കഥ
രമേശൻ കാർക്കോട്ട്
ചിത്രീകരണം : സുബേഷ് പത്മനാഭൻ
‘എഴിലോട് താലൂക്ക് വടശ്ശേരി അംശം ദേശത്ത് താമസിക്കും കപ്പണ പറമ്പിൽ
ശ്രീ കമ്മാരൻ മകൻ രാമോട്ടി(സ്വസ്ഥം 61 വയസ്) കൈവശം വക കട.
സർവ്വേ നമ്പർ: 22/26 റീസർവ്വേ ന മ്പർ 18/20’
ജാനകാംബൾ ഉമ്മറം വിട്ടൊഴിഞ്ഞതിന്റെ ഒന്നാം ആണ്ടറുതി കഴിഞ്ഞു ഒൻപതാം പക്കത്തിലാണ് ആദ്യമായി പതിച്ചുകിട്ടിയ ഭൂമിയുടെ പട്ടയം പോലൊരു ബോർഡ് രാമോട്ടിയുടെ കടയുടെ മുൻപിൽ കാറ്റുപിടിച്ചാടാൻ തുടങ്ങിയത്.
വലിയപറമ്പ് റോഡെന്ന പേരിൽ ഒറ്റയാനായി വന്ന് മഞ്ഞംപൊതി കുന്ന്, പഞ്ചിലാംകണ്ടം, കൊരക്കണ്ണി ദേശങ്ങളിലേക്ക് തെറ്റി പിരിയുന്ന കവലയിലാണ് രാമോട്ടിയുടെ കട.മുക്കവല ചുറ്റിപിരിയുന്നവരിൽ ഭൂരിഭാഗവും സർക്കാർ ഓഫീസുകളുടെ മാതൃകയിൽ ബോർഡിലെ മഞ്ഞയിൽ കുരുത്ത കറുത്ത അക്ഷരങ്ങളിലേക്ക് കൗതുകകണ്ണിട്ടു നോക്കും.
ഒരു അനാദിക്കടയായാണ് രാമോട്ടി കച്ചവടം ആരംഭിച്ചത് .സമപ്രായക്കാരായ രണ്ടുമൂന്നു പേർ സായന്തനങ്ങളിൽ അവിടെ ഒത്തുചേരാറുണ്ടായിരുന്നു.അവർക്കിരിക്കാനായി രാമോട്ടിഅവിടെ ഒരു ബെഞ്ചുമിട്ടിരുന്നു.പാർട്ടിക്കാർ നിർബന്ധിച്ച് ഇടുവിച്ച ഒരു പത്രവും അവിടുണ്ടാകും.
പേരിന്റെ കൂടെ ഏട്ടൻ ചേർത്ത് വിളിക്കാനുള്ള ബുദ്ധിമുട്ടുകൂടിയുള്ളതുകൊണ്ട് രാമോട്ടിയെന്നു തന്നെയാണ് മൂപ്പിളമ വ്യത്യാസമില്ലാതെ നാട്ടിലെല്ലാവരും വിളിച്ചിരുന്നത്. കൗമാരത്തിലേക്ക് മുതിർന്ന ഞങ്ങൾ പത്രം വായിക്കാനെന്ന വ്യാജേന അവിടെ ചില സമയങ്ങളിൽ ഇരിക്കും.കടയുടമയുടെ ദുർമുഖം കാണാതെ നീണ്ട നേരമുള്ള ഇരിപ്പ് അത്ര സുഖമുള്ള കാര്യമായിരുന്നില്ല.
കടയുടെ നേരെ എതിർവശത്ത് കെവിആർ സ്റ്റീൽ അലമാര യൂണിറ്റുണ്ട്. വൈകുന്നേരമായാൽ അതിന്റെ പിന്നാമ്പുറത്തെ വരാന്ത അവശേഷിക്കുന്ന അന്തിചർച്ചയ്ക്കും ഇരുട്ടിന്റെ മറവിലെ ചെറുപ്പക്കാരുടെ ചെറുതരം കന്നംതിരിവുകൾക്കും വേദിയാക്കാൻ പറ്റും.
പകൽനേരങ്ങളിൽ നിശ്ചിത ഇടവേളകളിൽ നിലക്കടലയും ആറാം നമ്പറും വാങ്ങി കടയിലെ ഇരിപ്പിനെ ഞങ്ങൾ സ്വസ്ഥമാക്കി. സംവാദങ്ങളിൽ അഭിപ്രായവിത്യാസമുണ്ടാകുമ്പോൾ അങ്ങനെതന്നേയല്ലേന്ന് ചോദിച്ച് രാമോട്ടിയിൽ നിന്ന് ഉതിരുന്ന വാക്കുകൾക്ക് മണിമുത്തിന്റെ വിലകൽപ്പിക്കാൻ തുടങ്ങിയതോടെ സായാഹ്ന്നങ്ങളിലെ സമശീർഷരുടെ കൂടിച്ചേരൽ പോലെ ഞങ്ങളുടെ ഒത്തുകൂടലും രാമോട്ടി ഇഷ്ടപ്പെടാൻ തുടങ്ങീ. ആ പഴുതിലേക്കാണ് കൂട്ടുകാരിൽ ചിലർ കാരംബോർഡ് കൊണ്ടുവന്ന് കടയുടെ ഒരു മൂല സൊറപറയുന്നവർക്കായി സംവരണം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാക്കിയത്.
കൂടെ കളിച്ചു നടന്നിരുന്ന മുനീർ ഗൾഫിൽനിന്ന് തിരിച്ചെത്തിയ സമയമായിരുന്നു .കോളേജിൽ കൊടിപിടിച്ച പ്രവർത്തനമായതുകൊണ്ട് അടുത്ത്തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന തോന്നിപ്പിച്ച ഘട്ടത്തിലാണ് മുനീർ ആരോടും പറയാതെ ഗൾഫിലേക്ക് മുങ്ങിയത്.പണം സമ്പാദിച്ച് ബൂർഷ്വാ ആയതിന്റെ മുഴുവൻ കുറ്റവും ബാപ്പയുടെ മകനെക്കുറിച്ചുള്ള കരുതലിൽ ചാർത്തിക്കൊടുത്ത മുനീറിൽ പഴയ പാർട്ടിക്ലാസിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല.
ചൈനയുടെ വികസന മുന്നേറ്റത്തിലെ പാതയെ വിമർശിച്ചു പൂച്ച ചോന്നതായാലും കറുത്തതായാലും വേണ്ടില്ല എലിയെ പിടിച്ചാൽ മതിയെന്നെഴുതിയ കേരളത്തിലെ ഒരു മുഖ്യധാരാപത്രത്തിലെ മുഖപ്രസംഗമായിരുന്നു അന്നത്തെ വിഷയം.എല്ലാ പ്രത്യയശാസ്ത്രങ്ങളും കാലാനുസൃതമായി മാറ്റത്തിന് വിധേയമാകേണ്ടതാണെന്ന് മുനീർ വാദിച്ചപ്പോഴാണ് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും നടപ്പിലാക്കിയ നാട്ടിൽ ഇപ്പോളെന്തായി എന്ന് രാമോട്ടി ഏറ്റു പിടിച്ചത്.
പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള രാമോട്ടിയുടെ വായിൽനിന്ന് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പ്രവഹിക്കുന്നത് കണ്ടു മുനീറിന്റെ കണ്ണുതള്ളി.
രാഷ്ട്രീയം മാത്രമായിരുന്നില്ല ആകാശത്തിനുകീഴെയുള്ള പലകാര്യങ്ങളും ഞങ്ങൾ ദിനം പ്രതി ചർച്ചക്ക് എടുക്കാറുണ്ട്. സിനിമ, പരിസ്ഥിതി, സാഹിത്യം തുടങ്ങി മരംചുറ്റി പ്രണയം വരെ.എല്ലാ വിഷയങ്ങളിലും ആദ്യദിവസം രാമോട്ടി കേട്ടിരിക്കും രണ്ടാം ദിവസം അഭിപ്രായം വെട്ടിത്തുറന്ന് പറയും.
ചർച്ച ചൂടാറാകാതിരിക്കാൻ രാമോട്ടി ഒരു ദിവസം കട്ടൻചായ വരെ വിപ്ലവാത്മകമായി ഞങ്ങൾക്ക് ഉണ്ടാക്കിതന്നു.
രാവിലെ കട ഒഴിവുള്ള സമയങ്ങളിൽ രാമോട്ടി പത്രം അരിച്ചുപെറുക്കി വായിക്കും.
വല്ലപ്പോഴുമുള്ള കട്ടൻ ചായ മാറ്റി സ്ഥിരമായി ചായ തുടങ്ങിയാലോയെന്ന് ഉള്ളിൽ കെട്ടിക്കിടന്ന രണ്ട്മനസ്സിനെ രാമോട്ടി വലിച്ചു പുറത്തിട്ടപ്പോൾ ഞങ്ങൾ ഒറ്റ സ്വരത്തിൽ അതിനോട് ഐക്യപ്പെട്ടു.
ചായ വിപുലീകരണവും അറിവിന്റെ ചക്രവാളവും ഒരുമിച്ചായിരുന്നു രാമോട്ടി വികസിപ്പിച്ചത്.ലൈബ്രറികളിൽ അംഗത്വമെടുത്തതോടെ ചർച്ചകളിലെ ഖണ്ഡനവും മണ്ഡനവും ആധികാരികമായി.
കെവിആർ സ്റ്റീൽവർക്കിൽ ഉത്തരേന്ത്യക്കാരായ തൊഴിലാളികൾ വന്നതോടെ ചില ലഹരിപദാർത്ഥങ്ങൾ കടയിൽ സ്ഥാനംപിടിച്ചു. രാജ്യത്തിന്റെ ഒരു പരിശ്ഛേദം പോലെ കടയിലും നാനാത്വം പ്രകടമായി.പ്രാതിനിധ്യം കൂടുന്നതിനനുസരിച്ച് രാമോജിയുടെ കച്ചവടസീമയും വർദ്ധിച്ചു.കാലിചായ മാത്രമായിരുന്നത് ഗോളിവജ, പഴംപൊരി, ഉഴുന്നുവട തുടങ്ങിയവയായി. ദോശ,ഇഡ്ഡലി,പുട്ട് എന്നിവയും ചില്ലലമാരയിൽ ഘട്ടംഘട്ടമായി ഇടംനേടി. രാമോട്ടിയുടെ സഹായത്തിനായി ഭാര്യ ലളിതയും വന്നു.
ലളിതയുമായി രാമോട്ടിയുടെത് രണ്ടാം വിവാഹമായിരുന്നു.
തന്നേക്കാൾ രണ്ടുവയസിനു മൂത്ത ജാനകാംബൾ എന്ന ധനാഢ്യയുമായിട്ടായിരുന്നു ആദ്യവിവാഹം.വിവാഹം കഴിഞ്ഞ് ഭാര്യ വീട്ടിൽ തന്നെയായിരുന്നു പൊറുതി.
അമിതവണ്ണം കാരണം നാട്ടിടങ്ങളിൽ കുട്ടിയാനയെന്ന് കുറ്റപേരിട്ട് വിളിക്കപ്പെട്ടിരുന്ന ജാനകാംബൾ വേഷത്തിൽ യാതൊരു ആഡംബര പകർച്ചയും കാട്ടിയിരുന്നില്ലാത്ത സ്തീയായിരുന്നു.
മിക്കദിവസങ്ങളിലും വെള്ളബ്ലൗസും കള്ളി കൈലിയുമായിരിക്കും വേഷം. മാറിനെ മറച്ചുകൊണ്ട് കീഴറ്റം എളിയിൽ തിരുകിയ ഒരു തോർത്തുമുണ്ട് കൂടി ധരിച്ച് അവർ വീടിന്റെ ഉമ്മറത്തെ കസേരയിൽ ഇരിക്കും. നട്ടെല്ലിലെ തോണി കുഴിയിൽ നിന്ന് മാംസളമായ കൊഴുപ്പ് പലപ്പോഴും അവരുടെ വസ്ത്രങ്ങളെ വീർപ്പുമുട്ടിക്കുന്നുണ്ടാകും. പലവിധ അസുഖങ്ങൾ അവരെ അലട്ടിയിരുന്നു. കാൽമുട്ട് വേദന,നടുവേദന, ആസ്തമ.
ദേഹം അനങ്ങിയാൽ കൊളുത്തി വലിക്കുന്ന വേദനയിലേക്ക് വീഴുന്നതുകാരണം വീടിന്റെ ഉമ്മറത്തെത്തുന്നവർക്ക് കസേരയിലിരിക്കുന്ന ഗൃഹനാഥയായിരുന്നു ഏതുനേരവും കണി. അതുകൊണ്ടുതന്നെ രാജാവ് തീപ്പെട്ടു എന്നൊരു പരിവേഷത്തോടെയാണ് ജാനകാംബാൾ ഉമ്മറം വിട്ടൊഴിഞ്ഞു എന്ന വാർത്ത അതിശയോക്തിയൊന്നുമില്ലാതെ നാട്ടിലുടനീളം പ്രചരിച്ചത്.
കടയിലേക്കുള്ള ലളിതേച്ചിയുടെ വരവാണ് രാമോട്ടിയുടെ ആദ്യ വിവാഹം അന്തിചർച്ചക്കെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
ദുരൂഹമായിരുന്നു രാമോട്ടിയും ജാനകാംബളും തമ്മിലുള്ള ബന്ധം.
ജാനകാംബൾ എന്ന വലിയ ശരീരത്തിന്റെ നിഴലിലായിരുന്നു രാമോട്ടിയെപ്പോഴും. അവരെ ധിക്കരിക്കാൻ അയാൾ മടിച്ചു.തനിക്ക് അർഹമല്ലാത്തത് എന്ന് തോന്നിയ അവരുടെ കുടുംബ മഹിമയിൽ അയാൾ അമിതവിധേയത്വം പ്രകടിപ്പിച്ചു. തുടക്കത്തിൽ ആവശ്യത്തിന് ബഹുമാനം കൊടുത്തിരുന്ന അവർ പിന്നീട് രാമോട്ടിക്ക് തരിമ്പും പരിഗണന കൊടുക്കാതെയുള്ള പരുക്കൻ സ്വഭാവക്കാരിയായി മാറി. അവസാനമാകുമ്പോൾ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാട്ടിയ അവർ രാമോട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. പീഡനം ഏറെ നീണ്ടുനിൽക്കുന്നതിനു മുന്നേ ഉമ്മറത്തെ കസേരയിൽ ഇരുന്നുകൊണ്ടുതന്നെ അവർ മരണത്തെ പുൽകി.
സന്തോഷ് പറഞ്ഞത് അപ്പടി വിഴുങ്ങാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. റാഷമോൺ കഥാപാത്രങ്ങളെപ്പോലെ ഞങ്ങൾ അവരുടെ ജീവിതത്തെ കീറിമുറിച്ചു.
വിപിൻ ജാനകാംബളുടെ പക്ഷത്തായിരുന്നു.പലരും പറഞ്ഞുപരത്തുംപോലെ അവരങ്ങനെ ധിക്കാരിയായ സ്തീയായിരുന്നില്ല.ശാരീരിക അവശത ഉമ്മറത്ത് തളച്ചിട്ടുവെന്നതൊഴിച്ചാൽ അവർ ഭർത്താവിന് അർഹിക്കുന്ന പരിഗണന കൊടുക്കാറുണ്ടായിരുന്നു.പാരമ്പര്യമായി കൈമാറികിട്ടിയ സ്വത്ത് നോക്കിനടത്താനുള്ള കാര്യപ്രാപ്തി രാമോട്ടിയേക്കാൾ അവർക്കുണ്ടായിരുന്നു.അതവർ പ്രകടിപ്പിക്കുകയും ചെയ്തു. ഓരോ വിളയും എപ്പോൾ വിത്തിറക്കണം എപ്പോൾ വളമിടണം എപ്പോൾ വിളവെടുക്കണം,ഓരോ ഇനത്തിലും വിളവെത്ര പണിക്കുലിയെത്ര ആദായമെത്ര എന്നെല്ലാം തിട്ടപ്പെടുത്തിയെടുക്കാൻ രാമോട്ടി യെക്കാളും മിടുക്ക് അവർക്കുണ്ടായിരുന്നു. അത് അംഗീകരിച്ച് രാമോട്ടി അവരുടെ നിഴലിലൊതുങ്ങി നിന്നു.
ജീവിതാന്ത്യത്തിൽ രാമോട്ടിയുടെ നേർക്ക് അവർ തന്നെ കടുപ്പിച്ചത് ബോധപൂർവ്വമായിരുന്നിരിക്കണം. ശരീര ലക്ഷണങ്ങൾ വെച്ച് തന്റെ ആയുസ്സ് കത്തി തീരാറായതായി അവർ മനസ്സിലാക്കി.ജീവിച്ചിരിക്കെ ഭർത്താവിനോട് മറ്റൊരു വിവാഹം കഴിക്കണം എന്ന് പറയാൻ സാധിക്കില്ല. അയാളെ വെറുപ്പിച്ചു പറഞ്ഞയക്കാൻ ശ്രമിച്ചു. മാനസികവിഭ്രാന്തി ജീവിത പങ്കാളിയോടുള്ള അടവു നയത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാൻ മറ്റെന്ത് തെളിവ് വേണം?
അവരുടെ മരണം തന്നെ ഒരു ആത്മഹത്യയല്ലേ ?
വിപിൻ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് തുടങ്ങിയാൽ ജാനകാംബളുടെ മരണം ആത്മഹത്യയോ അതുമല്ലെങ്കിൽ കൊലപാതകമോ ആകാം.
ജാനകാംബളുടെ മരണം ചില സംശയങ്ങൾ ജനിപ്പിച്ചിരുന്നു. പക്ഷേ നാട്ടുകാരിൽ ആരും അത് ഉന്നയിച്ചിട്ടില്ല. ജാനകാംബളുടെ മനോവിഭ്രാന്തികൾ നാട് നീളെ പ്രചാരമുണ്ടായിരുന്നു.ഒരു പീഡനപർവം കഴിഞ്ഞയാൾ എന്ന സഹതാപം ഉയർത്തിപ്പിടിക്കാൻ രാമോട്ടിക്ക് കഴിഞ്ഞു. അതുകൊണ്ട് മരണം ആത്മഹത്യയോ കൊലപാതകമോ ആകട്ടെ രണ്ടായാലും അതൊരു മോചനമാണ്.രോഗങ്ങളിൽ നിന്ന് അവർക്കും പീഡനങ്ങളിൽ നിന്ന് സഹജീവികൾക്കും.
ജാനകാംബൾ ഉമ്മറം വിട്ടൊഴിഞ്ഞതോടെയാണ് രാമോട്ടിയുടെ കണ്ഠനാളങ്ങൾക്ക് ഉമ്മറത്തെത്താനുള്ള വീര്യം കിട്ടിയത്. ജീവിച്ചിരിക്കുമ്പോൾ പങ്കാളിയുടെ ലക്ഷ്മികടാക്ഷം കൈയാളുന്നവന്റെ അധികാരത്തിൽ അനുഭവിക്കാൻ യോഗമില്ലാതിരുന്ന രാമോട്ടി ദാരിദ്ര്യമാണ് തന്റെ അടിയറവിനുകാരണമെന്ന് ഉറച്ചുവിശ്വസിച്ചു.രണ്ടാം വിവാഹത്തിനായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പഞ്ഞക്കുടിലുകൾ തേടിയലഞ്ഞു.യാത്ര അവസാനിച്ചത് കുടകെന്ന മറുനാട്ടിൽ.
കാളകാട്ടില്ലത്ത് കുട്ടിച്ചാത്തന്റെ തിടങ്ങലിന് വർഷംതോറും മലയിറങ്ങി പതിവായി വരാറുള്ള കൃഷ്ണകുലാലുമായുള്ള അടുപ്പമാണ് രാമോട്ടിയെ കൂടകിലെത്തിച്ചത്.
പെണ്ണ് കാണാനും വിരുന്നു പോകാനുമായി രാമോട്ടി രണ്ടുതവണ കുടകിലേക്ക് പോയിരുന്നു. മൂന്നാം തവണ മടിക്കേരിയിലെത്തിയപ്പോ രാമോട്ടി പറഞ്ഞു.
നീയെനി നിന്റെ വീട്ടിലേക്ക് പൊയ്ക്കോ. ഞാൻ തിരികെ പോണ്.
കുടക് വിട്ടു ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ലാത്ത ലളിത പകച്ചു. അതും ത്രിസന്ധ്യയ്ക്ക്.
രാത്രി വിവശയായി വീട്ടിലേക്ക് കയറിവന്ന മകളെ കണ്ട് മാതാപിതാക്കൾ ഭയവിഹ്വലരായി.
പാതിയിൽ ഉപേക്ഷിക്കുന്ന ശീലം കൂടി വന്ന് അവസാനം രാമോട്ടിയുടെ വീടും ലളിതയുടെ വീടും എന്ന നിലയിൽ ആയപ്പോൾ വീട്ടിലേക്കും ഭർതൃവീട്ടിലേക്കുള്ള വഴികൾ ലളിത ഒറ്റയ്ക്ക് താണ്ടി തുടങ്ങി.
കടയിലെ ചർച്ചകളിൽ ഏതു വിധേനയെങ്കിലും ലളിതേച്ചിയെ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും രാമോട്ടിയുടെ നിഷേധ മനോഭാവവും ലളിതേച്ചിയുടെ നിസ്സംഗതയും കാരണം അതെല്ലാം വഴിമുട്ടി പോവുകയാണ് ചെയ്തത്. ഭരണത്തിൽ സ്ത്രീകളുടെ അമ്പതുശതമാനം പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചയുടെ മൂർധന്യത്തിൽ ലളിതേച്ചി എന്തെങ്കിലും അഭിപ്രായം പറഞ്ഞേതീരുവെന്ന് ഞങ്ങൾ ശഠിച്ചു.
പുരുഷന്മാരാണ് സമൂഹത്തിൽ കൂടുതൽ ഇടപെടുന്നതെന്നും അടുക്കളയിലെ അനുഭവജ്ഞാനം കൊണ്ട് സമൂഹത്തെ ഭരിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് രണ്ടക്ഷരം മിണ്ടാനുള്ള ശ്രമത്തിന്റെ മുനയൊടിച്ച്കൊണ്ട് രാമോട്ടി പുച്ഛിച്ചു.
വളരെ പതിയെ ആണ് ലളിതേച്ചി സംസാരിച്ചു തുടങ്ങിയത്. അറിവുകൾ അനുഭവത്തിലൂടെ മാത്രമേ ലഭിക്കൂ എന്നത് തെറ്റിദ്ധാരണയാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി അറിയാവുന്ന ഒരു മിത്ത് പുറത്തേക്കെടുത്തുകൊണ്ട്.
പെരിഞ്ചല്ലൂരിലെ ഒരു ബ്രാഹ്മണ കന്യക എല്ലാ വേദങ്ങളിലും അഗ്രഗണ്യയായിരുന്നു.ഒരു സ്ത്രീ അതും കന്യക തങ്ങളുടെ അറിവിനെ വെല്ലുവിളിക്കുന്നതിൽ അസഹിഷ്ണുക്കളായ പണ്ഡിതന്മാർ ദുഷ്ടലാക്കോടെ അവൾക്ക് നേരെ രണ്ടു ചോദ്യമെറിഞ്ഞു.
ലോകത്തുള്ളതിൽവെച്ച്, രസങ്ങളിൽ ഏറ്റവും പരമമായ രസമേത്? നോവുകളിൽ ഏറ്റവും വലിയ നോവേത്?
രസങ്ങളിൽ ഏറ്റവും വലിയ രസം കാമരസം
നോവുകളിൽ ഏറ്റവും വലിയ നോവ് പേറ്റുനോവ്
അവൾ മറുപടി പറഞ്ഞു.
കന്യകയായ പെണ്ണിവൾക്ക് ഇതെങ്ങനെ അറിയാം?. പണ്ഡിതസദസ്സ് വിധിച്ചു. ‘ഇവൾ പിഴച്ചവളാണ്.’
പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ട അവൾ തീകുണ്ഡമൊരുക്കി ആത്മഹൂതി ചെയ്തു.
വീടിനടുത്ത് ഒരു കാവുള്ളതുകൊണ്ടാണ് ഐതിഹ്യം അവൾക്ക് കാണാപാഠമായതെന്ന് പറഞ്ഞു രാമോട്ടി അതിനെ ചെറുതാക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുള്ള ചർച്ചകളുടെ തിരിനാളം ആയിരുന്നു അന്ന് കത്തിയത്.
തർക്കവിഷയങ്ങളിൽ അവരുടെ യുക്തിഭദ്രമായ ഉത്തരങ്ങൾക്ക് മറുപടി പറയാനാകാതെ രാമോട്ടി അസ്വസ്ഥത കൊണ്ട് പുളഞ്ഞു. ക്രമേണ രാമോട്ടിയും പങ്കാളിയുടെ വാക്കുകളെ തലകുലുക്കി അംഗീകരിച്ചു തുടങ്ങീ.
കെ വി ആർ സ്റ്റീൽ യൂണിറ്റിന്റെ രാത്രിവരാന്തയിലിരുന്ന് വാർത്ത അവതാരകരുടെ ഭാവഹാവാദികളും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും വിലയിരുത്തും പോലെ ഞങ്ങൾ രാമോട്ടിയേയും ലളിതേച്ചിയെയും വിശകലനം ചെയ്തു.
രാമോട്ടി പലപ്പോഴും സംസാരത്തിന്റെ തിളപ്പിൽ കർത്തവ്യം മറക്കും. ചൂടാറാൻ ചായ പകർന്നു കൊണ്ടിരിക്കെ പാതിയിൽ നിർത്തി വീണ്ടും സംസാരിക്കും.
ലളിതേച്ചിക്കു അടുക്കള പണിയുടെ തുടർച്ചതന്നെയായിരുന്നു സംസാരവും. ചില നേരങ്ങളിൽ അവരുടെ കയ്യിൽ അരിമാവിൽ കുതിർന്ന തവി ഉണ്ടാകും.ഇറ്റി വീഴാതിരിക്കാൻ ചൂണ്ടുവിരൽ ചേർത്ത് തവിയുടെ വാവട്ടത്തെ വടിച്ചെടുക്കുന്നുണ്ടാകും.അടുപ്പത്തെ തിളനിലയിൽ നിന്ന് തെന്നിമാറുന്ന വാമൂടി പാത്രങ്ങളുടെ ഞരക്കങ്ങളിൽ ജാഗരൂകയായി ഇടയ്ക്ക് ഓടിപ്പോകും. വളരെ ശാന്തമായാണ് അവർ പ്രതിവാദം നടത്തുക. വാക്കുകൾ ശരീരത്തിൽ നിന്നല്ല പുറപ്പെടുന്നതെന്ന രീതിയിൽ.
രാമോട്ടിയാണെങ്കിൽ ഒന്ന് പ്രകോപിപ്പിച്ചാൽ ചായഗ്ലാസ് കയ്യിൽ കിടന്ന് വിറയ്ക്കും.എച്ചിൽപാത്രങ്ങൾ സമയത്തിന് മാറ്റിവയ്ക്കാൻ മറന്നുപോകും.
അതിനിടെ ലളിതേച്ചി കുടകിലേക്ക് പോയി. ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്ന് അറിയാൻ കഴിഞ്ഞു. രാമോട്ടിയുടെ കടയിൽ പഴവും ചെറുകടികളും മാത്രമായി.
മുനീർ ഗൾഫിലേക്ക് പോയത് നമ്മുടെ കൂട്ടായ്മയെ ബാധിച്ചുവെങ്കിലും ചർച്ചകളെ ഒറ്റയ്ക്കും തെറ്റയ്ക്കും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടായി. എങ്കിലും കടയിലെ ചർച്ചകളുടെ ശൗര്യം കുറഞ്ഞു ലളിതേച്ചിയുടെ അഭാവത്തിൽ രാമോട്ടി വീണ്ടും പ്രഭാവം കാട്ടിത്തുടങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ രാമോട്ടിയുടെ കടയിൽ പോയി കഴിക്കാനെന്തുണ്ട് എന്ന് ചോദിച്ചപ്പോൾ ചില പലഹാരങ്ങളൊഴിവാക്കിയുള്ള മറുപടിയിൽ ലളിതേച്ചി എത്തിയിട്ടില്ലെന്ന് മനസ്സിലായി.
‘ചേച്ചി കുടകിൽ നിന്ന് ഇപ്പോഴെന്നും എത്തില്ലേ ചേട്ടാ’
‘രണ്ട് ദിവസം കഴിയും’ രാമോട്ടിയുടെ ഉദാസീനമായ മറുപടി.
പിറ്റേദിവസം വിപിൻ പോയി അതേ ചോദ്യം ചോദിച്ചപ്പോൾ പൗരുഷം നിറഞ്ഞ മറുപടിയായിരുന്നു ലഭിച്ചത്: ‘ഇതിപ്പോ ഓരോരുത്തരോടും പറയേണ്ടതുണ്ടോ? രണ്ടുദിവസം കഴിഞ്ഞ് വരും എന്ന് പറഞ്ഞതല്ലേ’
വിപിനോട് പറഞ്ഞതിലും നാലഞ്ചു ദിവസം കഴിഞ്ഞാണ് ഞാൻ കടയിലെത്തിയത് പിറകിലെ ചായ്പിൽ ആളനക്കത്തിന്റെ പാത്രധ്വനികൾ മുഴങ്ങിയപ്പോൾ എന്റെ മനസ്സിൽ ആനന്ദ തിരമാലകളുയർന്നു.എന്തുണ്ട് കഴിക്കാൻ എന്നുള്ള ചോദ്യത്തിന് അരിമാവിന്റെ വിവിധയിനം സർഗ്ഗസൃഷ്ടികൾ മുന്നിലേക്ക് നിരത്തപെട്ടു. ഒരു മിന്നായം പോലെ പുറംചായ്പിൽ ആളനക്കം കണ്ടു.
രണ്ടുപേരുടെയും മുന്നിലേക്കുള്ള വരവിനുമുണ്ടായിരുന്നു പ്രത്യേകത. രാമോട്ടി അടുക്കളയിൽ നിന്ന് പുറംചായ്പിലൂടെ തന്നെയാണ് മുന്നിലേക്ക് വരാറുള്ളത്. ലളിതേച്ചി നടുത്തളത്തിലെ മുറിയിലൂടെയും.
ഒരാഴ്ചയായി ആ മുറി അടച്ചിട്ടിരിക്കുകയായിരുന്നു.ഇന്ന് അതിന്റെ വാതിൽ ചാരിയതേയുള്ളൂ. ചെറിയ കാറ്റടിച്ചപ്പോൾ വാതിൽ പാളി കട്ടിളയിൽ നിന്ന് അകന്നു. പ്രകൃതി ഒന്നു കൂടി കനിഞ്ഞാൽ വാതിൽ പാളി മുഴുവനായി തുറന്ന് തലയിൽ തോർത്ത് കെട്ടിയ അവരുടെ പണി തിരക്കുകൾ തെളിഞ്ഞു കാണാൻ പറ്റും.
ഞാനെന്റെ കഴിപ്പ് സാവധാനത്തിൽ ആക്കി. മനം അറിഞ്ഞത് പോലെ കാറ്റ് വന്ന് വാതിലിൽ തൊട്ടു.
എന്റെ നോട്ടം മുറിയിലേക്ക് പാളി വീണു.‘ആങ്ഹ്’ ഞാൻ നടുങ്ങി. മുറി വിണ്ടു കീറിയിരിക്കുന്നു.
‘എന്തുപറ്റി’ രാമോട്ടി ഓടിവന്നു.
‘ഒന്നുമില്ല’. സമനില വീണ്ടെടുത്ത് ഞാൻ പറഞ്ഞു. ‘ഇഡ്ഡലിയിൽ ഒരു മുടിനാര്’.
വളരെ അവധാനതയോടെ, ഭൂഗർഭത്തിൽ നിന്നെന്നപോലെ ഞാൻ ആ നാരിനെ വലിച്ചെടുത്ത് അതുൾപ്പെട്ട ചിന്ത് തട്ടിക്കളഞ്ഞു.രാമോട്ടി പിന്നാമ്പുറത്തേക്ക് പോയി.
കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു.
‘മുടി ഉള്ളതുകൊണ്ടാണോ കുഞ്ഞേ മുഴുവൻ കഴിക്കാഞ്ഞത്?’ അപ്പോഴാണ് ശബ്ദത്തിനുടമയായ സ്തീയെ ശരിക്കും ഞാൻ ശ്രദ്ധിച്ചത്.രാമോട്ടിയുടെ പ്രായം രൂപത്തിൽ തോന്നിക്കുന്ന ഒരു സ്ത്രീ. തലമുടി മുഴുവൻ നരച്ചിട്ടുണ്ട്.വിറങ്ങലിച്ച കൈകളിൽ വാർദ്ധക്യമൂന്നുതിന്റെ നാഡിതെഴുപ്പ്.
കൈലിയുടെ കോന്തല കൊണ്ട് മുഖം തോർത്തുമ്പോൾ ഞാൻ ആ സ്ത്രീയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
‘ചേച്ചി വിഷമിക്കേണ്ട. അതൊരു നീണ്ട് കറുകറുത്ത നാരായിരുന്നു’.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.