പത്മശ്രീ രാമചന്ദ്ര പുലവർ

0
562
padmasree-ramachandra-pulavar

തോൽപ്പാവക്കൂത്ത് കലാകാരൻ | പാലക്കാട്

1960, മെയ് 25 ന് ഷൊർണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ, പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്രപുലവരുടെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം തലമുറയിലെ കലാകാരനായി തോൽപ്പാവക്കൂത്ത് രംഗത്ത് കലാപ്രകടനം ആരംഭിച്ചു.പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ്‌ ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു. 1982 മുതൽ അഞ്ചുവർഷം മഹാരാഷ്‌ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത്‌ പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്‌കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച്‌ തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്‌സ് പേഴ്‌സനാണ്‌.

പിതാവിൽ നിന്നും അഭ്യസിച്ച കേരളത്തിലെ ഷാഡോ പപ്പറ്റ് ആയ പാവകളിയെ ക്ഷേത്ര കല എന്നതിൽ നിന്നും ലോകപ്രശസ്തകലാരൂപമാക്കിയതിൽ രാമചന്ദ്ര പുലവരുടെ പങ്ക് വലുതാണ്.

രാമചന്ദ്ര പുലവര്‍ പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റുകയായിരുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അവതരിപ്പിച്ചു വന്ന രാമായണം കഥകൾക്കു പുറമെ ഗാന്ധിയും നെഹ്രുവും യേശു ക്രിസ്തുവും ഒക്കെ പാവകൂത്തിലൂടെ രംഗത്ത് എത്തിക്കുവാൻ രാമചന്ദ്ര പുലവർ നടത്തിയ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടു.ഇത്തരത്തിൽ സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ ഇരുളിനെ കലയുടെ വെളിച്ചത്തിൽ നിർത്തി ചോദ്യം ചെയ്യുന്നുണ്ട് ഈ കലാകാരൻ.

padmasree-ramachandra-pulavar-02

ഇന്ന് മലബാർ മേഖലയിലെ നാൽപത്തി അഞ്ചോളം ക്ഷേത്രങ്ങളിൽ രാമചന്ദ്ര പുലവരും സംഘവും തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നുണ്ട്. തോൽപ്പാവക്കൂത്തിൽ വലിയ പ്രാവീണ്യം നേടിയ രാമചന്ദ്ര പുലവർ, കഴിഞ്ഞ അമ്പതു വർഷക്കാലമായി സ്കൂളുകളിലും മറ്റു വേദികളിലുമായി വർക്ക് ഷോപ്പുകളും അവതരണങ്ങളും നടത്തി വരുന്നു.

റഷ്യ, സ്വീഡൻ, സ്പെയിൻ, അയർലന്റ്, ജർമനി, ഗ്രീസ്, ജപ്പാൻ, ചൈന, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.

പുരാണകഥകളാണ് തോൽപ്പാവക്കൂത്തിൽ പരമ്പരാഗതമായി അവതരിപ്പിച്ചു വരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലിചരിതം, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കഥകളും, എച്ച് ഐ വി ബോധവൽക്കരണം, കൊറോണക്കൂത്ത് തുടങ്ങിയ ബോധവൽക്കരണക്കൂത്തുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

padmasree-ramachandra-pulavar-04

സിനിമയുടെ പുരാതനരൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാനും പുതിയ തലമുറയിലെ കലാകാരന്മാർക്ക് പരിശീലിപ്പിക്കാനുമായി തന്റെ സർക്കാർ ഉദ്യോഗം അദ്ദേഹം പാതിവഴിയിൽ ഉപേക്ഷിച്ചു.

കേരളത്തിലെ ഇതര പാവകളികളായ നൂൽപ്പാവക്കളി, കോൽപ്പാവക്കളി, പാവകഥകളി തുടങ്ങിയ പാവകളികളെ ചേർത്തു നിർത്തി മുന്നോട്ടു കൊണ്ടു പോകുന്ന ഇദ്ദേഹം, ഇപ്പോൾ സ്വന്തം ഭവനത്തിൽ പാവകളി തിയറ്റർ നിർമ്മിച്ച് അവതരിപ്പിച്ചു വരുന്നു. മക്കളും പാവക്കൂത്ത് രംഗത്ത് പ്രശസ്തരാണ്.

പലയിടങ്ങളിലും ഉള്ളതുപോലെ പാവക്കൂത്ത് എന്ന കലയിലും സ്ത്രീകള്‍ക്കു വിലക്കാണ്. കൂത്ത്മാടങ്ങൾ സ്ത്രീക്ക് നിഷിദ്ധമായിരുന്ന രീതി മാറ്റം വരുത്താന്‍ ഇദ്ദേഹം നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. ഇതില്‍ അസഹിഷ്ണുത പൂണ്ട ചിലരുടെ ഇടപെടലുകൾ കാരണം രണ്ടു ക്ഷേത്രങ്ങളില്‍ പാവക്കൂത്ത് നടത്തുന്നതിന് ഇദ്ദേഹത്തിന് വിലക്കായി.

padmasree-ramachandra-pulavar-03

ചിത്രം, ശില്‍പ്പം, സംഗീതം, വാദ്യം, സാഹിത്യം ഇവയെല്ലാം ചേര്‍ന്നതാണ് നിഴല്‍ പാവക്കൂത്ത്. ഇതിനായ് ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും ചിട്ടപ്രകാരം പഠിക്കുക എന്നത് ഏറെ ശ്രമകരമാണ്. എന്നാല്‍ ഒരുപാടു സ്ത്രീകള്‍ പാവക്കൂത്തു പഠിക്കാന്‍ താത്പര്യത്തോടെ വരുന്നുണ്ട്. വരുംകാലങ്ങളില്‍ പ്രതിസന്ധികള്‍ അതിജീവിച്ചു സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പാവക്കൂത്തു നടത്തുമെന്ന് ഈ കലാകാരൻ പ്രത്യാശിക്കുന്നു. നിലവില്‍ ക്ഷേത്രത്തിനു പുറത്തുള്ള മറ്റു വേദികളില്‍ ഒട്ടേറെ സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ട് പാവക്കൂത്ത് അവതരിപ്പിക്കപ്പെടുന്നുണ്ട്. പാവനിര്‍മ്മാണം മുതല്‍ കലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും സ്ത്രീകള്‍ ഒപ്പമുണ്ട്.

ഐതിഹ്യപ്രകാരം സ്ത്രീകള്‍ കൂത്തുമാടത്തില്‍ കയറാന്‍ പാടില്ല. എന്നാല്‍ രാമചന്ദ്ര പുലവര്‍ സ്ത്രീകളെ അകത്തു കയറാന്‍ അനുവദിക്കാറുണ്ട്. അകത്തു കയറി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ടായിട്ടും മാറി നിൽക്കുന്നവരെ മുന്‍കൈ എടുത്തു പ്രാര്‍ത്ഥിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കാറുമുണ്ട്.

ഇത്തരത്തിൽ ആചാരങ്ങൾക്കപ്പുറം ശരിയായ വിചാരങ്ങൾക്ക് കൂടെ പ്രാധാന്യം നൽകുന്ന കലാകാരന്മാരുടെ നിരയിൽ ഇദ്ദേഹത്തിന്റെ പേര് കൂടെ എഴുതി ചേർക്കേണ്ടതുണ്ട്.

padmasree-ramachandra-pulavar-05

പ്രധാന അവതരണങ്ങൾ

  • 1968-ൽ ലോകമലയാളസമ്മേളനത്തിൽ പാവക്കൂത്ത്‌ അവതരിപ്പിച്ചു.
  • 1979-ൽ റഷ്യൻ പര്യടനം.
  • മാലിന്യ മുക്‌ത കേരളം, ജലദൗർലഭ്യം, മതമൗത്രി, ഗാന്ധിചരിത്രം തുടങ്ങിയ തുടങ്ങിയ സംഭവങ്ങളെല്ലാം പാവക്കൂത്ത്‌ രൂപത്തിൽ അവതരിപ്പിച്ചു. യേശുവിന്റെ കഥയെ ആസ്‌പദമാക്കി മിശിഹാ ചരിത്രം കൂത്ത്‌ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൃതികൾ

  • തോൽപ്പാവക്കൂത്ത്

പുരസ്കാരങ്ങൾ

  • ജൂനിയർ ഫെലോഷിപ്പ് – 1991
  • പാവകളി രംഗത്തെ മികച്ച സേവനത്തിന് മദർസ് ക്രാഫ്റ്റ് ഫൗണ്ടേഷനിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ്- 2008
  • എക്സലൻസ് അവാർഡ്.
  • ചിത്രവിർദു ബഹുമതി
  • തായ്ലന്റ് സർക്കാർ പുരസ്കാരം 2011
  • കേരള ഫോക്ക്ലോർ അക്കാദമി പുരസ്കാരം – 2011
  • ഡോ. ബി ആർ അംബേദ്ക്കർ കേരള സ്റ്റേറ്റ് അവാർഡ് – 2012
  • കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാർ – 2013
  • തോൽപ്പാവക്കൂത്തിലെ പ്രവർത്തന സംഭാവനയ്ക്ക് കേന്ദ്ര സംഗീത നാടക പുരസ്കാരം.
  • ചുമ്മാർ ചൂണ്ടൽ ഫോക്‌ലോർ അവാർഡ്
  • പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റിയതിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു- 2021

padmasree-ramachandra-pulavar-01

വ്യക്തിവിവരങ്ങൾ

ജന്മദിനം – 25/05/1960
ഔപചാരിക വിദ്യാഭ്യാസം – പ്രീ-ഡിഗ്രീ
ഭാഷകൾ – മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി
വിലാസം – പുലവർ നിവാസ്, കൂനത്തറ, ഷോർണൂർ, പാലക്കാട് – 679523
ഫോൺ – 0466-2227226
മൊബൈൽ – 09846534998
ഇ-മെയിൽ – tholpavakoothu@gmail.com
വെബ്സൈറ്റ് – http://tholpavakoothu.in

LEAVE A REPLY

Please enter your comment!
Please enter your name here