വായന
തപൻ കെ.പി
ഏഴാം ക്ലാസ്സ് വിദ്യാർത്ഥി,
സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ചിറ്റാട്ടുകര
ഞാൻ ഏറ്റവും ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണ് ടി.എസ്.രവീന്ദ്രൻ എഴുതിയ “വിസ്മയം വിജ്ഞാനം” എന്ന പുസ്തകം. ആസ്വാദനത്തോടൊപ്പം വിജ്ഞാനവും പകർന്നു തരുന്ന ഒരു പുസ്തകമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ ഭൂമിയിൽ നമുക്കു ചുറ്റും വൈവിദ്ധ്യവും വൈചിത്ര്യവുമുള്ള എത്രയെത്ര ജീവികളാണുള്ളത്. അവയെപ്പറ്റി നമുക്ക് അറിയാവുന്നതോ, വളരെ കുറച്ച് കാര്യങ്ങളും. നമുക്ക് അറിയുന്നതും അറിയാത്തതുമായ ഏതാനും ജീവികളെയും, അവയുടെ ജീവിത രീതികളെയും ആവാസ വ്യവസ്ഥകളെയും കുറിച്ച് പ്രതിപാദിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു പുസ്തകം തന്നെയാണിത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് അടുത്തുളള അറത്തിൽ ആണ് ടി.എസ് രവീന്ദ്രൻ ജനിച്ചത്. അധ്യാപകനായിരുന്നു. ജനവിരുദ്ധ വികസന നയങ്ങൾ തുറന്നുകാട്ടുന്ന ‘ഭീകരതയുടെ നാനാർത്ഥങ്ങൾ’ ആണ് ആദ്യ പുസ്തകം.’ ‘ശാസ്ത്രം അറിയുന്നതും അറിയാത്തതും’, ‘രസം രസകരം രസതന്ത്രം,’ ‘ശാസ്ത്രം- അർത്ഥവും വ്യാപ്തിയും’, ‘ഐൻസ്റ്റീൻ’, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കുട്ടികൾക്ക് വേണ്ടി പാഠാനുബന്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ലേഖനങ്ങൾ എഴുതി വരുന്നു. പെരിങ്ങോം ഗവ: ഹൈസ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു.
ഈ പുസ്തകത്തിൽ ആകെ 27 അധ്യായങ്ങളാണ് ഉള്ളത്. ഇവയെല്ലാം വളരെ രസകരവും പലതരം അറിവുതരുന്നതുമായ അധ്യായങ്ങളാണ്. വളരെ അറിവുതരുന്ന ഈ പുസ്തകത്തിൽ നിന്ന് എനിക്ക് കിട്ടിയ പുതിയ അറിവുകൾ അനേകമാണ്.
ജപ്പാനിലെ ഇഷിക്കാരി ഉറുമ്പുകളെക്കുറിച്ചും, ‘ഫിഷ്സില്ല’ എന്ന രക്ത ദാഹിയായ മീനിനെക്കുറിച്ചും, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ നൈൽ പേർച്ചിനെക്കുറിച്ചും, വിവിധതരം ദേശാടന പക്ഷികളെക്കുറിച്ചും ഞാൻ വളരെ കൗതുകത്തോടെയാണ് വായിച്ചത്.
ജീവികളെക്കുറിച്ചുള്ള അറിവു മാത്രമല്ല ഈ പുസ്തകത്തിൽ ഉള്ളത്. പൊതു വിജ്ഞാന അറിവും നമുക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു. രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികളാണെന്ന് ആദ്യമായി കണ്ടെത്തിയ ‘ബാക്ടീരിയോളജിയുടെ പിതാവ്’ എന്നറിയപ്പെടുന്ന ലൂയി പാസ്റ്ററെ കുറിച്ചും , 1876 ൽ ബാക്ടീരിയയെ കണ്ടെത്തിയ ഡച്ചുകാരൻ ലീവൻ ഹോക്കിനെ കുറിച്ചുമെല്ലാം പുസ്തകത്തിൽ പറയുന്നുണ്ട്.
ഐബീരിയൻ കാട്ടുപൂച്ച, ചുവന്ന ചെന്നായ, മാർമെറ്റ് അഥവാ മലയെലി, സുൻഡാ കാണ്ടാമൃഗങ്ങൾ എന്നിവ നിലവിൽ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. പ്രകൃതി ദുരന്തങ്ങൾ വരാനുള്ള കാരണവും,വന്നാൽ നമ്മൾ അനുഭവിക്കേണ്ട പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ പറയുന്നുണ്ട്. എന്റെ ശാസ്ത്രത്തിലുള്ള താൽപര്യം കൂട്ടുകയും ഓരോ കാര്യങ്ങൾ കണ്ടുപിടിക്കാനും അതിനെപ്പറ്റി അറിയാനുമുള്ള മനോഭാവം എന്നിൽ ഉണ്ടാക്കുകയും ചെയ്ത ഈ പുസ്തകം നിങ്ങളെല്ലാവരും വായിച്ചാൽ നന്നായിരിക്കും. വായി
ച്ചാൽ വളരെ വിസ്മയകരവും രസകരവുമായ അറിവു തരുന്നതുമായിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Good
Great language തപൻ.. നന്നായി