കവിത
സായൂജ് ബാലുശ്ശേരി
എനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ
നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു
അങ്ങനെയാണ് നീ രാജാവും
ഞാൻ കള്ളനുമാകുന്നത്
മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം
നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും
ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ
എന്റെ മൂന്ന് പൂജ്യങ്ങൾക്ക് മുൻപിലും
രണ്ടും മൂന്നും കരിമ്പനകൾ വളരും
ഞാനെന്നും കള്ളനായിരുന്നു
കള്ളൻ കറുത്തിട്ടാണെന്ന്
നേരിട്ട് കണ്ട നീയും പറഞ്ഞു
അതുകൊണ്ട് വീണുകിട്ടിയ പൂജ്യങ്ങൾക്കിടയിൽ ഞാൻ
കുഴിവെട്ടി കരിമ്പനകൾ നട്ടുകൊണ്ടേയിരുന്നു
അപ്പൻ ആ കരിമ്പനകളിൽ കേറി
മധുരം ചുരണ്ടിയെടുത്ത് നിന്റെ അപ്പനെയും നാട്ടുകാരെയും പോറ്റി
പനയില്ലാത്ത, മധുരമില്ലാത്ത നമ്മുടെ കഥകളെക്കുറിച്ചെനിക്കിപ്പോൾ ഓർക്കുക പോലും വയ്യാ
പഠിച്ചിട്ടും ഞാൻ കള്ളനായി
നീ രാജാവും
വെളുക്കാൻ ഉരച്ചു കുളിച്ചിട്ടും
ഞാൻ കള്ളനായി
നീ പിന്നെയും രാജാവും
കൊല്ലങ്ങൾ തീർന്നു പോയപ്പോൾ
എല്ലാം മാഞ്ഞെന്ന് കരുതി
പക്ഷെ
ഇന്നലെ കമ്മട്ടിപ്പാടം, ഫാൻസ് ഷോയിൽ കാണുമ്പോൾ
ഞാൻ വീണ്ടും ഗംഗയായി
കറുത്ത ഗംഗയെ വിശുദ്ധനാക്കാൻ
നീ കൃഷ്ണനായി
ഷോ കഴിഞ്ഞിറങ്ങുമ്പോൾ
പിറകിൽ നിന്ന് നീ ഗംഗേ എന്നെന്നെ
നീട്ടി വിളിച്ചപ്പോഴാണ്
ശരിക്കും ഒരു കള്ളത്തരം എന്റെ നട്ടെല്ലിൽ കേറിയത്
നല്ല രാജാവുള്ള നാട്ടിൽ
കള്ളനുണ്ടാകുമോ
പണ്ട് വെളിക്കിരിക്കാൻ നേരം
ഞാൻ അപ്പനോട് ചോദിച്ച അതേ ചോദ്യം
ഒരു കരിമ്പന പോലെ ഇന്നെന്റെ നെഞ്ചിൽ വളരുന്നുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.