വായനാ
ഫാത്തിമ എം കെ
ഞാൻ ഫാത്തിമ എം കെ തിരുവങ്ങൂർ ഹയർ സെക്കഡറി സ്കൂളിൽ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കൂട്ടുകാരോട് എൻ്റെ ഒരു വായനാനുഭവം പങ്കുവക്കുകയാണ്. യു.കെ.കുമാരൻ മാസ്റ്ററുടെ ”ഓരോ വിളിയും കാത്ത്” എന്ന കഥയുടെ വായന കുറിപ്പാണ് ഞാൻ എഴുതാനുദ്ദേശിക്കുന്നത്. വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തിൻ്റെ കൃതികൾക്കെല്ലാം ജീവനുള്ളതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. മിക്കവയും നമ്മുടെ ജീവിതവുമായി ബന്ധമുള്ളതു തന്നെ . കൂട്ടുകാർക്കറിയാമോ ഈ കഥയുടെ വായനാനുഭവം തന്നെ പങ്കുവെക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ഈ വായന കുറിപ്പ് എനിക്ക് മാഷിന് തന്നെ നേരിട്ട് പറഞ്ഞു കേൾപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. നമ്മുടെ 10-ാം ക്ലാസിലെ ചേട്ടൻമാർക്കും ചേച്ചിമാർക്കുമൊക്കെ മലയാള പാഠപുസ്തകത്തിൽ പഠിക്കാനുള്ള പാഠഭാഗം കൂടിയാണിത്.
യു.കെ.കുമാരൻ മാഷിൻ്റെ “ഓരോ വിളിയും കാത്ത് ” എന്ന കഥ വായിച്ചപ്പോൾ എനിക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു. ആ കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ആ കഥയിലെ കഥാപാത്രങ്ങളും രംഗങ്ങളും ഒരു സിനിമ കാണുന്ന ഫീലിൽ എൻ്റെ മനസ്സിലൂടെ അങ്ങനെ കടന്നു പോയിട്ടുണ്ടായിരുന്നു. ആ അച്ഛനും അമ്മയും മകനും പിന്നെ ആ കണാരനുമൊക്കെ എൻ്റെ മനസ്സിൽ നിന്നും പോകുന്നേയില്ല. ഇപ്പോൾ നമുക്കിടയിലുള്ള മിക്ക കുടുംബങ്ങളിലും യാതൊരു ആത്മ ബന്ധവുമില്ല. പക്ഷെ ഈ കഥയിലെ അച്ഛനും അമ്മയും മകനും അവർ തമ്മിലുള്ള ആത്മബന്ധവുമൊക്കെ വല്ലാത്ത അനുഭവം തന്നെ. വയസ്സായ അച്ഛനും അമ്മയുമൊക്കെ ഈ കാലത്തിൽ വലിയ ഒരു ഭാരമാണ്. അവരെ എങ്ങനെ ഒഴിവാക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ടു തന്നെ എത്രമാത്രം വൃദ്ധസദനങ്ങളാണ് നമ്മുടെ നാട്ടിൽ പെരുകുന്നത്. ഈ കഥയിലെ മകൻ വയസ്സായ തൻ്റെ അമ്മയെ ജോലി സ്ഥലത്തേക്ക് കൂടെ കൊണ്ടു പോകുവാൻ കാണിക്കുന്ന ഉത്സാഹം അത് ശരിക്കും പറഞ്ഞാൽ പുതുതലമുറക്കുള്ള ഒരു വെല്ലു വിളിയാണ്. പിന്നെ അച്ഛനും അമ്മയും തമ്മിലുള്ള അടുപ്പം, ആ അമ്മ അച്ഛൻ്റെ വിളിക്കാത്ത വിളിക്കു പോലും മറുവിളി കൊടുക്കുന്നു. എന്തൊരു ബഹുമാനമാണ് അമ്മക്ക് അച്ഛനോട്. പക്ഷേ നാം കാണുന്ന പല വീടുകളിലും അങ്ങനെയൊന്നുമല്ല.
” മുറിയിൽ കിടന്നു കൊണ്ട് അച്ഛനെങ്ങനെ ഇതെല്ലാം മനസ്സിലാക്കുന്നു?” “ഓർക്ക് ഇതെല്ലാം കാണാൻ ഏടേം പോണോന്നില്ല ആടെ കെടന്നാലറിയാം കാറ്റ് എങ്ങോട്ടാ അടിക്കുന്നത് എന്ന് ” അദ്ദേഹത്തിൻ്റെ ഈ വരികൾ വായിച്ചപ്പോൾ എൻ്റെ മനസ്സിലേക്ക് കടന്നു വന്നത് ഈ ഒരു കാര്യമാണ്. നമ്മളെല്ലാം പറയും വയസ്സായ ആളുകൾ പറയുന്നതൊക്കെ എന്തൊക്കെയോ കാര്യങ്ങളാണ് അതൊന്നും ആരും ശ്രദ്ധിക്കാറുമില്ല. പക്ഷേ അവർ പറയുന്ന കാര്യങ്ങളൊക്കെ ഉള്ളതാണ് അതിന് നമ്മളാരും ചെവികൊടുക്കുന്നില്ല എന്നേയുള്ളൂ. അച്ഛൻ മരിച്ചു കഴിഞ്ഞിട്ടും ആ അമ്മ അച്ഛൻ്റെ ഇഷ്ടം അറിഞ്ഞു കൊണ്ടു തന്നെ ബലിയിടുമ്പോൾ കാപ്പിയും കൂടി ഇളനീരിനൊപ്പം വെക്കുന്നു. “കൊടുത്തു കഴിഞ്ഞ പലഹാരങ്ങൾ പുറത്തേക്കെടുത്ത് അമ്മ ഉമ്മറത്ത് വിളമ്പി. കണാരന് പുറമേ അയൽക്കാരായ ചാത്തുവച്ചനും അമ്പുകുറുപ്പുമുണ്ടായിരുന്നു കഴിക്കാൻ. ” അയൽക്കാരുമായിട്ടുള്ള അടുപ്പം അതാണിവിടെ സൂചിപ്പിക്കുന്നത്. ഇന്നാണെങ്കിൽ അടുത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ പേരുപോലും നമുക്കറിയില്ല. അതൊന്നുമറിയാൻ ഇന്ന് ആർക്കും നേരവുമില്ല താല്പര്യവുമില്ല എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ്. കഥയുടെ അവസാനം അച്ഛൻ മരിച്ച കാര്യം ഉൾകൊള്ളാതെ ആ പാവം അമ്മ അച്ഛൻ്റെ വിളിക്കായി കാത്തിരിക്കുന്നു. ” ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലന്ന് വെച്ചാൽ …” ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്. ഒരിക്കലും വിളിക്കില്ലാന്നറിഞ്ഞിട്ടും മകൻ്റെ കൂടെ പോകാതെ ആ അമ്മ അച്ഛൻ്റെ വിളിയും കാത്ത് നിൽക്കുന്നു. അതുകൊണ്ടുതന്നെ യു.കെ. കുമാരൻ മാഷിൻ്റെ ഈ കഥയുടെ “ഓരോ വിളിയും കാത്ത് ” എന്ന പേര് അർത്ഥവത്താകുന്നു.
എൻ്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ മാഷിൻ്റെ ഈ കഥ നാമെല്ലാവരും വായിക്കുകയും ചിന്തിക്കുകയും ജീവിതത്തിൽ പകർത്തുകയും വേണം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Great review Fatima… congratulations