HomeTHE ARTERIASEQUEL 15കവിതയുടെ ആട്ടം

കവിതയുടെ ആട്ടം

Published on

spot_imgspot_img

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന
കെ എൻ പ്രശാന്ത്

നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍ വായനാനുഭൂതി വന്നു നിറയും. ഈ ഗണത്തില്‍ പെടുന്ന ഒരു കൃതിയാണ് എസ്. കലേഷിന്റെ ആട്ടക്കാരി എന്ന കവിതാസമാഹാരം. ഈ പുസ്തകത്തിലെ കവിതകള്‍ അവ പ്രസിദ്ധീകരിച്ച കാലത്തു വായിച്ച അനേകരിൽ ഒരാളെന്ന നിലയിലാണ് ഈ അഭിപ്രായം.

വെയിലിന് മരം എന്ന വീടുണ്ട്
വീടിന് തണൽ എന്ന മുറ്റവും
മുറ്റത്ത് ഇലകൾ എന്ന നീറുകളും
നീറുകൾക്ക് കവരങ്ങൾ എന്ന നടപ്പാതകളും

ആ പാതകളിലൊന്നിൽ
തേൻകൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു
നൂറ്നൂറ് ഗായകർ
മൂളിക്കൊണ്ടേയിരിക്കുന്നൂ
പാട്ടുകളവരുടെ
പാട്ടുകൾ പാട്ടുകൾ

(പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ)

writer s kalesh
എസ് കലേഷ്

ആട്ടക്കാരിയിലെ ആദ്യ കവിതയാണ് പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ. എന്താണ് കവിതയുടെ ഭാഷ? ഗദ്യത്തിൽ എഴുതുമ്പോഴും അതിനെന്തെങ്കിലും പ്രത്യേകത ഉണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പലകാലങ്ങളിലെ മികച്ച കവിതകൾ എടുത്തു വായിച്ചു നോക്കുന്നത് നല്ലതായിരിക്കും. കവിതയുടെ ആ മനോഹരമായ മറുഭാഷ തന്റെ എല്ലാ കവിതകളിലും കലേഷ് തുടരുന്നതു കാണാം. തേൻ കൂട് എന്നത് ഒരു കൂട്ടുപ്രവൃത്തിയുടെ അല്ലെങ്കിൽ ഒരു ഗോത്രത്തിന്റെ അല്ലെങ്കില്‍ ഒരു തൊഴിലാളിക്കൂട്ടത്തിന്റെ പ്രതിനിധാനമായി കാണാവുന്നതാണ്. മനോഹരമായ സംഘഗാനമാണ് അവരുടെ ജോലിയുടെ ചാലകശക്തി. പാട്ടുകളില്ലാത്ത ലോകം തേനില്ലാത്ത തേൻകൂട് കണക്കെ എത്ര വരണ്ടതായിരിക്കും? മറ്റൊരു വിധത്തിൽ കവിതയിലെ തേനീച്ചക്കൂടിനെ ലോകത്തിന്റെ കേന്ദ്രമാക്കുന്നു കവി. അത് സമൂഹത്തില്‍ വിശേഷാധികാരം ഇല്ലാത്തവരുടെ, വീടുകൾക്ക് വെളിയിലുള്ളവരുടെ കൂട്ടമാണ്. അവരുടെ പാട്ടുകൾ ഇല്ലെങ്കിൽ ലോകം ഈ വിധം ചലിക്കില്ലെന്നു കവിക്കറിയാം. തേനീച്ചകൾ ഇല്ലെങ്കിൽ ലോകമില്ല എന്ന പഠനം പുറത്തുവന്ന കാലത്ത് പ്രത്യേകിച്ചും കവിത പ്രകൃതിയോടും സംവദിക്കുന്നു.

അവസാനവരിയും അവസാനിക്കെ
പെപ്പരപെപ്പരയൂതി നിശ്ശബ്ദത കാഞ്ചിവലിച്ചു.
റോട്ടിലിറങ്ങി ഓടും ഞങ്ങൾക്കു പിറകെ
ഇരുട്ട് നിലവിളിച്ചുകൊണ്ടോടിപ്പരന്നു.
ആട്ടത്തിന്റെ ദിക്കിലേക്ക് അവളും
പാട്ടിന്റെ  ദിക്കിലേക്ക് ഞാനും പാഞ്ഞുപോയി
അവിടെ അവൾക്കൊരു പാട്ടുകാരനെ കിട്ടി
എനിക്കൊരു ആട്ടക്കാരിയേയും

(ആട്ടക്കഥ)

ഓരോ കാലത്തും സാഹിത്യം അല്ലെങ്കിൽ ലോകം തന്നെയും ഒരു പ്രത്യേക  ബിന്ദുവില്‍ കിടന്നു മടുത്ത് ഒരു ഷിഫ്റ്റ് അല്ലെങ്കിൽ പരിണാമത്തിലേക്ക് സ്വാഭാവികമായി എത്തിച്ചേരാറുണ്ട്. മറ്റു പലതിലുമെന്നപോലെ സാഹിത്യത്തിലും അത് സ്വാഭാവികം. അത്തരത്തിൽ പഴയരീതികളെയെല്ലാം പൊളിച്ച് തിമിർത്താടുന്ന കവിതയാണ് ആട്ടക്കഥ. പുതിയകാലത്തിന്റെ ഉശിരൻ താളമാണ് അതിന്റെ താളം. കൂട്ടുകാരുമായി പാടിപ്പുളയുന്ന കുത്തുപാട്ടുകളുടെ ദ്രാവിഡതാളം. സൂക്ഷ്മമായി വാക്കുകൾ ഉപയോഗിക്കുന്നതിനു പുറമേ സൂക്ഷ്മരാഷ്ടീയവും കവി വായനക്കാർക്ക് ഇട്ടുതരികയാണ്. നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ ആ താളത്തിൽ അടിത്തിമിർത്ത് തിമിർപ്പ് കഴിയുമ്പോൾ ഒഴിഞ്ഞുപോകാം എന്ന മട്ടിൽ. രാഷ്ട്രീയം ഒരു മസ്തിഷ്ക പ്രക്ഷാളനമല്ലാതെ സ്വാഭാവികമായി ആളുകൾ തിരഞ്ഞെടുക്കേണ്ട കാലം എന്നേ കഴിഞ്ഞു പോയിരിക്കുന്നു. പ്രണയമാണ് ഈ കവിതയുടെ കാതൽ. പരസ്പരം മടുത്ത കാലത്ത് ആട്ടക്കാരിയും പാട്ടുകാരനും പരസ്പരം അവരവരുടെ പാട്ടിലേക്കും ആട്ടത്തിലേക്കും പിരിയുന്നു. അസമതകളുടെ കലര്‍പ്പിന്റെ താളവും താളക്കേടുകളും കവിത ആവിഷ്ക്കരിക്കുന്നു. സൂക്ഷ്മരാഷ്ട്രീയം അരേഖീയമായി കവിതയില്‍ പരക്കുന്നു.

അവളെ പിന്നിതുവരെ കണ്ടിട്ടില്ല
എന്തിനു കാണണം ?

ആട്ടക്കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. പ്രണയം പല സംസ്കാരങ്ങളുടെ സങ്കലനം കൂടിയാണ്. കേരളത്തെ പോലെ പുറമേക്ക് തെളിഞ്ഞതെങ്കിലും ജാതി അടിത്തട്ടിൽ ഉറഞ്ഞു കൂടിയ ഒരു സമൂഹത്തിൽ പ്രത്യേകിച്ചും. അടിത്തട്ടിലെത്തുന്തോറും കലങ്ങുന്ന പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടു പോയവർ തിരികെ ചെല്ലുന്നതെന്തിന്?

ഉയരങ്ങളുടെ ചുവടേൽ
വേഗങ്ങളുടെ നടുവേൽ
പതുങ്ങിപ്പഴകിനിൽക്കുന്നൊരാൾ
ഒരാളിൽ ഒരാൾക്കൂട്ടം.

(പായുന്നൊരാൾക്കൂട്ടം)

ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലെ രാത്രിസമരം എന്ന കവിതയിൽ കലേഷ് ബഹുനില കെട്ടിടങ്ങൾ കയ്യേറിയ ചെറുജീവിതങ്ങളുടെ നിലനിൽപ്പിനായുള്ള സമരങ്ങളെക്കുറിച്ച് പാടിയതിന്റെ തുടർപാട്ടായി വായിക്കാവുന്ന കവിതയാണ് പായുന്നൊരാൾക്കൂട്ടം. നഗരവേഗതയ്ക്കൊപ്പം ഓടിയെത്താൻ പറ്റാതെ പതുങ്ങി നിൽക്കുന്ന ഒരാൾ.  അയാളിൽ ഒരാൾക്കൂട്ടം. ചുറ്റും വേഗതയിൽ ഒഴുകുന്ന നഗരം. വേഗം വേഗം എന്ന ചലനവാക്യവുമായി പായുന്ന തീവണ്ടി. നിന്നയിടത്തു നിന്നും ഒട്ടും മുന്നോട്ടുപോകാൻ പറ്റാതെ പഴകി തുരുമ്പെടുത്ത മനുഷ്യരുടെ നിസ്സഹായാവസ്ഥ. അയാൾ തനിച്ചല്ല സമാനരായവരുടെ കൂട്ടങ്ങളെ നമുക്ക് നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും കണ്ടെടുക്കാം.

അനശ്വരതേ, നിന്റെ രസസങ്കല്പം
മറച്ചാലും ഉദിക്കുന്നൂ ചരിത്രപൂർവ്വം

(കടൽലീല)

അടിയാളരുടെ ചരിത്രങ്ങളെ ചെളിയിലും ചേറിലും ചവിട്ടിത്താഴ്ത്തിയാണ് കേരളത്തിലെ സവര്‍ണ ചരിത്രത്തിന്റെയും ചരിത്രകാരന്മാരുടെയും നിലനിൽപ്പ്. ധനുഷ്കോടിയിലേക്കുള്ള ഒരു യാത്രാകവിതയാണ് കടൽലീല. പൂത്തുകിടക്കുന്ന പയർപാടങ്ങളിൽ ചെളിപുതച്ചുറങ്ങുന്ന കരിയമനിതരുടെ അനശ്വരത ഇളം നീലപൂക്കളായി വിരിഞ്ഞു നിൽക്കുന്നതു മുതൽ വഴിയിലുടനീളം മുൻതലമുറ നടന്നുതീർത്ത ജീവിതങ്ങളെക്കുറിച്ച് മാത്രമല്ല, തന്റെ പിൻതലമുറയെക്കുറിച്ചും അവർ നടക്കാൻ സാധ്യതയുള്ള വഴികളെക്കുറിച്ചും കവിക്ക് നല്ല നിശ്ചയമുണ്ട്.

ഒരുഞൊടിയെപ്പോഴോ നീയെന്നെയോർക്കും
മറുഞൊടിയെന്നെ നീ മറന്നുംപോകും

ഒരാൾ ജീവിച്ചതിനെക്കുറിച്ച് മറ്റുള്ളവർ ഓർക്കുന്നത് എന്തോ അതാണ് അയാൾ എന്ന ദർശനത്തിലാണ് കവിത അവസാനിക്കുന്നത്. ധനുഷ്കോടി ലോകത്തിന്റെ ഓർമ്മയിൽ മാത്രം നിലനിൽക്കുന്ന സ്ഥലമാണ്. ഇന്ന് മൃതാവസ്ഥയിലുള്ള ആ പഴയ പട്ടണത്തിലേക്ക് വന്നുകൊണ്ടിരുന്ന തീവണ്ടിയെ, അതിലുണ്ടായിരുന്ന മനുഷ്യരെ അവരെ കാത്ത് കരയിൽ കാറ്റുകൊണ്ടു പോകുമെന്നറിയാതെ പ്രതീക്ഷിച്ചിരുന്നവരെ എല്ലാം കവി നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. അനശ്വരതയുടെ രസസങ്കല്പം എത്ര മറച്ചു പിടിച്ചാലും മുളച്ചു വരുന്ന ഉർവ്വരതയുടേതാണ്. കരിങ്കല്ലുകൾക്കിടയിലും അവ മുളച്ചു പൊങ്ങും.

കാണായ അമ്പലങ്ങളൊക്കെ
മേലനങ്ങി പണിഞ്ഞത്
ആരെന്നറിയില്ല.
കല്ലുചുമന്നവരുടെ കൈവെള്ളയിലെ ചരിത്രം
തഴമ്പിളകിയപ്പോൾ മാഞ്ഞു.

(ഹോൺ)

ഹോൺ എന്ന് കേൾക്കുമ്പോൾ നമുക്കോർമ്മ വരിക ഏതെങ്കിലും ഒരു വാഹനത്തെക്കുറിച്ചായിരിക്കും. ഇവിടെ അത് കാറാണ്. കാലുകളുടെ കലയാണ് കാറോട്ടം എന്ന് കവി ഓർക്കുന്നത് തന്റെ പൂർവ്വികരുടെ കാലുകളുടെ ‘കല’ പതിയാത്ത പാതയിലൂടെ കാറോടിച്ചു പോകുമ്പോഴാണ്. പഴയ ജാതി തഴമ്പുകൾ ഇന്നും മനസ്സിലുള്ളവർക്കു മുന്നിലൂടെ ഞാനിതാ കടന്നുപോകുന്നു എന്ന് തലയുയർത്തി ശാസ്ത്രത്തിന്റെ, യന്ത്രസംസ്കൃതിയുടെ, കീഴാള നവോത്ഥാനത്തിന്റെ, ചിന്താധാരകളുടെ മുന്നേറ്റമായി ഹോൺ മുഴക്കി കാറിൽ പായുകയാണ് കവി.പുതിയകാലത്തെ വില്ലുവണ്ടിയായി കാർ എന്ന രൂപകത്തെ ഇവിടെ വായിക്കാം. ഇന്നും ആ വഴികളും അതിനപ്പുറത്ത് മതിൽകെട്ടി കുടിയിരുത്തിയ കൽപ്രതിമയും തങ്ങളുടേതാണെന്ന സവർണ്ണബോധത്തെ അതിന് ഞങ്ങളെന്തു വേണം എന്ന മറുചോദ്യവും ഹോണടിച്ച് ഉയര്‍ത്തുന്നു കവി.

കലൂർ ഒരു കായലായിരുന്നെങ്കിൽ
ഞാനതിന്റെ അടിത്തട്ടിൽ നീന്തും കല്ലെടമുട്ടി

(കലൂർ)

എറണാകുളത്തെ കലൂർ എന്ന നഗരപ്രാന്തത്തെക്കുറിച്ചുള്ള കവിതയാണ് കലൂർ. കവിയുടെ ആത്മകവിതാശകലങ്ങളായി കൂടി വായിക്കാൻ സാധ്യതയുള്ള ഈ കവിത മറ്റൊരു വിധത്തിൽ കൂടി കലേഷിൽ തന്നെ ചെന്നു മുട്ടുന്നു. മലയാള സാഹിത്യത്തിലെ നടപ്പുകാലരീതികളുമായി തട്ടിച്ചു നോക്കുകയാണെങ്കിൽ എസ് കലേഷ് ജലാശയത്തിലെ മീനിനെപ്പോലെ നിശ്ശബ്ദനായി കവിതയിൽ തന്റെ പണി ഭംഗിയായി എടുത്തുകൊണ്ടിരിക്കുന്നു.ആട്ടക്കാരി മലയാളകവിതയിലെ ഒരു പ്രധാന പുസ്തകമാണെന്ന് ഇതിനോടകം തന്നെ അഭിപ്രായങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്.കവിതയിലെ ഈ ആട്ടത്തിനൊപ്പം വായനയുടെ പകർന്നാട്ടങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.
Prashand

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...