് സംസാരിയ്ക്കാൻ കഴിഞ്ഞത്.
“ഞാൻ അമാനപുരത്ത് താമസിക്കുന്ന ആളാണ്. അവിടത്തെ രാജകുമാരനാണ്. ഇവിടെ എങ്ങനെ എത്തിയെന്നറിയില്ല,” കുമാരൻ പറഞ്ഞു. അപ്പോഴാണ് യുവതി കുമാരനുള്ള ഭക്ഷണവുമായി എത്തിയത്. ഇത്രയും ദിവസം ഭക്ഷണം വായിൽ കൊടുത്തതും മരുന്നുകൾ പുരട്ടിയതുമെല്ലാം ആ യുവതി തന്നെയായിരുന്നു.

“എന്താണ് പേര്?,” കുമാരൻ ചോദിച്ചു.
“മല്ലിക. എൻ്റെ മകളാണ്,” മൂപ്പനാണ് അതിന് മറുപടി പറഞ്ഞത്.
“എനിയ്ക്കൊരു ചേട്ടനുണ്ട്. മാണിക്യൻ,” മല്ലിക പറഞ്ഞു.
“ഇവരാണ് നിങ്ങളെ രക്ഷപ്പെടുത്തിയത്,” മൂപ്പൻ പറഞ്ഞു.
അമാനപുരത്തെ രാജ്യകാര്യങ്ങളെക്കുറിച്ച് മൂപ്പൻ കുമാരനോട് അന്വേഷിച്ചു. എന്നാൽ കുമാരന് അതൊന്നും അറിയില്ലായിരുന്നു.അത് എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്നാൽ കുട്ടിയുടേയെന്ന പോലെയുള്ള കുമാരൻ്റെ
നിഷ്കളങ്കത അവരെല്ലാവരേയും ബുദ്ധിമാനോട് അടുപ്പിച്ചു.
“താങ്കൾ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടോ?” മാണിക്യൻ ചോദിച്ചു.
“ഇല്ല. ഒരു യുദ്ധവും അവിടെ ഉണ്ടായിട്ടില്ല,” കുമാരൻ പറഞ്ഞു.
“എന്നാലും അമ്പെയ്ത്തിൽ വിദഗ്ധനായിരിക്കുമല്ലേ?,” മല്ലിക ചോദിച്ചു.
കുമാരൻ തലയാട്ടി. എന്നാൽ കുമാരൻ അമ്പെയ്ത്തിൽ വിദഗ്ധനല്ലായിരുന്നു.
“എനിയ്ക്ക് ശബ്ദം മാത്രം കേട്ട് കൃത്യമായി അമ്പെയ്യാൻ അറിയാം,” മാണിക്യൻ പറഞ്ഞു.
അത് തനിയ്ക്കുമറിയാമെന്ന ഭാവത്തിൽ ബുദ്ധിമാനും ഇരുന്നു. മൂപ്പൻ കുമാരനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. അമാനപുരമെന്ന രാജ്യത്തെക്കുറിച്ച് അറിവൊന്നുമില്ല. ഇദ്ദേഹം തടിമിടിക്കുള്ള കുമാരനാണ്.
സംസാരത്തിൽ നിന്ന് ആൾ ഒരു അഹങ്കാരി അല്ലെന്നും തോന്നുന്നു. ഇദ്ദേഹത്തെ നന്നായിത്തന്നെ സത്ക്കരിയ്ക്കണം. എങ്കിൽ ഇവിടെയുള്ള ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവുമെല്ലാം മാറും. ഇദ്ദേഹം സ്വന്തം
രാജ്യത്തേക്ക് മടങ്ങിപ്പോയാൽ കടപ്പാടിൻ്റെ പേരിലെങ്കിലും ഇവിടത്തെ ജനങ്ങളെ സഹായിക്കാതിരിയ്ക്കില്ല,” മൂപ്പൻ ചിന്തിച്ചു. എന്നാൽ ബുദ്ധിമാനാവട്ടെ മാണിക്യനേയും മല്ലികയേയും പഠിക്കുകയായിരുന്നു. അവരില്ലായിരുന്നെങ്കിൽ താനാ വഴിയിൽ കിടന്ന് മരണമടഞ്ഞേനെ! പുറം ലോകവുമായി ബന്ധമില്ലാത്ത മനുഷ്യരാണിത്. ഇനി ഞാൻ എന്നാണ് എൻ്റെ രാജ്യത്തെത്തുക? കുമാരൻ ചിന്തിച്ചു. തൻ്റെ വയ്യായ്ക മാറി ഒന്ന് ഉഷാറാവട്ടെ. എന്നിട്ട് ചിന്തിക്കാം പോകുന്നതിനെക്കുറിച്ച്. കുമാരൻ തീരുമാനിച്ചു.

V
അമാനപുരം കൊട്ടാരത്തിൽ നിന്ന് മൂന്ന് കുമാരന്മാരും ഒരു രാത്രിയിൽ കാണാതായി. അവർ എവിടെപ്പോയി? തമ്മിൽ വെട്ടിയും കുത്തിയും മരിച്ചോ? കുമാരൻമാരുടെ തിരോധാനത്തെപ്പറ്റിയുള്ള വാർത്ത രാജ്യമാകെ
കാട്ടുതീ പോലെയാണ് പരന്നത്. അവർ സ്വയം എങ്ങോട്ടെങ്കിലും പോയതാണോ? അതോ കൊന്നതോ? ഒരു പക്ഷേ, അവരെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകുമോ? എന്തിന് വേണ്ടി? രാജാവും രാജ്ഞിയും
പൊട്ടിക്കരഞ്ഞു. കുമാരന്മാരെ കണ്ടു പിടിക്കാൻ അവർ നാലുപാടും ഭടന്മാരെ വിട്ടു. എന്നാൽ എല്ലാവരും വെറും കൈയ്യോടെ മടങ്ങിയെത്തി. പൂജയും പ്രാർത്ഥനയുമായി രാജാവും രാജ്ഞിയും ദിവസങ്ങൾ തള്ളി നീക്കി.

VI

ബുദ്ധിശീലനെ മുനി എന്നും അതിരാവിലെ തന്നെ വിളിച്ചെഴുന്നേല്പിക്കും. “പ്രഭാതത്തിൽ നേരത്തെ എഴുന്നേൽക്കുക. ബുദ്ധിയുണർത്താൻ അതാണ് ഏറ്റവും നല്ല മാർഗം,” കുമാരന് മുനി പറഞ്ഞു കൊടുത്തു.
പ്രഭാതകൃത്യങ്ങളെല്ലാം പുഴക്കരയിലാണ്. പുഴയിൽ മുങ്ങിക്കുളിയ്ക്കും. ഹോമകുണ്ഡം ജ്വലിപ്പിക്കുന്നത് മുനിയാണ്. കുമാരന് മുനി ചില മന്ത്രങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. അത് ഉരുവിടണം. നൂറ്റിയെട്ട് പ്രാവശ്യം.
വൈകിട്ടും ചൊല്ലണം. ധാരാളം വിറക് വേണം. വിറക് ശേഖരിക്കൽ ബുദ്ധിശീലൻ്റെ ചുമതലയാണ്.
കൂടാതെ കഴിക്കുവാനുള്ള ഫലമൂലാദികളും, അരുവിയിൽ നിന്നും വെള്ളവും കൊണ്ടു വരണം. പിന്നെ ആശ്രമവും മുറ്റവും അടിച്ച് വാരി വൃത്തിയാക്കണം. ചെടികൾക്ക് വെള്ളമൊഴിക്കണം. ഈ പ്രവൃത്തികളെല്ലാം
കുമാരനിൽ പുതുജീവൻ നൽകി. ശുഷ്കാന്തിയോടെ ബുദ്ധിശീലൻ ഈ ജോലികളെല്ലാം ചെയ്തു.
എന്നാലും ഇടയ്ക്കിടയ്ക്ക് കുമാരൻ ആലോചിയ്ക്കും, “തൻ്റെ മാതാപിതാക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും? സഹോദരങ്ങൾ പിണങ്ങി തീർത്തും പിരിഞ്ഞിരിയ്ക്കുമോ? ആരായിരിയ്ക്കും ഇപ്പോൾ അവിടെ
രാജാവ്? തനിയ്ക്ക് ഈ ആശ്രമത്തിൽ വന്നതിന് ശേഷം ഒരുണർവ്വ് കിട്ടിയിട്ടുണ്ട്. മുൻപ് കൊട്ടാരത്തിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പോലെയല്ല. മുനിയെ അനുസരിയ്ക്കുവാൻ തോന്നുന്നു. എന്തോ ഒരു ശക്തിയുണ്ട്
മുനിയുടെ വാക്കുകൾക്ക്.” കുമാരൻ അതിൻ്റെ ഗവേഷണത്തിലായിരുന്നു. മുനി ബുദ്ധിശീലനോട് പല കാര്യങ്ങളും ചർച്ച ചെയ്യും. കുമാരൻ അബദ്ധങ്ങൾ പറഞ്ഞാലും മുനി കളിയാക്കി ചിരിക്കില്ല. പകരം ക്ഷമയോടെ തിരുത്തിക്കൊടുക്കും. “കാശില്ലാതെ ജീവിക്കാനാകുമോ?”, “പണിയെടുക്കാതെ ജീവിക്കാൻ സുഖമുണ്ടോ?” തുടങ്ങിയ വിഷയങ്ങൾ മുതൽ രാജ്യത്തിൻ്റെ ധനകാര്യം മുതലായ വിഷയങ്ങൾ വരെ ചർച്ച ചെയ്യാൻ മുനി തയ്യാറായി. ബുദ്ധിശീലൻ മാറുകയായിരുന്നു. തൻ്റെ ഗവേഷണം വലിയ കാര്യങ്ങളിലെയ്ക്ക് മാറ്റാൻ കുമാരൻ തീരുമാനിച്ചു.

VII
ബുദ്ധിസിംഹൻ കവിതയെഴുതുന്ന ശീലം നിർത്തിയില്ല. പക്ഷേ, വിഷയങ്ങൾ പുതിയത് ലഭിക്കാൻ തുടങ്ങി. പൊട്ടക്കവിതകൾ മെച്ചപ്പെട്ട് തുടങ്ങി. മുൻപ് അമാനപുരത്ത് ഒരു ഗ്രന്ഥശാലയുണ്ടായിരുന്നു. എന്നാൽ
വായിക്കണമെന്ന ചിന്ത കുമാരനുണ്ടായിരുന്നില്ല. തൻ്റെ കവിത മികച്ചതാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. ഇപ്പോൾ സൂര്യകുമാരൻ വന്ന് പല കാര്യങ്ങളും ചർച്ച ചെയ്യും. സഭ കൂടുമ്പോൾ കുമാരനേയും അവർ
പങ്കെടുപ്പിച്ചു. പല നാട്ടുവർത്തമാനങ്ങളും അങ്ങനെ കുമാരന് മനസ്സിലായി. ഗ്രന്ഥങ്ങളിലൂടെ പല ജീവിതങ്ങളെയാണ് കുമാരൻ കണ്ടത്. അപ്പോഴാണ് ഒരു കാര്യം ബുദ്ധിസിംഹന് മനസ്സിലായത്. കൊട്ടാരത്തിലുള്ളവരുടെ ജീവിതമല്ല സാധാരണക്കാരുടെ ജീവിതം. കവിതകൾ മാത്രമല്ല നാടകങ്ങൾ, കഥകൾ തുടങ്ങിയവയെല്ലാം കുമാരൻ വായിക്കാൻ തുടങ്ങി. മുൻപുണ്ടായിരുന്ന വിഡ്ഢിത്തം ഏറെക്കുറെ മാറി
എന്നു തന്നെ പറയാം.

VIII

മാണിക്യൻ എന്നത് ബുദ്ധിമാന് വീണ് കിട്ടിയ രത്നക്കല്ല് തന്നെയായിരുന്നു. അത്ര പ്രിയപ്പെട്ട കൂട്ടുകാരായി അവർ. നടക്കാറായപ്പോൾ കുമാരൻ മാണിക്യനോടൊപ്പം കുതിരസവാരിയ്ക്ക് പോയി. മാവിലെ മാങ്ങയ്ക്ക് നേരെ ആദ്യം ആരാണ് അമ്പെയ്ത് വീഴ്ത്തുക? അതായിരുന്നു അവർ തമ്മിലുള്ള പന്തയം. ബുദ്ധിമാൻ്റെ “അശ്രദ്ധ” എന്ന ദോഷം അപ്പോഴാണ് മാണിക്യൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ശ്രദ്ധക്കുറവ് കുമാരൻ്റെ എല്ലാ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു. അതിനാൽ തന്നെയാണ് കുമാരന് അമ്പെയ്ത്തിൽ വൈദഗ്ധ്യം നേടാൻ സാധിക്കാത്തത്. “കുമാരന് ശ്രദ്ധ കുറവാണ്. ശ്രദ്ധ കൂടാൻ കുറേ മാർഗങ്ങളുണ്ട്,” മാണിക്യൻ
പറഞ്ഞു, “ഈ കുതിരസവാരി ശ്രദ്ധ കൂടാനുള്ള ഒരു ഉപായമാണ്. അശ്രദ്ധമായി ഇരുന്നാൽ പറ്റുമോ?”
ഒരു കായികവിനോദമുണ്ട്. ഒരു കുഴി കുഴയ്ക്കുക. ആ കുഴിയിലേക്ക് കല്ല് കുറച്ച് ദൂരെ നിന്ന് തട്ടി ഇടുക. ഈ കളി കൂടാതെ ചതുരംഗത്തിലും മാണിക്യൻ കുമാരനെ പങ്കെടുപ്പിച്ചു. അമ്പെയ്ത്തിൽ കഠിന പരിശീലനം
തന്നെ നൽകി. അതിലൂടെയെല്ലാം കുമാരന് ശ്രദ്ധ, ഉന്നം തുടങ്ങിയ ഗുണങ്ങൾ കൈ വന്നു. കായികവിനോദങ്ങൾ വിശദീകരിച്ച് കൊടുത്തതിനും ഇത്ര വേഗം കുമാരൻ മിടുക്കനായതിനും പിന്നിൽ ഒരാൾ കൂടെ ഉണ്ടായിരുന്നു – മല്ലിക. ബുദ്ധിമാനെ വീരനാക്കാൻ മാണിക്യനോടൊപ്പം മല്ലികയും ഉത്സാഹിച്ചു.
മല്ലികയെന്ന ആ കാട്ടുപൂവിനെ ബുദ്ധിമാനും ഇഷ്ടമായിരുന്നു. നാട്ടുകാരുടെ തർക്കങ്ങളിൽ വിധി പറയും മുൻപ് മൂപ്പൻ മാണിക്യനോടും മല്ലികയോടും അന്വേഷിക്കാറുണ്ട്. ആദ്യം അവർ വിധി പറയും. തെറ്റാണെങ്കിൽ മൂപ്പൻ തിരുത്തിക്കൊടുക്കും. എന്നാൽ അധികവും മൂപ്പന് തിരുത്തേണ്ടി വരാറില്ല. ഉചിതമായ തീരുമാനത്തിൽ എത്തുന്നതിൽ അവർ സമർത്ഥരായിരുന്നു. സംസാരമദ്ധ്യേ ഒരിക്കൽ കുമാരൻ പറഞ്ഞു, “എൻ്റെ വയ്യായ്ക എല്ലാം മാറിയില്ലേ? ഇനി ഞാൻ കൊട്ടാരത്തിലേക്ക് പോയാലോ?,” ഇത് കേട്ട മാണിക്യനും മല്ലികയും അസ്വസ്ഥരായി. കുമാരൻ്റെ സാന്നിധ്യം അവർക്ക് അത്ര രസമായിരുന്നു. “എൻ്റെ സഹോദരന്മാർ രാജ്യം വാഴുന്നുണ്ടാകും. എന്നെ
ഒഴിവാക്കിയെന്നാവും അവരുടെ വിചാരം,” കുമാരൻ പറഞ്ഞു. “തിരിച്ച് ചെന്നാൽ വീണ്ടും കുമാരൻ്റെ ജീവൻ അപാകത്തിലാകാനിടയില്ലേ? അത് കൊണ്ട് കുമാരൻ തിരിച്ച് പോകണ്ട,” മല്ലിക പറഞ്ഞു. “എനിക്കാരുമില്ല. എൻ്റെ ജീവിതം വ്യർത്ഥം,” കുമാരൻ സങ്കടപ്പെട്ടു. “അല്ല, കുമാരാ. ഞങ്ങളുണ്ട്. ഈ കാട് അങ്ങേയ്ക്ക് അഭയം തരും,” മാണിക്യൻ പറഞ്ഞു.
“അച്ഛൻ എന്നെയേ രാജാവാക്കുകയുള്ളായിരുന്നു. അതിനിടയിലല്ലേ അവർ എന്നെ ഇവിടെ കൊണ്ട് വന്നത്! എല്ലാം എൻ്റെ സഹോദരങ്ങളുടെ പണിയാണ്. അവർക്ക് കിരീടാവകാശിയാവാൻ വേണ്ടി,” കുമാരൻ പറഞ്ഞു.
“വിഷമിക്കേണ്ട കുമാരാ. നമുക്ക് ആ രാജ്യം സഹോദരങ്ങളുടെ കൈയ്യിൽ നിന്ന് വെട്ടിപ്പിടിക്കാം. ഞങ്ങളും കൂടെ വരാം. താങ്കളുടെ നാട്ടിലെ യുദ്ധമുറകൾ അല്ല ഞങ്ങൾക്ക്. ഞങ്ങളുടെ മുറകൾക്ക് വ്യതാസമുണ്ട്. അവ
പഠിക്കാൻ അവിടുന്ന് തയ്യാറായിക്കൊള്ളുക. അതിനു ശേഷം നമുക്ക് രാജ്യത്തേക്ക് പോകാം,” മാണിക്യൻ ഒരു വഴി കണ്ടെത്തി.കുമാരൻ സമ്മതിച്ചു. അങ്ങനെ പുതിയ അഭ്യാസമുറകൾ ബുദ്ധിമാൻ പഠിയ്ക്കാൻ തുടങ്ങി. ലക്ഷ്യബോധമുണ്ടായതിനാൽ കുമാരൻ ആത്മാർത്ഥമായിത്തന്നെ പരിശ്രമിക്കാൻ തുടങ്ങി.

IX

(രണ്ട് വർഷങ്ങൾക്ക് ശേഷം)
അമാനപുരത്തെ സ്ഥിതി ആകെ വഷളായി. കാരണം പേരിനൊരു രാജാവെങ്കിലും ഉണ്ടായിരുന്നു അത്ര നാൾ. ഇപ്പോൾ ബുദ്ധികേശ്വരൻ അസുഖം ബാധിച്ച് ശയ്യാവലംബിയായിരിയ്ക്കുന്നു. അവകാശികളായ രാജകുമാരന്മാർ ആരും തന്നെ രാജ്യത്തില്ല. ഏതെങ്കിലും ശത്രുരാജാക്കന്മാർ ആക്രമിച്ചാലോ? പ്രജകൾക്കാകെ പരിഭ്രമമായി. മൂന്ന് മന്ത്രിമാരും കൂടിയാലോചിച്ചു. ഒന്നാം മന്ത്രി പറഞ്ഞു, “നമുക്ക് കുമാരന്മാരെ തിരഞ്ഞു
കൊണ്ടു വരേണ്ടിയിരിയ്ക്കുന്നു.” “മല്ലന്മാരോട് പറയാം കുമാരന്മാരെ അന്വേഷിച്ച് കൊണ്ട് വരാൻ. അവർക്കല്ലേ സ്ഥലമറിയൂ,” രണ്ടാം മന്ത്രി പറഞ്ഞു. “ഭടന്മാരേയും വിടാം. അവരും എവിടെയെങ്കിലും ഒക്കെ തിരഞ്ഞോട്ടെ.
കാരണം നമ്മളാണ് ഇതിന് പിന്നിലെന്ന് അറിയാതെയിരിയ്ക്കണം,” മൂന്നാം മന്ത്രി ഇത് പറയുന്നത് കേട്ടാണ് നാലാം മന്ത്രി വന്നത്. മൂന്ന് മന്ത്രിമാരും പരിഭ്രമിച്ചു.
“ഓഹോ, അപ്പോൾ നിങ്ങളാണിതിന് പിന്നിലല്ലേ? ഞാൻ രാജാവിനേയും രാജ്ഞിയേയും അറിയിക്കട്ടെ,” നാലാം മന്ത്രി തിരിഞ്ഞോടി. വൃദ്ധരായ മൂന്ന് മന്ത്രിമാർക്കും നാലാം മന്ത്രിയെ തടയാൻ കഴിഞ്ഞില്ല. നാലാം മന്ത്രി നേരെ ചെന്ന് രാജാവിനോട് യാതൊരു മുഖവുരയും കൂടാതെ എല്ലാ കാര്യവും പറഞ്ഞു. രാജാവിനും രാജ്ഞിയ്ക്കും എല്ലാം കേട്ട് അത്ഭുമായി; ഒപ്പം കോപവും. “ആരവിടെ! മൂന്ന് മന്ത്രിമാരേയും തടവിലിടൂ!,” രാജാവ് ഉത്തരവിട്ടു.
അങ്ങനെ മൂന്ന് മന്ത്രിമാരും തടവിലായി. അതോടെ നാലാം മന്ത്രിയ്ക്ക് ഉത്സാഹമായി. ഇനി രാജസിംഹാസനത്തിന് ഒരു അവകാശിയുമില്ല. രാജാവും രാജ്ഞിയും നാലാം മന്ത്രിയെ പരിപൂർണ്ണമായി വിശ്വസിച്ചു. അയാളാകട്ടെ കുമാരന്മാരെ തിരയാൻ ഒരുമ്പെട്ടില്ല. രാജാവിനേയും രാജ്ഞിയേയും അയാൾ ഭീഷണിപ്പെടുത്തി. അപ്പോഴാണ് രാജാവിന് തൻ്റെ അബദ്ധം മനസ്സിലായത്. മറ്റ് മൂന്ന് മന്ത്രിമാരുടേയും ബുദ്ധി കൊണ്ടാണ് നാലാം മന്ത്രിയുടെ കുതന്ത്രങ്ങൾ അത് വരെ ഫലിക്കാതെ പോയത്. എന്നാലിപ്പോൾ നാലാം മന്ത്രി പറയുന്ന പോലെയെല്ലാം ഉത്തരവുകളിറക്കേണ്ടി വന്നു ബുദ്ധികേശ്വരന്.നാലാം മന്ത്രി ഒരു കാര്യത്തിൽ മാത്രം ഉഴറി. കുമാരന്മാരെ തിരയണമോ വേണ്ടയോ? കുമാരന്മാർ തിരിച്ചു വന്നാൽ തൻ്റെ അധികാരം നഷ്ടപ്പെടില്ലേ?
പക്ഷേ അവർ വിഡ്ഢികളല്ലേ? എന്തെങ്കിലും പറഞ്ഞ് അവരെ ഒഴിവാക്കാൻ തനിയ്ക്ക് സാധിച്ചേക്കും. വരുമ്പോഴല്ലേ? വന്നാലല്ലേ? അപ്പോൾ നോക്കാം. വരുന്നിടത്ത് വെച്ച് കാണാം. അല്ലെങ്കിൽ ഭടന്മാരെ വെച്ച് തിരയിക്കാം. എന്നിട്ടവരുടെ കഥ കഴിയ്ക്കാം. പൊടുന്നനെ അയാൾക്ക് മല്ലന്മാരെ ഓർമ്മ വന്നു. എന്നാൽ മല്ലന്മാർ അതിനകം ഒളിവിൽ പോയിരുന്നു. അവരെ കണ്ടു പിടിച്ച് തരുന്നവർക്ക് നാലാം മന്ത്രി സമ്മാനം പ്രഖ്യാപിച്ചു.മല്ലന്മാർ രാജകുമാരന്മാരെ കണ്ടു പിടിക്കാനായി വനത്തിലേക്ക് പോയിരിയ്ക്കുകയായിരുന്നു. അവർ മുനിയുടെ ആശ്രമത്തിൽ കഴിയുന്ന ബുദ്ധിശീലനെ കണ്ടെത്തി. കുമാരൻ മല്ലന്മാരെ കണ്ട് അത്ഭുതപ്പെട്ടു. അവർ
കാര്യങ്ങളെല്ലാം കുമാരനോട് പറഞ്ഞു. തൻ്റെ സഹോദരന്മാർ നിരപരാധിയാണെന്ന് അങ്ങനെ ബുദ്ധിശീലൻ മനസ്സിലാക്കി. എന്നാൽ കുമാരൻ മുനിയുമായി അത്രയും അടുത്ത് ഇടപഴകിയതിനാലും മുനിയുടെ അരോഗ്യാവസ്ഥ വളരെ മോശമായതിനാലും ബുദ്ധിശീലൻ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകണമെന്ന മല്ലന്മാരുടെ ആവശ്യം നിരസിച്ചു. “പ്രഭോ, അവിടുന്നെങ്കിലും ഞങ്ങളുടെ കൂടെ വരണം. മുനിയെ നമുക്ക് കൊട്ടാരത്തിലേക്ക് കൊണ്ടു പോകാം. അവിടെ നമുക്ക് കൊട്ടാരം വൈദ്യനെക്കൊണ്ട് നല്ല ചികിത്സ കൊടുക്കാം മുനിയ്ക്ക്,” മല്ലന്മാർ
ബുദ്ധിശീലനെ നിർബന്ധിച്ചു. “വേണ്ട. ലൗകിക സുഖങ്ങൾ ത്യജിച്ചവനാണ് ഞാൻ. എനിക്കറിയാം ഞാൻ
മരണാസന്നനായിരിയ്ക്കുന്നു എന്ന്. ഈ ആശ്രമത്തിൽ വെച്ച് തന്നെ ഈശ്വരചിന്തയോടെ മരിക്കണമെന്നാണ് എൻ്റെ ആഗ്രഹം. അതിനാൽ ദയവു ചെയ്ത് എന്നെ എങ്ങോട്ടും കൊണ്ട് പോകരുത്,” മുനി പറഞ്ഞു. എന്നാൽ ബുദ്ധിശീലൻ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകുന്നതിന് മുനിയ്ക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. “ബുദ്ധിശീലൻ എന്നെ ഇത്ര കാലം പരിചരിച്ചു. അതിനുള്ള ഫലം അയാൾക്ക് ഈശ്വരൻ നൽകുക തന്നെ ചെയ്യും,. ഞാൻ ഉപദേശിച്ച മന്ത്രങ്ങൾ ദിവസേന ചെയ്യുക. അതിലൂടെ നീയൊരു ജ്ഞാനിയായിത്തീരും. മകനേ, നീ കൊട്ടാരത്തിലേക്ക് മടങ്ങുന്നതിൽ എനിയ്ക്ക് യാതൊരു അതൃപ്തിയുമില്ല,” മുനി പറഞ്ഞു. പക്ഷേ, ബുദ്ധിശീലൻ്റെ മറുപടി ഇപ്രകാരമായിരുന്നു, “അരുത് മുനേ, അവിടുന്ന് എന്നിൽ ജ്ഞാനമെന്ന പ്രകാശം പരത്തി. അങ്ങയെ വിട്ട് ഞാൻ ഇങ്ങോട്ടും പോകില്ല.” അതിനു ശേഷം രാജകുമാരൻ മല്ലന്മാരോട് പറഞ്ഞു, “ഇദ്ദേഹത്തിൻ്റെ
ആരോഗ്യസ്ഥിതി മോശമാണ്. തന്നെയുമല്ല മുനിയുടെ സ്നേഹം എന്നെ ഇവിടെ നില്ക്കാൻ പ്രേരിപ്പിക്കുന്നു. രാജ്യഭാരത്തിൽ എനിയ്ക്ക് ഇപ്പോൾ അശേഷം താല്പര്യമില്ല. എൻ്റെ രണ്ട് സഹോദരന്മാരിൽ ആരെങ്കിലുമൊരാൾ
രാജാവായിക്കൊള്ളട്ടെ.” വ്യസനത്തോടെ മല്ലന്മാർ അവിടെ നിന്നും യാത്രയായി. വേനൽക്കാലം കഴിഞ്ഞു. മഴക്കാലവും കഴിഞ്ഞു. പ്രകൃതി അതിൻ്റെ തുഷാരവസ്ത്രം വീണ്ടും അണിഞ്ഞു കഴിഞ്ഞു. മല്ലന്മാർ ക്ഷീണിതരായി. “ഇത്ര നാൾ ഈശ്വരനെ വിളിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ലല്ലോ,” ഒരു മല്ലൻ
പറഞ്ഞു. “ശരിയാണ്,” മറ്റേ മല്ലൻ സമ്മതിച്ചു. “നമുക്ക് മറ്റു രണ്ട് കുമാരന്മാരേയും കണ്ടു പിടിയ്ക്കാൻ ഇത് വരെ കഴിഞ്ഞില്ല.” “ഈ കാട് മുഴുവൻ നമ്മൾ അരിച്ച് പെറുക്കി. ഇനി ഈ സ്ഥലത്തെവിടെയാണ്
അവർ?,” മല്ലൻ ഇത് ചോദിച്ച് കഴിയും മുൻപേ അവർ ഇരിയ്ക്കുന്ന

അരുവിയുടെ മറു തീരത്ത് ഒരാൾ പ്രത്യക്ഷപ്പെട്ടു. മല്ലന്മാർ ശ്രദ്ധിച്ച് നോക്കി. അത്ഭുതം! ഇതെന്ത് മറിമായം! നമ്മുടെ ബുദ്ധിമാൻ എന്ന കുമാരൻ അരുവിയിൽ നിന്ന് വെള്ളം കുടിക്കുകയാണ്. “കുമാരാ,” മല്ലന്മാർ ഉറക്കെ വിളിച്ചു. “എന്ത്? മല്ലന്മാരോ?,” കുമാരൻ വിസ്മയിച്ചു. “അവർ നീന്തി മറു കരയിലെത്തി കുമാരനോട് കാര്യങ്ങൾ പറഞ്ഞു. ബുദ്ധിശീലനെ കണ്ട കാര്യം പറയാനും അവർ മറന്നില്ല. തൻ്റെ അച്ഛൻ ശയ്യാവലംബിയായികിടക്കുന്നു എന്ന് കേട്ടപ്പോൾ ബുദ്ധിമാൻ വിഷാദചിത്തനായി. കുമാരൻ അവരെ മൂപ്പൻ്റെ അടുത്തേയ്ക്ക് കൊണ്ട്
പോയി. മൂപ്പനോട് അവർ കാര്യങ്ങൾ സംസാരിച്ചു. “ഞാൻ നിങ്ങളോട് വളരെയധികം കടപ്പെട്ടിരിയ്ക്കുന്നു. തത്ക്കാലം എനിയ്ക്ക് വിട തരിക,” കുമാരൻ പറഞ്ഞത് കേട്ട് മൂപ്പൻ ആകെ വിഷമത്തിലായി. തൻ്റെ ആയുധങ്ങളെടുത്ത് കുമാരൻ മണിക്യനേയും മല്ലികയേയും കാണാനെത്തി. അവരെ കണ്ടപ്പോൾ കുമാരന് ഒരു കാര്യം മനസ്സിലായി. തൻ്റെ ഈ വളർച്ചയ്ക്ക് പിന്നിൽ ഇവരാണ്. ഇവരുടെ സ്നേഹമാണ്. ഇവരെ കൈവിട്ടു കൂടാ. മൂപ്പൻ അപ്പോഴാണ് അങ്ങോട്ട് വന്നത്. “കുമാരൻ ഞങ്ങളെയൊന്നും മറക്കരുത്,” മൂപ്പൻ ഗദ്ഗദത്തോടെ പറഞ്ഞു. “ഇല്ല. എങ്കിലും, എന്നും ഓർമ്മിക്കാൻ അവിടുന്ന് എനിക്കൊരു സമ്മാനം തരുമോ?” കുമാരൻ ചോദിച്ചു. മൂപ്പൻ അമ്പരന്നു. “മല്ലികയെ എനിയ്ക്ക് വിവാഹം ചെയ്തു തരുമോ?,” കുമാരൻ ചോദിച്ചു.
മൂപ്പൻ്റെ മനസ്സിൽ ആഹ്‌ളാദം തിര തല്ലി. മല്ലിക നാണിച്ച് നിന്നു. മാണിക്യൻ മെല്ലെ മുൻപോട്ട് വന്ന് കുമാരനെ ആലിംഗനം ചെയ്തു.

പിറ്റേന്ന് തന്നെ ബുദ്ധിമാൻ്റെയും മല്ലികയുടെയും വിവാഹം നടന്നു. പിന്നീട് അവർ രാജകൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു. കാൽനടയായുള്ള യാത്രയായതിനാൽ ഭക്ഷണസാധനങ്ങളും അവർ കൈയിൽ കരുതി. അനേക ദിവസങ്ങളിലെ യാത്രയ്ക്ക് ശേഷം അവർ കൊട്ടാരത്തിലെത്തി. മഹാറാണി മകനെ കണ്ടതിൻ്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു. മരുമകളെ സ്വന്തം മകളായി സ്വീകരിച്ചു. ബുദ്ധികേശ്വര രാജാവാകട്ടെ പതുക്കെ എഴുന്നേറ്റിരിയ്ക്കാൻ ശ്രമിച്ചു. ബുദ്ധിശീലൻ മുനിയുടെ അടുത്തുണ്ടെന്ന വിവരവും അവരെ
ആഹ്ളാദചിത്തരാക്കി. അവിടെയുണ്ടായിരുന്ന നാലാം മന്ത്രിയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല.
എന്നാൽ മകൻ വന്നപ്പോൾ മഹാരാജാവിന് ഒരു ബലം കിട്ടിയ പോലെ. ഉടനെ തന്നെ നാലാം മന്ത്രിയെ തുറങ്കിലടയ്ക്കാൻ ബുദ്ധികേശ്വരൻ ഉത്തരവിട്ടു.കൂടാതെ തടവിലിട്ടിരുന്ന മൂന്ന് മന്ത്രിമാരെ മോചിപ്പിക്കുകയും ചെയ്തു. ബുദ്ധിസിംഹനെ മാത്രംകാണാനായില്ലല്ലോ എന്ന ദുഃഖം മാത്രം മഹാരാജാവിനേയും രാജ്ഞിയേയും അലട്ടി. മല്ലന്മാർ ഭടന്മാരേയും കൂട്ടി ബുദ്ധിസിംഹനെ തിരയാൻ പുറപ്പെട്ടു.

X
അമരസിംഹൻ്റെ കൊട്ടാരത്തിൽ കിടന്നുറങ്ങുകയാണ് ബുദ്ധിസിംഹൻ. അദ്ദേഹത്തിൻ്റെ നെഞ്ചത്ത് ഒരു പുസ്തകവുമുണ്ട്. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയതാകാം. എന്നാൽ ഉറക്കത്തിൽ ബുദ്ധിസിംഹൻ
ഞെരങ്ങുന്നു, പിടയുന്നു, പിന്നെ ഞെട്ടിയുണരുന്നു. എഴുന്നേറ്റിരുന്ന കുമാരൻ കുറച്ച് നേരത്തേക്ക് അനങ്ങിയില്ല. രണ്ടു നിമിഷത്തിന് ശേഷമാണ് സ്വബോധം തിരിച്ച് കിട്ടിയത്. താനാകെ വിയർത്ത് കുളിച്ചിരിയ്ക്കുന്നു .താനിപ്പോൾ കണ്ട സ്വപ്നം! അത് വീണ്ടും കുമാരനെ വേട്ടയാടി. അതെ, കുമാരനൊരു സ്വപ്‍നദർശനമുണ്ടായിരിയ്ക്കുന്നു. തൻ്റെ മാതാപിതാക്കളുടെ രക്തം പുരണ്ട മുഖങ്ങൾ! കുമാരന് കുറ്റബോധം തോന്നി. താൻ വായനയുടേയും ഗ്രന്ഥങ്ങളുടേയും ലോകത്ത് കഴിഞ്ഞു. അറിവെന്ന ജലം ഒരു തുള്ളി കുടിച്ചപ്പോൾ വിജ്ഞാനദാഹം ഇരട്ടിച്ചു. ആർത്തിയോടെ വീണ്ടും വീണ്ടും കുടിയ്ക്കാൻ തുടങ്ങി. പുസ്തങ്ങളാണ് കൂട്ടുകാർ. എന്നാൽ താൻ മറന്നു പോയി – ഒരിക്കലും മറക്കരുതാത്ത സത്യം – അച്ഛനേയും അമ്മയേയും. അവർക്കെന്ത് സംഭവിച്ചിരിയ്ക്കും? സഹോദരങ്ങൾ വീണ്ടും കിരീടാവകാശത്തിനായി വഴക്ക് കൂടുന്നുണ്ടാകുമോ? രാജ്യഭാരം ഒട്ടും ആനന്ദകരമല്ല. ധാരാളം പ്രയത്നവും ഉത്തരവാദിത്വബോധവും വേണ്ടതാണ്. തനിയ്ക്ക്
സാഹിത്യത്തോടാണ് അഭിരുചി. രാജ്യഭാരത്തോടല്ല. അത് കൊണ്ട് രാജഭരണം വിട്ട് കൊടുക്കുക തന്നെ. എങ്ങനെയായാലും അതിൻ്റെ പേരിൽ സഹോദരങ്ങളുമായി പിണങ്ങാൻ ഇട വരുത്താതിരിയ്ക്കട്ടെ ഈശ്വരൻ.
ബ്രാഹ്മമുഹൂർത്തമാരംഭിച്ചു. കുമാരൻ വേഗത്തിൽ പ്രഭാതകൃത്യങ്ങൾ കഴിച്ചു. നേരം പുലർന്നപ്പോൾ അമരസിംഹമഹാരാജാവിൻ്റെ അടുത്തെത്തി. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു, “എനിയ്ക്ക് വിട തന്നാലും.”
അമരസിംഹൻ പറഞ്ഞു, “നിനക്ക് ഭാവിയുണ്ട്. സാഹിത്യത്തിലുള്ള താത്പര്യം എല്ലാവർക്കും ലഭിക്കുന്നതല്ല. നിനക്കതിൽ അഭിരുചിയുണ്ട്. വായനാശീലം തുടരണം.” “ശരി, രാജൻ,” കുമാരൻ പ്രതിവചിച്ചു.
കഴിഞ്ഞ ദിവസം കുമാരനെഴുതിയ “നിലാസ്പർശം” എന്ന കവിത സാഹിത്യസദസ്സിൽ ചർച്ചാവിഷയമായിരുന്നു. മനോഹരമായ ആ കാവ്യത്തേയും കുമാരനേയും എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. സൂര്യകുമാരനും മഹാരാജ്ഞിയും യാത്രയയ്ക്കുവാൻ വന്നിരുന്നു. രഥം തയ്യാറായിരുന്നു. താമസിയാതെ കുമാരൻ യാത്ര ആരംഭിച്ചു. ഈവ്വിധം അമരപുരിയും അമാനപുരവും തമ്മിലുള്ള സുഹൃദ്ബന്ധവും
ഊട്ടിയുറപ്പിക്കപ്പെട്ടു. ദിവസങ്ങൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ബുദ്ധിസിംഹൻ അമാനപുരത്തെത്തി. അവിടെയതാ രോഗാതുരനായ പിതാവും, അടുത്ത് മാതാവും. പിന്നെ തൻ്റെ സഹോദരനും ഭാര്യയും.
ബുദ്ധിസിംഹൻ അവരിൽ നിന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി. രണ്ടു

വർഷം മുമ്പ് പടവെട്ടിയ ആ സഹോദരന്മാർ തമ്മിൽ പുണർന്നു. എന്നാൽ മൂന്ന് മന്ത്രിമാർക്കും വീണ്ടും വിഷാദമായി. ഇവരിൽ ആരെയാണ് അടുത്ത രാജാവാക്കേണ്ടത്? അവർ കുമാരന്മാരോട്
തന്നെ ചോദിച്ചു. രണ്ടു പേരും രാജ്യഭാരത്തിൽ നിന്നും ഒഴിഞ്ഞു മാറി. രാജ്യഭാരത്തിൻ്റെ നൂലാമാലകൾ ഇന്നവർക്കറിയാം. കളിയല്ല രാജഭരണം. ബുദ്ധിശീലനെ കാണാൻ രണ്ട് സഹോദരന്മാർക്കും ആഗ്രഹം തോന്നി. അവർ നേരെ വനത്തിലേക്ക് ചെന്ന് ബുദ്ധിശീലനെ കണ്ടു. ഒരു തീരുമാനം ഇന്ന് ഉണ്ടാവണം. മന്ത്രിമാരും കുറച്ച് കൊട്ടാരം ജീവനക്കാരും ഭടന്മാരും പ്രധാനികളായ ചില പ്രജകളും കുമാരന്മാർ അകമ്പടി സേവിച്ചിരുന്നു.
ബുദ്ധിശീലൻ പറഞ്ഞു, “ഇനിയും അറിവ് നേടണം. ഈ മുനിയുടെ കാലശേഷം ഞാനൊരു സഞ്ചാരിയാവാൻ ആഗ്രഹിയ്ക്കുന്നു. ഞാനിപ്പോൾ ഒരു ഗ്രന്ഥമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. വായനയെ
പ്രോത്സാഹിപ്പിക്കുന്നതിലാണ് എൻ്റെ ശ്രദ്ധ.” “എങ്കിൽ ഈ രണ്ട് കുമാരന്മാരിലാരാവും കിരീടാവകാശി?,” ഒന്നാം മന്ത്രി ചോദിച്ചു. “എന്നേക്കാൾ പുസ്തകങ്ങൾ വായിച്ചും ചർച്ചകൾ നടത്തിയും അനുഭവ സമ്പത്ത് ബുദ്ധിസിംഹനാണ്. അതിനാൽ ബുദ്ധിസിംഹൻ രാജാവാകട്ടെ,” ബുദ്ധിമാൻ പറഞ്ഞു.
“അല്ല. അഭ്യാസമുറകൾ കൂടുതൽ പഠിച്ചത് ബുദ്ധിമാനാണ്. ഒരു രാജാവ് ഒരു നല്ല യോദ്ധാവായിരിയ്ക്കണം. അത് കൊണ്ട് എന്നേക്കാൾ യോഗ്യത ബുദ്ധിമാനാണ്,” ബുദ്ധിസിംഹൻ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി. ഇനി ആര് രാജാവാകാനാണ്?
ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം ബുദ്ധിസിംഹൻ പറഞ്ഞു, “നമ്മൾ മൂന്ന് പേരും നിമിഷങ്ങളുടെ വ്യതാസത്തിലാണ് ജനിച്ചത്. എന്നിരുന്നാലും ആദ്യം ജനിച്ചത് ബുദ്ധിമാനാണ്. ഞങ്ങളേക്കാൾ മുൻപേ ഈ ലോകത്തേയ്ക്ക് പ്രവേശിച്ചത് അദ്ദേഹമാണ്. അതിനാൽ തന്നെ ബുദ്ധിമാനാവണം അടുത്ത രാജാവ്.”
“ആദ്യം തിരിച്ചെത്തുന്നയാൾ രാജാവ്. അതായിരുന്നു ഞങ്ങളുടേയും തീരുമാനം. ആദ്യം തിരിച്ചെത്തിയത് ബുദ്ധിമാനാണ്,” രണ്ടാം മന്ത്രി പറഞ്ഞു. “ബുദ്ധിമാന് ഞങ്ങളുടെ പിന്തുണയുണ്ടാകും,” ബുദ്ധിശീലനും
ബുദ്ധിസിംഹനും ഒരുമിച്ച് പറഞ്ഞു. “ഞങ്ങളുടേയും,” മൂന്ന് മന്ത്രിമാരും പറഞ്ഞു.
കൂടെയുണ്ടായിരുന്ന പ്രജകൾ ബുദ്ധിമാന് “ജയ്” വിളിച്ചു. മൂപ്പൻ പഠിപ്പിച്ച പാഠങ്ങൾ ബുദ്ധിമാൻ്റെ മനസ്സിൽ ഒഴുകിയെത്തി. തർക്കങ്ങളിൽ മൂപ്പൻ തീരുമാനമെടുത്തിരുന്നത് കുമാരൻ ഓർമിച്ചു. ഭാര്യ മല്ലികയുടെ ആത്മാർത്ഥ സഹകരണം രാജ്യകാര്യങ്ങളിലും ഉണ്ടാകും എന്ന ഉറപ്പും സഹോദരങ്ങളുടെ പിന്തുണയും ബുദ്ധിമാന്മാരായ മന്ത്രിമാരുടെ സഹായവും കൂടി ആയപ്പോൾ ബുദ്ധിമാന് അല്പം ആത്മവിശ്വാസം തോന്നി.

“ശരി, നാം സമ്മതിച്ചിരിയ്ക്കുന്നു,” ബുദ്ധിമാൻ പറഞ്ഞു. കരഘോഷം മുഴങ്ങി. പർണ്ണശാലയിലെ വൃക്ഷലതാദികൾ ഇലകളിളക്കി സമ്മതം കാട്ടി. അങ്ങകലെ കർമ്മസാക്ഷിയായ സൂര്യൻ അസ്തമിക്കാനൊരുങ്ങി, പുതിയ ഉദയത്തിനായി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here