മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ

0
354
Mahvappookkal-pozhiyumbol-dr-muhsina k ismail

കഥ

ഡോ. മുഹ്സിന. കെ. ഇസ്മായിൽ

സൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി  കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്‌ കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ അരിമണികൾ വേഗയുടെ ഉള്ളിൽ തറച്ചുനിന്നു.
“പർസോം…ഏ സപ്നാ പൂരി ഹോഗാ. ” അപ്പോൾ കൗശലിന്റെ മനസ്സിൽ തിളച്ചു പൊങ്ങുന്ന ആധിയുടെ തീവ്രത പക്ഷെ വേഗയറിഞ്ഞിരുന്നില്ല.
“കയിഞ്ഞിനാ?” സൂപ്പർ മാർക്കറ്റിലെ സ്റ്റാഫായ പയ്യനാണ്, മാസ്ക് മൂക്കിന് താഴേക്കു ഊർന്നു പോയിരിക്കുന്നു. ഒരു റിഫ്ലക്‌സ് എന്നോണം ഇരു വശത്തേക്കും നോക്കി വേഗ ആ പയ്യന്റെ കയ്യിൽ പ്ലാസ്റ്റിക് കവർ കൊടുത്തു. അന്ന് കൗശലിന്റെ കയ്യിൽ ആ തുണി സഞ്ചി കൊടുത്തതു പോലെ. സാരിത്തുമ്പ് കൊണ്ട് നെറ്റി തുടക്കുമ്പോഴും നീറിത്തുടങ്ങിയ മനസ്സിനെ നിയന്ത്രിക്കാവാതെ വന്നാൽ ഉതിരുന്ന കണ്ണുനീർ ആ പയ്യനിൽ നിന്നും മറച്ചു വെക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു.

“പൈസാ ദോ. ഹംകൊ ബൊഹത് സാരേ കാം ഹേ.” മുറുക്കിച്ചുവപ്പിച്ച വായിലേക്ക് പാൻ കുത്തിത്തിരുകിക്കൊണ്ട് രാംദേവ് ആജ്ഞാപിച്ചു. കൊടുക്കാനൊട്ടും മനസ്സില്ലെങ്കിലും ഈ ഏഴ് വാക്കുകൾ കേൾക്കുമ്പോൾ അന്ന് പുതിയൊരു സ്‌ഥലത്ത് ഒളിപ്പിച്ചു വെച്ച പണമത്രയും അയാൾക്കെടുത്തു കൊടുക്കും. ഉള്ളിന്റെയുള്ളിൽ അടിച്ചമർത്തലിന്റെയും മുതലാളിത്വത്തിന്റെയും തീക്കനൽ പുകയുന്നുണ്ടെങ്കിൽ പോലും. പിരിവ് കഴിഞ്ഞു രാംദേവ് പോയിക്കഴിഞ്ഞാൽ എല്ലാവരും കൂട്ടം കൂടി നിന്ന് തങ്ങളുടെ നിസ്സഹായതയെ ഓർത്തു വിലപിക്കും, നാളെ ഒരു രക്ഷകൻ വരുമെന്ന് സ്വപ്നം കണ്ടു സമാധാനിക്കും. എന്നാലും അടുത്ത തവണ ഞാറു നടുമ്പോൾ വിളയുവാൻ പോകുന്ന നെൽക്കതിരുകളെക്കുറിച്ചാലോചിക്കുമ്പോൾ ഒരു കുഞ്ഞു പിറക്കാൻ പോകുന്ന സന്തോഷമാണ്. ഞങ്ങൾക്കെന്തോ, അത്രയ്ക്ക് വാത്സല്യമാണ് കൃഷിയിടത്തോട്. അതൊരു വികാരമാണ്. ഞങ്ങളെ ഒന്നിച്ചു കൂട്ടുന്ന ഒരു വികാരം.

“ഓണത്തിനു ഓഫറുണ്ടെന്ന് പറഞ്ഞു കടേല് കേറ്റാനുള്ള പരിപാടി കൊള്ളാ. ന്നിട്ട് ഇരട്ടി പൈസേം.”
“ഞങ്ങള് കട പൂട്ടിക്കും.” കൊറോണക്കാലത്തെ സോഷ്യൽ ഡിസ്‌റ്റൻസിങ് തൊട്ടുതീണ്ടാത്ത സൂപ്പർമാർക്കറ്റിലെ ബില്ലിംഗ് സ്ഥലത്തു നടന്ന വാക്ക് തർക്കങ്ങൾ കേട്ട് വേഗയ്ക്ക് മലയാളികളോട് അസൂയ തോന്നി. അഭിപ്രായസ്വാതന്ത്ര്യം—അതനുഭവിച്ചിട്ടില്ലാത്തവനെ അതിന്റെ വില അറിയൂ.
വാഴയിലയുടെ ഇടത്ത് നിന്നും ഓരോ കറികളായി വിളമ്പുമ്പോൾ വേഗയ്ക്ക് അത്ഭുതമായിരുന്നു. കറപിടിച്ച സ്റ്റീൽ പാത്രത്തിൽ കുടിച്ചു തീർത്ത കഞ്ഞിയുടെ ഉപ്പുരസം അപ്പോഴും നാവിൻ തുമ്പത്തു തട്ടി നിന്നു. 

ഒറ്റത്തടിയായ മരത്തിൽ നിന്നും വളഞ്ഞു പുളഞ്ഞു വരുന്ന മരച്ചില്ലകൾ. നീണ്ട തണ്ടുകളിൽ  നിന്നും തലകീഴായി കിടക്കുന്ന മഞ്ഞ പൂക്കൾ– ചൂട്ടിന്റെ അറ്റത്തു കത്തിനിൽക്കുന്ന തീനാളം പോലെ തിളങ്ങുന്നു. സൂര്യകിരണങ്ങൾ കൂർത്ത ഇലകളിലൂടെ അരിച്ചിറങ്ങുന്നതിനു മുൻപ് തന്നെ ഈ പുഷ്പങ്ങൾ മഹ്‌വാ മരത്തിനടിയിൽ പരവതാനി തീർത്തിട്ടുണ്ടാകും. അവ പെറുക്കുവാനായി അതിരാവിലെ കുട്ടകളുമായി പോകുന്നവരുടെ കൂട്ടത്തിൽ കൗശലുമുണ്ടായിരുന്നു. കുഞ്ഞുനാളിലെ മുതലുള്ള ശീലമാണത്രേ. പിന്നീടവനെ പലസ്ഥലങ്ങളിലും വെച്ചു ഞാൻ കണ്ടുമുട്ടി—നെൽപ്പാടങ്ങളിൽ, ഹാത് മാർക്കറ്റുകളിൽ, കന്നുകാലി ഫാമുകളിൽ. ഞാൻ പോകുന്നിടത്തെല്ലാം അവനുള്ളത് പോലെ. അതു യാദൃശ്ചികമല്ലെന്ന് പിന്നീടെനിക്കു മനസ്സിലായി.

അന്തരീക്ഷത്തിൽ അലയടിച്ചു വരുന്ന ചിറകടിശബ്ദം. അങ്ങനെ തുടർന്നുകൊണ്ടിരുന്നു—ഒരു ആവിയന്ത്രത്തിന്റെ നാദം പോലെ. അന്ന് കൗശൽ പോകുമ്പോൾ എന്താണെന്നോട് പറഞ്ഞത്? അവന്റെ കണ്ണുകൾ എന്താണ് സംസാരിച്ചത്? ഓർത്തെടുക്കുവാൻ ശ്രമിക്കുന്തോറും ഓടിയകലുന്നത് പോലെ. ഒരു പക്ഷെ, അന്നെനിക്കറിയില്ലായിരുന്നല്ലോ ഇനിയൊരിക്കലും കാണില്ലെന്ന്. നീണ്ട കാത്തിരിപ്പ്—തലയിൽ മഞ്ഞക്കിരീടമേന്തിയ വേഴാമ്പലിനെപ്പോലെ.

“കൗശൽ…കഹാം ഹേ വോ? ഉസ്‌കോ ബോലോ. രാംദേവ് ബടിയാ ഹേ, കിംഗ്‌ …കിംഗ്‌,” അക്ഷമയോടെ മുറ്റത്തു മുറുക്കാൻ കാർക്കിച്ചു തുപ്പുന്ന രാംദേവിന്റെ മുന്നിൽ പോയി കൗശലിന്റെ കൂലി കൂടി ഏറ്റുവാങ്ങാൻ എനിക്കെങ്ങനെ ധൈര്യം കിട്ടിയെന്നറിയില്ല. മുറത്തിൽ നിന്നും അരിമണികൾ കുറ്റയിലേക്കു വീഴുന്ന താളം പോലെ അവനുമെന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഒരു മുജ്ജന്മ സുഹൃത്തെന്നപോലെ. മഹ്‌വാ ചാറു കുടിച്ചു മത്തു പിടിച്ച്‌ രാംദേവിനോട് അവനെന്തെങ്കിലും കയർത്തു പറഞ്ഞിട്ടുണ്ടാകുമെന്നേ ഞാനന്ന് വിചാരിച്ചിട്ടുള്ളൂ. അന്ന് അച്ഛൻ പോയിടത്തേക്ക് തന്നെയാണ് കൗശലും എത്തിപ്പെട്ടതെന്നു പിന്നീടാണറിഞ്ഞത്.

“കൈ ഒണങ്ങിയാ കല്യാണം വൈകും ന്നാ,” ശാന്തേച്ചിയാണ്. കൂടെയുള്ളവരെല്ലാം ഭക്ഷണം കഴിച്ചെഴുന്നേറ്റിരിക്കുന്നു. ബാക്കിയായ പുളിയൻ നാരങ്ങാ അച്ചാറും ഇലയിൽ പറ്റിപ്പിടിച്ച് തുടങ്ങിയ ഓലനും ചോറിലേക്കു ചേർത്തു ഞാൻ ഇല മടക്കി എഴുന്നേറ്റു. ശാന്തേച്ചി വെളിച്ചെണ്ണയിലേക്കിട്ട പരിപ്പുവടയുടെ മണം അന്തരീക്ഷത്തിൽ പരന്നു. ഇല കുട്ടയിലിട്ട് വൈകുന്നേരത്തെ ബജ്ജിക്കുള്ള സവാള അരിയുവാൻ തുടങ്ങുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു—വട്ടത്തിലുള്ള തോരണങ്ങൾ.

അന്ന് സന്തോഷത്തിന്റെ നാളുകളായിരുന്നു—ചണ്ഡീസ്ഗഡ് എന്ന ഒരു സ്വതന്ത്ര സംസ്ഥാനം രൂപീകരിക്കുന്ന ദിവസം. തെരുവുകളിൽ സൈല നൃത്തവും കർമ്മ നൃത്തവും അരങ്ങേറി. ‘ചേർ ചേരാ…’ എന്ന ഗാനം പ്രത്യേക താളത്തിൽ ഉയർന്നു താഴ്ന്നു കേൾക്കാമായിരുന്നു. അന്നവിടെ കൗശൽ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു. ആരെക്കാളും കൂടുതൽ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള അവകാശം അവനുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. കൂട്ടിൽ അടയിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാൻ ദൂരേക്ക്‌ കണ്ണും നട്ടിരുന്നു. ആഘോഷ പരിപാടികളിൽ പങ്കുകൊള്ളുവാൻ അടുത്ത ദേശത്തു നിന്നുപോലും ആളുകളെത്തി. പക്ഷെ, കൗശൽ മാത്രം വന്നില്ല.

“അഞ്ച് ഓണസദ്യ.”
“സദ്യ തീർന്നോ?”
ഉച്ചകഴിഞ്ഞിട്ടും ആളുകൾ സദ്യക്കായി പാച്ചിൽ തന്നെ. ഇതറിഞ്ഞിരുന്നെങ്കിൽ ഒരു അഞ്ചുകിലോ അരികൂടി വെക്കാമായിരുന്നു എന്നു ശാന്തേച്ചി. ഒരുപാട് നാൾ കാത്തിരുന്ന സ്വാതന്ത്ര്യം ലഭിച്ചിട്ടും അമ്മയുടെ നാടായ  കേരളത്തിലേക്ക് വണ്ടി കയറിയത് ഇവിടെ ആരുമുണ്ടെന്ന് പ്രതീക്ഷിച്ചിട്ടല്ല, കൗശലിനി വരില്ല എന്നുറപ്പുള്ളത് കൊണ്ടുമാത്രമാണ്. കൗശലിനെ കണ്ടുമുട്ടിയപ്പോൾ മുതൽ മനസ്സിലാഗ്രഹിച്ചതും അതുതന്നെയാണ്—വീറും വാശിയുമുള്ള ചെറുപ്പക്കാർ ചെന്നുചാടുന്ന നക്സലേറ്റുകളുടെ കൂട്ടത്തിൽ അവനും പെട്ടു പോകല്ലേ എന്ന്. വളരെപ്പെട്ടെന്ന് തണ്ടിൽ നിന്നും ഉതിർന്നു പോകുന്ന മഹ്‌വാ പുഷ്പങ്ങളും ദുഃഖിക്കുന്നുണ്ടാകുമോ?
മഹ്‌വാ പൂക്കൾക്കും വേഴാമ്പലിനും ഒരു നിറം തന്നെയല്ലേ?  


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here