വായന
യഹിയാ മുഹമ്മദ്
പുസ്തകം: അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ
എഡിറ്റിങ്: ലസിത സംഗീത്
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്
വില: 380
“മരിച്ചവരും ജീവിച്ചിരിപ്പവരും
തമ്മിലെന്തന്തരം
ജീവിച്ചിരിപ്പവരെ
കാണുമ്പോൾ നാമോർക്കും
മരിച്ചവരെ
ഓർക്കുമ്പോൾ കാണും
അത്ര മാത്രം.”
ആർക്കും എങ്ങനെയും കൂടുകൂട്ടാൻ പാകത്തിൽ സൗഹൃദത്തിൻ്റെ ചില്ലകൾ വിരിച്ചിട്ട ഒറ്റമരമാണ് അക്ബർ മാഷ്. എഴുത്ത് ജീവിതത്തിന് പുറമേ അക്ബർ മാഷെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം.
അത് അന്വർത്ഥമാക്കുന്നുണ്ട് ലസിത സംഗീത് എഡിറ്റിംഗ് നിർവ്വഹിച്ച “അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ ” എന്ന പുസ്തകം. സൗഹൃദത്തിന്റെ ഒരു നീണ്ട നിര. എം.ടിയും, സത്യൻ അന്തിക്കാടും, അടൂരും, മുകുന്ദനും, പി.ഹരീന്ദ്രൻ നാഥും, വീരാൻ കുട്ടിയും, ഖദീജാ മുംതാസും, മുതുകാടും, തുടങ്ങി ചെറുതും വലുതുമായ നാനാതുറയിലുള്ള എഴുപത്തഞ്ചോളം ആളുകളുടെ സൗഹൃദം തുളുമ്പുന്ന കുറിപ്പുകൾ.
അതിലെ ഒരോ കുറിപ്പുകളും വായിക്കുമ്പോൾ സൗഹൃദം മനസിൽ നനവായ് സൂക്ഷിക്കുന്ന ഏതൊരാളുടെയും കണ്ണുകൾ ഈറനണിയും. അത്രമാത്രം വൈകാരികമാവുന്നു ആ കുറിപ്പുകൾ എന്നതുകൊണ്ടുതന്നെയാണ്. അത് സംഭവിച്ചത് അക്ബർ മാഷ് എന്നും മനസിൽ കൊണ്ടു നടന്ന സൗഹൃദത്തിന്റെയും നന്മയുടെയും മാന്ത്രികതയുടെയും അനന്തരഫലം കൊണ്ടുമാത്രമാണ്.
കുറിപ്പുകൾ ഓരോന്നിലും എഴുത്തുകാരനിലൂടെ അനിയന്ത്രിതമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്ന സൗഹൃദത്തിൻ്റെ വേലിയേറ്റങ്ങൾ വായനക്കാരനേയും അക്ബർ മാഷുടെ പ്രിയപ്പെട്ട ചങ്ങാതിമാരാക്കി മാറ്റുന്നു.
ഒരു ഓർമ്മ പുസ്‌തകം എന്നതിലുപരി ഇതൊരു സൗഹൃദത്തിൻ്റെ കൈ പുസ്തകമായി മാറുന്നത് അത്രമാത്രം സൗഹൃദത്തിൻ്റെ നീരൊഴുക്ക് ഉള്ളത് കൊണ്ടാണ്.
മാഷ് വന്നു പോവുന്ന ഓരോ നിമിഷത്തിലും നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിയുന്ന ഓർമ്മകൾ നിക്ഷേപിക്കുന്നു. ആ ഓർമ്മകൾ വിത്തായും അതു പിന്നെ മരമായും ഫലമായും പൂത്തു തളിർത്തു നിൽക്കുന്നുണ്ട് എന്നത് ഒരോ കുറിപ്പിൽ നിന്നും വ്യക്തമാവുന്നു.
ഇങ്ങനെ ഒരു പുസ്തകം സ്വരുക്കൂട്ടുന്നതിൽ ഇതിന്റെ എഡിറ്റർ ലസിത ഈ പുസ്തകം എൻ്റെ ഗുരദക്ഷിണയാണ് എന്നാണ് പറയുന്നത്. ”എനി എനിക്ക് എഴുതാനൊന്നും ആവൂല മാഷെ ..ഞാൻ എഴുതുന്നോന്നും നന്നാവൂല്ല “എന്ന് പറഞ്ഞപ്പോൾ അതേ നാടൻ ഭാഷയിൽ തന്നെ മാഷ് പറഞ്ഞു “നീ എഴ്ത്… നന്നാവുന്നുണ്ടോ എന്നൊക്കെ പിന്നെ അലോചിക്കാം”- അതൊരു സൗഹൃദത്തിന്റെ പാലമായിരുന്നു. ലസിത പോലുമറിയാതെ മാഷവളിലേക്ക് കടന്നുചെല്ലുകയായിരുന്നു.
മുതുകാടിന്റെ ഭാഷയിൽ പറഞ്ഞാൽ ഇതുപോലെ ചെറുതും വലുതുമായ ഏതൊരു മനുഷ്യന്റെ ഉള്ളിലേക്കും കടന്നു ചെല്ലാൻ പാകത്തിൽ തന്നെ രൂപപ്പെടുത്തിയ ഒരു മജിഷ്യൻ കൂടിയായിരുന്നു അക്ബർ..
സത്യൻ അന്തിക്കാട് പറയുന്നത് പോലെ അക്ബർ കക്കട്ടിൽ ഒരാളല്ല പല അക്ബറുമാരുണ്ട് എഴുത്തുകാരനായ അക്ബർ, സുഹൃത്തായ അക്ബർ, അധ്യാപകനായ അക്ബർ, സംഘാടകനായ അകബർ, പ്രഭാഷകനായ അക്ബർ, പാഠപുസ്തക കമ്മിറ്റിയിലെ അക്ബർ, നർമ്മ സംഭാഷകനായ അക്ബർ, ഇതിൽ ഏത് അക്ബറാണ് നമ്മെ വിട്ടുപിരിഞ്ഞത് എന്നറിയില്ല. ഇതിൽ ഏതോ ഒരക്ബർ മാത്രമാണ് നമ്മെ വിട്ടുപിരിഞ്ഞിട്ടുള്ളൂ.
ഖദീജാ മുംതാസിന്റെ ഓർമ്മയിൽ “അക്ബർ മാഷെ എനിക്ക് നേരിട്ട് പരിചയമില്ലല്ലോ” എന്നു പറഞ്ഞപ്പോൾ ഖദീജയെ എനിക്ക് അറിയാലോ.. നമ്മുടെ നാട്ടുകാരിയല്ലെ എന്ന് നിഷ്ക്കളങ്കമായി പ്രതികരിക്കുന്നു.
ഒരു കുടുംബനാഥൻ എങ്ങനെയായിരിക്കണം എഴുത്തുകാരനെന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും തൻ്റേതായ മുദ്ര പതിപ്പിച്ച അക്ബർ മാഷ് ഒരു കംപ്ലീറ്റ് ഫാമിലിമാനാണെന്ന് മകൾ സിത്താര തൻ്റെ കുറിപ്പിലൂടെ നമുക്ക് വരച്ചുതരുന്നു. അതിൽ ഒരു പിതാവെങ്ങനെയായിരിക്കണമെന്ന പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.
സ്നേഹത്തിന്റെ പല തലങ്ങൾ ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. മുകുന്ദൻ സാർ ഓർക്കുന്നതു പോലെ മാഷുടെ സ്നേഹവും സൗഹൃദവും സാന്നിദ്ധ്യവും ഒരു ഔഷധം പോലെ മനസിന് സ്വാന്തനം നൽകുന്നുണ്ട്.
ഒടുക്കം സൗഹൃദ ലോകത്തെ മൊത്തം നോവിലാഴ്ത്തി, സ്നേഹത്തിൻ്റെ ആ വൻമരം തണലു ബാക്കിയാക്കി പിരിഞ്ഞു പോയി. ” പുലർച്ചക്ക് ഇടിത്തീ പോലെയാണ് ആ ഫോൺ കോൾ വന്നത് “ഹരീന്ദ്രാ നീ ടെൻഷനടിക്കരുത് നമ്മുടെ അക്ബർ മാഷ് പോയി”……
ആർക്കാണ് വിഷമിക്കാതെ കണ്ണു നനയാതെ ആ വാർത്ത കേൾക്കാനാവുക!
മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനായ അക്ബർ മാഷ് തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു എന്ന് വായനാ ലോകത്തെ പരിചയപ്പെടുത്താൻ ഈ പുസ്തകത്തിലൂടെ ലസിതക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.
മലയാളിയുടെ വായനാ വസന്തത്തിൽ ഈ ഒരു പുസ്തകം ഇതിനോടകം തന്നെ ഒരൊറ്റമരക്കാടായി ഇടം പിടിച്ചു കഴിഞ്ഞു എന്നത് സന്തോഷകരം തന്നെ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.