കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

1
597

കവിത
പാർവതി

നേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്?
കവിത: നിങ്ങൾക്കേതാണു മുഖം?

നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്?
ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!

നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്?
ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു സൗഖ്യമെവിടെയാണ്!

നേ: വലിയൊരധിനിവേശ തലസ്ഥാനത്തിന്റെ ആർപ്പുവിളികളിൽ ചേരാഞ്ഞതെന്താണ്?
ക: തീതുപ്പികളുടെയാർപ്പിൽ പങ്കില്ലാത്തവരാണു ഞങ്ങൾ

നേ: ഞങ്ങളുടെ സമാധാന ഉടമ്പടിയിലെത്തി നോക്കാഞ്ഞതെന്താണ്?
ക: ചോരയുടെയുടമ്പടിയിൽ ഞങ്ങൾക്കിടമില്ല

നേ: സമവായചർച്ചയ്ക്ക് ഒരുക്കമല്ലെന്നാണോ?
ക: നിങ്ങളുടെ ചാവുകടലിനോട് ഒരു സമവായവുമില്ല..
ഇരുട്ടു പൂശലിനോടൊരു സന്ധിയുമില്ല..
ഭൂപടമില്ലാ ഭൂമിയുടെ ഉടമകളാണു ഞങ്ങൾ;
കാററുപറഞ്ഞ കഥകളുടെ പാട്ടുകാർ!

നേ: കാത്തിരിക്കുന്നത് വധശിക്ഷയാണ്
ക: കാത്തിരിക്കുന്നതൊരു വലിയ ലോകമാണ്;
നിറങ്ങളും വെളിച്ചവും നിറഞ്ഞൊന്ന്!

നേ: ഊക്കനൊരു തോക്കിന്റെ ‘ഇമോജി’
ക: മഴവില്ലിമോജി!
നേ: ഊക്കനൊരു തോക്കും നീളനൊരു കത്തിയും.
ക: ഉച്ചഭാഷിണിയും പേനയും മാന്ത്രിക വടിയും!
നേ: കടുത്ത അപായ സൂചന

കവിത ചാറ്റ് നിറുത്തി.
ലൈവ് സ്ട്രീമിംഗിൽ വന്നുറക്കെ പാടാൻ തുടങ്ങി..
താളമടിച്ച്,
നൃത്തം ചവിട്ടി,
ഒരു ബാവുൽ ഗായികയെ പോലെ
ആവേഗത്തിൽ ചുവടുവച്ച്;
ആകാശത്തോളം ‘വൈറലാ’യ ഒരു കവിതയായി!

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here