കവിത
വി ജയദേവ്
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ലോഡ്ജില്‍ മുറിയെടുത്തത്
ഒരു കവിതയെഴുതാന്‍
മാത്രമായിരുന്നു, ഞാനും
പിന്നെ അവളും.
മറിച്ചെന്നു പലര്‍ക്കും
തോന്നിക്കൂടായ്കയില്ലെങ്കിലും.
രജിസ്ടരില്‍ വരവിന്റെ
ഉദ്ദേശം എന്നിടത്ത്
എഴുതിയുമിരുന്നു.
കവിതയെഴുതാനെന്ന്.
വാതില്‍ കൊളുത്തിട്ടപ്പോഴേ
കടലാസ്സുമെടുത്ത്
ഇരുന്നുകഴിഞ്ഞിരുന്നു.
അവള്‍ കിടക്കയിലും,
മേശപ്പുറത്തു ഞാനും.
കവിത വന്നുതുടങ്ങിയിരുന്നു.
വിരല്ത്തുമ്പത്തോളം.
നാവിന്‍തുമ്പത്തോളം.
എന്നിട്ടും ശരിക്കും
വന്നില്ലല്ലോ.
താമസമെന്താവും?.
ഞാനെഴുതിത്തുടങ്ങുമായിരുന്ന കവിത ഇങ്ങനെ:
ഒന്നു തൊടുന്ന മാത്രയിൽ
പല പാളങ്ങളിട്ട്.
പല വേഗങ്ങളോടിച്ച്..
ഒരുമ്മ കൊണ്ട് പാളങ്ങളെ
ആകാശത്തു കുടഞ്ഞിട്ട്.
ഒരിക്കലുമറിയില്ല
തീവണ്ടികൾ പലതായി-
ച്ചിതറിച്ച് പലതായി
ഉപേക്ഷിക്കപ്പെടുന്നതുവരെ.
അവളെഴുതിക്കഴിഞ്ഞിരിക്കാവുന്ന
കവിത ഇങ്ങനെ:
ഉമ്മ വച്ചതത്രയും
മറന്നിരുന്നു.
ആംബുലൻസിൽ
തലയൽപ്പം
ചരിഞ്ഞുകിടന്ന്.
ഓർമയ്ക്കൊത്ത്
നാവു വളച്ച്.
സീബ്രാ ക്രോസിൽ
ചുണ്ടു മുറിച്ച്
കടക്കുന്നതിനിടെ
ആഴത്തിൽ
പരുക്കേറ്റിരുന്നു.
എന്നാലുണ്ട്,
ഇതാ വന്നു വന്നു
എന്ന് പറഞ്ഞെവിടെയോ
മാറി നില്‍ക്കുന്നു, കവിത.
താമസിച്ചില്ല, കൃത്യം
വാതില്‍ക്കല്‍ മുട്ട്.
പുറത്തു തൊപ്പിവെച്ചും
യുണിഫോമിട്ടും
നാലഞ്ചു കവിതകള്‍.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.